ടെലികോം മന്ത്രാലയം സമര്‍പ്പിച്ച പരിഷ്‌കരിച്ച കരട് നിയമ മന്ത്രാലയത്തിന്റെ പരിഗണനയില്‍

ടെലികോം മന്ത്രാലയം സമര്‍പ്പിച്ച പരിഷ്‌കരിച്ച കരട് നിയമ മന്ത്രാലയത്തിന്റെ പരിഗണനയില്‍

ന്യൂഡെല്‍ഹി: വിമാനയാത്രയിലെ മൊബീല്‍ ഫോണ്‍ ഉപയോഗത്തിനുള്ള വിലക്ക് ഒഴിവാക്കി കണക്റ്റിവിറ്റി സൗകര്യം സജ്ജമാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഈ മാസം തന്നെ കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് പുറത്തിറക്കിയേക്കും. ടെലികോം മന്ത്രാലയം ഇതിനോടകം തന്നെ മാനദണ്ഡങ്ങളുടെ പരിഷ്‌കരിച്ച കരട് നിയമ മന്ത്രാലയത്തിലേക്ക് അയച്ചിട്ടുണ്ട്. ഇത് അംഗീകരിക്കപ്പെട്ട കഴിഞ്ഞാല്‍ ഉടന്‍ ഉത്തരവിറങ്ങും.

നേരത്തേ ടെലികോം മന്ത്രാലയം സമര്‍പ്പിച്ച കരടില്‍ ചില ചെറിയ മാറ്റങ്ങള്‍ നിയമ മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. വിജ്ഞാപനത്തിന്റെ ഭാഷയിലും ചില മാറ്റങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. നിയമ മന്ത്രാലയം ചൂണ്ടിക്കാട്ടിയ മാറ്റങ്ങള്‍ നടപ്പിലാക്കി ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കരട് നിയമം നിയമ മന്ത്രാലയത്തിലേക്ക് തിരിച്ചയച്ചിട്ടുണ്ടെന്ന് ടെലികോം മന്ത്രാലയം വ്യക്തമാക്കി.

ഇന്‍ ഫ്‌ളൈറ്റ് കണക്റ്റിവിറ്റി സേവന ദാതാക്കള്‍ക്കോ എയര്‍ലൈനുകള്‍ക്കോനിര്‍ബന്ധമായും ഇന്ത്യയില്‍ ഒരു സെര്‍വറോ ഗേറ്റ്‌വേയോ ഉണ്ടായിരിക്കണമെന്ന് കരട് നിയമം അനുശാസിക്കുന്നുണ്ട്. ഈ നിബന്ധന ഒഴിവാക്കാന്‍ പല അന്താരാഷ്ട്ര എയര്‍ലൈനുകളും രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്ര ടെലികോം മന്ത്രാലയത്തിന് ഇക്കാര്യത്തില്‍ നിര്‍ബന്ധ ബുദ്ധിയില്ലെങ്കില്‍ കൂടി സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി ആഭ്യന്തര മന്ത്രാലയവും നിയമ നിര്‍വഹണ ഏജന്‍സികളും സെര്‍വര്‍ സ്ഥാപിക്കുന്നതിലെ നിബന്ധന പിന്‍വലിക്കുന്നതില്‍ എതിര്‍പ്പുയര്‍ത്താനാണ് സാധ്യത.  ഇന്ത്യന്‍ ഉപഗ്രഹങ്ങള്‍ക്കോ അല്ലെങ്കില്‍ ബഹിരാകാശ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ഉപഗ്രഹങ്ങള്‍ക്കോ മാത്രമാണ് ഇന്‍ ഫ്‌ളൈറ്റ് കണക്റ്റിവിറ്റി സേവനങ്ങള്‍ നല്‍കാനാകുക എന്ന് കരട് രേഖയില്‍ പറയുന്നു.

വിദേശ ഉപഗ്രഹങ്ങളെയും സെര്‍വറുകളെയും ഫ്‌ളൈറ്റുകളില്‍ കണക്റ്റിവിറ്റി സേവനം നല്‍കുന്നതിന് അനുവദിക്കണമെന്നാണ് ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഇത് ടെലികോം മന്ത്രാലയം അംഗീകരിച്ചില്ല.

ഇന്‍ ഫ്‌ളൈറ്റ് മൊബീല്‍ സേവന ദാതാക്കളായ സിറ്റഓണ്‍എയര്‍ ഉള്‍പ്പെടെയുള്ള ഏതാനും കമ്പനികള്‍ ഇന്ത്യയില്‍ സേവനങ്ങള്‍ നല്‍കുന്നതില്‍ താല്‍പ്പര്യമുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വിമാനത്തിനകത്തുള്ള കണക്റ്റിവിറ്റി സേവന ദാതാക്കള്‍ക്ക് പ്രത്യേക വിഭാഗത്തിലുള്ള ലൈസന്‍സായിരിക്കും ടെലികോം മന്ത്രാലയം നല്‍കുക.

Comments

comments

Categories: FK News