ഒയോ ലോകത്തിലെ ഏറ്റവും വലിയ ഹോട്ടല്‍ ശൃംഖലയാകും: റിതേഷ് അഗര്‍വാള്‍

ഒയോ ലോകത്തിലെ ഏറ്റവും വലിയ ഹോട്ടല്‍ ശൃംഖലയാകും: റിതേഷ് അഗര്‍വാള്‍

ദുബായ്: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ ഏറ്റവും വലിയ ഹോട്ടല്‍ ശൃംഖലയായി ഒയോ റൂംസ് മാറുമെന്ന് കമ്പനി സ്ഥാപകന്‍ റിതേഷ് അഗര്‍വാള്‍. വെറും അഞ്ച് വയസ് മാത്രം പ്രായമുള്ള സ്റ്റാര്‍ട്ടപ്പ് സംരംഭമാണ് ഒയോ റൂംസ്. ഗള്‍ഫിലെയും ദക്ഷിണ-പൂര്‍വ്വേഷ്യയിലെയും യൂറോപ്പിലെയും പുതിയ വിപണികളിലേക്ക് പ്രവര്‍ത്തനം വിപുലീകരിക്കാനുള്ള പദ്ധതി പ്രാവര്‍ത്തികമാക്കുകയാണ് ഒയോ.

2013ല്‍ ഗുരുഗ്രാമില്‍ ഒരു ഹോട്ടല്‍ ആരംഭിച്ചായിരുന്നു ഒയോ റൂംസിന്റെ തുടക്കം. ആഗോള തലത്തില്‍ 500ല്‍ അധികം നഗരങ്ങളിലായി ഒയോയുടെ 330,000ല്‍ അധികം ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയാണ് കമ്പനിയുടെ ആദ്യ വിപണിയെങ്കിലും ഇന്ന് ചൈനയിലാണ് ഒയോയക്ക് കൂടുതല്‍ സാന്നിധ്യമുള്ളത്.

ഇന്ത്യയില്‍ 180ല്‍ അധികം നഗരങ്ങളിലായി 1,43,000 റൂമുകളാണ് ഒയോയ്ക്കുള്ളത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഒയോ ചൈനയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഇന്ന് 265ല്‍ അധികം ചൈനീസ് നഗരങ്ങളിലായി ഒയോയുടെ 1,80,000 റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രതിമാസം 40,000നടുത്ത് ഫ്രാഞ്ചൈസികളാണ് ഒയോ ചൈനയില്‍ തുറക്കുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒരു മാസം 50,000 റൂമുകള്‍ തുറക്കുകയാണെങ്കില്‍ 2023 ആകുമ്പോഴേക്കും 2.5 മില്യണ്‍ റൂമുകള്‍ കമ്പനിക്ക് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റിതേഷ് അഗര്‍വാള്‍ പറഞ്ഞു. നിലവില്‍ ലോകത്തെ ഏറ്റവും വലിയ ഹോട്ടല്‍ ശൃംഖലയുടെ രണ്ട് മടങ്ങ് വരുമിതെന്നും അദ്ദഹം ചൂണ്ടിക്കാട്ടി.

ജാപ്പനീസ് ഭീമന്‍ സോഫ്റ്റ്ബാങ്ക് പിന്തുണയ്ക്കുന്ന ഇന്ത്യയിലെ പ്രമുഖ ഹോസ്പിറ്റാലിറ്റി ബ്രാന്‍ഡായ ഒയോ ചൈനയ്ക്ക് പുറമെ യുകെയിലേക്കും ചുവടുവെച്ചിട്ടുണ്ട്. നാല് പ്രോപ്പര്‍ട്ടികളാണ് യുകെയില്‍ കമ്പനി തുറന്നിട്ടുള്ളത്. വരും ആഴ്ചകളില്‍ കൂടുതല്‍ റൂമുകള്‍ യുകെയില്‍ തുറക്കുമെന്ന് അഗര്‍വാള്‍ അറിയിച്ചു. മലേഷ്യ, നേപ്പാള്‍, ഇന്തോനേഷ്യ എന്നിവിടങ്ങളിലും ഓയോ റൂംസ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷം മുന്‍പ് ഇന്ത്യയില്‍ മാത്രം ഒയോയുടെ വളര്‍ച്ച 1.6 മടങ്ങ് ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഇത് 2.3 മടങ്ങ് ആയിട്ടുണ്ടെന്നാണ് അഗര്‍വാള്‍ പറയുന്നത്.

അറേബ്യന്‍ മണ്ണില്‍ വലിയ പദ്ധതികള്‍

ദുബായ് ആണ് ഒയോ റൂംസ് ആക്രമണോത്സുകമായി നിക്ഷേപം നടത്തുന്ന മറ്റൊരു വിപണി. ദുബായിയും അബുദാബിയും ഷാര്‍ജയും ഉള്‍പ്പെടെയുള്ള യുഎഇ മേഖലയാണ് ദക്ഷിണ പൂര്‍വ്വേഷ്യന്‍, മിഡില്‍ ഈസ്റ്റേണ്‍, യൂറോപ്യന്‍ വിപണികള്‍ ഉപയോഗപ്പെടുത്തുന്നതിന് തങ്ങളെ സഹായിച്ചതെന്ന് അഗര്‍വാള്‍ വ്യക്തമാക്കി. കൂടുതല്‍ വിപണികളിലേക്ക് ഒയോ ചുവടുവെക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒയോയുടെ ആറാമത് അന്താരാഷ്ട്ര വിപണിയാണ് യുഎഇ. ദുബായിലും ഷാര്‍ജയിലും ഫുജയ്‌റയിലുമായി ഇതിനോടകം 1,100 റൂമുകളാണ് കമ്പനി യുഎഇയില്‍ പ്രവര്‍ത്തനക്ഷമമാക്കിയത്.

രണ്ട് വര്‍ഷത്തിനുള്ളില്‍ 12,000 റൂമുകളാണ് യുഎഇയില്‍ ഒയോ ലക്ഷ്യമിടുന്നത്. അടുത്തിടെ സോഫ്റ്റ്ബാങ്ക് ഉള്‍പ്പടെയുള്ള നിക്ഷേപകരില്‍ നിന്നായി 7,000 കോടിയിലധികം രൂപ സമാഹരിച്ച റിതേഷ് അഗര്‍വാളിന്റെ കമ്പനി അതിവേഗത്തിലാണ് അന്താരാഷ്ട്ര വിപണികളിലേക്ക് വികസിക്കുന്നത്. ദുബായില്‍ നടക്കാനിരിക്കുന്ന ആഗോള റീട്ടെയ്ല്‍ മാമാങ്കമായ എക്‌സ്‌പോ 2020 ഒയോക്ക് നേട്ടമാകുമെന്നാണ് പ്രതീക്ഷ. ചൈനയിലും മറ്റ് ആഗോള വിപണികളിലേക്കും കടക്കുന്നതിനായി അടുത്തിടെ ഒരു ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ഒയോ സമാഹരിച്ചിരുന്നു.

Comments

comments

Categories: Business & Economy, Slider