എയര്‍ ഇന്ത്യയുടെ കെട്ടിടത്തില്‍ നോട്ടമിട്ട് എല്‍ഐസിയും ജിഐസിയും

എയര്‍ ഇന്ത്യയുടെ കെട്ടിടത്തില്‍ നോട്ടമിട്ട് എല്‍ഐസിയും ജിഐസിയും

മുംബൈ: കടക്കെണിയിലായ പൊതുമേഖലാ വിമാനക്കമ്പനി എയര്‍ ഇന്ത്യയുടെ മുംബൈയിലെ 23 നിലയുള്ള മുന്‍ ആസ്ഥാന മന്ദിരം കൈക്കലാക്കാന്‍ പദ്ധതിയിട്ട് പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും രംഗത്തെത്തി. ദക്ഷിണ മുംബൈയിലെ വ്യാപാര കേന്ദ്രമായ നരിമാന്‍ പോയന്റിലെ ആസ്ഥാനം വ്യാപാര വളര്‍ച്ചക്ക് സഹായിക്കുമെന്ന് കണ്ടാണ് എല്‍ഐസിയുടെയും ജിഐസിയുടെയും നീക്കം. 2013 മുതല്‍ ഈ വര്‍ഷം ജനുവരി വരെയുള്ള കാലയളവില്‍ 291 കോടി രൂപ എയര്‍ ഇന്ത്യക്ക് വാടകയിനത്തില്‍ നേടിക്കൊടുത്ത കെട്ടിടമാണിത്. കെട്ടിടത്തിന്റെ ഓരോ നിലയിലും 10,800 ചതുരശ്ര അടി സ്ഥലം വീതമുണ്ട്. 2013 വരെ വിമാനക്കമ്പനിയുടെ ആസ്ഥാനം ഇവിടെയാണ് പ്രവര്‍ത്തിച്ചിരുന്നത്.

55,000 കോടി രൂപയുടെ കടക്കെണിയില്‍ പെട്ട് വലയുന്ന വിമാന കമ്പനി, അപ്രധാനമായ ആസ്തികള്‍ വിറ്റഴിച്ച് കടം വീട്ടാനുള്ള ശ്രമത്തിലാണ്. ജൂണില്‍ മുംബൈയിലെ ആസ്ഥാന മന്ദിരം ജവഹര്‍ലാല്‍ നെഹ്‌റു പോര്‍ട്ട് ട്രസ്റ്റിന് കൈമാറുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയിരുന്നു. എന്നാല്‍ ഏതെങ്കിലും പൊതുമേഖലാ സ്ഥാപനത്തിന് കെട്ടിടം വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമൊന്നും എടുത്തിട്ടില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇപ്പോള്‍ പറയുന്നത്. കെട്ടിടം സ്വന്തമാക്കാന്‍ കൂടുതല്‍ മത്സരം നടക്കുന്നുണ്ടെന്നും വില ഇനിയും ഉയരാനാണ് സാധ്യതയെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു.

Comments

comments

Categories: Current Affairs, Slider
Tags: Air India

Related Articles