വിജയ് മല്യയെ ഇന്ത്യക്ക് വിട്ടുനല്‍കുന്നതില്‍ ഇന്ന് കോടതി വിധി

വിജയ് മല്യയെ ഇന്ത്യക്ക് വിട്ടുനല്‍കുന്നതില്‍ ഇന്ന് കോടതി വിധി

പണം മുഴുവന്‍ തിരിച്ചടയ്ക്കാന്‍ തയാറാണെന്ന് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ മല്യ പറഞ്ഞിരുന്നു

ന്യൂഡെല്‍ഹി: വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയെ ഇന്ത്യയ്ക്ക് വിട്ടുനല്‍കണമെന്ന അപേക്ഷയില്‍ ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ എക്‌സ്ട്രാഡിഷന്‍ വാറണ്ടിന്റെ (കുറ്റവാളികളെ മറ്റൊരു രാജ്യം വിട്ടുനല്‍കുന്നതിന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലുള്ള വാറണ്ട്) അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട വിജയ്മല്യ ഇപ്പോള്‍ കേസില്‍ വിചാരണ നേരിടുകയാണ്. അറസ്റ്റിനു പിന്നാലെ തന്നെ അദ്ദേഹത്തിനു ജാമ്യം ലഭിച്ചിരുന്നു.

ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് 9400 കോടി രൂപ വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട മല്യ വായ്പയെടുത്ത പണം മുഴുവന്‍ തിരിച്ചടയ്ക്കാന്‍ തയാറാണെന്ന് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. തനിക്കെതിരെയുള്ള കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് മല്യയുടെ നിലപാട്. ഇപ്പോള്‍ പ്രവര്‍ത്തന രഹിതമായ കിംഗ്ഫിഷര്‍ വിമാനക്കമ്പനിയെ നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് തട്ടിപ്പെന്ന് ആരോപിക്കപ്പെടുന്ന വായ്പകള്‍ എടുത്തിട്ടുള്ളതെന്ന് അദ്ദേഹം പറയുന്നു. ‘താന്‍ വ്യക്തിപരമായf ഒരു രൂപ പോലും ബാങ്കുകളില്‍ നിന്നും വായ്പയെടുത്തിട്ടില്ല. കിംഗ്ഫിഷര്‍ എയര്‍ലൈന്‍സാണ് വായ്പടെയുത്തത്. ബിസിനസിലുണ്ടായ കൃത്രിമമല്ലാത്ത പരാജയത്തിന്റെ ഫലമായി പണം നഷ്ടപ്പെട്ടു. ജാമ്യം നിന്നതിന്റെ പേരില്‍ തട്ടിപ്പ് നടത്തി എന്നു പറയുന്നത് ശരിയല്ല,” കഴിഞ്ഞയാഴ്ച അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യയ്ക്ക് മല്യയെ വിട്ടുനല്‍കുന്നതുമായി സംബന്ധിച്ച കേസില്‍ ജഡ്ജി എമ്മ അര്‍ബത്‌നോട്ട് ഉത്തരവ് നല്‍കുന്നതിന് ഏതാനും ദിവസം മുന്‍പാണ് ഈ ട്വീറ്റ് വന്നതെന്നത് ശ്രദ്ദേയമാണ്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ നാലിന് മജിസ്‌ട്രേറ്റ് കോടതിയില്‍ ആരംഭിച്ച വിചാരണയില്‍ വാദം കേള്‍ക്കല്‍ നിരവധി തവണ നടന്നു. മാര്‍ക്ക് സമ്മേഴ്‌സിന്റെ നേതൃത്വത്തില്‍ ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ്(സിപിഎസ്) സംഘമാണ് മല്യക്കെതിരേ വാദിക്കുന്നത്. മല്യ സത്യസന്ധത കാണിച്ചിട്ടില്ലെന്നും ഇന്ത്യക്ക് വിട്ടുനല്‍കുന്നതില്‍ മനുഷ്യാവകാശ പ്രശ്‌നങ്ങളൊന്നുമില്ലെന്നും സമ്മേഴ്‌സ് വാദിക്കും. അതേസമയം, ബാങ്ക് വായ്പകള്‍ ബിസിനസില്‍ ഉണ്ടായ പരാജയം മൂലമാണ് തിരിച്ചടയ്ക്കാന്‍ സാധിക്കാതിരുന്നതെന്ന് ക്ലെയര്‍ മോണ്ടഗോമറിയുടെ നേതൃത്വത്തില്‍ മല്യക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നു.

വായ്പാ തുകയുടെ 80 ശതമാനം തിരിച്ചടച്ച് കേസ് അവസാനിപ്പിക്കാനുള്ള ഓഫര്‍ 2016 ന്റെ ആരംഭത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ)യുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നിരസിച്ചിരുന്നു. വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് നടപടികള്‍ സ്വീകരിക്കാന്‍ ആരംഭിച്ചതിനെ തുടര്‍ന്ന് 2016 മാര്‍ച്ചിലാണ് വിജയ് മല്യ ലണ്ടനിലേക്ക് കടന്നത്. 2017 ഫെബ്രുവരിയിലാണ് അദ്ദേഹത്തെ വിട്ടുകിട്ടണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചത്.

Comments

comments

Categories: FK News
Tags: Viajy mallya