1225 കോടി രൂപയുടെ സംയോജിത നഷ്ടം കുറിച്ച് ഒപ്പോയും വിവോയും

1225 കോടി രൂപയുടെ സംയോജിത നഷ്ടം കുറിച്ച് ഒപ്പോയും വിവോയും

ഇന്ത്യന്‍ വിപണിയിലെ ആക്രമണോത്സുക നിക്ഷേപങ്ങളാണ് നഷ്ടം കുറിക്കാന്‍ കാരണം

കൊല്‍ക്കത്ത: നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ ആറ് മാസത്തിനിടെ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളായ ഓപ്പോയും വിവോയും ഇന്ത്യന്‍ വിപണിയില്‍ 1,225 കോടി രൂപയുടെ സംയോജിത നഷ്ടം കുറിച്ചതായി റിപ്പോര്‍ട്ട്. ബിബികെ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളാണ് ഒപ്പോയും വിവോയും.

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ കമ്പനികള്‍ നടത്തിയിട്ടുള്ള ആക്രമണോത്സുക നിക്ഷേപങ്ങളാണ് നഷ്ടം കുറിക്കാനുള്ള കാരണമായി ഇന്‍ഡസ്ട്രി എക്‌സിക്യൂട്ടീവുകള്‍ പറയുന്നത്. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ കമ്പനികളുടെ സംയോജിത വില്‍പ്പനയില്‍ 20 ശതമാനത്തിന്റെ വാര്‍ഷിക വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. 17,508 കോടി രൂപയാണ് കമ്പനികളുടെ സംയോജിത വില്‍പ്പന വരുമാനം. എന്നിട്ടും വിപണിയില്‍ കമ്പനികള്‍ നഷ്ടം കുറിക്കുകയായിരുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2017-2018) ആദ്യ ആറ് മാസത്തിനിടെ 150 കോടി രൂപയുടെ ലാഭമാണ് ഇരു കമ്പനികളും ചേര്‍ന്ന് നേടിയത്. ഇക്കാലയളവില്‍ മൊത്തമായി കമ്പനികള്‍ 482 കോടി രൂപയുടെ സംയോജിത നഷ്ടം കുറിച്ചു. 14,702 കോടി രൂപയുടെ അറ്റ വില്‍പ്പന വരുമാനമാണ് ഒപ്പോയും വിവോയും 2017-2018 ഏപ്രില്‍-സെപ്റ്റംബറില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൊത്തമായി 23,148 കോടി രൂപയുടെ അറ്റ വില്‍പ്പനയാണ് ഒപ്പോയും വിവോയും ചേര്‍ന്ന് നേടിയത്.

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ വിപണിയാണ് ഇന്ത്യ. ഒപ്പോയും വിവോയും ഷഓമിയും അടക്കമുള്ള ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ വലിയ നിക്ഷേപ പദ്ധതികളാണ് വിപണിയില്‍ ആസൂത്രണം ചെയ്യുന്നത്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ആഭ്യന്തര തലത്തില്‍ തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനുള്ള ശ്രമങ്ങളും കമ്പനികള്‍ നടത്തുന്നുണ്ട്. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ചൈനീസ് സ്മാര്‍ട്ട്‌ഫോണുകള്‍ക്കുള്ള സ്വീകാര്യത വര്‍ധിക്കുന്നതാണ് വിപണിയില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ കമ്പനികള്‍ മത്സരിക്കുന്നതിന്റെ കാരണം.

Comments

comments

Categories: Business & Economy
Tags: Oppo-Vivo