മൗനത്തെ മുറിവേല്‍പ്പിക്കുന്ന വാക്കുകള്‍

മൗനത്തെ മുറിവേല്‍പ്പിക്കുന്ന വാക്കുകള്‍

രാഷ്ട്രീയത്തെക്കുറിച്ച്, മതത്തെക്കുറിച്ച്, ദൈവത്തെക്കുറിച്ച് വാദപ്രതിവാദങ്ങള്‍ അനവരതം തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. ഓരോരുത്തരും അവരവരുടെ ഭാഗങ്ങള്‍ ന്യായീകരിക്കുന്നു. ന്യായീകരണങ്ങളും ചര്‍ച്ചകളും സംവാദങ്ങളും സത്യത്തിന്റെ ഭാഗത്താവണമെന്നില്ല. മറിച്ച് താന്‍ പ്രതിനിധാനം ചെയ്യുന്ന വിഭാഗത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ചാണ് അതിന്റെ സഞ്ചാരം

നമുക്ക് ചുറ്റും ശബ്ദങ്ങളാണ്. നിലക്കാത്ത, നിരന്തരം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സംഭാഷണങ്ങള്‍. നമ്മുടെ ചിന്തകള്‍ക്കും ബുദ്ധിക്കും മേല്‍ അധീശത്വം സ്ഥാപിച്ചുകൊണ്ട് അവ മുന്നേറുന്നു. മൗലികമായ ചിന്തകള്‍ ഇല്ലാതെയാകുന്നു. ചുറ്റും നടക്കുന്ന സംഭാഷണങ്ങള്‍ കൊണ്ട് സ്വാംശീകരിച്ച ചിന്തകള്‍ ആരുടേതെന്ന് പോലും തിരിച്ചറിയാതെ നമ്മുടെ തലച്ചോറുകളിലൂടെ പായുന്നു. നാം പറയുന്ന അഭിപ്രായങ്ങള്‍ പോലും നമ്മളുടേതല്ല. പൊതുബോധവും നിറഞ്ഞുകവിയുന്ന വര്‍ത്തമാനവും അവയെ കീഴടക്കിയിരിക്കുന്നു.

രമണ മഹര്‍ഷി പറയുന്നു ‘ചിലര്‍ ഒരിക്കലും അവസാനിക്കാത്ത വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെട്ട് സമയം പാഴാക്കുന്നത് കാണാറില്ലേ? വലിയ വലിയ തത്വങ്ങള്‍ വിശദീകരിച്ചും വ്യാഖ്യാനിച്ചും വൃഥാ യത്‌നം നടത്തുന്നവരെ കണ്ടിട്ടില്ലേ? എന്തിനാണിതൊക്കെ? ഇതുകൊണ്ടൊക്കെ ആര്‍ക്ക് എന്ത് പ്രയോജനം? പൂര്‍ണ്ണവും ശാന്തവുമായ മൗനത്തില്‍ അതിനെക്കണ്ട് സായൂജ്യമടയാന്‍ ശ്രമിക്കുകയല്ലേ വേണ്ടത്? എല്ലാ വാദപ്രതിവാദങ്ങളും ഒടുവില്‍ അവസാനിക്കുന്നത് നിശബ്ദതയിലാണ്. വായടച്ചാല്‍ തീര്‍ന്നു വാദം. വാദവും എതിര്‍ വാദവുമൊക്കെ അല്‍പ്പായുസുകളാണ്. വാക്കുകൊണ്ടു മൗനത്തെ മുറിവേല്‍പ്പിക്കാനേ കഴിയൂ. പക്ഷേ, മൗനം കൊണ്ട് വാക്കിനെ ഇല്ലാതാക്കാം.”

രാഷ്ട്രീയത്തെക്കുറിച്ച്, മതത്തെക്കുറിച്ച്, ദൈവത്തെക്കുറിച്ച് വാദപ്രതിവാദങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. സംഭവങ്ങള്‍ നിലയ്ക്കുന്നില്ല. അവയ്ക്ക് മേലുള്ള ചര്‍ച്ചകളും. അത് അനവരതം തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. ഓരോരുത്തരും അവരവരുടെ ഭാഗങ്ങള്‍ ന്യായീകരിക്കുന്നു. ന്യായീകരണങ്ങളും ചര്‍ച്ചകളും സംവാദങ്ങളും സത്യത്തിന്റെ ഭാഗത്താവണമെന്നില്ല. മറിച്ച് താന്‍ പ്രതിനിധാനം ചെയ്യുന്ന വിഭാഗത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ചാണ് അതിന്റെ സഞ്ചാരം.

കേള്‍ക്കുന്നവര്‍ക്കോ ന്യായാന്യായങ്ങള്‍ പിടികിട്ടുന്നുമില്ല. ആര് ശരി, ആര് തെറ്റ് എന്നത് ഒരു പ്രഹേളികയാണ്. കേള്‍വിക്കാരന്റെ മനോഗതമനുസരിച്ച് അത് തീരുമാനിക്കാം. കേള്‍വിക്കാരന്റെ സ്വകാര്യ ഇഷ്ടങ്ങളും ഇവിടെ പ്രസക്തമാണ്. കേള്‍വിക്കാരനും തന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ച്, താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് കേള്‍ക്കുകയും ബാക്കി സംഭാഷണങ്ങളെ തിരസ്‌ക്കരിക്കുകയും ചെയ്യുന്നു. ആരോപണങ്ങളും പ്രത്യാരോപണങ്ങളും സ്വകാര്യ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചാണ്. അവിടെ ന്യായത്തിനും സത്യത്തിനും പ്രസക്തിയില്ല.

തന്റെ എതിരാളി സ്ത്രീപീഡനം നടത്തുമ്പോള്‍ സ്ത്രീ സുരക്ഷയെക്കുറിച്ച് വിലപിക്കുകയും അവള്‍ക്ക് നീതി ലഭിക്കുവാന്‍ ശക്തിയുക്തം അധരചര്‍വ്വണം നടത്തുകയും ചെയ്യുകയും തന്റെ സഹയാത്രികന്‍ സ്ത്രീപീഡനം നടത്തുമ്പോള്‍ യാതൊരു ചമ്മലുമില്ലാതെ അതിനെ ശക്തിയുക്തം ന്യായീകരിക്കുകയും ചെയ്യുന്നതും സമൂഹത്തിന്റെി നന്മയെക്കരുതിയല്ല. മറിച്ച് തന്റെ താല്‍പ്പര്യങ്ങളെ സംരക്ഷിക്കുവാന്‍ മാത്രമാണ്. ഇത് വെറും ശബ്ദങ്ങള്‍ മാത്രമാണ്. ഇതുകൊണ്ട് നാടിനും നാട്ടുകാര്‍ക്കും പ്രയോജനങ്ങളില്ല. പ്രയോജനം അവര്‍ക്ക് മാത്രമാണ്. ഈ ശാബ്ദങ്ങള്‍ കൊണ്ട് ജീവിക്കുന്നവര്‍ക്ക് മാത്രം.

കോണിയിലൂടെ ഉയരത്തിലേക്ക് കയറിപ്പോകുന്നവര്‍ സൃഷ്ടിക്കുന്ന ബഹളങ്ങളാണ് ഇവയൊക്കെ. ഉയരത്തിലേക്ക് കയറണമെങ്കില്‍ ഈ ബഹളങ്ങളുടെ തള്ളല്‍ ആവശ്യമാണ്. നിരന്തരം സൃഷ്ടിക്കുന്ന ശബ്ദങ്ങളാണ് നിലനില്‍പ്പ്് ഉറപ്പുവരുത്തുന്നത്. ആരുടെ ശബ്ദം കൂടുതല്‍ ഉയര്‍ന്നു കേള്‍ക്കുന്നുവോ അവന്‍ നേതാവാകുന്നു. അവന്‍ ഉറച്ചുനില്‍ക്കുന്ന പ്രസ്ഥാനത്തിന്റെയോ വിശ്വാസത്തിന്റെയോ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടണം. അങ്ങനെ സംരക്ഷിക്കുവാന്‍ കഴിവുള്ളവരെ മാത്രം പ്രസ്ഥാനങ്ങള്‍ കൂടെ നിര്‍ത്തുന്നു. സത്യവും ന്യായവുമൊക്കെ അവിടെ പടിക്ക് പുറത്ത്.

ശബ്ദങ്ങളിലൂടെ നിലനില്‍ക്കപ്പെടുന്ന പ്രസ്ഥാനങ്ങള്‍. ഓരോ എസ്റ്റാബ്ലിഷ്‌മെന്റും ശബ്ദങ്ങള്‍ക്ക് മേലാണ് കെട്ടിപ്പൊക്കുന്നത്. അവിടെ മൗനം നിഷിദ്ധവും കുറ്റകരവുമാണ്. നിശബ്ദത എസ്റ്റാബ്ലിഷ്‌മെന്റുകളെ തകര്‍ക്കും. നിലനില്‍പ്പ് തന്നെ ശബ്ദത്തിലാണ്. അത് ഉണ്ടാക്കിയെടുക്കുന്ന വൈകാരികതയാണ് അവയുടെ ജീവരക്തം. വികാരങ്ങള്‍ ചിന്തകളിലെ മാറ്റങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്നു. ചിന്താഗതികളെ സ്വാധീനിക്കുന്ന സ്വരങ്ങള്‍ താല്‍പ്പര്യങ്ങളെ അടിച്ചേല്‍പ്പിക്കുകയാണ്. സാധാരണക്കാരന്റെ ചിന്തകള്‍ക്ക് മേല്‍ അധീശത്വം പുലര്‍ത്തുന്ന ചിന്തകള്‍ നിരന്തരം ഉടലെടുക്കണം. നിശബ്ദത വികാരങ്ങളെ സൃഷ്ടിക്കുന്നില്ല.

ഇവിടെ അനുഭൂതികളില്ല. ശബ്ദങ്ങള്‍ മാത്രം. വാദപ്രതിവാദങ്ങള്‍ അവസാനിക്കുന്നില്ല. സംഭവങ്ങള്‍ ഒന്നിന് പിന്നാലെ മറ്റൊന്നായി ഉടലെടുക്കുന്നു. അവക്ക് മേല്‍ സംവാദങ്ങള്‍ ഉയരുന്നു. മൗനം പുലര്‍ത്തുന്നവര്‍ തിരശീലക്ക് പിന്നിലേക്ക് തള്ളപ്പെടുന്നു. ആര്‍ക്കും മനസിലാവാത്ത, പ്രയോജനമില്ലാത്ത, അല്‍പ്പായുസുക്കളായ ഈ ശബ്ദഘോഷങ്ങള്‍ ഒരു പ്രയോജനവുമില്ലാതെ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. അവസാനമില്ലാത്ത ഈ നാടകത്തില്‍ സമൂഹം കുടുങ്ങിക്കിടക്കുകയാണ്.

Comments

comments

Categories: FK Special, Slider