ഇന്ത്യയുടേത് അതിവേഗ സാമ്പത്തിക വളര്‍ച്ചയും മികച്ച വിദേശ നയവും: ഇയു

ഇന്ത്യയുടേത് അതിവേഗ സാമ്പത്തിക വളര്‍ച്ചയും മികച്ച വിദേശ നയവും: ഇയു

ഇന്ത്യയുടെ ആഗോള നായകത്വത്തെ സ്വാഗതം ചെയ്ത് യൂറോപ്യന്‍ യൂണിയന്‍; സഹകരണം മെച്ചപ്പെടുത്തുമെന്ന് ഇയു വിദേശകാര്യ മന്ത്രിമാര്‍

ബ്രസല്‍സ്: അതിവേഗ സാമ്പത്തിക വളര്‍ച്ചയുടെയും അതീവ താല്‍പ്പര്യത്തോടെ നടപ്പാക്കുന്ന വിദേശ നയത്തിന്റെയും പിന്‍ബലത്തോടെ ആഗോള തലത്തില്‍ തങ്ങളുടെ വര്‍ധിച്ച പങ്കും ഉത്തരവാദിത്തവും പ്രകടമാക്കുന്ന ഇന്ത്യയുടെ നടപടിയെ യൂറോപ്യന്‍ യൂണിയന്‍ സ്വാഗതം ചെയ്തു. ഭീകരത, തീവ്രവാദം എന്നിവയ്‌ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍, സൈബര്‍ സുരക്ഷ, ഹൈബ്രിഡ് ഭീഷണി, സമുദ്ര സുരക്ഷ, അണുവായുധങ്ങളുടെ വ്യാപനം തടയല്‍, നിരായുധീകരണം എന്നിവയില്‍ ഇന്ത്യയുമായി കൂടുതല്‍ സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് യൂറോപ്യന്‍ യൂണിയനിലെ 28 വിദേശകാര്യ മന്ത്രിമാര്‍ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

പരസ്പര വിശ്വാസം, കൂട്ടായ വിലയിരുത്തലുകളും പ്രതികരണങ്ങളും എന്നിവ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി സേനകള്‍ തമ്മിലുള്ള ബന്ധമടക്കം ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലുള്ള സഹകരണവും ഇന്ത്യയുമായുണ്ടാകുമെന്ന് യൂറോപ്യന്‍ യൂണിയന്റെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. തന്ത്രപ്രധാനമായ പങ്കാളിത്തത്തിലൂടെ യൂറോപ്യന്‍ യൂണിയനും ഇന്ത്യയും സമാധാനവും സുരക്ഷയും പ്രോല്‍സാഹിപ്പിക്കാനും നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ആഗോള വ്യവസ്ഥയെ ശക്തിപ്പെടുത്താനും ലക്ഷ്യമിടുന്നുവെന്ന് സംഘടന ബ്രസല്‍സില്‍ വ്യക്തമാക്കി. ബഹുസ്വരതയെ പ്രോല്‍സാഹിപ്പിക്കുന്നതിനായി ഐക്യരാഷ്ട്ര സഭ, ജി20, ഡബ്ല്യുടിഒ, മറ്റ് ആഗോള സംഘടനകള്‍ തുടങ്ങിയവയില്‍ ഇന്ത്യയുമായി ചേര്‍ന്ന് പൊതു വെല്ലുവിളികളും ആഗോള പ്രശ്‌നങ്ങളും ഉന്നയിക്കും. യൂറോപ്പിലെ ഇന്ത്യന്‍ നിക്ഷേപത്തെ സ്വാഗതം ചെയ്ത സംഘടന, ഇറാന്‍, അഫ്ഘാനിസ്ഥാന്‍, ഏഷ്യ, ആഫ്രിക്ക, മധ്യേഷ്യ തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട വിദേശ കാര്യ നയങ്ങളില്‍ ഇന്ത്യയോട് സഹകരിച്ച് നിലപാടെടുക്കാന്‍ ഉന്നതതല പ്രതിനിധി ഫെഡെറിക്ക മൊഗോരിനിയെ ചുമതലപ്പെടുത്തി.

Comments

comments

Categories: Business & Economy, Slider