ഡിജിറ്റല്‍ ഇടപാടുകളുടെ എണ്ണം 30 ബില്യണിലെത്തും

ഡിജിറ്റല്‍ ഇടപാടുകളുടെ എണ്ണം 30 ബില്യണിലെത്തും

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 20.3 ബില്യണ്‍ ഡിജിറ്റല്‍ ഇടപാടുകളാണ് രാജ്യത്ത് നടന്നത്

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം 30 ബില്യണ്‍ ഡിജിറ്റല്‍ ഇടപാടുകള്‍ എന്ന പ്രഖ്യാപിത ലക്ഷ്യം സാധ്യമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞേക്കുമെന്ന് നിരീക്ഷണം. ഈ സാമ്പത്തിക വര്‍ഷം ആദ്യ ആറ് മാസത്തിനിടെ 11.8 ബില്യണ്‍ ഇടപാടുകളാണ് വിവിധ ഡിജിറ്റല്‍ പേമെന്റ് സംവിധാനങ്ങള്‍ ഉപയോഗിച്ച് രാജ്യത്ത് നടന്നിട്ടുള്ളതെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെയും കണക്കുകള്‍ വ്യക്തമാക്കുന്നത്. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍, ഐഎംപിഎസ്, പ്രിപെയ്ഡ് വാലറ്റുകള്‍, യുപിഐ, നാഷണല്‍ ഓട്ടോമേറ്റഡ് ക്ലിയറിംഗ് ഹൗസ് (എന്‍എസിഎച്ച്), ആധാര്‍ അധിഷ്ടിത പേമെന്റ് സിസ്റ്റം (എഇപിഎസ്) എന്നീ സംവിധാനങ്ങള്‍ ഉപയോഗിച്ച് നടന്നിട്ടുള്ള ഡിജിറ്റല്‍ ഇടപാടുകളുടെ കണക്കുകളാണ് ആര്‍ബിഐയും എന്‍പിസിഐയും പുറത്തുവിട്ടിട്ടുള്ളത്.

നടപ്പു സാമ്പത്തിക വര്‍ഷത്തെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഏകദേശം 39 ശതമാനത്തോളം ഡിജിറ്റല്‍ ഇടപാടുകള്‍ ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ആറ് മാസത്തിനിടെ ന

ടന്നിട്ടുണ്ടെന്നാണ് ബാങ്കര്‍മാരും ഇന്‍ഡസ്ട്രി എക്‌സിക്യൂട്ടീവുകളും പറയുന്നത്. പുതിയ ഡിജിറ്റല്‍ പേമെന്റ് സംവിധാനങ്ങള്‍ അവതരിപ്പിക്കപ്പെടുകയും കൂടുതല്‍ ആളുകള്‍ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തി തുടങ്ങുകയും ചെയ്യുമെന്നും അവര്‍ പറയുന്നു. ഇതിന്റെ ഫലമായി ഈ വര്‍ഷം അവസാനത്തോടെ 30 ബില്യണ്‍ ഡിജിറ്റല്‍ ഇടപാടുകള്‍ എന്ന സര്‍ക്കാരിന്റെ ലക്ഷ്യം സാധ്യമാകുമെന്നാണ് ബാങ്കര്‍മാരും ഇന്‍ഡസ്ട്രി എക്‌സിക്യൂട്ടീവുകളും കരുതുന്നത്.

വ്യാപാരികള്‍ കൂടുതലായി ഓഫ്‌ലൈന്‍ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തി തുടങ്ങിയതും ടോള്‍ പ്ലാസകളിലെ നാഷണല്‍ മൊബിലിറ്റി കാര്‍ഡിന്റെ സ്വീകാര്യതയും വാട്‌സാപ്പ്, ഗൂഗിള്‍ പേ തുടങ്ങിയവ വഴിയുള്ള യുപിഐ ഇടപാടുകള്‍ക്ക് പ്രോത്സാഹനമായിട്ടുണ്ട്. ഭാവിയില്‍ ഡിജിറ്റല്‍ ഇടപാടുകളുടെ സ്വീകാര്യത വര്‍ധിക്കുക മാത്രമേയുള്ളു എന്നതിന്റെ സൂചനയാണിതെന്ന് പിഡബ്ല്യുസി ഇന്ത്യയില്‍ നിന്നുള്ള ഫിന്‍ടെക് വിഭാഗം മേധാവി വിവേക് ബെല്‍ഗാവി പറഞ്ഞു. ഉല്‍സവകാല വില്‍പ്പന കാലമായ ഒക്‌റ്റോബര്‍, നവംബറില്‍ ഡിജിറ്റല്‍ ഇടപാടുകളുടെ സ്വീകാര്യത വര്‍ധിച്ചിട്ടുണ്ടാകുമെന്ന ശുഭാപ്തി വിശ്വാസവും വിദഗ്ധര്‍ പങ്കുവെച്ചിട്ടുണ്ട്. ഈ രണ്ട് മാസത്തെയും ഇടപാട് വിവരങ്ങള്‍ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

സെപ്റ്റംബര്‍ വരെയുള്ള ആറ് മാസത്തില്‍ ഏറ്റവും കൂടുതല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ നടന്നത് ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചാണ്, ഏകദേശം 2.9 ബില്യണ്‍. ഇക്കാലയളവില്‍ മൊബീല്‍ വാലറ്റുകള്‍ വഴി ഏകദേശം 2.1 ബില്യണ്‍ ഇടപാടുകളും യുപിഐ സംവിധാനം ഉപയോഗിച്ച് 1.5 ബില്യണ്‍ ഇടപാടുകളും നടന്നു. ആധാര്‍ അധിഷ്ടിത പേമെന്റ് സംവിധാനം ഉപയോഗിച്ച് 1.03 ബില്യണ്‍ ഇടപാടുകളാണ് ഏപ്രില്‍-സെപ്റ്റംബറില്‍ നടന്നത്. നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ ഡിജിറ്റല്‍ ഇടപാടുകളില്‍ മാത്രം 35 ശതമാനം വര്‍ധനയുണ്ടായതായി യെസ് ബാങ്ക് ചീഫ് ഡിജിറ്റല്‍ ഓഫീസര്‍ റിതേഷ് പൈ അറിയിച്ചു. ഈ വളര്‍ച്ചയുടെ പകുതിയും സംഭാവന ചെയ്തിട്ടുള്ളത് യുപിഐ, ഐഎംപിഎസ് ഇടപാടുകളാണെന്നും അദ്ദേഹം പറഞ്ഞു.

മൊബീല്‍ ബാങ്കിംഗ് പോലുള്ള ഡിജിറ്റല്‍ ചാനലുകളുടെ ഉപയോഗത്തിലും ആറ് മാസത്തിനിടെ വളര്‍ച്ച പ്രകടമായിട്ടുണ്ട്. ഡെബിറ്റ് കാര്‍ഡ് ഉപയോഗം 11.5 ശതമാനം വര്‍ധിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 25 ബില്യണ്‍ ഡോളറിന്റെ ഡിജിറ്റല്‍ ഇടപാടുകളാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, ഏകദേശം 20.3 ബില്യണ്‍ ഡിജിറ്റല്‍ ഇടപാടുകളാണ് ഇക്കാലയളവില്‍ രേഖപ്പെടുത്തിയത്.

Comments

comments

Categories: FK News

Related Articles