ഡിജിറ്റല്‍ യുഗത്തിലെ മാധ്യമപ്രവര്‍ത്തനം

ഡിജിറ്റല്‍ യുഗത്തിലെ മാധ്യമപ്രവര്‍ത്തനം

മാധ്യമപ്രവര്‍ത്തനം ഇന്ന് വന്‍മാറ്റങ്ങള്‍ക്കു വിധേയമായിരിക്കുകയാണ്. ഏകദേശം 15 വര്‍ഷങ്ങള്‍ക്കു മുന്‍പു വേള്‍ഡ് വൈഡ് വെബ്ബിനു വന്‍തോതില്‍ പ്രചാരം ലഭിച്ചതോടെയാണു മാധ്യമ രംഗത്ത് മാറ്റം ദൃശ്യമായത്. ഇന്ന് പത്രത്തിന്റെ ലേഔട്ട് കമ്പ്യൂട്ടറിന് ചെയ്യാനാകും വിധം അച്ചടി രംഗം മാറിയിരിക്കുന്നു. പ്രിന്റ് മാധ്യമങ്ങളുടെ സര്‍ക്കുലേഷന്‍ വന്‍തോതില്‍ കുറയുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ രംഗത്തേയ്ക്ക് ചുവടുമാറ്റേണ്ട സാഹചര്യമാണ് ഓരോ മാധ്യമപ്രവര്‍ത്തകനുമുള്ളത്. അതുപക്ഷേ, എളുപ്പം സാധ്യമല്ല. ഒരു ലേഖനം അഥവാ വാര്‍ത്ത ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചതു കൊണ്ടു മാത്രമായില്ല. അവ ജനങ്ങള്‍ വായിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. അതിന് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അറിയുകയും വേണം. എങ്കില്‍ മാത്രമായിരിക്കും മാധ്യമപ്രവര്‍ത്തനത്തില്‍ വിജയിക്കുന്നത്.

ഡിജിറ്റല്‍ യുഗത്തില്‍ ‘ഫോര്‍ത്ത് എസ്റ്റേറ്റിന്’ പുതിയ രൂപമാണു കൈവന്നിരിക്കുകയാണ്. സോഷ്യല്‍ മീഡിയ, ബ്ലോഗിംഗ് തുടങ്ങിയവയാണ് ആ രൂപങ്ങളില്‍ ചിലത്. ഒരു കാലത്ത് സാധാരണക്കാരന്‍ വിവരങ്ങള്‍ക്കുള്ള സ്രോതസായി കണ്ടിരുന്ന പത്രങ്ങള്‍ കളം വിടുന്ന കാഴ്ചയാണ് ഇന്നു കാണുവാന്‍ സാധിക്കുന്നത്. എന്നാല്‍ ഡിജിറ്റല്‍ യുഗത്തിലെ പുതിയ രൂപങ്ങള്‍ക്കു മാധ്യമ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കാന്‍ സാധിക്കുന്നുണ്ടോ എന്ന ചോദ്യവും പ്രസക്തമാണ്. ഇന്ന് 1.7 ബില്യന്‍(170 കോടി) വെബ്‌സൈറ്റുകള്‍ പ്രചാരത്തിലുണ്ടെന്നാണ് കണക്കാക്കുന്നത്. വെബ്‌സൈറ്റുകളുടെ വരവ്, നമ്മള്‍ ആശയവിനിമയം ചെയ്യുന്ന രീതിയെ, നമ്മള്‍ ഷോപ്പ് ചെയ്യുന്ന രീതിയെ, ഓരോ ദിവസത്തെയും പ്രശ്‌നങ്ങളില്‍ അഭിപ്രായം രൂപപ്പെടുത്തുന്ന രീതിയെ മാറ്റിമറിച്ചു. അതിലൂടെ നമ്മളുടെ സമൂഹത്തിന് അസാധാരണമായൊരു മൂല്യവും കൈവന്നു. എന്നാല്‍ അതോടൊപ്പം എല്ലാ മേഖലയിലും പുതിയ വെല്ലുവിളികളും സമ്മാനിച്ചിരിക്കുകയാണ്.

മാധ്യമപ്രവര്‍ത്തനം, പ്രത്യേകിച്ച് അച്ചടി രംഗം ലോകവ്യാപകമായി പ്രതിസന്ധി നേരിടുന്നുവെന്നത് പുതിയ വസ്തുതയല്ല. ഇന്റര്‍നെറ്റുമായുള്ള മത്സരം കാരണം വലിയ പത്രങ്ങള്‍ ഇല്ലാതാവുകയും പരമ്പരാഗത മാധ്യമ സ്ഥാപനങ്ങള്‍ പാപ്പരാവുകയും ചെയ്തിരിക്കുകയാണ്. ഒരുകാലത്ത് പകിട്ടും, പദവിയുമുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തനമെന്ന പ്രഫഷന്‍ ഇന്നു കുറഞ്ഞ വേതനം, കുറഞ്ഞ വളര്‍ച്ചാ സാധ്യത, അമിത സമ്മര്‍ദ്ദം എന്നിവയുടെ പര്യായമായി തീര്‍ന്നു. ഇന്ന് ഒരു വിവരം അറിയണമെങ്കില്‍, അല്ലെങ്കില്‍ പ്രധാന വാര്‍ത്തയെ കുറിച്ച് അറിയണമെന്ന് ആഗ്രഹിക്കുന്നവര്‍ ആദ്യം ഇന്റര്‍നെറ്റിലേക്ക് പ്രവേശിക്കുകയാണു പതിവ്. ഇക്കാര്യം അറിഞ്ഞു കൊണ്ടു തന്നെ നിരവധി മാധ്യമപ്രവര്‍ത്തകര്‍ ഡിജിറ്റല്‍ മാധ്യമങ്ങളിലേക്കു ചുവടുമാറ്റിയിരിക്കുകയാണ്. എങ്കിലും ഈ മാറ്റം അത്ര എളുപ്പമല്ലെന്നതും ഒരു വസ്തുതയാണ്. ഡിജിറ്റല്‍ യുഗത്തില്‍ നിലനില്‍ക്കാന്‍ കണ്ടന്റ് ക്രീയേഷന്‍ അഥവാ ഉള്ളടക്കം സൃഷ്ടിക്കല്‍ അത്ര എളുപ്പമല്ലെന്നതു തന്നെ കാരണം.

ഓണ്‍ലൈനില്‍ ഒരു കണ്ടന്റ് ക്രീയേറ്റ് ചെയ്ത് അത് പോസ്റ്റ് ചെയ്തു കഴിയുന്നതോടെ ജോലി അവസാനിക്കുന്നില്ല. പകരം ആ കണ്ടന്റ് (വാര്‍ത്ത, ലേഖനം, കഥ, കവിത തുടങ്ങിയ സര്‍ഗാത്മകമായ എന്തുമാകാം കണ്ടന്റ്) ഓണ്‍ലൈനില്‍ ജനകീയമാകണമെങ്കില്‍ ചില കാര്യങ്ങള്‍ കൂടി ചെയ്യേണ്ടതുണ്ട്. ഈ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിയണമെങ്കില്‍ ചില ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് തത്വങ്ങള്‍ മനസിലാക്കണം. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്നാല്‍ ഇന്റര്‍നെറ്റില്‍ ബ്രാന്‍ഡ് ഇമേജുകളും, ബിസിനസുകളും സൃഷ്ടിക്കുന്നതാണെന്ന ധാരണ പൊതുവേയുണ്ട്. ഇൗ ധാരണ തെറ്റാണ്. പകരം, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്നത് ഇന്റര്‍നെറ്റില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന ആളുകളുമായി നമ്മള്‍ സൃഷ്ടിച്ച കണ്ടന്റിനെ ബന്ധപ്പെടുത്തുന്ന രീതിയാണത്. ഏതൊക്കെ ഘടകങ്ങളാണ് ഒരു മാധ്യമപ്രവര്‍ത്തകനെ ഇന്റര്‍നെറ്റില്‍ സ്വീകാര്യനാക്കുന്നതെന്ന് നോക്കാം.

കുടൂതല്‍ എന്‍ഗേജ്‌മെന്റുകള്‍ (Engagement)

ഓണ്‍ലൈനില്‍ കണ്ടന്റ് ജനകീയമാകണമെങ്കില്‍ കൂടുതല്‍ എന്‍ഗേജ്‌മെന്റുകള്‍ ഉണ്ടാകണം. എന്‍ഗേജ്‌മെന്റുകളെന്നു പറയുമ്പോള്‍ കണ്ടന്റിന് ലഭിക്കുന്ന കമന്റ്, ഷെയര്‍, ലൈക്ക് ഇവയൊക്കെയാണ്. പേജ് വ്യൂ (pageviews) മാത്രം ലഭിച്ചതു കൊണ്ട് കാര്യമില്ല. എല്ലാ ദിവസവും/ അല്ലെങ്കില്‍ ഓരോ നേരങ്ങളിലും പ്രസിദ്ധീകരിക്കുന്ന കണ്ടന്റുകള്‍ ഷെയര്‍ ചെയ്യുകയും, അവയ്ക്കു കമന്റ് ലഭിക്കുകയും ചെയ്യുന്നത് ഗുണകരമാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഇതിലൂടെ ശക്തമായൊരു അടിത്തറ ഓണ്‍ലൈനില്‍ നമ്മള്‍ക്ക് രൂപപ്പെടുത്താനാവും. ഡിജിറ്റല്‍ ലോകത്തില്‍ സ്വാധീനം കൈവരിച്ചെന്നാല്‍ അതിനര്‍ഥം കരുത്താര്‍ജ്ജിച്ചു എന്നു തന്നെയാണ്. പക്ഷേ, ഇത്തരമൊരു സാഹചര്യം കൈവരണമെങ്കില്‍ ദീര്‍ഘകാലം പരിശ്രമിക്കേണ്ടതായി വരും.

ഗൂഗിളിനെ ഉപയോഗപ്പെടുത്തുക

ഗൂഗിള്‍ പോലുള്ള സെര്‍ച്ച് എന്‍ജിനുകളെ അവഗണിക്കും വിധമാണ് പല ന്യൂസ് റൂമുകളുടെയും ഘടന. എന്നാല്‍ കീവേര്‍ഡ് റിസര്‍്ച്ച് (keyword research) ഉള്‍പ്പെടുത്തുന്നതിലൂടെ വായനക്കാര്‍ക്ക് നല്‍കാവുന്ന അല്ലെങ്കില്‍ അവര്‍ക്കു മുന്‍പില്‍ അവതരിപ്പിക്കാവുന്ന ഏറ്റവും മൂല്യവത്തായ വിഷയങ്ങള്‍ എന്തൊക്കെയാണെന്നു കണ്ടെത്താന്‍ മാധ്യമപ്രവര്‍ത്തകനെ സഹായിക്കും. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഒരു പ്രത്യേക വിഷയത്തിന്മേല്‍ പ്രവര്‍ത്തിക്കുകയും ചെയ്യാന്‍ സാധിക്കും. ഗൂഗിള്‍ പോലുള്ള സെര്‍ച്ച് എന്‍ജിനുകളില്‍ ഏറ്റവും കൂടുതല്‍ വാക്കുകള്‍, വിഷയങ്ങള്‍ തിരയുന്നത് അറിയാന്‍ കീ വേര്‍ഡ് റിസര്‍ച്ചിലൂടെ സാധിക്കും.

മള്‍ട്ടിമീഡിയ കഥപറച്ചില്‍ (Multimedia storytelling)

ദൃശ്യങ്ങളോടൊപ്പം ശബ്ദവും ഉപയോഗിച്ച് കഥ പറയുന്ന രീതിയാണ് ഇന്ന് ഏവരേയും ആകര്‍ഷിക്കുന്നത്. അതു കൊണ്ട് വായനക്കാരെ അല്ലെങ്കില്‍ പ്രേക്ഷകരെ നമ്മളുടെ കണ്ടന്റിന്റെ ഹൃദയത്തിലേക്കു കൊണ്ടുവരാന്‍ കൂടുതല്‍ സര്‍ഗാത്മകമാകേണ്ടതുണ്ട്. ഉപഭോക്താവിനെ കേന്ദ്രീകരിച്ചായിരിക്കണം (യൂസര്‍ ഫോക്കസ്ഡ്) കണ്ടന്റ് രൂപകല്‍പന ചെയ്യേണ്ടത്. യു ട്യൂബ് പോലുള്ള ഗൂഗിളിന്റെ സേവനങ്ങള്‍ ഇതിനായി ഉപയോഗപ്പെടുത്താന്‍ ഇന്നു സൗകര്യമുണ്ട്. ഇന്ന് മാധ്യമ ലോകത്തെ വമ്പന്മാരായ ന്യൂയോര്‍ക്ക് ടൈംസ്, വാഷിംഗ്ടണ്‍ പോസ്റ്റ്, റോയിട്ടേഴ്‌സ് തുടങ്ങിയവര്‍ അവരുടെ പ്രസിദ്ധീകരണങ്ങളില്‍ ഇത്തരം ഇന്നൊവേഷന്‍ അഥവാ നവീനത അവതരിപ്പിക്കുന്നുണ്ട്.

അളവല്ല, ഗുണമേന്മയാണ് ആവശ്യം

ചുരുങ്ങിയ സമയത്തിനുള്ളില്‍ കഴിയുന്നത്ര ഉള്ളടക്കം പ്രസിദ്ധീകരിക്കാന്‍ നിര്‍ബന്ധിതരാവുന്നവരാണു ഭൂരിഭാഗം മാധ്യമപ്രവര്‍ത്തകരും. കാരണം വിപണിയില്‍ മത്സരം അതിജീവിക്കാന്‍ കൂടുതല്‍ ഉള്ളടക്കം ആവശ്യമാണ്. എന്നാല്‍ ഈയൊരു പ്രവണത പലപ്പോഴും ഗുണനിലവാരമില്ലാത്ത ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ഇടയാക്കുന്നു. പക്ഷേ, ഓരോ ഡിജിറ്റല്‍ മാര്‍ക്കറ്റ് പ്രഫഷണലിനും അറിയുന്ന ഒരു കാര്യമുണ്ട്. വളരെ കുറച്ചു മാത്രം, എന്നാല്‍ ഗുണമേന്മയുള്ള കാര്യങ്ങള്‍ പ്രസിദ്ധീകരിക്കുകയും ഒരു പ്രത്യേക ഓഡിയന്‍സിനെ ടാര്‍ജെറ്റ് ചെയ്യുകയും ചെയ്യുന്നതിലൂടെ വിജയം കൈവരിക്കാനാകുമെന്നതാണ് ആ കാര്യം. ഉദാഹരണമായി, ഒരു ലേഖനം കായികമോ, വിനോദപരമായതോ, രാഷ്ട്രീയമോ പോലുള്ള ഒരു പ്രത്യേക വിഭാഗത്തില്‍ മാത്രം തയാറാക്കി സ്ഥിരമായി പ്രസിദ്ധീകരിക്കുകയാണെങ്കില്‍ വിജയ സാധ്യത കൂടുതലാണെന്നതാണു യാഥാര്‍ഥ്യം.

Comments

comments

Categories: FK News