ചൈനീസ് പ്ലാറ്റ്‌ഫോമുകളില്‍ നിന്നുള്ള വാങ്ങലിന് നിയന്ത്രണം വരുന്നു

ചൈനീസ് പ്ലാറ്റ്‌ഫോമുകളില്‍ നിന്നുള്ള വാങ്ങലിന് നിയന്ത്രണം വരുന്നു

ക്ലബ് ഫാക്റ്ററി, അലി എക്‌സ്പ്രസ്, ഷെയ്ന്‍ എന്നിവയില്‍ നിന്നും നിരവധി ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ ഗിഫ്റ്റുകള്‍ എന്ന നിലയില്‍ ഇന്ത്യന്‍ ഉപഭോക്താക്കളിലെത്തുന്നുണ്ട്

ന്യൂഡെല്‍ഹി: ചൈനീസ് ഇ- കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് പാരിതോഷികം എന്ന നിലയില്‍ ഇന്ത്യന്‍ ഉപഭോക്താക്കളിലേക്ക് ഉല്‍പ്പന്നങ്ങളെത്തുന്നതില്‍ നിയന്ത്രണം വന്നേക്കും. വ്യക്തിഗത ഉപയോഗത്തിനുള്ള 5000 രൂപയില്‍ താഴെയുള്ള ഉല്‍പ്പന്നങ്ങളാണ് പാരിതോഷികം എന്ന നിലയില്‍ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യാവുന്നത്. ഇവയ്ക്ക് കസ്റ്റംസ് നികുതി ബാധകമാക്കിയിട്ടില്ല. ഈ പഴുത് മുതലെടുത്ത് ചൈനയില്‍ നിന്ന് നിരവധി ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയിലെ ഉപഭോക്താക്കളിലേക്കെത്തുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നത്.

ചൈനീസ് ഇ- ടെയ്‌ലര്‍മാരില്‍ നിന്നും ആപ്പുകളില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത് പരിമിതപ്പെടുത്തണമെന്ന നിര്‍ദേശം ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് ഡെവലപ്‌മെന്റ് (ഡിഐപിപി) ആണ് മുന്നോട്ടുവെച്ചത്. ഒരാള്‍ക്ക് ഒരു വര്‍ഷം ഇത്തരത്തില്‍ നാല് വാങ്ങലുകള്‍ മാത്രം നടത്താവുന്ന തരത്തില്‍ നിയന്ത്രണം കൊണ്ടുവരുന്നതിനാണ് ഡിഐപിപി യുടെ ശുപാര്‍ശ. കസ്റ്റംസ് അധികൃതരാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തില്‍ എത്തേണ്ടതെന്ന് ഡി ഐ പിപി അധികൃതര്‍ വ്യക്തമാക്കുന്നു. എന്നാല്‍ അത്യാവശ്യ മരുന്നുകളില്‍ ഒരുതലത്തിലുള്ള നിയന്ത്രണവും ഉണ്ടാകില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ഇറക്കുമതിയിലെ ഒരു പ്രധാന ഇനമായ മരുന്നുകള്‍ വ്യാപാര കമ്മി വര്‍ധിപ്പിക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന് നിയന്ത്രണം ഏര്‍പ്പെടുത്താനാകില്ല.

ചൈനീസ് ഇ -കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ക്ലബ് ഫാക്റ്ററി, അലി എക്‌സ്പ്രസ്., ഷെയ്ന്‍ എന്നിവയില്‍ നിന്നും നിരവധി ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ ഗിഫ്റ്റുകള്‍ എന്ന നിലയില്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട് ഇറക്കുമതി ചെയ്യാനും ഇന്ത്യയിലെവിടെ നിന്നും കൈപ്പറ്റാനും സാധിക്കും. വന്‍തോതില്‍ ഇത്തരത്തില്‍ ഉല്‍പ്പന്നങ്ങള്‍ വരുന്നത് ഇന്ത്യയുടെ ആഭ്യന്തര ഉല്‍പ്പന്നങ്ങളെയും വ്യാപാരികളെയും ബാധിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍.
സെപ്റ്റംബറില്‍ ക്ലബ് ഫാക്റ്ററി പുറത്തുവിട്ട ഒരു പ്രസ്താവനയില്‍ പറയുന്നത് അവരുടെ 70 മില്യണോളം വരുന്ന ആഗോള ഉപയോക്തൃ അടിത്തറയില്‍ 40 മില്യണോളം ഇന്ത്യയുടെ സംഭാവനയാണെന്നാണ്. ഷെയ്ന്‍ ഇന്ത്യയില്‍ നിന്നുള്ള ഉപയോക്താക്കളുടെ എണ്ണത്തില്‍ മൂന്നു മടങ്ങ് വര്‍ധനയാണ് ഒരു വര്‍ഷത്തിനുള്ളില്‍ നേടിയത്. ഇന്ത്യയില്‍ നിന്നുള്ള ഓര്‍ഡറുകളുടെ ശരാശരി മൂല്യം 1000-1500 രൂപയാണ്. പാശ്ചാത്യ ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍, ക്ലോക്കുകള്‍ തുടങ്ങിയവയാണ് ഈ പ്ലാറ്റ്‌ഫോമില്‍ പ്രധാനമായും വില്‍ക്കുന്നത്.

മറ്റ് വിദേശ ഇ-ടെയ്‌ലര്‍മാരില്‍ നിന്നും വ്യത്യസ്തമായി മിക്ക ചൈനീസ് ഇ-ടെയ്‌ലര്‍മാരും ഇടപാടുകള്‍ പൂര്‍ത്തിയാക്കുന്നതിന് സര്‍ക്കാര്‍ പുറത്തിറക്കിയ തിരിച്ചറിയല്‍ രേഖ ആവശ്യപ്പെടുന്നില്ലെന്നും ഡിഐപിപി വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. അതിനാല്‍ ഇത്തരം ഇടപാടുകള്‍ ട്രാക്ക് ചെയ്യുന്നതും പ്രയാസകരമാണ്. മാത്രമല്ല ഉപഭോക്താക്കളിലേക്ക് നേരിട്ട് കൊറിയര്‍ വഴിയോ തപാല്‍ വഴിയോ ഉല്‍പ്പന്നമെത്തിക്കുന്നു എന്നതിനാല്‍ ഫലപ്രദമായ നടപടിക്ക് ഇന്ത്യന്‍ തപാല്‍ സേവനത്തെയും റിസര്‍വ് ബാങ്കിനെയും കസ്റ്റംസിനെയും ബന്ധിപ്പിക്കുന്ന ഒരു സംവിധാനം ആവശ്യമായി വരുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

Comments

comments

Categories: FK News