ഉര്‍ജിത് പട്ടേലിന്റെ രാജി മോദിക്ക് ക്ഷീണം

ഉര്‍ജിത് പട്ടേലിന്റെ രാജി മോദിക്ക് ക്ഷീണം

പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേന്ദ്ര ബാങ്കിന്റെ ഗവര്‍ണര്‍ സ്ഥാനത്തു നിന്ന് ഉര്‍ജിത് പട്ടേല്‍ രാജിവെച്ചത് നരേന്ദ്ര മോദി സര്‍ക്കാരിന് ക്ഷീണമാണ്

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ)യുടെ സ്വയംഭരണാധികാരത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് പുതിയ മാനം നല്‍കിയത് കേന്ദ്ര ബാങ്കിന്റെ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരല്‍ ആചാര്യയുടെ പ്രസംഗമാണ്. വേണ്ടത്ര സ്വാതന്ത്ര്യം കേന്ദ്ര ബാങ്കിന് ലഭിക്കുന്നില്ലെന്നഅര്‍ത്ഥം വെച്ചുള്ളതായിരുന്നു കുറച്ചു കാലം മുമ്പ് ആചാര്യ നടത്തിയ തുറന്നുപറച്ചില്‍. ആര്‍ബിഐയുടെ സ്വതന്ത്ര അസ്തിത്വം അതോടുകൂടി സജീവ ചര്‍ച്ചാ വിഷയമായി മാറി. മാത്രമല്ല കേന്ദ്ര സര്‍ക്കാരും കേന്ദ്ര ബാങ്കും തമ്മിലുള്ള അസ്വാരസ്യങ്ങളും അഭിപ്രായ വ്യത്യാസങ്ങളും മറ നീക്കി പുറത്തുവരികയും ചെയ്തു.

പുതിയ പേമെന്റ്‌സ് റെഗുലേറ്ററെ നിയമിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കം, പൊതുമേഖല ബാങ്കുകളെ നിയന്ത്രിക്കുന്നതിന് ആര്‍ബിഐക്കുള്ള പരിമിതികള്‍, കേന്ദ്ര ബാങ്കില്‍ നിന്ന് കൂടുതല്‍ ലാഭവിഹിതം ചോദിച്ചുള്ള സര്‍ക്കാരിന്റെ സമ്മര്‍ദ്ദങ്ങള്‍ തുടങ്ങിയവയാണ് ഇരു സംവിധാനങ്ങളെയും രണ്ട് തട്ടില്‍ നിര്‍ത്തിയത്. നിലപാടുകളില്‍ കര്‍ക്കശക്കാരനായിരുന്ന രഘുറാം രാജന്റെ കാലപരിധി കഴിഞ്ഞതിനു ശേഷം 2016 സെപ്റ്റംബര്‍ നാലിനാണ് ഉര്‍ജിത് പട്ടേല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ തലപ്പത്തെത്തിയത്.

1991ലെ ഉദാരവല്‍ക്കരണ പരിഷ്‌കരണങ്ങള്‍ക്ക് ശേഷം റിസര്‍വ് ബാങ്കിന്റെ ഗവര്‍ണസ്ഥാനത്തു നിന്ന് കാലാവധി തീരും മുമ്പ് രാജിവെക്കുന്ന ആദ്യ വ്യക്തിയാണ് ഉര്‍ജിത് പട്ടേല്‍. എത്രമാത്രം അഭിപ്രായവ്യത്യാസങ്ങളുണ്ടായാല്‍ കാലാവധി കഴിഞ്ഞേ സാധാരണ കേന്ദ്ര ബാങ്ക് തലവന്‍മാര്‍ ഒഴിയാറുള്ളൂ. നിലവിലെ രാഷ്ട്രീയ, സാമ്പത്തിക സാഹചര്യങ്ങള്‍ ഉര്‍ജിത് പട്ടേലിന് മുകളില്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായാണ് റിപ്പോര്‍ട്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ തന്റെ ആരോഗ്യം പോലും മോശമായി ബാധിക്കപ്പെടുന്നുവെന്നും പട്ടേലിന് തോന്നിയിരുന്നതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആര്‍ബിഐയുടെ സ്വതന്ത്ര അസ്തിത്വത്തെ ചോദ്യം ചെയ്യുന്ന പ്രവണത ശക്തിപ്പെട്ടുവരുന്നതും പട്ടേലിനെ അസ്വസ്ഥനാക്കിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

വളരെ സങ്കീര്‍ണമായ അവസ്ഥയിലേക്കാണ് ഉര്‍ജിത് പട്ടേലിന്റെ രാജി രാജ്യത്തെ സമ്പദ് വ്യവസ്ഥയെ കൊണ്ടുചെന്നെത്തിക്കുന്നത്. സ്വതന്ത്ര ചിന്താഗതിയുള്ള മേധാവികള്‍ക്ക് കേന്ദ്ര ബാങ്കിനെ നയിക്കാന്‍ സാധിക്കാത്ത സാഹചര്യമാണോ സംജാതമാകുന്നത്. വിപണിയെയും നിക്ഷേപകരെയും എല്ലാം കടുത്ത ആശങ്കയിലാഴ്ത്തുന്നു ഇത്. അരവിന്ദ് പനഗരിയ, അരവിന്ദ് സുബ്രഹ്മണ്യന്‍ തുടങ്ങിയ സ്വതന്ത്ര വിപണിയുടെ വക്താക്കള്‍ക്ക് മോദി സര്‍ക്കാരിനോട് വിട പറയേണ്ടി വന്നതും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതുണ്ട്.

വിപണിയുടെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ കഴിയുന്ന ഒരു തീരുമാനം കേന്ദ്ര ബാങ്കിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ കൈക്കൊള്ളേണ്ടതുണ്ട്. അല്ലെങ്കില്‍ അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും. ആര്‍ബിഐയെ വെറുമൊരു സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആക്കി മാറ്റുന്ന തരത്തിലാകരുത് പരിഷ്‌കരണങ്ങള്‍. സ്വതന്ത്ര അസ്തിത്വമുള്ള, സര്‍ക്കാരിനോടും ജനങ്ങളോടും പ്രതിബദ്ധതയുള്ള കേന്ദ്ര ബാങ്കാണ് സുസ്ഥിര സമ്പദ് വ്യവസ്ഥയ്ക്ക് നല്ലത്. പരിമിതികള്‍ക്കുള്ളില്‍ നിന്ന് നോ എന്ന് പറയാനുള്ള അധികാരം ആര്‍ബിഐക്ക് വേണം.

പ്രധാനമന്ത്രി മുമ്പ് പറഞ്ഞത് തുറന്ന സമ്പദ് വ്യവസ്ഥയാകാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നാണ്. അതില്‍ നിന്നും പുറകിലേക്ക് പോകാന്‍ ഇട വരരുത്. വ്യത്യസ്ത സാമ്പത്തിക വീക്ഷണങ്ങള്‍ ജനാധിപത്യരാജ്യത്തെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്. എന്നാല്‍ പാശ്ചാത്യമോഡലുകള്‍ എന്ന് പറഞ്ഞ് ബാക്കി എല്ലാ വീക്ഷണകോണുകളെയും തള്ളിക്കളയാനുള്ള പ്രവണത ശക്തിപ്പെടാതെ നോക്കേണ്ടതുണ്ട്. ആത്യന്തികമായി പ്രാചീന ഭാരതം സ്വതന്ത്ര വിപണിയിലധിഷ്ഠിതമായ തുറന്ന ആവാസവ്യവസ്ഥയായിരുന്നു എന്നത് മറക്കരുത്.

Comments

comments

Categories: Editorial, Slider
Tags: urjit patel