സിഎന്‍ജി വിപണിയില്‍ മാരുതി സുസുകിയുടെ തേരോട്ടം; അഞ്ച് ലക്ഷം വാഹനങ്ങള്‍ വിറ്റു

സിഎന്‍ജി വിപണിയില്‍ മാരുതി സുസുകിയുടെ തേരോട്ടം; അഞ്ച് ലക്ഷം വാഹനങ്ങള്‍ വിറ്റു

മാരുതി സുസുകിയുടെ ഏഴ് മോഡലുകളാണ് സിഎന്‍ജി ഓപ്ഷനില്‍ ലഭിക്കുന്നത്

ന്യൂഡെല്‍ഹി : മാരുതി സുസുകി ഇന്ത്യയില്‍ ഇതുവരെയായി വിറ്റത് അഞ്ച് ലക്ഷം സിഎന്‍ജി (കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ്) വാഹനങ്ങള്‍. മാരുതി സുസുകിയുടെ ഓള്‍ട്ടോ 800, ഓള്‍ട്ടോ കെ10, വാഗണ്‍ആര്‍, സെലേറിയോ, ഡിസയര്‍, ഈക്കോ, സൂപ്പര്‍ കാരി എന്നീ ഏഴ് മോഡലുകളാണ് സിഎന്‍ജി ഓപ്ഷനില്‍ ലഭിക്കുന്നത്. ഇവയില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്നത് വാഗണ്‍ആര്‍ മോഡലാണ്. 2018 ഏപ്രില്‍-നവംബര്‍ കാലയളവില്‍ രാജ്യത്ത് വിറ്റ ആകെ സിഎന്‍ജി വാഹനങ്ങളില്‍ ഏകദേശം 15 ശതമാനത്തോളം മാരുതി സുസുകിയുടെ സിഎന്‍ജി വാഹനങ്ങളാണ്.

മാരുതി സുസുകിയുടെ ഫാക്റ്ററി ഫിറ്റഡ് സിഎന്‍ജി വാഹനങ്ങള്‍ക്ക് ഡെല്‍ഹിയിലും ദേശീയ തലസ്ഥാന മേഖലയിലും വലിയ ഡിമാന്‍ഡാണ്. കൂടാതെ ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, തെലങ്കാന, ഒഡിഷ, ഉത്തര്‍ പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ ചില നഗരങ്ങളിലും വലിയ തോതില്‍ വിറ്റുപോകുന്നു. രാജ്യത്തെ 26 പുതിയ നഗരങ്ങളില്‍ക്കൂടി തങ്ങളുടെ സിഎന്‍ജി വാഹനങ്ങള്‍ ലഭിക്കുന്നതിന് മാരുതി സുസുകി നടപടി സ്വീകരിച്ചിരുന്നു. ഇതോടെ രാജ്യത്തെ 150 ലധികം നഗരങ്ങളില്‍ മാരുതി സുസുകിയുടെ സിഎന്‍ജി വാഹനങ്ങള്‍ ലഭ്യമാണ്. ഇത്തരത്തില്‍ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതോടെ, 2018-19 സാമ്പത്തിക വര്‍ഷത്തില്‍ (2018 നവംബര്‍ വരെ) സിഎന്‍ജി വാഹന വില്‍പ്പന അമ്പത് ശതമാനം വര്‍ധിപ്പിക്കാന്‍ മാരുതി സുസുകിക്ക് സാധിച്ചു.

മാരുതി സുസുകിയുടെ ആദ്യ ഫാക്റ്ററി ഫിറ്റഡ് സിഎന്‍ജി വാഹനങ്ങള്‍ 2010 ലാണ് വിപണിയിലെത്തുന്നത്. വാറന്റിയും മറ്റ് ആനുകൂല്യങ്ങളും വില്‍പ്പന വര്‍ധിപ്പിക്കാനും സിഎന്‍ജി വാഹന വിപണിയില്‍ ആധിപത്യം സ്ഥാപിക്കാനും കമ്പനിയെ സഹായിച്ചു. അഞ്ച് ലക്ഷത്തിലധികം പേര്‍ തങ്ങളുടെ ഫാക്റ്ററി ഫിറ്റഡ് സിഎന്‍ജി വാഹനങ്ങള്‍ തെരഞ്ഞെടുത്തതില്‍ അതിയായ സന്തോഷമുണ്ടെന്ന് മാരുതി സുസുകി മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ കെനിച്ചി അയുകാവ പറഞ്ഞു.

Comments

comments

Categories: Auto