രഘുറാം രാജന്റെ ശിഷ്യന്‍ മോദിയുടെ സാമ്പത്തിക ഉപദേഷ്ടാവ്

രഘുറാം രാജന്റെ ശിഷ്യന്‍ മോദിയുടെ സാമ്പത്തിക ഉപദേഷ്ടാവ്

ന്യൂഡെല്‍ഹി: അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ പിന്‍ഗാമിയായി മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സ്ഥാനത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുത്ത കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍ നോട്ട് അസാധുവാക്കലിനെ പിന്തുണച്ചതിന്റെ പേരില്‍ പ്രശസ്തനായ ഉദ്യോഗസ്ഥന്‍. നരേന്ദ്ര മോദിയുടെ വിശ്വസ്തനായ അരവിന്ദ് സുബ്രഹ്മണ്യന്‍ പോലും അടുത്തിടെ നിര്‍ദ്ദയ നടപടിയെന്ന് വിശേഷിപ്പിച്ച നീക്കത്തെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്ന സാമ്പത്തിക വിദഗ്ധനാണ് അദ്ദേഹം. നോട്ട് അസാധുവാക്കലിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ അഴിച്ചു വിട്ട മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്റെ ശിഷ്യനുമാണ് കൃഷ്ണമൂര്‍ത്തി. അമേരിക്കയിലെ ചിക്കാഗോ ബൂത്ത് സ്‌കൂള്‍ ഓഫ് ബിസിനസില്‍ പിഎച്ച്ഡി ചെയ്ത കൃഷ്ണമൂര്‍ത്തിയുടെ മാര്‍ഗദര്‍ശിയായിരുന്നു രഘുറാം രാജന്‍. 2016 ല്‍ സാമ്പത്തിക വളര്‍ച്ചാ മുരടിപ്പിന്റെ പേരില്‍ രാജന്‍ നാലുപാടും നിന്ന് വിമര്‍ശനം കേട്ടപ്പോള്‍ ഗുരുവിനെ ശക്തമായി പിന്തുണച്ച് ശിഷ്യന്‍ രംഗത്തെത്തിയിരുന്നു. വളരെ ഗംഭീരമായ കാലയളവായിരുന്നു രാജന്റേതെന്നും എന്നിരുന്നാലും അദ്ദേഹം ഘട്ടംഘട്ടമായി പുറത്താക്കപ്പെട്ടുവെന്നുമാണ് കൃഷ്ണമൂര്‍ത്തി പറഞ്ഞത്.

നോട്ട് അസാധുവാക്കലടക്കം മോദി സര്‍ക്കാര്‍ സാമ്പത്തിക രംഗത്ത് കൊണ്ടുവന്ന ഘടനാപരമായ മാറ്റങ്ങളെ വിവവകരമെന്നാണ് കൃഷ്ണ മൂര്‍ത്തി നേരത്തെ വിശേഷിപ്പിച്ചിരുന്നത്. ഉന്നത വരുമാനം നേടുന്ന രാജ്യത്തെ പകുതി പേരാണ് നോട്ട് അസാധുവാക്കല്‍ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നതെന്നും അല്ലാതെ പാവപ്പെട്ടവരല്ലെന്നുമായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി സത്യരഹിതമായ അവകാശവാദങ്ങള്‍ മുന്നോട്ടു വെക്കുകയാണ് രാഷ്ട്രീയക്കാരെന്ന് പാവപ്പെട്ടവര്‍ കഷ്ടതയനുഭവിക്കുന്നുവെന്ന വാദത്തെ ചോദ്യം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരല്‍ ആചാര്യയ്ക്ക് ഒപ്പം പ്രവര്‍ത്തിച്ചിട്ടുള്ള കൃഷ്ണമൂര്‍ത്തി, 2015 സാമ്പത്തിക സര്‍വേ തയാറാക്കുന്നതില്‍ അരവിന്ദ് സുബ്രഹ്മണ്യനേയും സഹായിച്ചിട്ടുണ്ട്. ഹൈദരാബാദിലെ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസിലെ പ്രൊഫസറായ അദ്ദേഹത്തെ മൂന്ന് വര്‍ഷക്കാലത്തേക്കാണ് സാമ്പത്തിക ഉപദേഷ്ടാവിന്റെ സ്ഥാനത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്. ബാങ്കിംഗ്, സാമ്പത്തിക നയങ്ങള്‍ കോര്‍പ്പറേറ്റ് ഭരണം എന്നിവയില്‍ വിദഗ്ധനാണ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍.

ഐഐടി കാണ്‍പൂര്‍, ഐഐഎം കല്‍ക്കട്ട എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം സെബിയില്‍ കോര്‍പ്പറേറ്റ് ഗവേണന്‍സ് വിദഗ്ധ സമിതിയുടെയും ആര്‍ബിഐയില്‍ ‘ഗവേണന്‍സ് ഓഫ് ബാങ്ക്‌സ്’ വിദഗ്ധ സമിതിയിലും അംഗമായിരുന്നു. ബന്ധന്‍ ബാങ്ക്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്ക് മാനേജ്‌മെന്റ്, ആര്‍ബിഐ അക്കാദമി എന്നിവയുടെ ബോര്‍ഡ് അംഗമാണ്.

Comments

comments

Categories: Current Affairs, Slider