സ്വിഫ്റ്റ് ഇന്ത്യ ചെയര്‍പെഴ്‌സണായി അരുന്ധതി ഭട്ടാചാര്യ

സ്വിഫ്റ്റ് ഇന്ത്യ ചെയര്‍പെഴ്‌സണായി അരുന്ധതി ഭട്ടാചാര്യ

സാങ്കേതകവിദ്യ വന്‍ മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന ഈ കാലഘട്ടം സ്വിഫ്റ്റിനെ സംബന്ധിച്ച് ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്

മുംബൈ: ബാങ്കുകള്‍ക്കായി അന്താരാഷ്ട്ര പേമെന്റ്‌സ് സേവനങ്ങള്‍ നല്‍കുന്ന സ്വിഫ്റ്റ് ഇന്ത്യയുടെ മേധാവിയായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യയെ നിയമിച്ചു. സ്വിഫ്റ്റ് (സൊസൈറ്റി ഫോര്‍ വേള്‍ഡ്‌വൈഡ് ഇന്റര്‍ബാങ്ക് ഫിനാന്‍ഷ്യല്‍ ടെലികമ്മ്യൂണിക്കേഷന്‍) ഗ്ലോബലിന്റെ ഇന്ത്യന്‍ ഉപ കമ്പനിയാണ് സ്വിഫ്റ്റ് ഇന്ത്യ. അഞ്ച് വര്‍ഷത്തോളം ചെയര്‍മാനായി സേവനമനുഷ്ടിച്ച എം വി നായര്‍ വിരമിക്കുന്ന ഒഴിവിലാണ് അരുന്ധതി നിയമിതയാകുന്നത്.
നാല് പതിറ്റാണ്ടോളം സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഭാഗമായിരുന്ന അരുന്ധതി ഭട്ടാചാര്യ കഴിഞ്ഞ വര്‍ഷമാണ് ബാങ്കില്‍ നിന്ന് വിരമിച്ചത്. ധനകാര്യ മേഖലയിലെ സാങ്കേതകവിദ്യ വന്‍ മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന ഈ കാലഘട്ടം സ്വിഫ്റ്റിനെ സംബന്ധിച്ച് ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ” സാമ്പത്തിക രംഗത്തിന്റെ പല മേഖലകളിലും ഗണ്യമായ സംഭാവന നല്‍കുന്നതിന് ഈ സംരംഭത്തിന് മുന്നില്‍ വലിയ സാധ്യതകളുണ്ട്,” അരുന്ധതി ഭട്ടാചാര്യ വ്യക്തമാക്കി.

സ്വിഫ്റ്റ് ഇന്ത്യയുടെ വളര്‍ച്ചയില്‍ എം വി നായരുടെ പങ്കാളിത്തം ശ്രദ്ധേയമാണ്. അര്‍ത്ഥപൂര്‍ണായ ഇടപെടലുകളിലൂടെ സാമ്പത്തിക സമൂഹത്തെ സ്വിഫ്റ്റ് ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതിലും അദ്ദേഹം മികച്ച പങ്കുവഹിച്ചു. വ്യാപാര രംഗത്തെ ഡിജിറ്റലൈസേഷന്‍ പ്രവര്‍ത്തനങ്ങളിലും എംവി നായര്‍ വഹിച്ച പങ്ക് സ്വിഫ്റ്റ് ഇന്ത്യ തങ്ങളുടെ വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

എസ്ബി ഐയുമായി അനുബന്ധ ബാങ്കുകളുടെ ലയനത്തില്‍ നേതൃത്വപരമായ പങ്കുവഹിച്ചയാളാണ് അരുന്ധതി ഭട്ടാചാര്യ. 2016 ഒക്‌റ്റോബറിലായിരുന്നു അവര്‍ എസ്ബിഐ യുടെ ചെയര്‍ പെഴ്‌സണ്‍ സ്ഥാനത്ത് നിന്ന് ഒഴിയേണ്ടിയിരുന്നത്. എന്നാല്‍ ലയന നടപടികള്‍ പൂര്‍ത്തിയാക്കുന്നതു കൂടി കണക്കിലെടുത്ത് സര്‍ക്കാര്‍ അവര്‍ക്ക് ഒരു വര്‍ഷം കൂടി കാലാവധി നല്‍കുകയായിരുന്നു.

Comments

comments

Categories: FK News
Tags: Swift India