ഭൂമിക്ക് ഒരു ഇ-ചരമഗീതം

ഭൂമിക്ക് ഒരു ഇ-ചരമഗീതം

വിഷമയമായ ഇലക്ട്രിക്കല്‍-ഇലക്ട്രോണിക് മാലിന്യങ്ങളാല്‍ നിറയുകയാണ് നമ്മുടെ പരിസരങ്ങളും ജലതസ്രോതസുകളും മണ്ണുമെല്ലാം. ഇ-വേസ്റ്റ് സംസ്‌കരിക്കാനുള്ള ജനകീയ പ്രസ്ഥാനങ്ങളൊന്നും കാര്യമായി നടപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടില്ല. ഇലക്ട്രോണിക് യുഗത്തില്‍ കംപ്യൂട്ടറുകളടക്കം വിനിയോഗിക്കുന്ന ഊര്‍ജത്തിന്റെ സ്രോതസുകളില്‍ നിന്ന് അന്തരീക്ഷത്തെ മലിനമാക്കാന്‍ വികിരണം ചെയ്യപ്പെടുന്ന കാര്‍ബണും മറ്റും ആഗോള താപനത്തെ വീണ്ടും വര്‍ദ്ധിപ്പിക്കുകയും ഭൂമിയുടെ തന്നെ നിലനില്‍പ്പിനെ അപകടത്തിലാക്കുകയും ചെയ്തിരിക്കുകയാണ്. ഏറ്റവും പുതിയ ഊര്‍ജ ദുരന്തമായി ബിറ്റ്‌കോയിനും രംഗപ്രവേശം ചെയ്തിരിക്കുന്നു

 

‘ഹേഭൂമീ! നിന്നില്‍ നിന്ന് ഞാന്‍ എന്തെടുക്കുന്നുവോ അത് വേഗം മുളച്ചുവരട്ടെ! പാവനയായവളെ! ഞാനൊരിക്കലും, നിന്റെ മര്‍മ്മത്തെ, നിന്റെ ഹൃദയത്തെ പിളര്‍ക്കാതിരിക്കട്ടെ!’
-അഥര്‍വ വേദം

2009 കലണ്ടര്‍ വര്‍ഷത്തില്‍ ഏകദേശം 300 ദശലക്ഷം പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ ആണ് ലോകത്ത് വില്‍ക്കപ്പെട്ടത്. ഈ വര്‍ഷം ആദ്യത്തെ മൂന്ന് പാദങ്ങള്‍ പിന്നിട്ടപ്പോള്‍ 190 ദശലക്ഷം കമ്പ്യൂട്ടറുകള്‍ വിറ്റ് തീര്‍ന്നിരുന്നു. അതായത്, വര്‍ഷാവസാനത്തോടെ അത് 255-260 നിലവാരത്തില്‍ എത്തിനില്‍ക്കും. ഇതിനിടയില്‍ ഏറ്റവും അധികം വില്‍പ്പന നടന്നത് 2011 ല്‍ ആയിരുന്നു; 365 ദശലക്ഷം. 2011 നെ അപേക്ഷിച്ച് ഇപ്പോള്‍ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വിപണി അല്‍പ്പം ശുഷ്‌കിച്ചിട്ടുണ്ട് എന്ന് തോന്നാമെങ്കിലും വസ്തുതാപരമായി അത് പൂര്‍ണ്ണമായും ശരിയല്ല. കാരണം ലാപ്‌ടോപ്പിന്റെ പ്രാമുഖ്യം വര്‍ദ്ധിച്ചതും ആപ്പിളിന്റെ ഐ-പാഡ് തരംഗം വന്നതും ആന്‍ഡ്രോയ്ഡ് മൊബീലുകള്‍ വ്യാപകമായതും ഒരു പരിധി വരെ വീടുകളിലെ കമ്പ്യൂട്ടര്‍ സാന്നിധ്യം അധികരിക്കുന്നതിന്റെ നിരക്ക് അല്‍പ്പം കുറച്ചിട്ടുണ്ട് എന്ന് മാത്രമേയുള്ളൂ. എന്നാല്‍ പേഴ്സണല്‍ കമ്പ്യൂട്ടര്‍ ശരാശരി അഞ്ച് വര്‍ഷങ്ങള്‍ ഉപയോഗിക്കപ്പെടുമ്പോള്‍ ലാപ്‌ടോപ്പുകള്‍ ശരാശരി, പരമാവധി മൂന്ന് വര്‍ഷമാണ് ഉപയോഗിക്കപ്പെടുന്നത്. മൊബീലുകള്‍ ശരാശരി ഒന്നര വര്‍ഷത്തിനുള്ളില്‍ ചവറ്റുകൊട്ടയില്‍ നിക്ഷേപിക്കപ്പെടുന്നു. ടെലിവിഷന്റെ വാര്‍ഷിക ഉല്‍പ്പാദനം 229 ദശലക്ഷമാണ്. ശരാശരി ഉപയോഗത്തില്‍ ആയുസ്സ് 45 വര്‍ഷമാണെങ്കിലും (1,00,000 മണിക്കൂറുകള്‍), സാങ്കേതികവിദ്യയില്‍ വരുന്ന മാറ്റം മൂലം ഏകദേശം ആറ് വര്‍ഷത്തിലൊരിക്കല്‍ നമ്മള്‍ പഴയ ടിവി വലിച്ചെറിഞ്ഞ് പുതിയത് വാങ്ങുന്നുണ്ട്. വികസിതരാജ്യങ്ങളിലും വികസ്വര രാജ്യങ്ങളിലും വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക്-ഇലക്ട്രോണിക് ഉപകരണങ്ങളുടെ അത്രതന്നെ ക്രയശേഷി താരതമ്യേന കുറഞ്ഞ അവികസിത സമ്പദ്വ്യവസ്ഥയുള്ള രാജ്യങ്ങളിലും വില്‍ക്കപ്പെടുന്നുണ്ട്.

വ്യാവസായിക കാര്‍ബണ്‍ വികിരണത്തെക്കാളും ഡിജിറ്റല്‍ കാലഘട്ടം നേരിടുന്ന ഏറ്റവും വലിയ മലിനീകരണ പ്രശ്‌നം, ഉപയോഗശൂന്യമായ കമ്പ്യൂട്ടര്‍ അനുബന്ധ വസ്തുക്കള്‍ സമര്‍ത്ഥമായി സംസ്്കരിക്കാന്‍ ആവാത്തതാണ്. പ്രതിവര്‍ഷം 45 ദശലക്ഷം കിലോഗ്രാം ഇ-വേസ്റ്റ് ആണ് ഭൂമിക്ക് ഭാരമായി മാറുന്നത്; അതായത് ഒരു ചതുരശ്ര കിലോമീറ്റര്‍ ജനവാസ മേഖലയില്‍ പ്രതിവര്‍ഷം 6.1 കിലോഗ്രാം. ഇത് 2016 ലെ കണക്കാണ്. 2014 ലെ ശരാശരി 5.8 കിലോഗ്രാമില്‍ നിന്നാണ് ഈ അഞ്ച് ശതമാനം വര്‍ദ്ധന രണ്ട് വര്‍ഷം കൊണ്ട് ഉണ്ടായത്. 4,500 ഈഫല്‍ ടവറുകള്‍ ഉണ്ടാക്കാന്‍ ആവശ്യമായത്ര തൂക്കം ഇ-വേസ്റ്റ് ആണ് മനുഷ്യന്‍ ഭൂമിക്ക് നല്‍കുന്നത്. ഈ മാലിന്യങ്ങള്‍, 40 ടണ്‍ ഭാരം ചുമക്കാന്‍ ശേഷിയുള്ള, പതിനെട്ട് ചക്രങ്ങളുള്ള ലോറികളില്‍ കയറ്റുകയാണെങ്കില്‍ ആ ലോറികളുടെ വരി ന്യൂയോര്‍ക്കില്‍ നിന്ന് ബാങ്കോക്ക് വരെയെത്തി തിരിച്ച് ന്യൂയോര്‍ക്ക് വരെ നീളും!

ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഇ-മാലിന്യത്തില്‍ 25 ശതമാനം മാത്രമേ യഥാവിധി സംസ്‌കരിക്കപ്പെടുകയോ പുനഃചംക്രമണം ചെയ്ത് പുതിയ വസ്തുക്കള്‍ ആവുകയോ ചെയ്യുന്നുള്ളൂ. ബാക്കി എഴുപത്തഞ്ച് ശതമാനത്തിനും എന്ത് സംഭവിക്കുന്നു എന്നതിന് വ്യക്തമായ കണക്കുകള്‍ ഇല്ല. സ്വാഭാവികമായും ഇത് മറ്റ് പാഴ്‌വസ്തുക്കളോടൊപ്പം സഞ്ചരിക്കുന്നു; അവ എവിടേയ്ക്കാണോ പോകുന്നത്, അങ്ങോട്ട് തന്നെ.

ഇത് ഇ-വേസ്റ്റിന്റെ മാത്രം കാര്യം. ജലവൈദ്യുത പദ്ധതികള്‍ ഒഴിച്ചുള്ള എല്ലാവിധ വൈദ്യുതോല്‍പ്പാദന പ്രക്രിയകളും കാര്‍ബണ്‍ അടക്കമുള്ള ഏതെങ്കിലും ഒരു രാസവസ്തു വികിരണം ചെയ്യുന്നുണ്ട്. ജലവൈദ്യുത പദ്ധതികള്‍ നേരിട്ടല്ല പരിസ്ഥിതിയ്ക്ക് ന്യൂനം വരുത്തുന്നത് എന്നേയുള്ളൂ. അണക്കെട്ട് പണിയുന്ന മേഖലയില്‍ വനം നശിക്കുന്നത് മൂലമുള്ള പാരിസ്തിതാകാഘാതം സ്ഥായിയായ കോട്ടമാണ് അന്തരീക്ഷത്തില്‍ വരുത്തുന്നത്.

മേശപ്പുറത്ത് വെച്ചുപയോഗിക്കുന്ന ഒരു പേഴ്സണല്‍ കമ്പ്യൂട്ടര്‍ ഒരു മണിക്കൂറില്‍ 300 വാട്ട് വൈദ്യുതിയാണ് ഉപയോഗിക്കുന്നത്. ഒരാള്‍ മൊത്തം ഒരുവര്‍ഷം ശരാശരി 235 കിലോവാട്ട് വൈദ്യുതി ഉപയോഗിക്കുന്നു. ഇലക്ട്രിക്-ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് ആവശ്യമായ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ലോകത്ത് 23 ലക്ഷം ഇടുക്കി ഡാമുകള്‍ ആവശ്യമാണെന്ന് സാരം. അപ്പോള്‍ ഉണ്ടാവുന്ന പാരിസ്ഥിതാഘാതം കണക്കുകൂട്ടലുകള്‍ക്കും അപ്പുറത്താണ്. അതുകൊണ്ടാണ് 2015 ല്‍ പാരീസില്‍ ചേര്‍ന്ന ഉച്ചകോടിയില്‍ വച്ച് ആഗോളതാപനത്തിന്റെ വര്‍ധന പരമാവധി രണ്ട് ഡിഗ്രി സെന്റിഗ്രേഡിനുള്ളില്‍ നിര്‍ത്തണമെന്ന തീരുമാനത്തില്‍ ലോകരാജ്യങ്ങള്‍ എത്തിച്ചേര്‍ന്നത്. അതില്‍ ഒരു സെന്റിഗ്രേഡ് ഇപ്പോള്‍ തന്നെ ഉയര്‍ന്നുകഴിഞ്ഞു.

ഇതിനിടയിലാണ് മറ്റൊരു വില്ലന്‍ അവതരിച്ചിരിക്കുന്നത്; ക്രിപ്‌റ്റോ കറന്‍സികള്‍. ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്ന ക്രിപ്‌റ്റോ കറന്‍സി ബിറ്റ്കോയിന്‍ ആണ്. ലോകത്ത് ഏകദേശം ഒരു ലക്ഷത്തോളം വ്യാപാരികള്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ പോലെ ബിറ്റ്കോയിനും സ്വീകരിക്കുന്നു. ബ്ലോക്ചെയിന്‍ എന്ന സാങ്കേതിക വിദ്യയിലാണ് ബിറ്റ്കോയിന്‍ പ്രവര്‍ത്തിക്കുന്നത്. ബിറ്റ്കോയിനില്‍ നടത്തുന്ന ഓരോ ഇടപാടും ഓരോരോ ബ്ലോക്കിലാണ് സൂക്ഷിക്കപ്പെടുന്നത്. ഇതിന് പ്രൂഫ്-ഓഫ്-വര്‍ക്ക് എന്ന സുരക്ഷാകവചം ആവശ്യമാണ്. ബിറ്റ്കോയിന്‍ ഖനനം ഏറ്റവും സങ്കീര്‍ണ്ണവും സമയമെടുക്കുന്നതുമായ പ്രക്രിയയാണിത്. ഒരു ബിറ്റ്കോയിന്‍ ഖനനം ചെയ്‌തെടുക്കാന്‍, കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ വൈദ്യുതിക്ക് അതിന്റെ മൂല്യത്തിന്റെ 60 ശതമാനത്തോളം ചെലവ് വരും. ഒരു ബിറ്റ്കോയിന്‍ ഇടപാടിനെടുക്കുന്ന വൈദ്യുതി കൊണ്ട് ഒരു രണ്ടുനില വീടിന് ഒന്നര ദിവസം മതിയായ ഊര്‍ജ്ജം പകരാം. 700 ഗ്രാമോളം കാര്‍ബണ്‍ വികിരണം ഈ വൈദ്യുതിയുടെ വിവിധ ഗതിമാര്‍ഗ്ഗങ്ങളില്‍ ഉണ്ടാവുന്നു എന്നാണ് ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ സമിതി നിയോഗിച്ച പഠനങ്ങളില്‍ വ്യക്തമാവുന്നത്. ബിറ്റ്കോയിന്‍ പ്രചരണത്തിന്റെ 2017 ലെ നിലവാരത്തില്‍ 69 ദശലക്ഷം ടണ്‍ കാര്‍ബണ്‍, ഈ ക്രിപ്‌റ്റോകറന്‍സിയുടെ ഖനന പ്രകിയക്കിടെ ആ വര്‍ഷം വികിരണം ചെയ്തു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. 2017 ല്‍ 314 ശതകോടി ഡിജിറ്റല്‍ ഇടപാടുകള്‍ നടന്നതില്‍ വളരെ ചെറിയൊരു അംശമായ 0.03 ശതമാനം മാത്രമേ ബിറ്റ്കോയിനില്‍ നടന്നുള്ളൂ. അതില്‍ നിന്നാണ് ഈ ഭീമമായ അളവില്‍ കാര്‍ബണ്‍ ഭൗമാന്തരീക്ഷത്തിലേക്ക് തള്ളപ്പെട്ടിരിക്കുന്നത്. നൂറ് വര്‍ഷം കൊണ്ട് എല്ലാ ഡിജിറ്റല്‍ ഇടപാടുകളും ബ്ലോക്ക് ചെയിന്‍ സാങ്കേതികതയിലേയ്ക്ക് മാറുമെന്നാണ് കണക്കാക്കപ്പെടുന്നത്. അങ്ങനെ കണക്കാക്കുമ്പോള്‍ താപനില 2 ഡിഗ്രി സെല്‍ഷ്യസ് ഉയരാന്‍ 22വര്‍ഷം മതിയെന്നും പഠനം പറയുന്നു.

ഈ പഠനം തീര്‍ച്ചയായും പരമ്പരാഗത മാര്‍ഗത്തിലുള്ള വൈദ്യുതി ഉല്‍പ്പാദനം മാത്രമേ കണക്കിലെടുത്തിട്ടുള്ളൂ. പാരമ്പര്യേതര ഊര്‍ജം ഉപയോഗിക്കുമ്പോള്‍ കാര്‍ബണ്‍ വികിരണം സംഭവിക്കുന്നില്ല. എന്നാല്‍ അത് ചെലവേറിയതാണ്. അതിനാല്‍ തന്നെ, സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമിടുന്ന ക്രിപ്‌റ്റോ കറന്‍സി ഉപയോക്താക്കള്‍ ഏറ്റവും ചെലവ് കുറഞ്ഞ ഊര്‍ജ സ്രോതസ്സ് ഏതാണോ അതുപയോഗിക്കാനേ സാധ്യതയുള്ളൂ. അതിന്റെ ലക്ഷണമായാണ് ബിറ്റ്കോയിന്‍ ഖനികള്‍ (ബിറ്റ്കോയിന്‍ ഉല്‍പാദിപ്പിക്കാനുള്ള സ്റ്റോര്‍ ഹൗസുകള്‍; ഇവയില്‍ അനവധി കൂറ്റന്‍ കമ്പ്യൂട്ടറുകള്‍ സ്ഥാപിച്ചിരിക്കും) വൈദ്യുതോല്‍പ്പാദന ചെലവ് ഏറ്റവും കുറവുള്ള ചൈനയില്‍ അടിഞ്ഞുകൂടുന്ന പ്രവണത കാണിക്കുന്നത്.

ഈ സാഹചര്യത്തില്‍, ഭൂമിയില്‍ നിന്ന് നമ്മള്‍ എന്തെടുക്കുന്നുവോ അതാണ് മുളച്ച് വരുന്നത് എന്ന് പറയുക വയ്യ. ഭൂമിയുടെ മര്‍മ്മത്തെ, ഹൃദയത്തെ പിളര്‍ക്കുന്ന വളര്‍ച്ചയാണ് ഡിജിറ്റല്‍ സാങ്കേതിക വിദ്യ നേടുന്നത്; പാടുന്നത് ഒരു ഇ-ചരമഗീതവും.

Comments

comments

Categories: FK Special, Slider
Tags: E waste, Earth