ചുവന്ന തെരുവിന് പ്രതീക്ഷകള്‍ പകര്‍ന്ന് സിഎഫ്എല്‍ആര്‍സി

ചുവന്ന തെരുവിന് പ്രതീക്ഷകള്‍ പകര്‍ന്ന് സിഎഫ്എല്‍ആര്‍സി

ആഗോള തലത്തിലെ കണക്കുകളെടുത്താല്‍ 25 ദശലക്ഷം ആളുകളാണ് മനുഷ്യക്കടത്തെന്ന വിപത്തിന്റെ ഇരയായി അടിമകളായി ജീവിക്കുന്നത്. ഇന്ത്യയിലെ സാഹചര്യവും ഒട്ടും ഭേദമല്ല. രാജ്യത്തെ പ്രധാന നഗരങ്ങളിലെ ചുവന്ന തെരുവുകളില്‍ ലൈംഗികത്തൊഴിലാളികളാക്കാനാണ് ഇന്ത്യയില്‍ പെണ്‍കുട്ടികളെ കടത്തുന്നത്. അടിമകളായ ഇവരുടെ രണ്ടാം തലമുറയും ക്രമേണ ഇതേ തൊഴിലിലേക്ക് എത്തിച്ചേരാന്‍ നിര്‍ബന്ധിതമാക്കപ്പെടുന്നതാണ് ഭീതിദമായ സാഹചര്യം. കൊല്‍ക്കത്തയിലെ ചുവന്ന തെരുവുകള്‍ കേന്ദ്രീകരിച്ച്, ലൈഗിംക തൊഴിലാളികളുടെ കുട്ടികളെ സംരക്ഷിക്കാനും മാതാവിന്റെ പിന്‍ഗാമിയായ തീരാതിരിക്കാനും വിജയകരമായ ഇടപെടലുകള്‍ നടത്തുന്ന വേള്‍ഡ് വിഷന്‍ എന്ന സന്നദ്ധ സംഘടനയുടെ കീഴിലുള്ള സിഎഫ്എല്‍ആര്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തുകയാണ് ലേഖിക

ഒരു ചുവപ്പ് തെരുവിലെ ഇടവഴികളിലൂടെ നടക്കുക എന്നത് തീര്‍ത്തും ധൈര്യം കെടുത്തുന്ന കാര്യമാണ്. ഉദ്ദേശിച്ച സ്ഥലത്ത് എത്തിച്ചേരാന്‍ കുറച്ച് സമയമെടുത്തു. നല്‍കിയ മേല്‍വിലാസം ശരിയാണോ എന്നറിയാന്‍ ഒന്നല്ല മൂന്നു തവണയാണ് ടാക്‌സി ഡ്രൈവര്‍ സൂക്ഷ്മ പരിശോധന നടത്തിയത്. ”മാഡം ഇത് ചുവന്ന തെരുവാണ്. ദയവായി സൂക്ഷിക്കുക,” അയാള്‍ ബംഗാളി ഭാഷയില്‍ എന്നോട് പറഞ്ഞു. എനിക്ക് അറിയാമെന്നും വേള്‍ഡ് വിഷന്‍ ഇന്ത്യ എന്ന എന്‍ജിഒയുടെ നേതൃത്വത്തില്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് ഫ്രണ്ട്‌ലി ലേണിംഗ് ആന്‍ഡ് റിക്രിയേഷന്‍ സെന്റര്‍ (സിഎഫ്എല്‍ആര്‍സി) സന്ദര്‍ശിക്കാന്‍ എത്തിയതാണെന്നും ഞാന്‍ അദ്ദേഹത്തോട് വിനയപൂര്‍വം വിശദീകരിച്ചു.

അവിടെ ജനിച്ചതിന്റെ പേരിലോ തങ്ങളുടെ അമ്മമാര്‍ക്കൊപ്പം അവിടെ എത്തിപ്പെട്ടതിന്റെ പേരിലോ മാത്രം ദുഷിച്ചവരെന്ന് മുദ്രകുത്തപ്പെട്ട കുട്ടികളുടെ അഭയസ്ഥാനം കൂടിയാണ് ചുവന്ന തെരുവ് എന്നത് മിക്ക ആളുകള്‍ക്കും മനസിലാക്കാന്‍ സാധിക്കാത്ത വസ്തുതയാണ്. എന്നാല്‍, ഈ വലിയ സമൂഹത്തിന്റെ ഒരു ചെറിയ ഭാഗത്ത് 2017 നവംബര്‍ മുതല്‍ കാര്യങ്ങള്‍ മാറിയിട്ടുണ്ട്.

”മാതാവിന്റെ തൊഴില്‍ തന്നെ സ്വീകരിക്കുക എന്നുള്ളത് എന്റെ വിധിയാണെന്നാണ് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് വരെ ഞാന്‍ കരുതിയിരുന്നത്. ഞാനും അതേ നിലയിലേക്ക് പോകാന്‍ നിര്‍ബന്ധിതയാകുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ മാറി. എനിക്കും എന്തും ചെയ്യാന്‍ സാധിക്കുമെന്ന തോന്നലാണ് ഇപ്പോഴുള്ളത്. കാരണം ഞാനും വിദ്യാലയത്തില്‍ പോയിത്തുടങ്ങിയിരിക്കുന്നു,” കൊല്‍ക്കത്തയിലെ ഒരു ചുവന്ന തെരുവില്‍ പ്രവര്‍ത്തിക്കുന്ന എട്ട് സിഎഫ്എല്‍ആര്‍സികളില്‍ ഒന്നില്‍ പഠിക്കുന്ന റിയ എന്ന പതിനാലുകാരി പറഞ്ഞു.

”ലൈംഗികതൊഴിലാളികളായ സ്ത്രീകളുടെ കുട്ടികളെ സംരക്ഷിക്കുക വഴി രണ്ടാം തലമുറ ആ തൊഴിലിലേക്ക് തിരിയുന്നത് തടയുകയാണ് ഞങ്ങളുടെ ലക്ഷ്യം. തങ്ങളുടെ അമ്മമാര്‍ തെരുവില്‍ ആവശ്യക്കാരെ പ്രലോഭിപ്പിക്കുന്നതാണ് എല്ലാ ദിവസവും ഈ കുട്ടികള്‍ കാണുന്നത്. പിന്നീട് തങ്ങളുടെ വീടിന്റെ സ്വീകരണ മുറിയിലിരുന്ന് ഇത്തരക്കാരെ സന്തോഷിപ്പിക്കുന്നതിനും കുട്ടികള്‍ സാക്ഷികളാണ്. ഇതാണ് ജീവിത രീതി എന്ന് അംഗീകരിച്ചുകൊണ്ട് ഈ കുട്ടികള്‍ വളരാനും സാധ്യതയുണ്ട്,” വേള്‍ഡ് വിഷന്‍ ഇന്ത്യയുടെ ആന്റി ചൈല്‍ഡ് ട്രാഫിക്കിംഗ് പ്രൊജക്റ്റിന്റെ തലവനായ ജോസഫ് വെസ്‌ലി പറഞ്ഞു.

റിയയുടെ കാര്യം തന്നെയെടുക്കുക. രണ്ട് വിവാഹങ്ങളും പരാജയപ്പെട്ടതിനു ശേഷമാണ് അവളുടെ അമ്മയായ ലതിക കൊല്‍ക്കത്തയിലെത്തിയത്. അതില്‍ ഒന്ന് അവരുടെ 13ാം വയസിലായിരുന്നു. മറ്റൊരു മാര്‍ഗവുമില്ലാതെ തന്റെ മൂത്ത സഹോദരിയേപ്പോലെ ലതികയും ലൈംഗിക തൊഴിലിലേക്ക് കടന്നു. റിയയുടെ സഹോദരന്‍ അവളുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് കഴിയുന്നത്. അതേസമയം, അവള്‍ ഏതാനും നാളുകള്‍ തന്റെ പിതാവിനൊപ്പവും പിന്നീട് ഇളയമ്മയോടൊപ്പവും കഴിഞ്ഞു.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് റിയ അസുഖ ബാധിതയാകുകയും അവളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതായി വരികയും ചെയ്തു. അതോടെ മകളെ തിരികെ കൂട്ടിക്കൊണ്ടുപോകാന്‍ ഇളയമ്മ ലതികയോട് ആവശ്യപ്പെട്ടു. 14 വയസുള്ള റിയയെ വിവാഹം ചെയ്തയയ്ക്കാനും അവര്‍ നിര്‍ദേശിച്ചു. എന്നാല്‍ തന്റെ അതേ വിധി മകള്‍ക്കുമുണ്ടാകാന്‍ ലതിക ആഗ്രഹിച്ചിരുന്നില്ല. തന്റെ മകനോടൊപ്പം റിയയെ കൊല്‍ക്കത്തയിലേക്ക് കൊണ്ടുവരാന്‍ അവര്‍ തീരുമാനിച്ചു. ലതികയുടെ മാതാപിതാക്കള്‍ അപ്പോഴേക്കും മരിച്ചിരുന്നു.

ചുവന്ന തെരുവ് പോലുള്ള ഒരു സ്ഥലത്ത് റിയയെപ്പോലെ കൗമാര പ്രായത്തിലുള്ള ഒരു പെണ്‍കുട്ടികള്‍ക്ക് അമ്മമാരോടൊപ്പം കഴിയുന്നത് വിഷമകരമായിരുന്നു. ദല്ലാളുമാരും ഇടപാടുകാരും മറ്റ് പുരുഷന്‍മാരും അവരെ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുമുണ്ടായിരുന്നു. റിയയുടെ സ്വത്വവുമായി ബന്ധപ്പെട്ട് പൊലീസ് ലതികയെ ചോദ്യം ചെയ്തു. കുട്ടിയെ കടത്തിക്കൊണ്ടു വന്നതല്ലെന്ന് തെളിയിക്കുന്ന രേഖകള്‍ വാടകയ്‌ക്കെടുത്ത മുറിയുടെ ഉടമയും ആവശ്യപ്പെട്ടു. എന്നാല്‍ ലതികയുടെ കയ്യില്‍ റിയയുടെ ജനന സര്‍ട്ടിഫിക്കറ്റോ സ്‌കൂളില്‍ ചേര്‍ത്തിട്ടില്ലാത്തതിനാല്‍ സ്‌കൂള്‍ തിരിച്ചറിയല്‍ കാര്‍ഡോ ഉണ്ടായിരുന്നില്ല. അങ്കലാപ്പിലായ അവര്‍ തന്റെ മകള്‍ക്കായി ബദല്‍ ജീവിത മാര്‍ഗം കണ്ടെത്താനാകാതെ നിരാശയിലായി.

ഈ സമയത്താണ് മറ്റൊരു ലൈംഗിക തൊഴിലാളി ലതികയ്ക്ക് സിഎഫ്എല്‍ആര്‍സി പരിചയപ്പെടുത്തിക്കൊടുക്കുന്നത്. അവരുടെ മകന്‍ അവിടെയായിരുന്നു പഠിച്ചത്. റിയ അഭിമുഖീകരിക്കുന്ന വെല്ലുവിളി മനസിലാക്കി അവളെ ഉടന്‍ തന്നെ ലതിക സിഎഫ്എല്‍ആര്‍സിയുടെ ഭാഗമാക്കി. അതോടെ കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയുള്ള വിദ്യാലയത്തിലേക്കും റിയ ചേര്‍ക്കപ്പെട്ടു.

ആവശ്യമായ പിന്തുണയും മാര്‍ഗ നിര്‍ദേശങ്ങളും ലഭിക്കാതെ പഠനം തുടരുന്നത് ബുദ്ധിമുട്ടിലായ റിയയെ പോലുള്ള കുട്ടികളെ സിഎഫ്എല്‍ആര്‍സി വേണ്ടവിധം സഹായിക്കുന്നു. പൊതുസമൂഹവുമായി അവര്‍ക്കുള്ള അന്തരം കുറച്ചും പ്രത്യേക പരിശീലനം, പ്രവര്‍ത്തനാധിഷ്ഠിതമായ മാനസിക സാമൂഹിക പിന്തുണ, വിനോദം, പോഷക സമ്പുഷ്ടമായ ആഹാരം എന്നിവയിലൂടെ ഒരു മികച്ച ഭാവിനേടാന്‍ അവസരമൊരുക്കിയും ഇത്തരം സംഘടനകള്‍ മുന്നോട്ട് പോകുന്നു.

കഴിഞ്ഞ നവംബര്‍ 20 ലോക ശിശുദിനമായി ആചരിച്ച നാം, രാജ്യത്ത് കുട്ടികള്‍ എളുപ്പത്തില്‍ അക്രമത്തിന് ഇരയാക്കപ്പെടുന്ന സാഹചര്യങ്ങളിലേക്ക് കൂടി കണ്ണോടിക്കേണ്ടത് പ്രധാനമാണ്. സുരക്ഷിതമായ പരിതസ്ഥിതിയില്‍ വളരാനുള്ള അവകാശം എല്ലാ കുട്ടികള്‍ക്കുമുണ്ട്. അത് ചുവന്ന തെരുവില്‍ ലൈംഗിക തൊഴിലാളികളുടെ മക്കളായി പിറന്ന് ജീവിക്കുന്ന കുഞ്ഞുങ്ങള്‍ക്കായാലും.

(വേള്‍ഡ് വിഷന്‍ ഇന്ത്യയില്‍ കമ്മ്യൂണിക്കേഷന്‍സ് അസോസിയേറ്റ് ആണ് ലേഖിക)

കടപ്പാട്: ഐഎഎന്‍എസ്

Comments

comments

Categories: FK Special, Slider