പുനരുപയോഗ  ഊര്‍ജ രംഗത്ത് സംസ്ഥാനങ്ങള്‍ സജീവമാകണമെന്ന് കേന്ദ്രം

പുനരുപയോഗ  ഊര്‍ജ രംഗത്ത് സംസ്ഥാനങ്ങള്‍ സജീവമാകണമെന്ന് കേന്ദ്രം

പുനരുപയോഗ ഊര്‍ജ വാങ്ങല്‍ സംബന്ധിച്ച ധാരണ പൂര്‍ണതോതില്‍ നടപ്പിലാക്കാന്‍ സംസ്ഥാനങ്ങള്‍ തയാറല്ലെന്നാണ് വിലയിരുത്തല്‍

ന്യൂഡെല്‍ഹി: പുനരുപയോഗ ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ സംവിധാനങ്ങളെ കൂടുതലായി ആശ്രയിക്കുന്നതിനു പകരം സ്വന്തം നിലയ്ക്ക് ടെന്‍ഡറുകള്‍ പുറത്തിറക്കാന്‍ സംസ്ഥാനങ്ങള്‍ ശ്രമിക്കണമെന്ന് കേന്ദ്ര നൂതന-പുനരുപയോഗ ഊര്‍ജ മന്ത്രാലയം ആവശ്യപ്പെട്ടു. പുനരുപയോഗിക്കാവുന്ന ഊര്‍ജത്തിന്റെ വാങ്ങലില്‍ മിക്ക സംസ്ഥാനങ്ങളും പ്രഖ്യാപിത ലക്ഷ്യത്തിന് വളരേ പിന്നിലാണെന്നും കേന്ദ്രം ചൂണ്ടിക്കാണിക്കുന്നു.

2018-19ല്‍ സംസ്ഥാനങ്ങളുടെ മൊത്തം വൈദ്യുതി വാങ്ങലില്‍ പുനരുപയോഗ ഊര്‍ജത്തിന്റെ വിഹിതം 17 ശതമാനമായിരിക്കണമെന്നാണ് നിഷ്‌കര്‍ശിച്ചിട്ടുള്ളത്. എന്നാല്‍ എപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ വരെയുള്ള കാലയളവിലെ വൈദ്യുതി വാങ്ങലില്‍ 10.6 ശതമാനം മാത്രമാണ് പുനരുപയോഗിക്കാവുന്ന ഊര്‍ജ മേഖലയ്ക്ക് നേടാനായത്.
ഊര്‍ജോല്‍പ്പാദനം ഏറെയും സംസ്ഥാനങ്ങള്‍ക്ക് കീഴിലായതിനാല്‍ അവര്‍ തന്നെ ടെണ്ടര്‍ പുറപ്പെടുവിക്കുന്നതാണ് നല്ലതെന്നും തങ്ങള്‍ക്ക് താങ്ങാനാവുന്ന താരിഫ് എത്രയാണെന്ന് അതതു സംസ്ഥാനങ്ങള്‍ക്കാണ് വ്യക്തമായി അറിയുകയെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, ഗുജറാത്ത്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ സജീവമായി ടെണ്ടര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ പല സ്ഥാനങ്ങളും പുനരുപയോഗ ഊര്‍ജ വാങ്ങലിന്റെ പ്രഖ്യാപിത ലക്ഷ്യത്തേക്കാള്‍ ഏറെ പുറകിലാണ്.

പുനരുപയോഗ ഊര്‍ജ വാങ്ങല്‍ സംബന്ധിച്ച ധാരണ പൂര്‍ണതോതില്‍ നടപ്പിലാക്കാന്‍ സംസ്ഥാനങ്ങള്‍ തയാറല്ലെന്നാണ് വിവിധ സംസ്ഥാനങ്ങളിലെ ഊര്‍ജ അധികൃതരുമായി അടുത്തിടെ നടത്തിയ കൂടിക്കാഴ്ചക്കൊടുവില്‍ പുനരുപയോഗ ഊര്‍ജ മന്ത്രാലയ സെക്രട്ടറി ആനന്ദ് കുമാര്‍ വ്യക്തമാക്കിയത്. ”പുനരുല്‍പ്പാദ ഊര്‍ജം വര്‍ധിപ്പിക്കുന്നതിനുള്ള കരാറുകള്‍ക്കും മുന്‍കൈയെടുക്കലുകള്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ട് വരുന്നില്ലെന്നാണ് മന്ത്രാലയം നിരീക്ഷിച്ചിരിക്കുന്നത്. സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പോലുള്ള പൊതു മേഖലാ സ്ഥാപനങ്ങളെയാണ് സംസ്ഥാനങ്ങള്‍ ആശ്രയിക്കുന്നത്, ‘ കുമാര്‍ അഭിപ്രായപ്പെട്ടു. 2022 ഓടെ 227 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജമാണ് അധികമായി കൂട്ടിച്ചേര്‍ക്കാന്‍ ഇന്ത്യ ലക്ഷ്യമിടുന്നത്.

Comments

comments

Categories: FK News
Tags: Power sector