ജീവിതങ്ങള്‍ മോഷ്ടിക്കുന്നവര്‍

ജീവിതങ്ങള്‍ മോഷ്ടിക്കുന്നവര്‍

പൂട്ടിയിട്ടിരിക്കുന്ന ഒരു വീട് കുത്തിപ്പൊളിച്ച് മോഷ്ടിക്കുന്ന കള്ളനറിയില്ല താന്‍ മോഷ്ടിക്കുന്നത് ആ വീട്ടിലെ വ്യക്തികളുടെ ജീവിതമാണെന്ന്. കള്ളനെ സംബന്ധിച്ച് അത് വെറും പണവും സ്വര്‍ണവുമൊക്കെയാണ്. പക്ഷേ ഗൃഹസ്ഥരെ സംബന്ധിച്ച് അത് അവരുടെ ജീവിതകാല സമ്പാദ്യമാണ്. മോഷ്ടിക്കുന്നവന്‍ അനുഭവിക്കുന്നത് മറ്റുള്ളവരുടെ ജീവിതത്തിന്റെ വേദനയാണ്

പ്രൗഢയായ ഒരു വനിത പാരീസിലെ പ്രശസ്തമായൊരു റെസ്റ്ററന്റിലേക്ക് കയറി ചെല്ലുകയാണ്. അവിടെ കണ്ട ഒരു വ്യക്തിയിലേക്ക് അവരുടെ ശ്രദ്ധ പതിഞ്ഞു. പ്രശസ്ത ചിത്രകാരനായ പിക്കാസോ ആയിരുന്നു അത്. താന്‍ ഏറെ ഇഷ്ട്ടപ്പെടുകയും ആരാധിക്കുകയും ചെയ്യുന്ന മഹാനായ ആ പ്രതിഭയെ കണ്ട വനിതക്ക് സന്തോഷം അടക്കാന്‍ കഴിഞ്ഞില്ല.

എന്നാല്‍ പിക്കാസോയെ സമീപിക്കാന്‍ അവര്‍ മടിച്ചു. അദ്ദേഹത്തെ പോലൊരാള്‍ തന്നെ എങ്ങനെയാവും സ്വീകരിക്കുക എന്നവര്‍ പേടിച്ചു. കുറച്ചുസമയം മടിച്ചു നിന്നശേഷം അവര്‍ ധൈര്യം സമ്പാദിച്ച് അദ്ദേഹത്തിന്റെ അടുത്തെത്തി പരിചയപ്പെട്ടു. തനിക്ക് തികച്ചും അപരിചിതയായ ആ വനിതയോട് അദ്ദേഹം വളരെ സ്‌നേഹപൂര്‍വം ഇടപെട്ടു.

”എന്റെ ഒരു ചിത്രം താങ്കള്‍ക്ക് വരച്ചു നല്‍കാനാവുമോ” ആ വനിത ്അല്‍പം ഭയത്തോടെ അദ്ദേഹത്തോട് ചോദിച്ചു. ”തീര്‍ച്ചയായും” പിക്കാസോ മറുപടി പറഞ്ഞു. തന്റെ കാന്‍വാസില്‍ അദ്ദേഹം ആ വനിതയുടെ മനോഹരമായ ഒരു പോര്‍േ്രടറ്റ് വരച്ചു. കാന്‍വാസ് അവര്‍ക്ക് നേരെ നീട്ടിയശേഷം അദ്ദേഹം പറഞ്ഞു ”അയ്യായിരം ഫ്രാങ്ക്‌സ്” (ഫ്രാന്‍സിലെ കറന്‍സി).

ആ വനിത ഞെട്ടിപ്പോയി. ”അങ്ങ് വെറും അഞ്ചു നിമിഷങ്ങള്‍ മാത്രമല്ലേ ഈ ചിത്രം വരയ്ക്കാന്‍ എടുത്തുള്ളൂ. അതിന് അയ്യായിരം ഫ്രാങ്ക്‌സോ?” അവര്‍ ചോദിച്ചു.

”അഞ്ചു നിമിഷങ്ങളല്ല മാഡം, എന്റെ ജീവിതം മുഴുവനുമാണ് അതില്‍ ചിലവഴിച്ചത്” ഒരു പുഞ്ചിരിയോടെ പിക്കാസോ മറുപടി പറഞ്ഞു.

ഒരു ജീവിതകാലത്തെ പ്രയത്‌നമാണ് ചിലപ്പോള്‍ ചുരുങ്ങിയ നിമിഷങ്ങളില്‍ ചരിത്രമാക്കുന്നത്. ഒരു നര്‍ത്തകിയുടെ നൃത്തം നാം കണ്ടിരിക്കുമ്പോള്‍ അത് കേവലം നിമിഷങ്ങള്‍ നീളുന്ന ഒരു പ്രകടനം മാത്രമാണ്. എന്നാല്‍ ആ നിമിഷങ്ങള്‍ക്ക് വേണ്ടി അവര്‍ ചെലവഴിക്കുന്നത് ഒരു ജീവിതകാലമാണ്. തങ്ങളുടെ ജീവിതം സമര്‍പ്പിച്ചാണ് പ്രതിഭകള്‍ നിപുണതകളിലേക്ക് ആണ്ടിറങ്ങുന്നത്.

ഉസൈന്‍ ബോള്‍ട്ട് സെക്കന്റുകള്‍ കൊണ്ട് നൂറ് മീറ്റര്‍ ഓടിക്കടക്കുമ്പോള്‍ അദ്ദേഹത്തിന്റെ ജീവിതകാലത്തെ മുഴുവന്‍ പരിശ്രമമാണ് അതിന് പിന്നിലെന്ന് നാം ചിന്തിക്കാറില്ല. നാം കാണുന്ന കാഴ്ചകള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ കഴിയുകയാണ്. അവയുടെ പിന്നിലുള്ള വേദനകള്‍, പരിശ്രമങ്ങള്‍, പോരാട്ടങ്ങള്‍ ഒന്നും നമ്മുടെ കണ്മുന്നില്‍ തെളിയുന്നില്ല. ഉസൈന്‍ ബോള്‍ട്ടിനൊപ്പം മത്സരിക്കുന്ന ഓരോ പ്രതിഭയും തങ്ങളുടെ ജീവിതം അതിനായി അര്‍പ്പിച്ചവരാണ്. ഓരോ പോരാട്ടവും ജീവിതത്തിന്റെ നിക്ഷേപമാണ്.

കവിയും കലാകാരനുമൊന്നും ഒരു നിമിഷത്തില്‍ ജനിച്ചുവീഴുന്നവരല്ല. അതിന് പിന്നിലുള്ള കഠിനപരിശ്രമങ്ങള്‍ കടലാസുകള്‍ക്കും യവനികകള്‍ക്കും പിന്നിലാണ്. വായനയുടേയും എഴുത്തിന്റെയും മാനസിക സമ്മര്‍ദ്ദങ്ങളുടെയും എത്രയെത്ര ഉറക്കമില്ലാത്ത രാത്രികള്‍ കടന്നുപോയിട്ടുണ്ടാകും. ഓരോ കലാസൃഷ്ടിയും പിറന്നു വീഴുന്നത് പ്രാണനറ്റുപോകുന്ന പേറ്റുനോവ് സഹിച്ചാണ്. ഒരു ജീവിതമാണ് അക്ഷരങ്ങളും ചിത്രങ്ങളും നൃത്തവും പാട്ടുമൊക്കെയായി പിറന്നുവീഴുന്നത്.

പൂട്ടിയിട്ടിരിക്കുന്ന ഒരു വീട് കുത്തിപ്പൊളിച്ച് മോഷ്ടിക്കുന്ന കള്ളനറിയില്ല താന്‍ മോഷ്ടിക്കുന്നത് ആ വീട്ടിലെ വ്യക്തികളുടെ ജീവിതമാണെന്ന്. കള്ളനെ സംബന്ധിച്ച് അത് വെറും പണവും സ്വര്‍ണവുമൊക്കെയാണ്. പക്ഷേ ഗൃഹസ്ഥരെ സംബന്ധിച്ച് അത് അവരുടെ ജീവിതകാല സമ്പാദ്യമാണ്. മോഷ്ടിക്കുന്നവന്‍ അനുഭവിക്കുന്നത് മറ്റുള്ളവരുടെ ജീവിതത്തിന്റെ വേദനയാണ്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മൈതാനത്ത് കളിക്കുമ്പോള്‍ നാം ഗാലറിയില്‍ ഇരുന്ന് അത് ആസ്വദിക്കും. മൈതാനത്ത് നില്‍ക്കുന്ന ഓരോ കളിക്കാരനും ആ കളിയിലേക്ക് നിക്ഷേപിക്കുന്നത് തങ്ങളുടെ ജീവിതം തന്നെയാണ്. അയാള്‍ക്ക് അത് പോരാട്ടവും നമുക്കത് ആസ്വദിക്കാവുന്ന കളിയുമായി മാറുന്നു. ഇര തേടുന്ന പുലിയുടെ പിടിയില്‍ പെടാതെ കുതിച്ചോടുന്ന മാനിനെപ്പോലെയാണ് കളിക്കാരന്‍. പുലിക്ക് വേണ്ടത് ഭക്ഷണവും മാനിന് രക്ഷിക്കേണ്ടത് തന്റെ ജീവനും.

ജീവിതങ്ങളാണ് മോഷ്ടിക്കപ്പെടുന്നത്. അത് പണമായാലും സ്വര്‍ണമായാലും അക്ഷരങ്ങളായാലും. മോഷ്ടാവിന് മറ്റൊരു പേരില്ല. അവന്‍ മോഷ്ടിക്കുന്നത് ഉറക്കമില്ലാത്ത രാത്രികളെയാണ്, ഗദ്ഗദങ്ങളെയാണ്, വിലാപങ്ങളെയാണ്, പോരാട്ടങ്ങളെയാണ്. അവനത് തിരിച്ചറിയുന്നില്ല. കാരണം അവന്റെ ചിന്ത അവനെക്കുറിച്ച് മാത്രമാണ്. അവിടെ മറ്റുള്ളവരില്ല അവരുടെ വേദനകളില്ല.

Comments

comments

Categories: FK Special