പ്ലാറ്റൂണിനെ ഏറ്റെടുത്തത് ആപ്പിള്‍ മ്യൂസിക്കിനു ഗുണകരമാകുമെന്നു വിലയിരുത്തല്‍

പ്ലാറ്റൂണിനെ ഏറ്റെടുത്തത് ആപ്പിള്‍ മ്യൂസിക്കിനു ഗുണകരമാകുമെന്നു വിലയിരുത്തല്‍

കാലിഫോര്‍ണിയ: പ്ലാറ്റൂണ്‍ എന്ന ആര്‍ട്ടിസ്റ്റ് ഡവലപ്‌മെന്റ് സ്റ്റാര്‍ട്ട് അപ്പിനെ ഏറ്റെടുത്തു കൊണ്ടുള്ള ആപ്പിളിന്റെ പുതിയ നീക്കം നെറ്റ്ഫഌക്‌സിനു സമാനമായ രീതിയിലേക്കു ബിസിനസ് വ്യാപിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് റിപ്പോര്‍ട്ട്. കലാകാരന്മാരെ കണ്ടെത്തുകയും, ആവശ്യമുള്ള വിഭവങ്ങള്‍ നല്‍കി അവരുടെ കഴിവുകളെ വികസിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്ന ലണ്ടന്‍ ആസ്ഥാനമായ സ്റ്റാര്‍ട്ട് അപ്പാണ് പ്ലാറ്റൂണ്‍. കലാകാരന്മാര്‍ക്ക് അവരുടെ കണ്ടന്റുകള്‍ നിര്‍മിക്കാനുള്ള ഫണ്ട് ലഭ്യമാക്കല്‍, അവ വിതരണം, മാര്‍ക്കറ്റ് എന്നിവ ചെയ്യാനും സഹായിക്കുക എന്നിവയാണ് പ്ലാറ്റൂണ്‍ ചെയ്തു വരുന്നത്. ഇന്റര്‍നെറ്റ് വഴി ആശയവിനിമയം നടത്താന്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറായ സ്‌കൈപ്പിന്റെ മുന്‍ എക്‌സിക്യൂട്ടീവ് സൗള്‍ ക്ലെയ്‌നും, ഡെന്‍സില്‍ ഫീഗെല്‍സനുമാണു 2016-ല്‍ പ്ലാറ്റൂണ്‍ സ്ഥാപിച്ചത്. എത്ര തുക ചെലവഴിച്ചാണ് ആപ്പിള്‍, പ്ലാറ്റൂണിനെ ഏറ്റെടുത്തതെന്നു വെളിപ്പെടുത്തിയിട്ടില്ല. അതേസമയം ഇടപാട് ആപ്പിളിനു വന്‍ നേട്ടമാകുമെന്നാണു വിലയിരുത്തപ്പെടുന്നത്. പ്ലാറ്റ്‌ഫോമില്ലാത്ത അല്ലെങ്കില്‍ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ സാഹചര്യമോ അവസരമോ ഇല്ലാത്ത ആര്‍ട്ടിസ്റ്റുകള്‍ക്ക് വലിയ പ്രേക്ഷകരുമായി സംഗീതം പങ്കുവയ്ക്കാന്‍ സൗകര്യം ചെയ്തു കൊടുക്കുന്നുണ്ട് പ്ലാറ്റൂണ്‍. ഈയൊരു ഘടകമാണ് ആപ്പിള്‍ മ്യൂസിക്കിനു ഗുണകരമാകുമെന്ന് ആപ്പിള്‍ കരുതുന്നത്. ബില്ലി എയ്‌ലിഷ്, സ്റ്റെഫ്‌ലോണ്‍ ഡോണ്‍, യെബ്ബ, Mr. Eazi തുടങ്ങിയ ആര്‍ട്ടിസ്റ്റുകള്‍ പ്ലാറ്റൂണുമായി സഹകരിക്കുന്നവരാണ്.\

ഒറിജിനല്‍ വീഡിയോ കണ്ടന്റിലൂടെയാണ് നെറ്റ്ഫഌക്‌സ് ബിസിനസ് വളര്‍ച്ച കൈവരിക്കുന്നത്. ഇതേ മാതൃകയില്‍ ആപ്പിള്‍ മ്യൂസിക്കിനെ വികസിപ്പിക്കാനാണ് ആപ്പിള്‍ പദ്ധതിയിടുന്നത്. ആപ്പിള്‍ മ്യൂസിക്കിന്റെ വിപണിയിലെ പ്രധാന എതിരാളിയായ സ്‌പോട്ടിഫൈയെ പിന്തള്ളുകയെന്നതാണ് ആപ്പിളിന്റെ ലക്ഷ്യമെങ്കിലും വരിക്കാരുടെ കാര്യത്തില്‍ സ്‌പോട്ടിഫൈ ത്‌ന്നെയാണ് ഒന്നാമന്‍. ജൂണ്‍ വരെയുള്ള കണക്ക്പ്രകാരം സ്‌പോട്ടിഫൈക്ക് 83 ദശലക്ഷം പെയ്ഡ് വരിക്കാരുണ്ട്. എന്നാല്‍ ആപ്പിള്‍ മ്യൂസിക്കിന് വെറും 40 ദശലക്ഷം മാത്രമാണുള്ളത്. ആപ്പിള്‍ മ്യൂസിക് പോലുള്ള സബ്‌സ്‌ക്രിപ്ഷന്‍ സേവനങ്ങളുടെ വളര്‍ച്ചയെയാണ് ഇപ്പോള്‍ ആപ്പിള്‍ പ്രധാനമായും ആശ്രയിക്കുന്നത്. കാരണം ഐ ഫോണിന്റെ വില്‍പ്പന കമ്പനിക്ക് പ്രതീക്ഷയേകുന്നില്ല. ഈ സാഹചര്യത്തില്‍ പ്ലാറ്റൂണിനെ ഏറ്റെടുത്തത് വന്‍ പ്രാധാന്യത്തോടെയാണു ബിസിനസ് ലോകം നോക്കിക്കാണുന്നത്.

Comments

comments

Categories: Business & Economy
Tags: Platoon