ജനറല്‍ മോട്ടോഴ്‌സിന്റെ പ്ലാന്റുകള്‍ വാങ്ങാന്‍ ഇലോണ്‍ മസ്‌ക്

ജനറല്‍ മോട്ടോഴ്‌സിന്റെ പ്ലാന്റുകള്‍ വാങ്ങാന്‍ ഇലോണ്‍ മസ്‌ക്

സാന്‍ഫ്രാന്‍സിസ്‌കോ: ജനറല്‍ മോട്ടോഴ്‌സിന്റെ (ജിഎം) പ്രവര്‍ത്തനം അവസാനിപ്പിച്ച പ്ലാന്റുകള്‍ വാങ്ങാന്‍ സന്നദ്ധത അറിയിച്ച് ടെസ്‌ല സ്ഥാപകനും സിഇഒയുമായ ഇലോണ്‍ മസ്‌ക്. ഇലക്ട്രിക് കാറുകളുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ഇലോണ്‍ മസ്‌കിന്റെ പുതിയ നീക്കം. പ്രവര്‍ത്തനം അവസാനിപ്പിച്ച പശ്ചാത്തലത്തില്‍ ജനറല്‍ മോട്ടോഴ്‌സിന്റെ പ്ലാന്റുകള്‍ വില്‍ക്കുകയാണെങ്കില്‍ അവ വാങ്ങാന്‍ തയാറാണെന്ന് സിബിഎസ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

വടക്കേ അമേരിക്കയിലെ ജിഎം ഫാക്റ്ററി വില്‍പ്പനയ്ക്കുണ്ടെങ്കില്‍ ടെസ്‌ല അത് വാങ്ങാന്‍ ഏറെ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കാനഡയിലെ ഒഷാവ നഗരത്തിലുള്ള ജിഎം ഫാക്റ്ററി അടച്ചു പൂട്ടുന്നതായി കഴിഞ്ഞ മാസം അവസാനമാണ് വാര്‍ത്തകള്‍ വന്നത്. 3000ഓളം തൊഴിലാളികളാണ് ഈ ഫാക്റ്ററിയില്‍ ഉള്ളത്.
ജനറല്‍ മോട്ടോഴ്‌സിന്റെയും ടൊയോട്ടയുടെയും ഉടമസ്ഥതയില്‍ കാലിഫോര്‍ണിയയിലെ ഫ്രെമോണ്ടിലുണ്ടായിരുന്ന പ്ലാന്റ് അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് 2010ല്‍ 42 മില്യണ്‍ ഡോളറിന് ടെസ്‌ല ഏറ്റെടുത്തിരുന്നു.

യുഎസ്, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിലെ തൊഴില്‍ ശക്തി വെട്ടിക്കുറയ്ക്കുകയാണെന്നാണ് ജനറല്‍ മോട്ടോര്‍സ് അറിയിച്ചിട്ടുള്ളത്. കമ്പനിയുടെ ആഗോള തലത്തിലെ പ്രവര്‍ത്തനത്തില്‍ നടക്കുന്ന ഏകീകരണ നടപടികളുടെ ഭാഗമാണിത്. 50,000ഓളം തൊഴിലാളികളെ ഇത് ബാധിക്കുമെന്നാണ് കണക്കാക്കുന്നത്. നവംബറിലാണ് വടക്കേ അമേരിക്കയിലെ തങ്ങളുടെ മൂന്ന് അസംബ്ലി ഫാക്റ്ററികള്‍ അടച്ചുപൂട്ടുമെന്ന് ജിഎം പ്രഖ്യാപിച്ചത്.

ഇലക്ട്രിക് കാറുകളുടെ ഉല്‍പ്പാദനം വേഗത്തിലാക്കാന്‍ ടെസ്‌ല വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുകയാണ്. ജിഎമ്മിന്റെ പ്ലാന്റുകള്‍ ഏറ്റെടുക്കാനായാല്‍ ഉല്‍പ്പാദനം വേഗത്തിലാക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. അടുത്തിടെ ചൈനയില്‍ ഒരു വന്‍കിട ഫാക്റ്ററി നിര്‍മിക്കുന്നതിന് 2 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. പൂര്‍ണമായും വിദേശ ഉടമസ്ഥയിലുള്ള ചൈനയിലെ ആദ്യ കാര്‍ പ്ലാന്റായിരിക്കും ഷാങ്ഹായില്‍ ടെസ്‌ല ഒരുക്കുന്നത്. ഇതിന്റെ നിര്‍മാണത്തിനുള്ള നടപടികള്‍ക്ക് കമ്പനി തുടക്കമിട്ടിട്ടുണ്ട്.

Comments

comments

Categories: Auto, Slider