എഫ്പിഐ പിന്‍വലിക്കല്‍ 400 കോടി രൂപയ്ക്കടുത്ത്

എഫ്പിഐ പിന്‍വലിക്കല്‍ 400 കോടി രൂപയ്ക്കടുത്ത്

ഡെറ്റ് വിപണിയില്‍ 2,744 കോടി രൂപ നിക്ഷേപിച്ചു

മുംബൈ: കഴിഞ്ഞ അഞ്ച് വ്യാപാര സെഷനുകള്‍ക്കുള്ളില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ പിന്‍വലിച്ചത് ഏകദേശം 400 കോടി രൂപ. ചൈനയിലെ ടെലികോം ഭീമനായ ഹ്വാവേയുടെ സിഎഫ്ഒ മെങ് വാന്‍ഷുവിന്റെ അറസ്റ്റും തുടര്‍ന്ന് ആഗോള ഓഹരികളുണ്ടായ മാന്ദ്യവുമാണ് ഈ പ്രവണതയ്ക്കു പിന്നിലെ പ്രധാന കാരണം. ക്രൂഡ് ഓയില്‍ വില കുറഞ്ഞതിന്റെയും ഡോളറിനെതിരെ രൂപ ശക്തിയാര്‍ജിച്ചതിന്റെയും ഫലമായി മൂലധന വിപണിയില്‍ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍നവംബറില്‍ 6,900 കോടി രൂപയുടെ അറ്റ നിക്ഷേപം നടത്തിയിരുന്നു.

ഡിസംബര്‍ 3 മുതല്‍ 7 വരെയുള്ള ദിവസങ്ങളില്‍ 383 കോടി രൂപയുടെ അറ്റ പിന്‍വലിക്കലാണ് ഇക്വിറ്റികളില്‍ എഫ്പിഐകള്‍ നടത്തിയതെന്ന് ഡെപ്പോസിറ്ററീസ് ഡാറ്റ വ്യക്തമാക്കുന്നു. ഇക്കാലയളവില്‍ ഡെറ്റ് വിപണിയില്‍ 2,744 കോടി രൂപ നിക്ഷേപിച്ചു.

ഡിസംബര്‍ 6 ന്, വ്യാഴാഴ്ചയായിരുന്നു ഏറ്റവും കൂടുതല്‍ വിറ്റഴിക്കല്‍ നടന്നത്. ഒരു ദിവസം കൊണ്ട് മാത്രം 361 കോടി രൂപ മൂല്യമുള്ള അറ്റ ആസ്തികളാണ് എഫ്പിഐകള്‍ വിറ്റഴിച്ചത്. മെങ് വാന്‍ഷുവിന്റെ അറസ്റ്റിനെ തുടര്‍ന്ന് ആഗോള ഓഹരി വിപണികളിലുണ്ടായ മാന്ദ്യമാണ് ഇതിനു കാരണമായതെന്ന് മോണിംഗ്‌സ്റ്റാര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ ഇന്ത്യ സീനിയര്‍ അനലിസ്റ്റ് മാനേജര്‍ റിസര്‍ച്ച് ഹിമാന്‍ഷു ശ്രീവാസ്തവ പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളായ ചൈന, യുഎസ് എന്നിവ തമ്മിലുള്ള ബന്ധം മെങ് വാന്‍ഷുവിന്റെ അറസ്റ്റോടെ വഷളാകാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ ഫലമായി ഇന്ത്യയെ പോലുള്ള വളര്‍ന്നുവരുന്ന വിപണികളില്‍ നിക്ഷേപിക്കുന്നതില്‍ എഫ്പിഐ കള്‍ ജാഗ്രത പുലര്‍ത്തുമെന്നും റിസ്‌കുള്ള ആസ്തികളെ ഒഴിവാക്കുമെന്നും ഹിമാന്‍ഷു കൂട്ടിച്ചേര്‍ത്തു.

ഇറാനെതിരെയുള്ള യുഎസിന്റെ ഉപരോധ നടപടികളെ അട്ടിമറിച്ചുവെന്നാണ് ഹ്വാവെയ്‌ക്കെതിരെയുള്ള ആരോപണം. ഇതിന്റെ ഫലമായാണ് കാനഡയില്‍ വെച്ച് മെങ് വാന്‍ഷുവിനെ അറസ്റ്റ് ചെയ്തത്. ഹ്വാവെ കമ്പനി ഉടമസ്ഥന്റെ മകളാണ് അറസ്റ്റിലായ മെങ്. മെങിനെ വിട്ടുനല്‍കണമെന്ന് ചൈന ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം അന്താരാഷ്ട്ര നയതന്ത്ര പ്രശ്‌നമായി മാറുകയാണ്.

ഈ വര്‍ഷം ഇതുവരെ 85,600 കോടി രൂപയുടെ അറ്റപിന്‍വലിക്കലാണ്് എഫ്പിഐകള്‍ ഇന്ത്യന്‍ മൂലധന വിപണിയില്‍ നടത്തിയത്. ഇതില്‍ ഇക്വിറ്റികളില്‍ നിന്ന് 35,600 കോടി രൂപയും ഡെറ്റ് വിപണികളില്‍ നിന്ന് 50,000 കോടി രൂപയുമാണ് പിന്‍വലിച്ചിരിക്കുന്നത്.

Comments

comments

Categories: Business & Economy
Tags: FPI