കരകയറ്റാം കൈത്തറിയെ

കരകയറ്റാം കൈത്തറിയെ

ഓണം വരുമ്പോഴും കേരളപ്പിറവി വരുമ്പോഴും നാം ഓര്‍ക്കുന്ന കൈത്തറി വസ്ത്രങ്ങള്‍ ഇനി എത്ര ഓണത്തിന് നമ്മുടെ കൂടെയുണ്ടാകും എന്ന് പറയാനാവില്ല. ധരിക്കാന്‍ എളുപ്പമുള്ള തുണിത്തരങ്ങള്‍ വിപണിയില്‍ ഇടം പിടിച്ചപ്പോള്‍ മലയാളികള്‍ ബോധപൂര്‍വം തന്നെ കൈത്തറിയെ മറന്നു. ഇന്നും കേരളത്തിലെ നെയ്ത്തുഗ്രാമങ്ങളില്‍ കൈത്തറി കൊണ്ട് മാത്രം ഉപജീവനമാര്‍ഗം തേടുന്ന നിരവധിയാളുകളുണ്ട്. എന്നാല്‍ അര്‍ഹമായ പ്രാധാന്യം നഷ്ടമായതോടെ ഈ നെയ്ത്തുഗ്രാമങ്ങളില്‍ പലതും അരപ്പട്ടിണിയിലും മുഴുപ്പട്ടിണിയിലുമായി. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള നമ്മുടെ കൈത്തറി മേഖലയുടെ ആയുസ്സ് ഇനി ഓരോ മലയാളിയുടെയും കൈകളിലാണ്. മനസ്സ് വച്ചാല്‍ കരകയറ്റാന്‍ കഴിയും ഒരു വലിയ പാരമ്പര്യത്തെയും ഒരു ജനതയുടെ സ്വപ്നങ്ങളെയും

തറിയില്‍ നൂല്‍ നൂറ്റു താളത്തില്‍ നെയ്‌തെടുക്കുന്ന കസവ് പുടവകള്‍. മലയാളികളുടെ നൊസ്റ്റാള്‍ജിയയില്‍ എന്നും പ്രിയപ്പെട്ട വസ്ത്രം. കേരളത്തിന് പുറത്ത് മലയാളി എന്നതിനുള്ള ചിഹ്നം തന്നെയായി കസവപുടവകളും വേഷ്ടികളും മാറിയിരിക്കുന്നു. അത്രക്കുണ്ടായിരുന്നു, മലയാളിയുടെ ജീവിതത്തില്‍ കൈത്തറിക്കുള്ള സ്ഥാനം. എന്നാല്‍ ഇന്ന് ആ സ്ഥാനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നതില്‍ സംശയമില്ല. അന്യം നിന്നുകൊണ്ടിരിക്കുന്ന പരമ്പരാഗത വ്യവസായങ്ങളുടെ കൂട്ടത്തില്‍ ഒന്നാണ് കേരളത്തിന്റെ കൈത്തറി മേഖല. ഓണം വരുമ്പോള്‍ മാത്രം നാം ഓര്‍ക്കുന്ന നമ്മുടെ കൈത്തറി മേഖലക്ക് ഇനി എത്ര ആയുസ്സുണ്ടെന്നറിയില്ല. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ കൈത്തറിമേഖലയുടെ സംരക്ഷണത്തിനായി നിരവധി പരിപാടികള്‍ ആവിഷ്‌കരിച്ചു എങ്കിലും കൈത്തറി മേഖല ഇന്നും ഇരുട്ടില്‍ തപ്പുകയാണ്.

തുച്ഛമായ വേതനത്തിന് ജോലിചെയ്യാന്‍ തൊഴിലാളികളെ ലഭിക്കാത്തതും വ്യവസായത്തില്‍ വൈവിധ്യവല്‍ക്കരണം ഇല്ലാത്തതുമാണ് കൈത്തറിമേഖലയെ തകര്‍ക്കുന്നത്.വീടുകളില്‍ തറിവച്ച് നെയ്ത്തില്‍ ഏര്‍പ്പെടുന്ന പരമ്പരാഗത നെയ്ത്തുകാര്‍ തന്നെയാണ് ഇത് ഏറ്റവും രൂക്ഷമായി ബാധിക്കുന്നതും. ഇടനിലക്കാരുടെ ചൂഷണവും കേരളം കൈത്തറിമേഖലയുടെ ക്ഷീണത്തിനു പിന്നിലെ പ്രധാനകാരണങ്ങളില്‍ ഒന്നാണ്. വൈവിധ്യവതാരമില്ലായ്മയാണ് പല നെയ്ത്തുഗ്രാമങ്ങളെയും ഇന്ന് കഷ്ടത്തിലാക്കുന്നത്. ബാലരാമപുരം കൈത്തറി, ചേന്ദമംഗലം കൈത്തറി, കുത്താമ്പുള്ളി കൈത്തറി, കണ്ണൂര്‍ കൈത്തറി എന്നിവ കേരളത്തിലെ പ്രധാനപ്പെട്ട കൈത്തറി ബ്രാന്‍ഡുകളാണ്. എന്നാല്‍ ഒരുകാലത്ത് ഏറെ പ്രശസ്തമായിരുന്ന ഈ കൈത്തറി മേഖലകള്‍ ഇന്ന് ധ്രുവീകരണത്തിന്റെ പാതയിലാണ്.

ചേന്ദമംഗലം കൈത്തറിയില്‍ കൂടുതലായി തോര്‍ത്തും കാവിമുണ്ടുമാണ് നെയ്യുന്നത്.ഒപ്പം സാരിയും വെള്ളമുണ്ടുമുണ്ട്.മികച്ചയിനം തുണിത്തരങ്ങളാണ് എങ്കിലും നെയ്ത്തിന്റെ സമയവും നൈപുണ്യവും കണക്കിലെടുക്കുമ്പോള്‍ ലാഭകരമാകുന്നില്ല എന്നതാണ് വാസ്തവം. താരതമ്യേന മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ കൈത്തറിയില്‍ കമ്പിളിപ്പുതപ്പ്, ഡോര്‍ മാറ്റ്, ബെഡ്ഷീറ്റ് മുതലായവയും നെയ്യുന്നുണ്ട്.ബാലരാമപുരത്തും കുത്താമ്പുള്ളിയിലും കൂടുതലായി നെയ്യുന്നത് സെറ്റുമുണ്ടുകള്‍, സാരികള്‍, വേഷ്ടികള്‍ എന്നിവയാണ്. എന്നാല്‍ വേതനവ്യവസ്ഥയുടെ കാര്യത്തില്‍ ഇവിടെ ജോലി ചെയ്യുന്ന തൊഴിലാളികള്‍ പലവിധ ക്ലേശങ്ങള്‍ നേരിടുന്നു. നെയ്യുന്ന തുണിയുടെ കണക്കിനുസരിച്ച് തൊഴിലാളിക്ക് കിട്ടുന്ന ദിവസവേതനം ഏറിയാല്‍ 250 രൂപ മാത്രം.രാവിലെ ഒമ്പതുമുതല്‍ വൈകിട്ട് നാലുവരെ ജോലി ചെയ്യുമ്പോള്‍ ലഭിക്കുന്ന വേതനമാണ് ഇതെന്ന് ഓര്‍ക്കണം. കേരളത്തിന് പുറത്തും കൈത്തറി മേഖലയുടെ അവസ്ഥ ഇത് തന്നെയാണ്.

പരമ്പരാഗത തൊഴിലായ നെയ്ത്തില്‍ ഏര്‍പ്പെടാതെ മറ്റ് ചെറുകിട ജോലികള്‍ക്ക് പോയാല്‍ പ്രതിദിനം 400 രൂപക്കും 600 രൂപക്കും ഇടക്ക് വേതനം ലഭിക്കും. അതിനാല്‍ തന്നെ പലരും കുലത്തൊഴിലായ നെയ്ത്തില്‍ നിന്നും പിന്‍വാങ്ങാന്‍ തുടങ്ങിക്കഴിഞ്ഞു.സ്ത്രീകളില്‍ പലരും സെയില്‍സ് ഗേള്‍സായും മറ്റും കടകളില്‍ ജോലിക്ക് നില്‍ക്കുകയാണ്.കൈത്തറി വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്നതിവശ്യമായ വസ്തുക്കള്‍ വാങ്ങുന്നതിനും ഒരു നെയ്ത്തുകാരന് സാമാന്യം മികച്ച തുക മുടക്കേണ്ടതായി വരുന്നുണ്ട്. ”നെയ്ത്തു നൂലിന് വില കൂടി എന്ന കാരണം കൊണ്ട് മുണ്ടുകള്‍ പെട്ടന്ന് വില കൂട്ടി വില്‍ക്കാന്‍ കഴിയില്ല. 600 രൂപക്ക് ഒരു മുണ്ട് വിറ്റുപോയാല്‍ 350 രൂപയോളം നൂലിന് മുടക്കേണ്ടി വരുന്നു. ബാക്കിയുള്ള 250 രൂപ മൂന്നായി പകുത്തശേഷമാണ് ഒരു നെയ്ത്തുകാരന് വേതനം ലഭിക്കുന്നത്. നൂലുചുറ്റുന്നവര്‍, പാവോട്ടം, പാവുണക്ക് തുടങ്ങിയ ജോലിചെയ്യുന്നവര്‍ക്കും ഒരുപങ്ക് നല്‍കണം. എന്നാല്‍ ഞങ്ങളില്‍ നിന്നും വാങ്ങി ഷോപ്പുകള്‍ വില്‍ക്കുന്നവര്‍ക്ക് മികച്ച ലാഭം ലഭിക്കുന്ന്‌നുണ്ട്” ബാലരാമപുരം കൈത്തറിയെ ആശ്രയിച്ചു കഴിയുന്ന ശിവന്‍ പറയുന്നു.

കാലാവസ്ഥ വ്യതിയാനവും കൈത്തറിമേഖലയുടെ തകര്‍ച്ചക്ക് ഒരു പ്രധാനകാരണമാണ്. മഴ വന്നാല്‍ കൈത്തറി മേഖലയില്‍ ജോലി ഇല്ലാതാകും. അതോടെ നെയ്ത്തുതൊഴിലാളികളുടെ കുടുംബങ്ങളില്‍ ഇരുട്ടുകയറും.പ്രളയത്തില്‍ നശിച്ച ചേന്ദമംഗലം നെയ്ത്തുഗ്രാമം ഇതിനൊരു ഉദാഹരണമാണ്. കൈത്തറിയെ കൈപിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകളില്‍ ഒരു ദിവസം കൈത്തറി വസ്ത്രങ്ങള്‍ നിര്ബന്ധമാക്കിയെങ്കിലും ഇതിന്റെ ഗുണങ്ങള്‍ കൈത്തറി മേഖലക്ക് കിട്ടിയില്ല എന്നതാണ് വാസ്തവം.വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി പുതിയ നെയ്ത്ത് രീതികള്‍ പഠിപ്പിക്കാന്‍ അധികാരികള്‍ തയ്യാറായിട്ടും പുതുതലമുറയ്ക്ക് താല്‍പ്പര്യമില്ല. ഒരു ഘട്ടത്തില്‍ 3,50,000 തൊഴിലാളികളും കുടുംബവും ഈ മേഖലയില്‍ ഉപജീവനം നേടിയിരുന്നെങ്കില്‍ അവസാനം എടുത്ത സര്‍വേയില്‍ 1,26,000 തൊഴിലാളികളും കുടുംബവും മാത്രമേ നിലവിലുളളൂ എന്നത് ഈ മേഖലയിലെ കൊഴിഞ്ഞു പോക്കിനെ ഓര്‍മപ്പെടുത്തുന്നു.ആഗോളവല്‍ക്കരണനയം വരുന്നതിനുമുമ്പ് കേരളത്തില്‍നിന്ന് 350 കോടി രൂപയുടെ കൈത്തറി ഉല്പന്നങ്ങള്‍ വിദേശത്തേക്ക് കയറ്റി അയച്ച സ്ഥാനത്ത് ഇന്ന് 100 കോടിക്ക് താഴെയായി.

മാറ്റം കൊണ്ടുവരേണ്ടത് എങ്ങനെ ?

രാജ്യത്തിനകത്തും പുറത്തും കൈത്തറിക്ക് മികച്ച വിപണിയുണ്ടാക്കിയെടുക്കുക എന്നതാണ് പ്രധാനം. ഇതിനായി ശക്തമായ ആസൂത്രണം അനിവാര്യമാണ്. നിലവില്‍ കൈത്തറിമേഖലയുടെ വികസനത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. എന്നാല്‍ കൂട്ടായ പ്രവര്‍ത്തനം ഉണ്ടെങ്കില്‍ മാത്രമേ പ്രകടമായ മാറ്റം ഇഇഇ മേഖലയില്‍ കൊണ്ട് വരാന്‍ സാധിക്കൂ. മില്ലുകള്‍ നവീകരിക്കുക, മൊത്തം ഉല്‍പ്പാദിപ്പിക്കേണ്ട കൈത്തറിയുടെ 50 ശതമാനം നൂല്‍ തന്നെ ഉല്പാദിപ്പിക്കുക, മാര്‍ക്കറ്റ് ഡെവലപ്‌മെന്റ് അസിസ്റ്റന്റ് (എംഡിഎ) നിലനിര്‍ത്തുക,സര്‍ക്കാര്‍ നൂല്‍ സബ്‌സിഡി നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ നടപ്പാക്കിയാല്‍ കൈത്തറി വ്യവസായത്തെ സംരക്ഷിക്കാന്‍ കഴിയും. എന്നാല്‍ എന്തുകൊണ്ടോ ഈ മേഖലയില്‍ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കാന്‍ ഭരണാധികാരികള്‍ക്ക് ആകുന്നില്ല.

കേരളത്തില്‍ നെയ്ത്ത് മേഖലയില്‍ 86 ശതമാനം സഹകരണ അടിസ്ഥാനത്തിലുള്ളതാണ്. എന്നിരുന്നാലും കൈത്തറി മേഖല പവര്‍ലൂമില്‍നിന്ന് കടുത്ത മത്സരത്തെയാണ് അഭിമുഖീകരിക്കുന്നത്. യന്ത്രത്തറികളില്‍ ഉല്പാദിപ്പിക്കുന്ന തുണികള്‍ കൈത്തറിത്തുണികളാണെന്ന വ്യാജേന കയറ്റി അയക്കുന്നത് ഈ മേഖലയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.കേരള കൈത്തറിത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വഴി നല്‍കുന്ന ക്ഷേമനിധി പെന്‍ഷനും ആനുകൂല്യങ്ങളും കാലോചിതമായി വര്‍ധിപ്പിക്കണം എന്ന ആവശ്യവും മുഖവിലയ്ക്ക് എടുക്കേണ്ടതാണ്.

ബാലരാമപുരം കൈത്തറി

ഭൂമിശാസ്ത്ര ലക്ഷണ (ജ്യോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍) പ്രകാരം ബൗദ്ധികസ്വത്തവകാശം ലഭിച്ച കേരളത്തിലെ ആദ്യ കൈത്തറി ഉല്‍പ്പന്നമാണ് ബാലരാമപുരം കൈത്തറി. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിങ്കരക്കടുത്താണ് ബാലരാമപുരം .തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ബാലരാമവര്‍മ്മ മഹാരാജാവിന്റെ നിര്‍ദ്ദേശപ്രകാരം തമിഴ്‌നാട്ടില്‍ നിന്നും ശാലിഗോത്ര സമുദായത്തില്‍പ്പെട്ട പത്ത് നെയ്ത്ത്കുടുംബങ്ങളെ 1808ല്‍ ദിവാന്‍ ഉമ്മിണിതമ്പി നെയ്യാറ്റിന്‍കരയ്ക്കും തിരുവനന്തപുരത്തിനും ഇടയ്ക്കുള്ള അന്തിക്കാട്ടിലേക്കു കൊണ്ടുവന്നു അവരുടെ പിന്തലമുറക്കാരാണ് ബാലരാമപുരത്തെ നെയ്ത്തുകാര്‍.നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് ബാലരാമപുരം എന്ന നെയ്ത്തുഗ്രാമത്തിന്.പ്രകൃതിദത്തമായ രീതിയില്‍ പരുവപ്പെടുത്തിയെടുക്കുന്ന ഗുണനിലവാരമേറിയ നൂലാണ് കൈത്തറിനെയ്ത്തിനായി ബാലരാമപുരത്തുകാര്‍ ഉപയോഗിക്കുന്നത്.പുടവ, സെറ്റമുണ്ട് ,സാരി, വേഷ്ടി, നേര്യത് എന്നിവയുമാണ് ബാലരാമപുരം കൈത്തറിയുടെ പ്രധാന ഇനങ്ങള്‍. എന്നാല്‍ ഒരുകാലത്ത് ഏറെ പ്രശതമായിരുന്ന ബാലരാമപുരത്തെ പല തറികളും ഇപ്പോള്‍ ഇല്ലാതായിക്കഴിഞ്ഞു.പാരമ്പര്യത്തിന്റെ ഇഴപൊട്ടിക്കാന്‍ ആഗ്രഹിക്കാത്ത ചിലര്‍ മാത്രം ഇപ്പോഴും നെയ്ത്തിനെ ആശ്രയിക്കുന്നു എന്നതാണ് വാസ്തവം.ഹാന്‍ഡ്‌ലൂം വീവേഴ്‌സ് സൊസൈറ്റിയുടെ പ്രവര്‍ത്തനം ഒന്നുമാത്രമാണ് ഇവിടെ ബാലരാമപുരം കൈത്തറി എന്ന ബ്രാന്‍ഡ് നാമാവശേഷമാകാതിരിക്കുന്നതിനുള്ള കാരണം.

ചേന്ദമംഗലം കൈത്തറി

ഏറണാകുളം ജില്ലയിലെ ചേന്ദമംഗലം – കേരളത്തിന്റെ കൈത്തറി പ്രധാന ഗ്രാമങ്ങളില്‍ ഒന്ന്. സ്വതവേ മന്ദഗതിയില്‍ പോയിരുന്ന ഈ കൈത്തറി ഗ്രാമത്തെ ഇത്തവണത്തെ പ്രളയം തകര്‍ത്തെറിഞ്ഞു. തൊഴില്‍ മേഖല നേരിടുന്ന പ്രതിസന്ധിക്ക് പിന്നാലെയാണ് പ്രളയം വെല്ലുവിളിയായത്. ഓണത്തെ മുന്നില്‍കണ്ടുകൊണ്ട് വില്പനക്ക് തയ്യാറാക്കിവച്ചിരുന്ന ലക്ഷക്കണക്കിന് രൂപയുടെ കൈത്തറിയാണ് പ്രളയത്തില്‍ ഇല്ലാതായത്. ഇതോടെ കൈത്തറിയെ ആശ്രയിച്ചു ജീവിത വരുമാനം കണ്ടെത്തിയിരുന്നവര്‍ മറ്റു തൊഴിലുകള്‍ തേടിപ്പോയി.

ചേന്ദമംഗലം കൈത്തറി ഗ്രാമത്തിന് കീഴില്‍ അഞ്ച് സഹകരണ സംഘങ്ങളാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇതില്‍ മൂന്നെണ്ണം പൂര്‍ണമായും രണ്ടെണ്ണം ഭാഗീകമായും പ്രളയത്തില്‍ നശിച്ചു.നൂലുകള്‍, തുണികള്‍, കളറിംഗ് മെറ്റീരിയലുകള്‍, തറികള്‍, ഫര്‍ണിച്ചറുകള്‍ എന്നിവ ഉള്‍പ്പെടെ നിരവധി നെയ്ത്തുപകരണങ്ങളാണ് ചേന്ദമംഗലത്തിന് നഷ്ടമായത്. കരിമ്പാടത്തെ യാണ്‍ ബാങ്കിന്റെ ഗോഡൗണില്‍ മാത്രം അമ്പത് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചേന്ദമംഗലത്തെ നശിച്ചുപോയ കൈത്തറിമേഖലയെ പഴയ നഷ്ടപ്രതാപത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിനു വേണ്ടി സാമൂഹിക പ്രവര്‍ത്തകരായ ലക്ഷ്മി മേനോന്റെയും ഗോപിനാഥിന്റെയും നേതൃത്വത്തില്‍ ചേക്കുട്ടി പാവ നിര്‍മാണത്തില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിലാണ് ഈ മേഖലയുടെ ഭാവി പ്രതീക്ഷ.

കുത്താമ്പുള്ളി കൈത്തറി

തൃശൂര്‍ ജില്ലയിലെ തിരുവില്വാമല ഗ്രാമപഞ്ചായത്തില്‍ പെട്ട ഒരു ഗ്രാമമാണ് കുത്താമ്പുള്ളി. തൃശ്ശൂര്‍പാലക്കാട് ജില്ലകളുടെ അതിര്‍ത്തി പ്രദേശത്തുള്ള ഈ ഗ്രാമം കൈത്തറി വസ്ത്രനിര്‍മ്മാണത്തിന് പ്രശസ്തമാണ്. മിക്കവാറും എല്ലാ വീടുകളിലും തറികള്‍ സജ്ജമാണ്.കുടില്‍ വ്യവസായം എന്ന നിലക്കാണ് ഇവര്‍ വസ്ത്രനിര്മാണത്തെ കാണുന്നത്.കുടുംബാംഗങ്ങളുടെ കൂട്ടായ തൊഴില്‍ എന്ന നിലക്ക് ഈ ഗ്രാമവ്യവസായം ഇന്നും തുടര്‍ന്ന് പോകുന്നു. എന്നാല്‍ പേരില്‍ മാത്രമാണ് ഇന്ന് കുത്താമ്പുള്ളി കൈത്തരികളുടെ മേന്മ. മറ്റ് കൈത്തറി മേഖലകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തന്നെയാണ് കുത്താമ്പുള്ളിയുടെയും നടുവൊടിക്കുന്നത്. കുത്താമ്പുള്ളി സാരികള്‍ ഭൗമസൂചിക അംഗീകാരം നേടിയിട്ടുള്ളവയാണ് എന്ന പ്രത്യേകതപോലും ഇന്ന് ഈ നാട്ടിലെ ജനങ്ങള്‍ക്ക് രക്ഷയാകുന്നില്ല എന്നതാണ് വാസ്തവം.

കണ്ണൂര്‍ കൈത്തറി

തിരകളുടെയും തറികളുടെയും നാട് എന്നറിയപ്പെടുന്ന കണ്ണൂരിന്റെ തിലകക്കുറിയായിരുന്നു കൈത്തറി മേഖല. എന്നാല്‍ കുലത്തൊഴില്‍ എന്ന നിലയില്‍ ഈ മേഖലയെ സമീപിച്ചവര്‍ ഇതില്‍ നിന്നും പിന്തിരിഞ്ഞതോടെ കണ്ണൂര്‍ കൈത്തറിയും ക്ഷീണത്തിലായി. കൈത്തറിഗ്രാമം എന്ന പേരില്‍ കൈത്തറിമേഖലയുടെ ഉന്നമനത്തിനായി ഒരു പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചെങ്കിലും വേണ്ടത്ര ഫലം കിട്ടിയില്ല. എന്നാല്‍ കൈത്തറിമേഖലയിലെ വൈവിധ്യവത്കരണത്തിനും മാര്‍ക്കറിംഗിനും ഈ മേഖല സാക്ഷ്യം വഹിക്കുന്നുണ്ട്. കൈത്തരികൊണ്ട് ഷര്‍ട്ടുകള്‍ ഇവിടെ നിര്‍മിക്കുന്നു. ആമസോണില്‍ ഇവ വില്‍പ്പനക്കും ലഭ്യമാണ്.

Comments

comments

Categories: FK Special, Slider
Tags: handloom