പുകയില്‍ പുതഞ്ഞ് ഭൂമി

പുകയില്‍ പുതഞ്ഞ് ഭൂമി

ആഗോള കാര്‍ബണ്‍ പുറംതള്ളല്‍ ഏഴു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായതോടെ ലോകം അന്തരീക്ഷ മലിനീകരണത്തിനത്തിനെതിരേ നിസ്സംഗത കൈവിടേണ്ട ഘട്ടമെത്തിയിരിക്കുന്നു

ആഗോളതാപനത്തിലേക്കു നയിക്കുന്ന ഏറ്റവും വലിയ മനുഷ്യനിര്‍മ്മിത തിന്മയാണ് കാര്‍ബണ്‍ പുറംതള്ളല്‍. ഫാക്റ്ററിപ്പുക, വാഹനപ്പുകയും പൊടിപടലങ്ങളും, പാചകം ചെയ്യല്‍, ഖനനം തുടങ്ങി ഓസോണ്‍പാളിയില്‍ വിള്ളലുണ്ടാക്കുന്ന പല പ്രവൃത്തികളും മനുഷ്യന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നു. വികസനത്തിന്റെ പേരില്‍ നിസ്സാരവല്‍ക്കരിക്കാറുള്ള ഇത്തരം ചെയ്തികളാണ് ഭൂമിക്കും ജീവജാലങ്ങള്‍ക്കും നിലനില്‍പ്പുഭീഷണി ഉയര്‍ത്തുന്നത്. പതിറ്റാണ്ടുകളായി തുടര്‍ന്നു പോരുന്ന പരിസ്ഥിതിവിരുദ്ധ നടപടികള്‍ ഇപ്പോള്‍ എല്ലാ സീമകളും ലംഘിച്ചു തുടങ്ങി. ആഗോള താപനത്തിനു വഴിവെക്കുന്ന കാര്‍ബണ്‍ പുറംതള്ളല്‍ ഏഴ് വര്‍ഷത്തെ ഏറ്റവും വലിയ കുതിച്ചുചാട്ടം നടത്തിയതായുള്ള റിപ്പോര്‍ട്ട് ശാസ്ത്രജ്ഞരെ നിരുത്സാഹപ്പെടുത്തിയിരിക്കുകയാണ്.

2017-2018 വര്‍ഷത്തില്‍ ആഗോളതലത്തിലുള്ള കാര്‍ബണ്‍ പുറംതള്ളല്‍ 2.7 ശതമാനം വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. ഹരിതഗൃഹവാതകങ്ങള്‍ പുറംതള്ളുന്ന വ്യവസായസ്ഥാപനങ്ങളെയും പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കാത്ത് സര്‍ക്കാരുകളെയും നിരീക്ഷിക്കുന്ന രാജ്യാന്തരശാസ്ത്രജ്ഞര്‍ അണിനിരക്കുന്ന ആഗോള കാര്‍ബണ്‍ പ്രതിരോധ പരിപാടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2015ലെ പാരീസ് കാലാവസ്ഥാഉടമ്പടി പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനുള്ള ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞ ആശയങ്ങളാണ് ഇത്തരമൊരു പഠനത്തിനു രൂപം കൊടുത്തത്. ഇത് പാരിസ് ഉച്ചകോടിയുടെ പ്രഖ്യാപിതലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ തസം സൃഷ്ടിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.

ഭീകരമായ വാര്‍ത്തയെന്നാണ് ക്ലൈമറ്റ് ഇന്ററാക്റ്റീവ് സഹമേധാവി ആന്‍ഡ്രൂ ജോണ്‍സ് ഇതിനെ വിശേഷിപ്പിച്ചത്. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാന്‍ അധികൃതര്‍ എല്ലാ വര്‍ഷവും കാലതാമസം വരുത്തുന്നു. പാരിസ് ഉടമ്പടിയുടെ ലക്ഷ്യം നേടാന്‍ അതിനാല്‍ കൂടുതല്‍ ബുദ്ധിമുട്ടാണെന്ന് അദ്ദേഹം പറയുന്നു. ഈ വര്‍ഷം പുറപ്പെടുവിച്ചത് 40.9 ബില്യന്‍ ടണ്‍ (37.1 ബില്ല്യണ്‍ മെട്രിക് ടണ്‍) കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ആണ്. കഴിഞ്ഞ വര്‍ഷം ഉല്‍പ്പാദിപ്പിക്കപ്പെട്ട 39.8 ബില്യന്‍ ടണ്ണിനേക്കാള്‍ ഏകദേശം ഒരു ഒരു ശതമാനം കൂടുതലാണിത്. സര്‍ക്കാരും വ്യവസായസ്ഥാപനങ്ങളും പുറത്തുവിടുന്ന റിപ്പോര്‍ട്ടുകളാണ് ആഗോള കാര്‍ബണ്‍ പ്രതിരോധ പരിപാടി ആധാരമാക്കുന്നത്.

2017ലെ കാര്‍ബണ്‍ പുറംതള്ളല്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം നാലു രാജ്യങ്ങളെയാണ് ഏറ്റവും വലിയ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഉല്‍പ്പാദകരായി കണക്കാക്കുന്നത്. ഇന്ത്യ, ചൈന, യുഎസ്, യൂറോപ്യന്‍ യൂണിയന്‍ എന്നിവരാണ് 2018ല്‍ ഏറ്റവും കൂടുതല്‍ അന്തരീക്ഷമലിനീകരണം നടത്തിയവര്‍. ഈ രാജ്യങ്ങളെല്ലാം കാര്‍ബണ്‍പുറംതള്ളുന്നതു കുറയ്ക്കാന്‍ നടപടികള്‍ കൈക്കൊണ്ടിട്ടുള്ളവരാണ്. എന്നാല്‍ അവയെല്ലാം എത്രമാത്രം ഫലപ്രദമാണെന്ന കാര്യത്തില്‍ ഈ റിപ്പോര്‍ട്ട് സംശയം പ്രകടിപ്പിക്കുന്നു. വികസിത രാജ്യങ്ങളില്‍ അന്തരീക്ഷമലിനീകരണം നിയന്ത്രിക്കാന്‍ ഒരുപാട് മാനദണ്ഡങ്ങള്‍ നിര്‍ണയിച്ചിട്ടുണ്ട്. എന്നാല്‍ പലപ്പോഴും വ്യവസായമേഖലകളില്‍ നിന്നും ഇതര തല്‍പ്പരകക്ഷികളില്‍ നിന്നുമുള്ള സമ്മര്‍ദ്ദങ്ങള്‍ക്കു വിധേയരായി ഈ രാജ്യങ്ങള്‍ ഇവയില്‍ വെള്ളം ചേര്‍ക്കുന്നു.

കാര്‍ബണ്‍ പുറംതള്ളല്‍ ക്രമാനുഗതമായി കുറച്ചുകൊണ്ടുവരുന്നതില്‍ സ്ഥിരത പ്രദര്‍ശിപ്പിക്കുന്ന രാജ്യമായ യുഎസ് പോലും ഈ വര്‍ഷം വ്യതിചലനമുണ്ടാക്കി. യുഎസിന്റെ കാര്‍ബണ്‍ പുറംതള്ളലില്‍ 2.5 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. 2013നുശേഷം ഇതാദ്യമാണ് യുഎസ് ഇത്രയുമധികം കാര്‍ബണ്‍ പുറംതള്ളുന്നത്. കാര്‍ബണ്‍ പുറംതള്ളലില്‍ ആഗോളതലത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ചൈനയാകട്ടെ 2011നു ശേഷമുള്ള ഏറ്റവും വലിയ വര്‍ധനയാണ് ഈ വര്‍ഷം വരുത്തിയിരിക്കുന്നത്, 4.6 ശതമാനം. ഇംഗ്ലിഷ് കാലാവസ്ഥാ വ്യതിയാന ഗവേഷക കോറിണ്‍ ലിക്വെറെയുടെ അഭിപ്രായത്തില്‍ ഏതാനും വര്‍ഷങ്ങളായി കാണപ്പെടുന്ന കാര്‍ബണ്‍ പുറംതള്ളലിലെ നേരിയ വര്‍ധന അതിശയകരമായ ഒരു യാഥാര്‍ഥ്യപരിശോധനയാണ്.

2003-2008 കാലത്തെക്കാള്‍ വലിയ കാര്‍ബണ്‍ പുറംതള്ളിലേക്ക് ലോകം തിരിച്ച് പോകുമെന്നു ലിക്വെറെ വിചാരിക്കുന്നില്ല. അസാധാരണമായ ചില ഘടകങ്ങള്‍ ഈ ഈ വര്‍ഷമുണ്ടായിതായാണ് അവര്‍ കരുതുന്നത്. യുഎസ്സില്‍ സാധരണയുള്ളതിനേക്കാള്‍ ചൂടുള്ള വേനലും അതിശൈത്യവുമായിരുന്നു ഇത്തവണത്തേത്. അതിനാല്‍ ഇതിനെ ചെറുക്കാന്‍ കൂടുതല്‍ വൈദ്യുതി വിനിയോഗിക്കേണ്ടി വന്നു. ലോകമെമ്പാടുമുള്ള ഊര്‍ജ്ജോത്പാദനത്തിന്റെ 81 ശതമാനം ഇപ്പോഴും ഫോസില്‍ ഇന്ധനങ്ങള്‍ വഴിയാണ്. കല്‍ക്കരി, എണ്ണ, പാചകവാതകം തുടങ്ങി കാര്‍ബണ്‍ പുറംതള്ളുന്നതില്‍ വലിയ പങ്കു വഹിക്കുന്ന ഈ മാര്‍ഗങ്ങളെല്ലാം ആഗോളതാപനം വര്‍ധിപ്പിക്കുന്നവയുമാണ്.

അന്തരീക്ഷതാപനിലയിലുണ്ടാകുന്ന വര്‍ധന 2100 എത്തുമ്പോള്‍ ലോകമെമ്പാടുമുള്ള ആറുകോടി ജനങ്ങളെ അപകടകരമാം വിധം ബാധിക്കുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂഷ്യഫലങ്ങള്‍ വരും ദശകങ്ങളില്‍ത്തന്നെ ദര്‍ശിക്കാം. ഇന്ത്യയുടെ വിവിധ പ്രദേശങ്ങളും പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളും ഇതിന്റെ മാരകമായ പ്രഹരത്തിനിരയാകും. കടുത്ത വരള്‍ച്ചയും ആവര്‍ത്തിച്ചുള്ളതുമായ ചൂടുകാറ്റുമാണ് വരാന്‍ പോകുന്ന പ്രധാന പ്രശ്‌നങ്ങള്‍. ഇത് ഏറ്റവും ബാധിക്കുക വടക്കേഇന്ത്യ, തെക്കന്‍ പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ 1.5 ബില്യണ്‍ ജനങ്ങളെയാണ്. ഇന്ത്യയിലെ രണ്ടു ശതമാനം പൗരന്മാരാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇരകളെങ്കില്‍ 2100 ആകുമ്പോഴേക്കും അത് 70 ശതമാനത്തിലേക്കുയരും.

പാരീസ് ഉടമ്പടി ലക്ഷ്യമിട്ട രണ്ടു നേട്ടങ്ങളിലൊന്ന് ആഗോളതാപനം ഒരു ഡിഗ്രി സെല്‍ഷ്യസിനു മുകളിലേക്ക് വരാതെ നിജപ്പെടുത്തുകയെന്നതായിരുന്നു. ദീര്‍ഘകാലനേട്ടമായാണ് ഇത് വിഭാവന ചെയ്തിരിക്കുന്നത്. ഇനി മുതല്‍ 0.5 ഡിഗ്രി സെല്‍ഷ്യസ് ആയി താപനം നിജപ്പെടുത്തുകയാണ് അഭികാമ്യമെന്നും ഉടമ്പടിയില്‍ നിര്‍ദേശമുണ്ട്. ഈ ലക്ഷ്യം കൈവരിക്കാനായാല്‍ത്തന്നെ കാലാവസ്ഥാവ്യതിയാനത്തിലെ സുപ്രധാന നേട്ടമായാണ് കരുതിപ്പോരുന്നത്. കാര്‍ബണ്‍പുറംതള്ളല്‍ ജനങ്ങളുടെ വികസ്വരരാജ്യങ്ങളിലെ ജനതയുടെ ആരോഗ്യനിലയെയുംബാധിക്കുന്നു. ശ്വാസകോശരോഗങ്ങള്‍ക്കു വഴിതെളിക്കുന്ന അന്തരീക്ഷമലിനീകരണത്തിനു വലിയൊരു പരിധിവരെ കാരണം കല്‍ക്കരി പ്ലാന്റുകളാണ്. പുകയും പൊടിപടലങ്ങളും അമ്ലമഴ, പുകമഞ്ഞ് എന്നിവയ്ക്കുമിത് കാരണമാകുന്നു. ശ്വാസകോശ, പക്ഷാഘാത, ഹൃദ്രോഗ, കാന്‍സര്‍ രോഗങ്ങള്‍ക്ക് ഇതു വഴിതെളിക്കുന്നു.

ആഫ്രിക്കയാണ് ലോകത്ത് ഏറ്റവും ചൂടുള്ള പ്രദേശം. എന്നാല്‍ 2100 ആകുമ്പോഴേക്കും ഗള്‍ഫ് മേഖല ലോകത്തെ ഏറ്റവും ചുട്ടുപഴുത്ത പ്രദേശമായിത്തീരുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ കുറഞ്ഞ ജനസംഖ്യ, ഉയര്‍ന്ന സാമ്പത്തികനില, കുറഞ്ഞ ആഭ്യന്തര ഭക്ഷ്യോല്‍പ്പാദനാവശ്യം, എണ്ണ സമ്പന്നത എന്നീ ഘടകങ്ങള്‍ അവരെ മറ്റുള്ള തെക്കനേഷ്യന്‍ രാജ്യങ്ങളേക്കാള്‍ ഇവരെ ആഗോള താപനത്തിന്റെ തിരിച്ചടി നേരിടാന്‍ കരുത്തരാക്കിയേക്കാമെങ്കിലും ചൂടിന്റെ കാഠിന്യം പ്രവചനാത്മകമായതിനപ്പുറമുള്ള സ്ഥിതിതിവിശേഷം സൃഷ്ടിക്കും. ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, നേപ്പാള്‍, മാലിദ്വീപ്, ശ്രീലങ്ക, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളെ ദുരിതത്തിലേക്കു നയിക്കും. 1.749 ബില്യണ്‍ ആളുകളാണ് ഇവിടങ്ങളില്‍ വസിക്കുന്നത്.

നടപ്പുവര്‍ഷം ചൈന പുറംതള്ളിയത് 11.4 ബില്ല്യണ്‍ ടണ്‍ (10.3 ബില്ല്യണ്‍ മെട്രിക് ടണ്‍) കാര്‍ബണാണ്. സാമ്പത്തിക ഉത്തേജനപദ്ധതികളാണ് ഇവിടെ കല്‍ക്കരിയധിഷ്ഠിത ഊര്‍ജ്ജഉല്‍പ്പാദനം ഉയര്‍ത്താന്‍ കാരണമായത്. അതേസമയം, അമേരിക്ക ആറു ബില്യണ്‍ ടണ്ണും (5.4 ബില്യണ്‍ മെട്രിക് ടണ്‍) യൂറോപ്യന്‍ യൂണിയന്‍ 3.9 ബില്യണ്‍ ടണ്ണും (3.5 ബില്യണ്‍ ടണ്‍) ഇന്ത്യ 2.9 ബില്യണ്‍ ടണ്ണും (2.6 ബില്യണ്‍ മെട്രിക് ടണ്‍) കാര്‍ബണ്‍ പുറംതള്ളി. ഇതെല്ലാം കൂടിയാകുമ്പോള്‍ ആഗോളതലത്തില്‍ ഓരോ സെക്കന്‍ഡിലും 1,300 ടണ്‍ (1,175 മെട്രിക് ടണ്‍) കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറംതള്ളിയിരിക്കുന്നു.

ജൈവവൈവിധ്യം നിറഞ്ഞ വനപ്രദേശങ്ങളുടെ സംരക്ഷണവും പരിപാലനവും ആഗോളതാപനത്തെ നിയന്ത്രിച്ചു നിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. വനംവെട്ടിവെളുപ്പിക്കല്‍ മുതല്‍ കാട്ടുതീ വരെയുള്ള പ്രശ്‌നങ്ങള്‍ അന്തരീക്ഷത്തിലുണ്ടാക്കുന്ന പ്രത്യാഘാതം വലുതാണ്. വനഭൂമിയില്‍ മാത്രമാണ് ഇനി പാര്‍പ്പിടസമുച്ചയങ്ങള്‍ ഉയരുന്നതടക്കമുള്ള നിര്‍മാണങ്ങള്‍ പരിസ്ഥിതിയ മനുഷ്യന്റെ കാലടിക്കുള്ളില്‍ ഞെരുക്കുകയാണ്. കാലാവസ്ഥാവ്യതിയാനമടക്കമുള്ള ഭീഷണികള്‍ കണ്‍മുമ്പില്‍ വന്നു നില്‍ക്കുമ്പോള്‍ പരിസ്ഥിതിസംരക്ഷണത്തിനു വേണ്ടി ഉയരുന്ന ശബ്ദങ്ങള്‍ കേള്‍ക്കാതെ പോകരുത്. വികസനവും പരിസ്ഥിതിയുടെ നിലനില്‍പ്പും ഒരുമിച്ചു കണ്ടുകൊണ്ടുള്ള ഒരു സന്തുലിതനയമാണ് സ്വീകരിക്കേണ്ടത്.

ലോകം പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടെങ്കിലുംഏറ്റവും വലിയ കാര്‍ബണ്‍ പുറംതള്ളല്‍കാരിയായ കല്‍ക്കരി ഉപയോഗം ഉയര്‍ന്നു വരുകയുമാണ്. ലോകത്ത് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ 78 ശതമാനവും കല്‍ക്കരി പ്ലാന്റുകളില്‍ നിന്നാണ്. ഇന്നു ലോകത്തു തന്നെ ഏറ്റവും ചെലവു കുറഞ്ഞ ഇന്ധനമാണ് കല്‍ക്കരി. രാജ്യങ്ങള്‍ കൂടുതല്‍ പാരമ്പര്യേതര ഊര്‍ജ്ജമാര്‍ഗങ്ങള്‍ ഉപയോഗിക്കുകയും കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോഴും കാറുകള്‍, വിമാനങ്ങള്‍ എന്നിവയില്‍ നിന്നുള്ള അന്തരീക്ഷമലിനീകരണം ക്രമാനുഗതമായി വര്‍ധിക്കുന്നുണ്ട്. കഴിഞ്ഞ 20 വര്‍ഷങ്ങളില്‍ ആഗോള കാര്‍ബണ്‍ പുറംതള്ളല്‍ 55 ശതമാനമായി വര്‍ദ്ധിച്ചു. ആഗോളതാപനത്തില്‍ ശരാശരി മൂന്നില്‍ രണ്ട് വര്‍ധന രേഖപ്പെടുത്തി. യുഎസ് നാഷണല്‍ ഓഷ്യാനിക് ആന്റ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്റെ കണക്കു പ്രകാരം ഭൂമിയിലെ ശരാശരി താപനില 0.38 ഡിഗ്രി സെല്‍ഷ്യസാണ്.

Comments

comments

Categories: Current Affairs
Tags: Co2