ഇന്ത്യന്‍ ടെലികോം വിപണിയില്‍ ജിയോ ഒന്നാമനാകും

ഇന്ത്യന്‍ ടെലികോം വിപണിയില്‍ ജിയോ ഒന്നാമനാകും

വരുമാന വിപണി വിഹിതത്തിലും ഉപഭോക്തൃ വിഹിതത്തിലും ജിയോ വിപണി പിടിക്കും

കൊല്‍ക്കത്ത: വരുമാന വിഹിതത്തിന്റെയും ഉപഭോക്തൃ വിഹിതത്തിന്റെയും അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായി റിലയന്‍സ് ജിയോ മാറുമെന്ന് റിപ്പോര്‍ട്ട്. അടുത്ത നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ വോഡഫോണ്‍ ഐഡിയ ലിമിറ്റഡിനെയും ഭാരതി എയര്‍ടെലിനെയും പിന്തള്ളി ജിയോ ഈ നേട്ടം സ്വന്തമാക്കുമെന്നാണ് ബ്രോക്കറേജ് സംരംഭമായ സാന്‍ഫോര്‍ഡ് സി ബേണസ്‌റ്റെയിനിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

വരുമാന വിഹിതത്തിലും ഉപഭോക്തൃ വിഹിതത്തിലും ഇന്ത്യന്‍ വിപണിയില്‍ ഒന്നാമനാകുക എന്ന ഇരട്ട ലക്ഷ്യം യാഥാര്‍ത്ഥ്യമാകുന്നതുവരെ നിലവിലുള്ള അതേ രീതിയില്‍ തന്നെ ജിയോഫോണുകളുടെ വില്‍പ്പന തുടരാനാണ് കമ്പനിയുടെ തീരുമാനം. മൂന്ന് വര്‍ഷത്തേക്ക് 1500 രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് മാത്രം വാങ്ങിയാണ് 4ജി വോള്‍ട്ടി ഫീച്ചര്‍ഫോണായ ജിയോഫോണ്‍ വില്‍പ്പന നടത്തുന്നത്.

ഇന്ത്യന്‍ ടെലികോം വിപണിയില്‍ ശക്തമായ നിരക്ക് മത്സരമാണ് മുന്‍നിര ടെലികോം കമ്പനികള്‍ തമ്മില്‍ നടക്കുന്നത്. വോഡഫോണും ഐഡിയയും ലയിച്ച് ഒന്നായതോടെ ഈ മത്സരം കൂടുതല്‍ ശക്തമായിട്ടുണ്ട്. കുറഞ്ഞ നിരക്കുകളില്‍ കൂടുതല്‍ ഡാറ്റ, കോള്‍ ഓഫറുകള്‍ വാഗ്ദാനം ചെയ്ത് ഇന്ത്യന്‍ ടെലികോം വിപണിയില്‍ ആധിപത്യമുറപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ ജിയോ നടത്തുന്നത്. ഈ ലക്ഷ്യം നിറവേറുന്നതോടെ ഉയര്‍ന്ന നിരക്കുകള്‍ ചുമത്തികൊണ്ട് വരിക്കാരില്‍ നിന്നും ജിയോ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സമയത്തിനായുള്ള കാത്തിരിപ്പിലാണ് എയര്‍ടെലും വോഡഫോണ്‍ ഐഡിയയുമെന്നും സാന്‍ഫോര്‍ഡ് സി ബേണസ്‌റ്റെയ്ന്‍ ചൂണ്ടിക്കാട്ടി.

2016 സെപ്റ്റംബറില്‍ വിപണിയില്‍ തുടക്കംകുറിച്ചതു മുതല്‍ തന്നെ ജിയോയുടെ ആക്രമണോത്സുക നിരക്കുകള്‍ വരിക്കാരെ നിലനിര്‍ത്തുന്നതിനായി നിരക്കുകള്‍ വെട്ടിച്ചുരുക്കാന്‍ മറ്റ് ടെലികോം കമ്പനികള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. എയര്‍ടെലും ഐഡിയയും വോഡഫോണും അടക്കമുള്ള മുന്‍നിര കമ്പനികള്‍ക്കാണ് ജിയോയുടെ കടന്നുവരവ് വലിയ ആഘാതമായത്. ഇത് മേഖലയുടെ ഏകീകരണത്തിലേക്ക് വഴിയൊരുക്കി. ഇതിന്റെ ഫലമായി ഇന്ന് വോഡഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍, ജിയോ എന്നീ വമ്പന്മാരാണ് ഇന്ത്യന്‍ ടെലികോം വിപണി നയിക്കുന്നത്.

ചില പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലും ഗ്രാമീണ മൊബീല്‍ വിപണികളിലും അടുത്തിടെ ശക്തമായ പ്രകടനമാണ് ജിയോ കാഴ്ചവെച്ചിട്ടുള്ളത്. സെപ്റ്റംബര്‍ അവസാനത്തെ കണക്ക് പ്രകാരം ജിയോയുടെ വരുമാന വിപണി വിഹിതം 375 ബേസിസ് പോയ്ന്റ് വര്‍ധിച്ച് 26 ശതമാനമായിട്ടുണ്ട്. ഇതിനു വിപരീതമായി ഭാരതി എയര്‍ടെലിന്റെ വരുമാന വിപണി വിഹിതം 75 ബേസിസ് പോയ്ന്റ് ഇടിഞ്ഞ് 30.9 ശതമാനമായി. ഏഴ് പ്രധാന വിപണികളിലുണ്ടായ വരുമാന നഷ്ടമാണ് എയര്‍ടെലിന്റെ വരുമാന വിപണി വിഹിതം കുറയാന്‍ കാരണമായത്. വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്റെ വരുമാന വിപണി വിഹിതം ഇക്കാലയളവില്‍ 190 പോയ്ന്റ് ഇടിഞ്ഞ് 32.8 ശതമാനമായി.

ഏതെങ്കിലും പഴയ ഫീച്ചര്‍ഫോണ്‍ മാറ്റി ജിയോഫോണ്‍ സ്വന്തമാക്കാനുള്ള ജിയോയുടെ മണ്‍സൂണ്‍ ഹങ്കാമ ഓഫറും വന്‍ ഹിറ്റായിട്ടുണ്ട്. ആറ് മാസത്തേക്കുള്ള റീചാര്‍ജ് അടക്കമാണ് ഹങ്കാമ ഓഫറില്‍ ജിയോഫോണ്‍ ലഭിക്കുക. സെപ്റ്റംബര്‍ പാദത്തില്‍ ഉപഭോക്തൃ അടിത്തറ കൂടുതല്‍ വിശാലമാക്കുന്നതിന് ഇതും ജിയോയ്ക്ക് സഹായകമായിട്ടുണ്ട്. ഇക്കാലയളവില്‍ 37 മില്യണ്‍ വരിക്കാരെയാണ് ജിയോ കൂട്ടിച്ചേര്‍ത്തത്. അതേസമയം, എയര്‍ടെലിന് 6.6 മില്യണ്‍ വരിക്കാരെയും വോഡഫോണ്‍ ഐഡിയയ്ക്ക് 13 മില്യണ്‍ വരിക്കാരെയും സെപ്റ്റംബര്‍ പാദത്തില്‍ നഷ്ടമായി.

അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തോടെ ജിയോയുടെ വരുമാന വിപണി വിഹിതം 28 ശതമാനവും ഉപഭോക്തൃ വിപണി വിഹിതം 26 ശതമാനവും ആകുമെന്നാണ് ബേണസ്റ്റെയ്‌നിന്റെ കണക്കുകൂട്ടല്‍. 2021-2022ഓടെ വരുമാന വിപണി വിഹിതത്തില്‍ ജിയോ ഒന്നാമനാകുമെന്നും ബ്രോക്കറേജ് ചൂണ്ടിക്കാട്ടി. മിനിമം റീചാര്‍ജ് പദ്ധതികള്‍ അവതരിപ്പിക്കാനുള്ള എയര്‍ടെലിന്റെയും വോഡഫോണിന്റെയും തീരുമാനം നടപ്പു സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ ഇരു കമ്പനികള്‍ക്കും കൂടി 56 മില്യണ്‍ വരിക്കാരെ നഷ്ടപ്പെടുത്തുമെന്നും റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നുണ്ട്.

Comments

comments

Categories: Tech