ഓഫിസില്‍ മനസമാധാനം കണ്ടെത്താന്‍

ഓഫിസില്‍ മനസമാധാനം കണ്ടെത്താന്‍

ജോലിസ്ഥലത്തെ സമ്മര്‍ദ്ദങ്ങളെപ്പറ്റി ഓരോ ജീവനക്കാരനും ഒരായിരം കാര്യങ്ങള്‍ പറയാനുണ്ടാകും. സംഘര്‍ഷത്തിന്റെയും വിരസതയുടെയും നിരാശയുടെയും നെരിപ്പോടുകളായിരിക്കും പലര്‍ക്കും ഓഫിസുകള്‍. നിത്യജീവിതത്തിലെ ഒരു പ്രധാനപങ്ക് ചെലവിടുന്ന ഓഫിസുകളിലെ വീര്‍പ്പുമുട്ടുന്ന അന്തരീക്ഷത്തില്‍ നിന്നു രക്ഷ തേടി വിനോദത്തിനും വീട്ടകങ്ങളിലും വിശ്രാന്തി അനുഭവിക്കാന്‍ പായുന്ന കൂട്ടരെ ലോകത്തെല്ലായിടത്തും കാണാം. വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടി വരുന്ന ആധുനിക ലോകത്ത് ഓഫിസ് അന്തരീക്ഷം മുമ്പത്തേക്കാള്‍ പതിന്മടങ്ങ് സമ്മര്‍ദ്ദമുണ്ടാക്കുന്നു. ഇത് തൊഴിലാളികളുടെ ആരോഗ്യത്തെയും ജീവിതത്തെയും ബാധിക്കുന്നു. 24 മണിക്കൂറും ജോലിയെപ്പറ്റി ചിന്തിക്കുന്നതും ഓഫിസ് സമയം കഴിഞ്ഞാലും ഇ- മെയിലുകള്‍ നോക്കേണ്ടി വരുന്നതും തൊഴിലിടത്തില്‍ ജീവനക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളുടെ തീവ്രത വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

തൊഴിലിടങ്ങള്‍ കൂടുതല്‍ തൊഴിലാളി സൗഹൃദപരമാക്കാന്‍ പല മാര്‍ഗങ്ങളും കമ്പനികള്‍ ഇന്നു സ്വീകരിക്കുന്നു. അതിലൊന്നാണ് അയവുള്ള തൊഴിലന്തരീക്ഷം സൃഷ്ടിക്കുകയെന്നത്. ഒരാഴ്ചയില്‍ നാലു ദിവസം മാത്രം ഓഫിസില്‍ വന്നിരുന്നു ജോലി ചെയ്താല്‍ മതിയാകും. ആഴ്ചയവധി കൂടാതെ രണ്ടു ദിവസം ഓഫിസ് ജോലി ഒഴിവാക്കുന്നു. വീട്ടിലോ മറ്റെവിടെയെങ്കിലുമോ പോയിരുന്നു ജോലി ചെയ്യാം. ജോലി സമയം ക്രമീകരിക്കാനുള്ള സ്വാതന്ത്ര്യം ജീവനക്കാരനാണ്. സ്ഥാപനത്തിന്റ ഭാഗത്തു നിന്ന് യാതൊരുവിധ നിരീക്ഷണങ്ങളും ഉണ്ടായിരിക്കില്ല. ഇ- മെയില്‍ വഴിയോ സ്‌കൈപ്പ് വഴിയോ സ്ഥാപനമേധാവിയെ ബന്ധപ്പെടാം. ഇങ്ങനെ നിയന്ത്രണവിധേയമല്ലാതെ സ്വയം സമയക്രമം തീരുമാനിച്ച് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ടെങ്കില്‍,ജീവനക്കാര്‍ സന്തുഷ്ടരും കൂടുതല്‍ ഉല്‍പാദനക്ഷമതയുള്ളവരുമാകുമെന്ന് വിശ്വസിക്കുന്നു. ഇത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യും.

ഓഫിസ് സമ്മര്‍ദ്ദം ജീവനക്കാരെ രോഗികളാക്കുന്നുവെന്നത് വാസ്തവമാണ്. ബ്രിട്ടീഷ് ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം വലിയ തൊഴിലിടത്തെ മോശം അന്തരീക്ഷം രോഗികളാക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് നാള്‍ക്കുനാള്‍ രേഖപ്പെടുത്തുന്നത്. സമ്മര്‍ദ്ദങ്ങളും നാഡീരോഗങ്ങളും മൂലം ചികില്‍സ തേടിയെത്തുന്നവര്‍ 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 576,000 ആയിരുന്നെങ്കില്‍ 2017-18 ല്‍ ഏതാണ്ട് 620,000 ആയി ഉയര്‍ന്നു. ഇത് ആശങ്കയ്ക്കു വക നല്‍കുന്ന കണക്കുകളാണ്. ഭൂരിഭാഗം ആളുകള്‍ക്കും ശാരീരികവും മാനസികവുമായ ആരോഗ്യം നേടാന്‍ ഓഫിസുകളില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്ക് കഴിയുമെന്ന് തെളിവുകള്‍ വ്യക്തമാക്കുന്നു. ജീവനക്കാരുടെ രോഗകാരണം ജോലിചെയ്യുമ്പോള്‍ വരുന്ന സമ്മര്‍ദ്ദമാണെന്നത് ആശങ്കാജനകമാണ്. കണക്കുകള്‍ കാണിക്കുന്നത് ഇത്തരം സമ്മര്‍ദ്ദമനുഭവിക്കുന്നവരുടെ എണ്ണം കൂടിവരുന്നുവെന്നാണ്.

ബ്രിട്ടീഷ് തൊഴില്‍വകുപ്പിന്റെ കണക്കുകളനുസരിച്ച് ആരോഗ്യ-സുരക്ഷാ എക്‌സിക്യുട്ടീവ് കണക്കാക്കിയിരിക്കുന്നത് 595,000 ജീവനക്കാരാണ് 2017-18 സാമ്പത്തികവര്‍ഷം ജോലിയില്‍ നിന്നുള്ള സമ്മര്‍ദ്ദവും ഉല്‍ക്കണ്ഠ, വിഷാദം എന്നിവയും മൂലം ചികില്‍സ തേടിയതെന്നാണ്. തൊട്ടു മുന്‍വര്‍ഷം ഇത് 526,000 ആയിരുന്നു. ഇതുവഴി മൊത്തം തൊഴില്‍ദിനങ്ങളുടെ 57 ശതമാനം നഷ്ടപ്പെട്ടതായും കണക്കാക്കിയിട്ടുണ്ട്. മാനസികാരോഗ്യവും സമ്മര്‍ദ്ദവുമാണ് ഓഫിസ് ഹാജര്‍ നില കുറയാനും ദീര്‍ഘകാലാവധിക്കുമുള്ള പ്രധാന കാരണങ്ങളെന്ന് എച്ച് ആര്‍ പ്രൊഫഷണലുകളെ പ്രതിനിധാനം ചെയ്യുന്ന ചാര്‍ട്ടേര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്‌സണല്‍ ആന്റ് ഡവലപ്‌മെന്റ് (സിഐപിഡി) അടുത്തിടെ നടത്തിയ സര്‍വേയില്‍ നിന്നു വ്യക്തമാകുന്നു. 2017 ല്‍ ഉല്‍ക്കണ്ഠയും വിഷാദവും പോലുള്ള രോഗാവസ്ഥയിലെത്തിയ ജീവനക്കാര്‍ 55 ശതമാനമായിരുന്നു. 2016ല്‍ ഇത് 41 ശതമാനമേ എത്തിയിരുന്നുള്ളൂ.

തൊഴിലിടങ്ങളിലെ അസ്വസ്ഥതകള്‍ക്കുള്ള യഥാര്‍ത്ഥകാരണം ശാരീരികമെന്നതിനേക്കാള്‍ മാനസികമാണെന്ന് സിഐപിഡി ഉദ്യഗസ്ഥയായ റേച്ചല്‍ സഫ് പറയുന്നു. എന്നിട്ടും വളരെക്കുറച്ച് സ്ഥാപനങ്ങള്‍ മാത്രമാണ് അനാരോഗ്യകരമായ തൊഴില്‍സാഹചര്യങ്ങളും മോശം പ്രവണതകളും നിരുത്സാഹപ്പെടുത്തുന്നുള്ളൂ. ജീവനക്കാരുടെ ആരോഗ്യകാര്യങ്ങളില്‍ മിക്ക കമ്പനികളും ശ്രദ്ധ ചെലുത്തുന്നുണ്ടെന്നാണ് തൊഴില്‍ദാതാക്കളുടെ സംഘടനയായ സിബിഐ വാദിക്കുന്നത്. തൊഴിലിടങ്ങളില്‍ ആരോഗ്യകരമായ അന്തരീക്ഷവും ജീവനക്കാരുടെ ക്ഷേമവും ഒരു പ്രധാന ബിസിനസ്സ് പ്രശ്‌നമായി കണക്കാക്കുന്ന 63% കമ്പനികളേ ഉള്ളൂവെന്ന് ഒരു സര്‍വേ കണ്ടെത്തി. ഇതില്‍ പകുതി സ്ഥാപനഉടമകളും ഇതു സൃഷ്ടിക്കുന്ന കാതലായ പ്രശ്‌നം കാണാതെ താല്‍ക്കാലിക പരിഹാരമാര്‍ഗങ്ങളിലാണ് ശ്രദ്ധയൂന്നുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടണമെന്ന് സിബിഐയിലെ ചീഫ് യുകെ പോളിസി ഓഫീസര്‍ മാത്യു ഫെല്‍ ആവശ്യപ്പെടുന്നു. അത് ഇപ്പോഴും നിലനില്‍ക്കുന്ന നിഗൂഢതയെ നീക്കം ചെയ്യാന്‍ സഹായിക്കുകയും പിന്തുണ തേടുന്ന ജനങ്ങളെ തടയുകയും ചെയ്യും.

സ്ഥാപനയുടമ ജീവനക്കാരോട് പുലര്‍ത്തുന്ന ആഭിമുഖ്യം നല്ല തൊഴില്‍ അന്തരീക്ഷം നിലനിര്‍ത്തുന്നതിലും മികച്ച തൊഴില്‍സംസ്‌കാരം പാലിക്കുന്നതിലും പ്രധാനമാണ്. ജീവനക്കാര്‍ നേരിടുന്ന മാനസികപ്രശ്‌നങ്ങളെക്കുറിച്ചു കൂടുതല്‍ ബോധവാന്മാരാകുകയും തുറന്ന മനസോടെ തൊഴിലാളികള്‍ക്കു കൂടുതല്‍ പിന്തുണയും സഹായവും തൊഴിലുടമകള്‍ നല്‍കേണ്ടതാണ്. ഒരു തൊഴിലുടമയ്ക്കുണ്ടായിരിക്കേണ്ട ഏറ്റവും നല്ല ഗുണം നല്ല ശ്രോതാവായിരിക്കുകയാണ്. ജീവനക്കാരന്‍ പറയുന്ന പരിഭവങ്ങളും പ്രശ്‌നങ്ങളും ശരിയായി കേട്ടതിനു ശേഷം അനുഭാവപൂര്‍വ്വമായ നടപടികളെടുക്കണം. സ്ഥാപനത്തിലെ പ്രശ്‌നങ്ങള്‍ എന്തെന്നു മനസിലാക്കി സാഹചര്യങ്ങള്‍ പരിശോധിച്ചു വേണം നടപടിയെടുക്കാന്‍. തൊഴിലിടങ്ങളിലെ സമ്മര്‍ദ്ദങ്ങള്‍ ലഘൂകരിക്കാന്‍ കൂട്ടായ വിനോദയാത്രകള്‍, യോഗ, കായികമല്‍സരങ്ങള്‍ തുടങ്ങി നിരവധി പരിപാടികള്‍ വന്‍കിടസ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്.

എന്നാല്‍ എല്ലാ സ്ഥാപനയുടമകള്‍ക്കും യോഗാ സെന്ററുകള്‍ തുടങ്ങാനും വാരാന്ത്യ വിനോദയാത്രകള്‍ സംഘടിപ്പിക്കാനും പറ്റിയെന്നു വരില്ല. സാമ്പത്തികമായി ഇത് അപ്രായോഗികമായിരിക്കും. എന്നാല്‍ ജോലിസ്ഥലം കൂടുതല്‍ സൗകര്യപ്രദവും തൊഴിലാളിസൗഹൃദപരവുമാക്കാന്‍ പല വഴികളും ഉണ്ട്. തങ്ങളനുഭവിക്കുന്ന സമ്മര്‍ദ്ദവും ഉല്‍ക്കണ്ഠയും തൊഴിലാളികള്‍ മറച്ചുവെക്കുന്നുണ്ടാകും. ഇത് കാരണം റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകള്‍ കുറവായിരിക്കും. ജോലിസംബന്ധമല്ലാത്ത മാനസികാരോഗ്യ പ്രശ്‌നങ്ങളുമുണ്ടാകാമെങ്കിലും അതിനു തൊഴിലവസരങ്ങളുമായുള്ള ബന്ധം കൂടുതല്‍ നിശിതമായിരിക്കുന്നു. ലളിതമായി പറഞ്ഞാല്‍, സമ്മര്‍ദ്ദമെന്നു പറയുന്നത് മനസിലാക്കാനാകുന്ന ഭീഷണിയോടുള്ള പ്രതികരണമാണ്. ഇത് യഥാര്‍ത്ഥത്തില്‍ ഭവിഷ്യത്തിനെ നേരിടാന്‍ സഹായിക്കുന്ന ഒരു തയാറെടുപ്പാണ്.

ആധുനിക ജീവിതത്തില്‍, സംഭവിക്കാത്ത കാര്യങ്ങളെക്കുറിച്ച് ആകുലപ്പെടുത്തുന്നതിന് നാം ധാരാളം സമയം ചെലവഴിക്കുന്നു. എല്ലാ പ്രശ്‌നങ്ങളും നേരിടാന്‍ നിങ്ങള്‍ തയ്യാറാകുമ്പോള്‍, നിരന്തരമായ ഉല്‍ക്കണ്ഠ ഉണ്ടാകാം. അതു മറികടക്കാന്‍ നിങ്ങള്‍ സ്വന്തമായി പ്രവര്‍ത്തിക്കണം. ചെറിയ സംരംഭമോ അല്ലെങ്കില്‍ നൂറുകണക്കിന് ജീവനക്കാരുടെ നിയന്ത്രണമോ നടത്തുന്ന അവസരത്തില്‍ നിങ്ങളുടെ സഹപ്രവര്‍ത്തകരും ജീവനക്കാരും സമ്മര്‍ദ്ദത്തെ അനാവശ്യമായി വര്‍ധിപ്പിക്കില്ലെന്ന് ഉറപ്പുവരുത്തുക. വിജയകരമായ കാര്യങ്ങള്‍ മുമ്പോട്ടു കൊണ്ടു പോകാന്‍ അത് നിര്‍ണ്ണായകമാണ്. മാനസികപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതും വഷളാകുന്നതും തടയാന്‍ ചാരിറ്റി മൈന്‍ഡ് എന്ന സന്നദ്ധ സംഘടന ദീര്‍ഘകാല പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. പൊതുമേഖലാജീവനക്കാര്‍ സമ്മര്‍ദ്ദമോ വൈകാരികാഘാതമോ നേരിടുന്നുവെങ്കില്‍ സംഘടനകളെ ഏകോപിപ്പിച്ച് അവര്‍ക്കു പരിചരണം നല്‍കാന്‍ ഇവര്‍ സഹായിക്കുന്നു.

ഓഫിസുകളില്‍ സംഘര്‍ഷമകറ്റാനും സന്തോഷവും സമാധാനവും നിലനിര്‍ത്താനും ചില കാര്യങ്ങള്‍ നടപ്പിലാക്കാനുമാകും. പൂക്കളും ചിത്രങ്ങളും കാര്‍പ്പെറ്റുകളും കൊണ്ട് അലങ്കരിക്കുകയാണ് സാധാരണ കാണാറുള്ളത്. കംപ്യൂട്ടറുകളും സിറോക്‌സ് മെഷീനുകളും മാത്രം സദാ കാണുമ്പോള്‍ ഒരു യന്ത്രലോകത്താണോ കഴിയുന്നതെന്ന് തോന്നിപ്പോകും. ഓഫിസ് ക്യാബിനുകള്‍ക്ക് ജീവന്‍ പകരാന്‍ അല്‍പ്പം അലങ്കാരങ്ങളാകാം. ഓഫിസ് പ്രകൃതിയോട് ഇണങ്ങിച്ചേരുന്നതാകണമെന്നു പറയുമ്പോള്‍ കാറ്റുവെളിച്ചവും കയറാന്‍ സദാ വാതില്‍ തുറന്നിടാന്‍ പറ്റില്ലല്ലോ. അപ്പോള്‍ ഓഫിസിലും പരിസരത്തും ചെടികള്‍ നടുകയാണ് ആ അന്തരീക്ഷത്തിലേക്ക് പ്രകൃതിയെ ആനയിക്കാന്‍ ഉചിതമാര്‍ഗ്ഗം. ജോലിസ്ഥലത്ത് പൂന്തോട്ടമൊരുക്കാന്‍ അധികമാളുകള്‍ വേണ്ടതില്ല. മുല്ല, കറ്റാര്‍വാഴ, മുള തുടങ്ങി സസ്യങ്ങള്‍ നട്ടാല്‍ മതി. ഇത് വളരുമ്പള്‍ ഓഫിസിലെ ആളുകളുടെ മാനസികാവസ്ഥയില്‍ വരുന്ന മാറ്റം ശ്രദ്ധിക്കണം. വളരെ സന്തോഷം അനുഭവിക്കുന്നതായി അവരുടെ മുഖത്തു നിന്നു വായിച്ചെടുക്കാന്‍ പറ്റിയേക്കും.

സമ്മര്‍ദ്ദത്തെ അകറ്റി നിര്‍ത്തുകയാണ് ഓഫീസ് അന്തരീക്ഷം ലഘൂകരിക്കാനുള്ള ഒരു മാര്‍ഗ്ഗം. ഒന്നുകില്‍ ഭീഷണിയെ അവഗണിക്കുക അല്ലെങ്കില്‍ ഭീഷണിയെ ഉള്‍ക്കൊള്ളുക എന്നിവയിലേതെങ്കിലും ചെയ്യുകയാണ് സമ്മര്‍ദ്ദം മറികടക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം. ഓഫിസിലെ അന്തരീക്ഷം കനക്കുമ്പോള്‍ അവിടെ നിന്നു മാറി നില്‍ക്കുകയാണ് ഉത്തമം. കാന്റീനിലേക്കോ റിഫ്രഷ് റൂമിലേക്കോ പോകുന്നത് സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ സഹായിക്കും. ആളുകളുമായി കൂടുതല്‍ ഇടപഴകുന്നത് സമ്മര്‍ദ്ദം കുറയ്ക്കും. സഹപ്രവര്‍ത്തകരുമായി ഇടവേളകളില്‍ ഉള്ളു തുറന്നു പെരുമാറുന്നതും പരസ്പരം ആശംസകള്‍ കൈമാറുന്നതും സഹകരിക്കുന്നതുമെല്ലാം ഓഫീസ് അന്തരീക്ഷത്തിനും ലാഘവം നല്‍കുന്നു. ഇവിടെ മികച്ച ആശയവിനിമയം പ്രധാനമാണ്. പ്രവര്‍ത്തനങ്ങളില്‍ സുതാര്യത പാലിക്കുകയെന്നത് സമ്മര്‍ദ്ദം വേണ്ട രീതിയില്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന കാര്യമാണ്. നിങ്ങളുടെ കാര്യങ്ങള്‍ എല്ലാവരെയും അറിയിച്ചു ചെയ്താല്‍ നിശ്ചയമായും മതിയായ സഹകണം ലഭിക്കും.

സംഗീതം ഓഫിസിലെ സമ്മര്‍ദ്ദങ്ങളില്‍ വലിയ ആശ്വാസം കൈവരിക്കാന്‍ സഹായിക്കും. പാട്ടു കേട്ടു കൊണ്ട് ജോലി ചെയ്യുന്നത് മസ്തിഷ്‌കത്തെ ശാന്തമാക്കുന്നു. കഠിനമായ ജോലിക്ക് തല്‍ക്കാലം ഇവേള നല്‍കി സംഗീതം കേള്‍ക്കുന്നത് ഊര്‍ജത്തോടെ ജോലി ചെയ്യാന്‍ നിങ്ങളെ സഹായിക്കും. സംഗീതം ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുമെന്നാണു പറയുന്നത്. ഹെഡ്‌ഫോണില്‍ സംഗീതം കേള്‍ക്കുന്നതിനു പകരം, ഓഫിസില്‍ എല്ലാവര്‍ക്കും ആസ്വദിക്കാനാകും വിധത്തില്‍ സംഗീതമൊഴുകുന്നതാണ് ഏറ്റവും നല്ലത്. സംഗീതം മാത്രല്ല സമൂഹമാധ്യമങ്ങളിലൂടയും മറ്റും ചില ട്രോളുകളും വിഡിയോകളും കൈമാറുന്നത് പരസ്പരകൂട്ടായ്മയെയും ഉല്‍പ്പാദനക്ഷമതയെയും സഹായിക്കും. ഇത് ജീവനക്കാരെ ഉഷാറാക്കുകയും ജോലിയില്‍ കൂടുതല്‍ താല്‍പര്യം ജനിപ്പിക്കുകയും ചെയ്യും.

ആരോഗ്യകരമായ ജീവിതരീതി കൈവരിക്കുകയെന്നതും പ്രധാനമാണ്. ചിട്ടയായ വ്യായാമം, സമയത്തിനുള്ള ഭക്ഷണം, ആരോഗ്യകരമായ ജീവിതരീതികള്‍ എന്നിവ പാലിക്കുന്നത് സ്വകാര്യ ജീവിത്തിലെന്നതു പോലെ ഔദ്യോഗിക ജീവിതത്തിലും ചൈതന്യമുണ്ടാക്കും. ഇത് ജീവനക്കാരെ ചുറുചുറുക്കോടെ സജീവമായിരിക്കാന്‍ സഹായിക്കുന്നു. ആരോഗ്യകരമായ ഭക്ഷണം സമ്മര്‍ദ്ദം കുറയ്ക്കുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നു. തിരക്കേറിയ ജോലിസമയത്ത് വയര്‍ നിറച്ച് ഭക്ഷണം കഴിക്കുന്നതും തലേ ദിവസം ഉറങ്ങാതിരിക്കുന്നതുമൊക്കെ കടുത്ത വിഷമതകളുണ്ടാക്കും. സമയബന്ധിതമായി ഒട്ടേറെ ജോലി തീര്‍ക്കേണ്ടതുള്ളപ്പോള്‍ ശരീരം തപിപ്പിക്കുന്ന ഭക്ഷണത്തേക്കാള്‍ പഴസത്തു പോലെ തണുപ്പിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നതാണു ശരി. വിജയങ്ങള്‍ ആഘോഷിക്കാനുള്ളതാണ്. ഔദ്യോഗികതലത്തില്‍ നാം കൈവരിച്ച നേട്ടങ്ങള്‍ ആഘോഷിക്കുക എന്നത് പ്രധാനമാണ്. ചിലപ്പോള്‍ അധികവരുമാനം നേടുന്നതും സുപ്രധാന കൂടിക്കാഴ്ച ഉറപ്പുവരുത്തുന്നതും പോലുള്ള ചെറിയ വിജയങ്ങള്‍ തിരിച്ചറിയുന്നതിലൂടെ ഒരു സംരംഭത്തെ മുമ്പോട്ടു ചലിപ്പിക്കാനാകുന്നു. ആ നിമിഷം, ഞങ്ങള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടണം. ആഘോഷങ്ങള്‍ വിരസതയകറ്റാനും അന്തരീക്ഷത്തില്‍ പെട്ടെന്നു മാറ്റം വരുത്താനുമുള്ള മാര്‍ഗമാണ്.

Comments

comments

Categories: FK Special, Motivation, Slider