ചിറക് വിരിച്ച് കിയാല്‍…

ചിറക് വിരിച്ച് കിയാല്‍…

സിയാല്‍ പോലെ കേരളത്തിന്റെ വികസന ചരിത്രത്തില്‍ പുതിയ അളവുകോല്‍ സൃഷ്ടിക്കാന്‍ കിയാലിനും കഴിയും. ലാഭകരമായ വിമാനത്താവള നടത്തിപ്പില്‍ പുതിയ മാതൃക കേരളത്തിന് ഒരിക്കല്‍ കൂടി സൃഷ്ടിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയോടെയാണ് കിയാല്‍ പ്രവര്‍ത്തനക്ഷമമാകുന്നത്

കേരളത്തിലെ നാലാമത് അന്താരാഷ്ട്ര വിമാനത്താവളമാണ് കണ്ണൂരില്‍ യാഥാര്‍ത്ഥ്യമാകുന്നത്. 1999 ജൂണ്‍ 10ന് തുറന്ന കൊച്ചി രാജ്യാന്തര വിമാനത്താവളം(സിയാല്‍) ഏവിയേഷന്‍ രംഗത്ത് തീര്‍ത്തത് പുതുവിപ്ലവമായിരുന്നു. ലാഭക്ഷമതയുടെ കാര്യത്തിലും വിമാനത്താവളനടത്തിപ്പിന്റെ കാര്യത്തിലും ഊര്‍ജ്ജോപയോഗത്തിന്റെ കാര്യത്തിലുമെല്ലാം വേറിട്ട രീതികള്‍ ആവിഷ്‌കരിച്ചു സിയാല്‍. പ്രകൃതി സൗഹൃദ നയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനുള്ള അംഗീകാരമെന്ന നിലയില്‍ ഐക്യരാഷ്ട്രസഭയുടെ പരമോന്നത പരിസ്ഥിതി പുരസ്‌കാരവും ലഭിച്ചു കേരളത്തിന്റെ അഭിമാനമായി മാറിയ ഈ വിമാനത്താവളത്തിന്. പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ ഒരു വമ്പന്‍ അടിസ്ഥാനസൗകര്യ പദ്ധതിക്ക് എങ്ങനെ മികച്ച വിജയം കൈവരിക്കാമെന്നതിനും കേസ് സ്റ്റഡിയായി മാറിയ സംരംഭമെന്ന് തന്നെ വിശേഷിപ്പിക്കാം സിയാലിനെ.
പൊതുമേഖല-സ്വകാര്യമേഖല പങ്കാളിത്തത്തോടെ ഇന്ത്യയില്‍ തുടങ്ങിയ ആദ്യത്തെ വിമാനത്താവളമായിരുന്നു എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന സിയാല്‍. ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ സോളാര്‍ വിമാനത്താവളമെന്ന ഖ്യാതി നേടാനും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സാധിച്ചിട്ടുണ്ട്.

ഇന്ന് പ്രവര്‍ത്തനമാരംഭിക്കുന്ന കിയാലും (കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം) പുതിയ പ്രതീക്ഷകളാണ് കേരളത്തിനും വ്യോമയാനരംഗത്തിനും നല്‍കുന്നത്. മലബാര്‍ മേഖലയുടെ വികസനക്കുതിപ്പിന്റെ ഭാഗമായി മാത്രമല്ല ഇത് മാറുക, മറിച്ച് കേരളത്തിന്റെ വ്യോമയാന കുതിപ്പിന്റെ അടയാളം കൂടിയായി ഈ വിമാനത്താവളം രേഖപ്പെടുത്തപ്പെടും. ടെക്‌നോളജിയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിയാണ് കിയാലിന്റെ പ്രവര്‍ത്തനമെന്നത് ശ്രദ്ധേയമാണ്.

സിയാലിനെ പോലെ കിയാലും പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ തന്നെയാണ് നിലവില്‍ വരുന്നത്. പ്രൊഫഷണല്‍ രീതിയില്‍ നടത്തിക്കൊണ്ടുപോയാല്‍ സിയാലിനെ പോലെ ലോകത്തിന്റെ സവിശേഷ ശ്രദ്ധ പിടിച്ചു പറ്റാന്‍ സാധിക്കുന്ന അടിസ്ഥാനസൗകര്യ പദ്ധതിയായി മാറാന്‍ കിയാലിനും സാധിക്കും.

ഏകദേശം 6,700 ഓഹരിയുടമകളാണ് കിയാലിലുള്ളത്. പെട്രോളിയം കമ്പനികളും ബാങ്കുകളും വ്യക്തികളുമെല്ലാം ഇതില്‍ പെടും. പ്രതിവര്‍ഷം 200-250 കോടി രൂപയുടെയെങ്കിലും ചെലവ് വരും വിമാനത്താവളവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കെന്നാണ് കണക്കുകള്‍. എന്നാല്‍ ഇത്രയും വലിയൊരു പദ്ധതി ഉടന്‍ തന്നെ ലാഭത്തിലാകുമെന്ന് പ്രതീക്ഷിച്ചിട്ട് കാര്യമില്ല. വ്യോമയാനരംഗത്തു നിന്ന് മാത്രം ലാഭം നേടുകയെന്നത് ഏറെ ശ്രമകരമായ ദൗത്യമാണ് താനും. സാമ്പത്തിക വൈവിധ്യവല്‍ക്കരണ പദ്ധതികളിലൂടെ ലാഭം നേടാനുള്ള ശ്രമമാണ് എയര്‍പോര്‍ട്ട് കമ്പനി നടത്തേണ്ടത്. വ്യോമയാന ഇതര രംഗങ്ങളില്‍ നിന്ന് വരുമാനം കണ്ടെത്താനുള്ള നൂതനാത്മകമായ പദ്ധതികളാണ് പ്രാവര്‍ത്തികമാക്കേണ്ടത്. വ്യോമയാനത്തിന് പുറമെനിന്നുള്ള വരുമാനം വര്‍ധിപ്പിക്കുന്നതിന് എയര്‍പോര്‍ട്ട് കമ്പനി തീരുമാനമെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. മൊത്തം വരുമാനത്തിന്റെ പകുതിയിലധികം വ്യോമയാന ഇതര മേഖലകളില്‍ നിന്ന് കൊണ്ടുവരാന്‍ സാധിക്കുന്ന തരത്തിലേക്ക് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എത്തണം. സംരംഭകലോകത്തെ സജീവമായി പങ്കെടുപ്പിച്ചുകൊണ്ട് അതിനുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന് നടത്താവുന്നതാണ്. കണ്ണൂരിന്റെ മൊത്തം വികസനമാതൃകയില്‍ തന്നെ അത് മാറ്റങ്ങള്‍ വരുത്തും.

Comments

comments

Categories: Editorial, Slider