തൊഴിലാളി ക്ഷാമം; വിസ നിയമത്തില്‍ ഭേദഗതിയുമായി ജപ്പാന്‍

തൊഴിലാളി ക്ഷാമം; വിസ നിയമത്തില്‍ ഭേദഗതിയുമായി ജപ്പാന്‍

2019 മുതല്‍ അഞ്ച് വര്‍ഷ കാലപരിധിയുള്ള രണ്ടര ലക്ഷത്തിലധികം വിസകള്‍ അനുവദിക്കും

ടോക്ക്യോ: ആഗോള സാങ്കേതിക- സാമ്പത്തിക രംഗത്ത് അതിവേഗ വളര്‍ച്ച കൈവരിച്ചുകൊണ്ടിരിക്കുന്ന ജപ്പാന്‍ വിദേശ തൊഴിലാളികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതിന് ജപ്പാന്‍ ഒരുങ്ങുന്നു. കനത്ത തൊഴിലാളി ദൗര്‍ലഭ്യം അഭിമുഖീകരിക്കുന്നതിനാല്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിക്കൊണ്ട് കഴിഞ്ഞ ദിവസം ഉത്തരവിറക്കി. ജനസംഖ്യയില്‍ തൊഴില്‍ ക്ഷമതയിലുള്ള പ്രായപരിധിയുടെ പ്രാതിനിധ്യം കുറയുന്നതാണ് ഇത്തരമൊരു നടപടിയിലേക്ക് നയിക്കുന്നത്.

പുതുവര്‍ഷം മുതല്‍ വൈദഗ്ധ്യം ആവശ്യമില്ലാത്ത അതിഥി തൊഴിലാളികള്‍ക്ക് അഞ്ച് വര്‍ഷ കാലപരിധിയുള്ള രണ്ടര ലക്ഷത്തിലധികം വിസകള്‍ അനുവദിക്കും. ചരിത്രത്തില്‍ ആദ്യമായാണ് അവിദഗ്ധ തൊഴിലാളികള്‍ക്ക് ജപ്പാന്‍ താല്‍ക്കാലിക വിസ അനുവദിക്കുന്നത്. പാര്‍ലമെന്റിന്റെ ഉപരിസഭ ശനിയാഴ്ച ഇതിന് അവസരമൊരുക്കുന്ന ബില്ലിന് അംഗീകാരം നല്‍കി.
ഒരിക്കല്‍ കുടിയേറ്റക്കാര്‍ക്കെതിരെ കര്‍ശന നിയന്ത്രണങ്ങളും പരിധിയും ഏര്‍പ്പെടുത്തിയ രാജ്യമാണ് ജപ്പാന്‍.

പാശ്ചാത്യ രാജ്യങ്ങള്‍ കുടിയേറ്റ വിരുദ്ധ നയങ്ങളിലേക്ക് കൂടുതലായി നീങ്ങുമ്പോളാണ് ജപ്പാന്‍ മാറി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ജപ്പാനിലെ ഈ മാറ്റം സാമ്പത്തികമായും ജനസംഖ്യാപരമായുമുള്ള വലിയ സമ്മര്‍ദത്തിന്റെ ഫലമാണ്. തൊഴില്‍ ശക്തി സജ്ജമാക്കുന്നതിന് മറ്റൊരു വഴിയും തെരഞ്ഞെടുക്കാനില്ലെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ രാജ്യം പൂര്‍ണമായും ഇക്കാര്യത്തില്‍ ഏകസ്വരത്തിലല്ല പ്രതികരിച്ചിരിക്കുന്നത്. രാജ്യത്തിന്റെ ഏകീകൃത സ്വഭാവം അനധികൃത കുടിയേറ്റങ്ങളിലൂടെ തകര്‍ക്കപ്പെടുമെന്നാണ് പലരുടെയും വാദം. എന്നിരുന്നാലും വിദേശ ജീവനക്കാരെ ആശ്രയിച്ചില്ലെങ്കില്‍ പല വ്യവസായങ്ങളും നിലനില്‍ക്കില്ലെന്ന വസ്തുത പൊതുവില്‍ അംഗീകരിക്കപ്പെടുന്നുണ്ട്.

പരിപാലനം, നിര്‍മാണം, കൃഷി, കപ്പല്‍ നിര്‍മാണം തുടങ്ങി 14 ഓളം മേഖലകളിലാണ് തൊഴിലാളി ക്ഷാമം രൂക്ഷമായിരിക്കുന്നത്. പുതിയ പദ്ധതി പ്രകാരം അഞ്ച് വര്‍ഷ കാലയളവിലേക്ക് 2,60,000 മുതല്‍ 3,45,000 വരെ ജീവനക്കാര്‍ക്കാണ് ജപ്പാന്‍ വിസ അനുവദിക്കാന്‍ പോകുന്നത്. തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിന് വനിതകളെ കൂടുതലായി തൊഴില്‍ രംഗത്തെത്തിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

കുടിയേറ്റത്തെ പ്രോല്‍സാഹിപ്പിച്ചില്ലെങ്കില്‍ അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ജപ്പാന്റെ ജനസംഖ്യയില്‍ 13 ശതമാനത്തോളം ഇടിവുണ്ടാകുമെന്നും 65 ശതമാനത്തിനു മുകളില്‍ പ്രായമുള്ളവരുടെ ജനസംഖ്യയിലെ പ്രാതിനിധ്യം നിലവിലുള്ളതിന്റെ മൂന്ന് മടങ്ങ് വര്‍ധിക്കുമെന്നും സാമൂഹ്യശാസ്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

Comments

comments

Categories: FK News
Tags: Japan