ഇതാണ് ഹാന്‍സെറ്റിക് ലീഗ്; ഇവര്‍ പലര്‍ക്കും തലവേദനയാകും

ഇതാണ് ഹാന്‍സെറ്റിക് ലീഗ്; ഇവര്‍ പലര്‍ക്കും തലവേദനയാകും

യൂറോസോണിനെ ശക്തിപ്പെടുത്താനുള്ള ഫ്രാന്‍സിന്റെ പ്രവര്‍ത്തനങ്ങളെ ഹാന്‍സെറ്റിക് ലീഗ് എന്ന് പറയപ്പെടുന്ന സംഘം ചോദ്യം ചെയ്യാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷത്തോളമായി.

യൂറോ കറന്‍സിയായുള്ള രാഷ്ട്രങ്ങളുമായി ബന്ധം ശക്തിപ്പെടുത്താന്‍ ഫ്രാന്‍സ് പുതിയ ആശയങ്ങളുമായി രംഗത്തെത്തുമ്പോഴൊക്കെ അസ്വസ്ഥമാകുന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ ഒരു കൂട്ടായ്മയുണ്ട്. നെതര്‍ലന്‍ഡ്‌സ്, ഫിന്‍ലന്‍ഡ്, ഡെന്മാര്‍ക്, ലാത്വിയ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഈ കൂട്ടായ്മ ഹാന്‍സെറ്റിക് ലീഗ് എന്ന പേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. പതിനാലാം നൂറ്റാണ്ടില്‍ പൊതുവായ വ്യാവസായിക താത്പര്യങ്ങള്‍ പ്രകടിപ്പിച്ചിരുന്ന വടക്കന്‍ ജര്‍മ്മന്‍ നഗരങ്ങളും വ്യവസായി സമൂഹവും രൂപം നല്‍കിയ കൂട്ടായ്മയായിരുന്നു ഹാന്‍സെറ്റിക് ലീഗ്.

യൂറോസോണ്‍ ബജറ്റിന് രൂപം നള്‍കുന്നതുള്‍പ്പടെ യൂറോ സാമ്പത്തിക കൂട്ടായ്മയെ ശക്തിപ്പെടുത്താനുള്ള ഫ്രാന്‍സിന്റെ പരിശ്രമങ്ങളെ ഈ ഹാന്‍സെറ്റിക് ലീഗ് ചോദ്യം ചെയ്യാന്‍ തുടങ്ങിയിട്ട് ഏകദേശം ഒരു വര്‍ഷമായി. ഓരോ രാജ്യത്തിന്റെയും സാമ്പത്തിക ബാധ്യതകള്‍ അതത് സര്‍ക്കാരുകളുടെ വിഷയമാണെന്നും ഇത്തരം വിഷയങ്ങളിലെ നയരൂപീകരണം അവര്‍ തന്നെ നടത്തണമെന്നുമുള്ള അഭിപ്രായമാണ് ഹാന്‍സെറ്റിക് ലീഗിനുള്ളത്. സാമ്പത്തിക വിഷയങ്ങള്‍ സ്വന്തമായി കൈകാര്യം ചെയ്യുന്നത് യൂറോസോണ്‍ തട്ടില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് ലഘൂകരിച്ച് സോണിലെ 19 രാഷ്ട്രങ്ങള്‍ തമ്മിലുള്ള ഐക്യം ശക്തിപ്പെടുത്തുമെന്നും ഇവര്‍ വിശ്വസിക്കുന്നു.

യൂറോ സോണ്‍ പരിഷ്‌കാരത്തെ പൂര്‍ണമായും അനുകൂലിക്കുന്നുണ്ടെങ്കിലും എത്തരത്തിലുള്ള പരിഷ്‌കാരമാണ് വിഭാവനം ചെയ്യുന്നതെന്ന ചോദ്യമാണ് ലീഗ് അംഗരാഷ്ട്രങ്ങള്‍ക്കുള്ളത്. യൂറോസോണ്‍ പ്രവര്‍ത്തനങ്ങള്‍ എത്തരത്തിലാകണമെന്ന കാര്യത്തിലുള്ള അഭിപ്രായഭിന്നതകള്‍ പുതിയ കാര്യമല്ല. എന്നാല്‍ കഴിഞ്ഞ മാസം ഗ്രൂപ്പുമായുള്ള പാരീസിന്റെ അസ്വസ്ഥത ഫ്രാന്‍സ് സാമ്പത്തികകാര്യ മന്ത്രി ബ്രൂണോ ലി മരിയോ പരസ്യമായി വെളിപ്പെടുത്തിയതോടെ അഭിപ്രായഭിന്നതകള്‍ പുതിയ തലത്തിലേക്ക് എത്തുകയായിരുന്നു.

പോര്‍ച്ചുഗല്‍, ഇറ്റലി, സ്‌പെയിന്‍ തുടങ്ങിയ തെക്കന്‍ രാജ്യങ്ങളുമായി ചേര്‍ന്ന് ഫ്രാന്‍സ് ഒരു ക്ലബ്ബ് രൂപീകരിക്കാന്‍ ശ്രമിച്ചാല്‍ ബാക്കി അംഗരാജ്യങ്ങളുടെ പ്രതികരണം എന്തായിരിക്കുമെന്നും അത് യൂറോപ്പിലെ സ്ഥിതിഗതികള്‍ മെച്ചപ്പെടുത്തുമെന്ന് കരുതുന്നുണ്ടോ എന്നുമാണ് ഫിനാന്‍ഷ്യല്‍ ടൈംസിനോട് ബ്രൂണോ ലി മരിയോ പ്രതികരിച്ചത്. പുതിയ സംഘങ്ങളോ ക്ലബ്ബുകളോ ലീഗുകളോ സ്ഥാപിക്കുന്നതിനോട് തനിക്ക് താത്പര്യമില്ലെന്നും ബ്രൂണോ കൂട്ടിച്ചേര്‍ത്തു. ഹാന്‍സെറ്റിക്് ലീഗിന്റെ തലവനെന്ന് കരുതപ്പെടുന്ന ഡച്ച് സാമ്പത്തിക കാര്യ മന്ത്രിയുമായുള്ള യോഗത്തിന് ശേഷമായിരുന്നു ബ്രൂണോയുടെ പ്രതികരണം.

യൂറോസോണ്‍ ബജറ്റിന് രൂപം നല്‍കുന്നതിനെ ചൊല്ലി ഫ്രാന്‍സും നെതര്‍ലന്‍ഡ്‌സും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലവിലുണ്ട്. യൂറോ പൊതുകറന്‍സിയായുള്ള 19 രാഷ്ട്രങ്ങള്‍ക്ക് വേണ്ടി മാത്രം വിഭാവനം ചെയ്യുന്ന സാമ്പത്തികപദ്ധതിയാണ് യൂറോസോണ്‍ ബജറ്റ്. സാമ്പത്തിക പ്രതിസന്ധിയുടെ കാലഘട്ടങ്ങളില്‍ അംഗരാജ്യങ്ങള്‍ക്ക് ഈ ബജറ്റ് ഗുണകരമാകുമെന്ന അഭിപ്രായമാണ് ഇതിനെ അനുകൂലിക്കുന്ന ഫ്രാന്‍സ് അടക്കമുള്ളവര്‍ക്കുള്ളത്.

അത് വേണമോ വേണ്ടയോ എന്നുള്ളതല്ല പ്രതീക്ഷക്കുന്നതിനേക്കാള്‍ സങ്കീര്‍ണ്ണമാണ് ആ വിഷയമെന്നുള്ളതാണ് കാര്യമെന്നതാണ് ബജറ്റിനെ പ്രതികൂലിക്കുന്നവര്‍ പറയുന്നത്. എന്താണ് അതിന്റെ ലക്ഷ്യമെന്നും എങ്ങനെ, ആരാണ് അതിനുള്ള പണം മുടക്കുകയെന്നും വിഷയങ്ങളില്‍ ആര് തീരുമാനങ്ങള്‍ എടുക്കുമെന്നുമൊക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു. ഇത്തരം ചോദ്യങ്ങള്‍ക്കെല്ലാം പ്രതിവിധികള്‍ കണ്ടെത്തിയിട്ടു വേണം ഇത് നടപ്പില്‍ വരുത്താനെന്ന് ഹാന്‍സെറ്റിക് ലീഗില്‍ അംഗമായ യൂറോപ്യന്‍ ഉദ്യോഗസ്ഥന്‍ പറയുന്നു.

എന്നാല്‍ 2021 ഓടെ യൂറോസോണ്‍ ബജറ്റ് നടപ്പില്‍ വരുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് നവംബര്‍ മധ്യത്തില്‍ ബ്രസ്സല്‍സില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ബ്രൂണോ പറഞ്ഞു. ജര്‍മ്മനിയില്‍ നിന്നും പ്രതീക്ഷിക്കുന്ന സഹായത്തേക്കാള്‍ അംഗരാഷ്ട്രങ്ങള്‍ ഈ ബജറ്റിന് വേണ്ടി എത്ര പണം മുടക്കേണ്ടി വരുമെന്നത് സംബന്ധിച്ച് പല കോണുകളില്‍ നിന്നും പരസ്യമായി ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.

ബ്രെക്‌സിറ്റ് നടപടികള്‍ പുരോഗമിക്കുന്ന വേളയില്‍ യൂറോപ്പിന്റെ പ്രധാനകരുത്തായി മാറേണ്ട യൂറോസോണിനെ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് ജര്‍മ്മന്‍ ധനകാര്യമന്ത്രി ഒലാഫ് സ്‌കോള്‍സും അഭിപ്രായപ്പെട്ടു. യുകെ യൂറോപ്യന്‍ യൂണിയന്‍ വിടുമ്പോള്‍ ജിഡിപിയുടെ 85 ശതമാനവും യൂറോയെ ആശ്രയിച്ചായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത മാസത്തോടെ യൂറോസോണ്‍ ബജറ്റ് സംബന്ധിച്ച് ധാരണയിലെത്താനാണ് ഫ്രാന്‍സിന്റെയും ജര്‍മ്മിനിയുടെയും പദ്ധതി.

ഫ്രാന്‍സ്-ജര്‍മ്മനി അച്ചുതണ്ടിന് ഒരു ബദല്‍ ശക്തി

ഫ്രാന്‍സ്-ജര്‍മ്മനി അച്ചുതണ്ടിന് ബദലായി ഒരു ശക്തിയൊരുക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കുറച്ചു രാജ്യങ്ങളുടെ ഒരു ഗ്രൂപ്പാണ് ഹാന്‍സെറ്റിക് ലീഗ്. ഒരു ചെറിയ രാഷ്ട്രത്തിന്റെ എതിര്‍പ്പ് കേള്‍ക്കപ്പെടുകയില്ല എന്നതിനാല്‍ തന്നെ ഇത്തരമൊരു ഗ്രൂപ്പ് ഉണ്ടാകുക സ്വാഭാവികമാണ്. യൂറോസോണില്‍ ഇനി മറ്റ് പരിഷ്‌കാരങ്ങളൊന്നും ആവശ്യമില്ലെന്ന നിലപാടാണ് ഇവര്‍ക്ക് പൊതുവായുള്ളത്.

പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നത് ഫ്രാന്‍സിന്റെ നിര്‍ദ്ദേശങ്ങള്‍ ജര്‍മ്മിനി അംഗീകരിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിക്കുമെന്നും അതേസമയം അതിനെ എതിര്‍ക്കുന്നവരും ശക്തരായി പ്രതിഷേധിക്കുമെന്നും ഐഎന്‍ജിയിലെ സാമ്പത്തിക കാര്യ വിദഗ്ധന്‍ കാര്‍സ്റ്റണ്‍ ബ്രസെസ്‌കി പറഞ്ഞു.

നിലവില്‍ തങ്ങള്‍ എട്ട് രാഷ്ട്രങ്ങളാണ് ഉള്ളതെന്നും കാര്യമായ രഹസ്യഅജന്‍ഡകളൊന്നും ഇല്ലെങ്കിലും ഗ്രൂപ്പിനുള്ളില്‍ യോജിപ്പ് കാത്തുസൂക്ഷിക്കാന്‍ താത്പര്യപ്പെടുന്നുണ്ടെന്നും ഹാന്‍സെറ്റിക് ലീഗില്‍ അംഗമായ യൂറോപ്യന്‍ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. യൂറോഗ്രൂപ്പ് ധനകാര്യമന്ത്രിമാരുടെ ഔദ്യോഗിക കൂടിക്കാഴ്ചയോട് അനുബന്ധിച്ച് രണ്ടുമാസം കൂടുമ്പോഴാണ് തങ്ങള്‍ സമ്മേളിക്കാറുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലെ സംവിധാനങ്ങളില്‍ നിര്‍ണ്ണായക മാറ്റങ്ങളൊന്നും ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് യുഎസ്ബിയിലെ ചീഫ് യൂറോസോണ്‍ സാമ്പത്തിക വിദഗ്ധനായ റിക്കാര്‍ഡോ ഗ്രേഷ്യ അഭിപ്രായപ്പെട്ടു. ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധികള്‍ ഉടലെടുക്കുകയാണെങ്കില്‍ നിലവിലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചോ പുതിയ എന്തെങ്കിലും കണ്ടെത്തിയോ യൂറോസോണ്‍ തന്നെ അതിനെ നേരിടണമെന്ന് ചുരുക്കം. ഡിസംബര്‍ മധ്യത്തോടെ ഉണ്ടാകുന്ന മാറ്റങ്ങളില്‍ ബ്രക്‌സിറ്റിനോടുള്ള പ്രതികരണം വ്യക്തമാകും. അടുത്ത മാന്ദ്യകാലം വരെ അത് നിലനില്‍ക്കുമെന്നും ഗ്രേഷ്യ പറഞ്ഞു.

 

  • ഫ്രാന്‍സ്-ജര്‍മ്മനി അച്ചുതണ്ടിന് ബദലായി ഒരു ശക്തിയൊരുക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളുടെ ഗ്രൂപ്പാണ് ഹാന്‍സെറ്റിക് ലീഗ്
  • യൂറോസോണ്‍ ബജറ്റിന് രൂപം നല്‍കുന്നതിനെ ചൊല്ലി ഫ്രാന്‍സും നെതര്‍ലന്‍ഡ്‌സും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലവിലുണ്ട്
  • ഓരോ രാജ്യത്തിന്റെയും സാമ്പത്തിക ബാധ്യതകള്‍ അതത് സര്‍ക്കാരുകളുടെ വിഷയമാണെന്നും വാദം
  • ബ്രെക്‌സിറ്റ് നടപടികള്‍ പുരോഗമിക്കുന്ന വേളയില്‍ യൂറോപ്പിന്റെ പ്രധാനകരുത്തായി മാറേണ്ട യൂറോസോണിനെ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് ജര്‍മനിയുടെ വാദം

Comments

comments

Categories: FK News

Related Articles