ഖത്തറിന്റെ പിന്‍വാങ്ങലും ഒപെകിന്റെ ഭാവിയും

ഖത്തറിന്റെ പിന്‍വാങ്ങലും ഒപെകിന്റെ ഭാവിയും

എണ്ണ ഉല്‍പ്പാദക രാഷ്ട്രങ്ങളുടെ സംഘടനയായ ഒപെകില്‍ നിന്നുള്ള ഖത്തറിന്റെ പിന്‍മാറ്റം അന്താരാഷ്ട്ര തലത്തില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്. അമേരിക്കയുടെയും സൗദിയുടെയും ഉപരോധത്തിനെതിരെയുള്ള പ്രതിഷേധമെന്ന നിലയിലാണ് തീരുമാനം വിലയിരുത്തപ്പെട്ടതെങ്കിലും ഭാവിയെ കരുതിയുള്ള സാമ്പത്തിക ലക്ഷ്യങ്ങളും ഖത്തറിനുണ്ട്. മെച്ചപ്പെട്ട പരിസ്ഥിതി സൗഹൃദ ഇന്ധനമായ പ്രകൃതി വാതകത്തിലേക്കുള്ള ചുവടുമാറ്റത്തിലാണ് ഖത്തര്‍. ആഗോള താപനത്തെ ചെറുക്കാന്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ വന്‍തോതില്‍ പുനരുപയോഗിക്കാവുന്ന ശ്രോതസുകളിലേക്കും കാര്‍ബണ്‍ പുറന്തള്ളല്‍ കുറഞ്ഞ ഇന്ധനങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്ന സാഹചര്യം മനസിലാക്കി തന്നെയാണ് ഗള്‍ഫ് രാജ്യത്തിന്റെ നീക്കം.

 

പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഒപെക്. 1960 ല്‍ സ്ഥാപിതമായ ഈ അന്താരാഷ്ട്ര കൂട്ടായ്മയില്‍ 15 അംഗങ്ങളാണുള്ളത്. എണ്ണ ശേഖരത്താല്‍ സമ്പന്നമായ ഗള്‍ഫ് രാജ്യങ്ങളാണ് അംഗങ്ങളില്‍ ഭൂരിപക്ഷവും. സംഘടനയുടെ സംസ്ഥാപനത്തിന് ശേഷം 1961 ല്‍ ഗള്‍ഫില്‍ നിന്ന് ആദ്യമായി അംഗത്വമെടുത്തത് ഖത്തര്‍ ആയിരുന്നു. ഇറാന്‍, ഇറാഖ്, കുവൈത്ത്, സൗദി അറേബ്യ, വെനസ്വേല എന്നീ സ്ഥാപക അംഗങ്ങള്‍ക്ക് ശേഷമെത്തിയ ഖത്തര്‍ ഇപ്പോള്‍ ചരിത്രം മാറ്റിക്കുറിക്കുകയാണ്. 2019 ജനുവരി മാസത്തില്‍ ഖത്തര്‍ ഒപെക്കില്‍ നിന്ന് പിന്മാറുന്നു. അതായത്, ഒപെക് അംഗത്വം വിടുന്ന ആദ്യ ഗള്‍ഫ് രാഷ്ട്രമെന്ന സ്ഥാനവും ഖത്തറിന് ഇനി സ്വന്തം.

പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ കൂട്ടായ്മയില്‍ നിന്ന് പിന്‍മാറാനുള്ള ഖത്തറിന്റെ തീരുമാനമാണ് വിയന്നയില്‍ നടന്ന ഒപെകിന്റെ 175ാം സമ്മേളനത്തില്‍ നിഴലിച്ച് നിന്നിരുന്നത്. ഒപെക് രാഷ്ട്രങ്ങളുടെ മൊത്തം എണ്ണയുല്‍പ്പാദനത്തില്‍ കേവലം രണ്ട് ശതമാനം മാത്രമാണ് ഖത്തറിന്റെ സംഭാവന. എന്നാല്‍ ദ്രവീകൃത പ്രകൃതി വാതകത്തിന്റെ (എല്‍എന്‍ജി) ലോകത്തിലെ ഏറ്റവും വലിയ ഉല്‍പ്പാദകരും കയറ്റുമതിക്കാരുമാണ് ഖത്തര്‍. ലോകത്തിലെ ആളോഹരി പ്രതിശീര്‍ഷ വരുമാത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നതും ഈ കുഞ്ഞന്‍ രാഷ്ട്രം തന്നെയാണ്.

തീവ്രവാദം പ്രോല്‍സാഹിപ്പിക്കുന്നു, പാശ്ചാത്യ ചേരിയെ നിരന്തരം വിമര്‍ശിക്കുന്നു, അല്‍ജസീറ ടെലിവിഷന്‍ ചാനലിനെ പ്രോല്‍സാഹിപ്പിക്കുന്നു, ഇറാനുമായി കൂടുതല്‍ അടുക്കുന്നു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തപ്പെട്ട് 18 മാസമായി ഉപരോധത്തിലൂടെ കടന്നു പോവുകയാണ് ഖത്തര്‍. സൗദി അറേബ്യയാകട്ടെ, പുറം ലോകത്തെ ഖത്തറുമായി ബന്ധിപ്പിക്കുന്ന കപ്പല്‍ചാല്‍ അടച്ചുകൊണ്ട് ദോഹയെ ശ്വാസം മുട്ടിക്കുകയാണ്. സൗദിയും യുഎഇയും ചേര്‍ന്ന് തങ്ങളുടെ ജനങ്ങളെ വെള്ളം കുടിപ്പിക്കുന്നതിനെതിരെയുള്ള പ്രതിഷേധം എന്ന നിലയ്ക്ക് കൂടിയാണ് ഖത്തറിന്റെ ഒപെക് പിന്‍മാറ്റത്തെ നിരീക്ഷകര്‍ കാണുന്നത്. ക്രൂഡ് ഓയിലിന്റെ പ്രമുഖ ഉല്‍പ്പാദകരും വിതരണക്കാരുമായ സൗദിക്ക് ഒപെക്കിന്റെ തീരുമാനങ്ങളിലും നിര്‍ണായക സ്വാധീനമുണ്ട്. സൗദി നേതൃത്വം നല്‍കുന്ന സംഘടനയില്‍ നിന്നുള്ള പിന്‍മാറ്റം ഒരു രാഷ്ട്രീയ അജണ്ട തന്നെയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

ക്രൂഡ് ഓയില്‍ ഉല്‍പ്പാദനത്തിലെ അതികായര്‍ സൗദി, റഷ്യ, അമേരിക്ക, തുടങ്ങിയ രാജ്യങ്ങളാണ്. റഷ്യയും അമേരിക്കയും ഒപെകിന് പുറത്താണ്. ലോകത്തെ 44 ശതമാനം ക്രൂഡ് ഓയില്‍ ഉല്‍പ്പാദനവും ഒപെകില്‍ നിന്നാണ്. എണ്ണയെ മാത്രം ആശ്രയിച്ചുള്ള ഊര്‍ജ സുരക്ഷിതത്വവും ഇനി കുറയുകയാണ്. അമേരിക്കയില്‍ ഇപ്പോള്‍ തന്നെ ഇലക്ട്രിക്ക് വാഹനങ്ങള്‍ വ്യാപകമായിട്ടുണ്ട്. 2030 ഓടെ ഇന്ത്യയിലും സോളാര്‍, ഇലക്ട്രിക് വാഹനങ്ങള്‍ വന്‍ കുതിച്ചുചാട്ടമുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്. ബ്രസീലിലാകട്ടെ ബദല്‍ ഊര്‍ജ സ്രോതസായ മെഥനോള്‍ ഇപ്പോള്‍ തന്നെ 15 ശതമാനം വാഹനങ്ങളില്‍ ഉപയോഗിച്ച് വരുന്നു.

ഖത്തറിന്റെ പ്രഖ്യാപനവും ഇതിന്റെ ചുവട് പിടിച്ചുകൊണ്ടുള്ളതാണ്. പ്രകൃതി വാതകത്തിലേക്ക് തങ്ങള്‍ ചുവട് മാറ്റുന്നു; അതിലാണ് ഇനി ഭാവി എന്നാണ് ഖത്തറിന്റെ നിലപാട്. ഖത്തറിന്റെ എണ്ണ വകുപ്പ് മന്ത്രി തന്നെ സ്വയം വിശേഷിപ്പിക്കുന്നത് ‘ഗ്യാസ് മാന്‍’ എന്നാണ്. ഓസ്ട്രിയയിലെ വിയന്നയിലാണ് ഒപെകിന്റെ ആസ്ഥാനം. അവിടെ തന്നെയായിരുന്നു 175ാം വാര്‍ഷിക സമ്മേളനവും നടന്നത്. പ്രത്യേകിച്ചൊരു തീരുമാനവും എടുക്കാതെ പിരിഞ്ഞ ഒപെക് സമ്മേളനം റഷ്യന്‍ നിലപാടുകള്‍ക്കായി കാത്തിരിക്കാനും തീരുമാനിച്ചു.

ക്രൂഡ് ഓയിലിന്റെ ഉല്‍പ്പാദനം, വിതരണം, വില എന്നിവയൊക്കെ ഇനി ഖത്തര്‍ സ്വയം തീരുമാനിക്കും. അതായത്, ഒപെകിനെ ഉപയോഗിച്ചുള്ള സൗദിയുടെ അപ്രമാദിത്യത്തിന്റെ മുഖത്തേറ്റ അടി തന്നെയാണ് ദോഹയുടെ തീരുമാനം. ഇതിന് മുന്‍പ് ഒപെകില്‍ നിന്ന് സ്വയം പുറത്തേക്ക് പോയ രാജ്യം ഗാംബിയ ആയിരുന്നു; 1995 ല്‍. 2016 ല്‍ ഇന്തോനേഷ്യ പുറത്താക്കപ്പെട്ടു. അതിനുള്ള കാരണം ആ രാജ്യത്തിന്റെ ക്രൂഡ് ഓയില്‍ ഇറക്കുമതി കയറ്റുമതിയേക്കാള്‍ അധികരിച്ചു എന്നതായിരുന്നു.

ലോകത്തിലെ അസംസ്‌കൃത എണ്ണയുടെ മുക്കാല്‍ പങ്കും വരുന്നത് ഒപെകില്‍ നിന്നാണ്. എന്നാല്‍ അടുത്ത കാലത്ത് റഷ്യ എണ്ണ ഉല്‍പ്പാദനത്തില്‍ സൗദി അറേബ്യയുടെ മുകളില്‍ എത്തിയിരിക്കുകയാണ്. ഒരു ബാരല്‍ എണ്ണയ്ക്ക് (159 ലിറ്റര്‍) 60 ഡോളര്‍ മതി എന്ന നിലപാടിലാണ് റഷ്യയും അതിന്റെ നേതാവ് പുടിനും. അതായത്, എണ്ണ വില നിശ്ചയിക്കാനുള്ള പരമാധികാരം ഒപെകിന് കൈമോശം വന്നിരിക്കുന്നെന്ന് സാരം.

1973 വരെ അമേരിക്കന്‍ കമ്പനികളായ ഷെല്‍ മുതലായവയായിരുന്നു എണ്ണ വില നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇസ്രയേലിനെ അമേരിക്ക സഹായിക്കുന്നു എന്നാരോപിച്ച് ഗള്‍ഫ് രാഷ്ട്രങ്ങള്‍ എണ്ണപ്പാടങ്ങള്‍ ദേശസാല്‍ക്കരിക്കുകയും ഷെല്‍ പോലുള്ള കമ്പനികളുടെ കുത്തക തകര്‍ക്കുകയുമായിരുന്നു. ‘ഓയില്‍ എംബാരോ’ എന്ന പേരില്‍ ഇത് പ്രശസ്തമാകുകയും ചെയ്തു. സൗദി-അമേരിക്ക ബന്ധം 1955 മുതല്‍ ഊഷ്മളമാണ്. രാജവംശത്തിലെ സൗദും അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഐസന്‍ഹോവറും തുടങ്ങിവെച്ച കെട്ടുറപ്പുള്ള ബന്ധം ഇന്നും ഇരു രാഷ്ട്രങ്ങളും നിലനിര്‍ത്തി വരുന്നുമുണ്ട്. വിമത മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി വധത്തില്‍ അമേരിക്കയുടേയും ട്രംപിന്റെയും തന്ത്രപരമായ നിശബ്ദതയും ഇതിന്റെ ചുവട് പിടിച്ചുള്ളതാണ്.

അമേരിക്കയാണ് സൗദിയുടെ ഏറ്റവും വലിയ എണ്ണ വിപണി. സൗദിയാണ് അമേരിക്കയുടെ ഏറ്റവും വലിയ ആയുധ വിപണി. ഇത്തരത്തിലുള്ള കൊടുക്കല്‍ വാങ്ങല്‍ ബന്ധം ഇരു രാഷ്ട്രങ്ങളും തമ്മില്‍ പതിറ്റാണ്ടുകളായുണ്ട്. സുന്നി ലോകത്തെ നേതാവാണ് സൗദി. ഷിയാ നേതൃത്വം ഇറാനും. സൗദിയെ പ്രീണിപ്പിക്കാനാണ് ട്രംപിന്റെ ഇറാന്‍ ഉപരോധവും ലക്ഷ്യമിടുന്നത്. ഒപെകില്‍ നിന്നുള്ള ഇറാന്റെ പിന്‍മാറ്റവും വരും നാളുകളില്‍ പ്രതീക്ഷിക്കാം. എണ്ണ വിലയിന്‍മേല്‍ ഒപെകിനുള്ള നിയന്ത്രണം അവസാനിക്കുക തന്നെയാണെന്ന് ഈ സംഭവങ്ങള്‍ സൂചന നല്‍കുന്നു.

ഖത്തറിന്റെ 57 വര്‍ഷത്തെ ഒപെക് ബന്ധമാണ് ഇപ്പോള്‍ അവസാനിക്കുന്നത്. 1980 കളിലെ ഇറാന്‍-ഇറാഖ് യുദ്ധത്തിലും 1990 കളിലെ ഗള്‍ഫ് യുദ്ധത്തിലും ഉലയാത്ത ഒപെകിന് ഖത്തറിന്റെ പിന്‍മാറ്റം കനത്ത തിരിച്ചടി തന്നെയാണ്.

Comments

comments

Categories: FK Special, Slider
Tags: OPEC, Qatar