ഹുവാവെ ഉപമേധാവിയുടെ അറസ്റ്റ് :ടെക്‌നോളജി ലോകത്തെ ശീതയുദ്ധം

ഹുവാവെ ഉപമേധാവിയുടെ അറസ്റ്റ് :ടെക്‌നോളജി ലോകത്തെ ശീതയുദ്ധം

വ്യാപാരയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യുഎസും ചൈനയും തമ്മിലുള്ള ബന്ധം ഏറ്റവും മോശം സാഹചര്യത്തിലൂടെ കടന്നുപോവുകയാണ്. ഇതിനിടെയാണു ചൈനീസ് കമ്പനിയായ ഹുവാവെയുടെ സിഎഫ്ഒ വാന്‍സു മെങിനെ ഈ മാസം ഒന്നിന് കാനഡയിലെ വാന്‍കൂവറില്‍ വച്ച് അറസ്റ്റ് ചെയ്തത്. ഇതാകട്ടെ സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാക്കുകയാണ്. ചൈനീസ് ടെക്‌നോളജി ആഗോളതലത്തില്‍ വ്യാപിക്കുന്നത് തടയിടാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമമാണു വാന്‍സു മെങിന്റെ അറസ്റ്റെന്നു വിശേഷിപ്പിക്കുന്നുണ്ട്. പക്ഷേ, ബീജിംഗുമായി ട്രേഡ് നെഗോഷിയേഷന്‍ നടത്താനുള്ള അവസരമാണ് ഇതിലൂടെ ട്രംപ് നഷ്ടപ്പെടുത്തിയതെന്നും പറയപ്പെടുന്നു. വാന്‍സു മെങിന്റെ അറസ്റ്റ് ഓഹരി വിപണിയെ പരിഭ്രാന്തിയിലാഴ്ത്തിയെന്നു മാത്രമല്ല, ചൈനീസ് ഭരണകൂടത്തിന്റെ ശക്തമായ പ്രതിഷേധം അമേരിക്ക ക്ഷണിച്ചു വരുത്തുകയും ചെയ്തു.

ചൈനയിലെ ഏറ്റവും മഹത്തായ കോര്‍പ്പറേറ്റ് വിജയഗാഥകളിലൊന്നാണു ഹുവാവെ എന്ന ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയുടേത്. പാശ്ചാത്യ എതിരാളികളെ നിലംപരിശാക്കി കൊണ്ട് ആധുനികലോകത്തെ ബന്ധിപ്പിക്കുന്ന ഹാര്‍ഡ്‌വെയറിന്റെ ഏറ്റവും വലിയ വിതരണക്കാരായി മാറിയ മുന്‍നിര ടെക്‌നോളജിയിലെ ഒരു വന്‍ശക്തിയാണ് ഹുവാവെ. ചൈനീസ് ടെലികമ്മ്യൂണിക്കേഷന്‍ ഭീമനായ ഹുവാവെയെ വര്‍ഷങ്ങളായി അമേരിക്ക കാണുന്നത് സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന ഒരു സ്ഥാപനമെന്ന നിലയിലാണ്. ഇപ്പോള്‍ ഹുവാവെയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറും, ഉപമേധാവിയുമായ വാന്‍സു മെങിനെ അറസ്റ്റ് ചെയ്തതിലൂടെ, അമേരിക്ക ഹുവാവെയുടെ നേതൃത്വത്തിനു നേരേ തൊടുത്തുവിട്ടിരിക്കുന്നത് ഒരു സ്‌ട്രെയ്റ്റ് ഷോട്ടാണ് അഥവാ മൂര്‍ദ്ധാവില്‍ കൊടുത്ത ഒരടിയാണ്.

ആഗോളതലത്തില്‍ ടെക്‌നോളജിയുടെ നേതൃത്വം കൈവരിക്കാന്‍ ചൈന ആഗ്രഹിക്കുന്നുണ്ട്. ഈ ആഗ്രഹ പൂര്‍ത്തീകരണത്തിനു ഹുവാവെ സഹായകരമാകുമെന്നും ചൈന കരുതുന്നുണ്ട്. പക്ഷേ, ചൈന ഒഴികെ ലോകത്തെ മറ്റ് രാജ്യങ്ങളെല്ലാം ചാരവൃത്തി നടത്തുന്ന ഒരു കമ്പനിയെന്ന നിലയിലാണു ഹുവാവെയെ കാണുന്നത്. എന്നാല്‍ ബീജിംഗിനു വേണ്ടി ചാരവൃത്തി നടത്തുന്നെന്ന ആരോപണത്തെ ഹുവാവെ നിഷേധിക്കുന്നുണ്ട്. ആദ്യമെല്ലാം, ഹുവാവെയെ അവിശ്വസിച്ചിരുന്നത് യുഎസ് മാത്രമായിരുന്നു. 2012-ല്‍ അമേരിക്കന്‍ നിയമനിര്‍മാണ സമിതിയുടെ റിപ്പോര്‍ട്ടില്‍ സുരക്ഷാപ്രശ്‌നം ഉയര്‍ത്തി കാണിച്ചതിനെ തുടര്‍ന്ന് അമേരിക്കയിലെ ഏറ്റവും വലിയ മൊബൈല്‍ കമ്പനിയായ എടി&ടി ഹുവാവെയുടെ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുകയും ചെയ്തിരുന്നു. ഇതിനു മറുപടിയെന്നോണം ഹുവാവെ മറ്റു സ്ഥലങ്ങളില്‍ ബിസിനസ് വ്യാപിപ്പിക്കാന്‍ ശ്രമിച്ചു. യൂറോപ്പ് പോലെ സമ്പന്നമായ സ്ഥലങ്ങളില്‍ ഹുവാവെ കൈവരിച്ച വിജയം അവരെ ഏറ്റവും വലിയ ടെലികോം ഉപകരണ നിര്‍മാതാവാക്കി മാറ്റി.

അതോടൊപ്പം രണ്ടാം നമ്പര്‍ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുമാക്കി. കഴിഞ്ഞ വര്‍ഷം ഹുവാവെ കൈവരിച്ച വരുമാനം 90 ബില്യന്‍ ഡോളറിലേറെയായിരുന്നു. ഇതിന്റെ കാല്‍ ഭാഗം ലഭിച്ചത് യൂറോപ്പ്, പശ്ചിമേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍നിന്നായിരുന്നു. സാമാന്യം നല്ല രീതിയില്‍ ബിസിനസ് മുന്നേറുമ്പോഴാണു ഹുവാവെയ്ക്ക് ഇപ്പോള്‍ കഷ്ടകാലം ആരംഭിച്ചിരിക്കുന്നത്. ഹുവാവെയ്‌ക്കെതിരേയുള്ള വാഷിംഗ്ടണിന്റെ നിലപാടിനോട് യോജിപ്പ് രേഖപ്പെടുത്തിയിരിക്കുകയാണ് ഭൂരിഭാഗം രാജ്യങ്ങളും. ഇതാകട്ടെ വിപണിയില്‍ ഹുവാവെയുടെ ബിസിനസിനെ ദോഷകരമായി ബാധിക്കുകയും ചെയ്തിരിക്കുന്നു. ഓസ്‌ട്രേലിയ അവരുടെ 5ജി മൊബൈല്‍ നെറ്റ്‌വര്‍ക്കിന് സാങ്കേതികവിദ്യ നല്‍കുന്നതില്‍നിന്നും ഹുവാവെയെ വിലക്കി. ഹുവാവെയുടെ 5ജി ഗിയര്‍ വാങ്ങുന്നതില്‍നിന്നും ന്യൂസിലാന്‍ഡ് അവരുടെ ഒരു മുന്‍നിര മൊബൈല്‍ കമ്പനിയെ കഴിഞ്ഞയാഴ്ച വിലക്കി. 5ജി ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ ഒരുക്കുന്നതില്‍നിന്നും ഹുവാവെയെ ഒഴിവാക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുക്കാനായില്ലെന്ന് ബ്രിട്ടിന്റെ ഇന്റലിജന്‍സ് തലവന്‍ കഴിഞ്ഞ ദിവസം പറയുകയുണ്ടായി. കാനഡയുടെ ഇന്റലിജന്‍സ് തലവനും ഈ അഭിപ്രായം തന്നെയാണ് രേഖപ്പെടുത്തിയത്. ഈയടുത്ത കാലത്ത് കാനഡയിലെയും ബ്രിട്ടനിലെയും മുഖ്യ മൊബൈല്‍ കമ്പനികള്‍ ഹുവാവെയുമായി ചേര്‍ന്ന് 5ജി ഉപകരണങ്ങളുടെ പരീക്ഷണം നടത്തിയിരുന്നു.

വാന്‍സു മെങിന്റെ അറസ്റ്റ് ടെക്‌നോളജിക്കല്‍ ശീതയുദ്ധത്തിലെ പുതിയ അധ്യായം

പാശ്ചാത്യ ചാര ഏജന്‍സികളും, ബീജിംഗും തമ്മിലുള്ള ടെക്‌നോളജിക്കല്‍ കോള്‍ഡ് വാര്‍ അഥവാ സാങ്കേതികവിദ്യാ രംഗത്ത് നടക്കുന്ന ശീതയുദ്ധത്തിലെ പുതിയ അധ്യായമായിട്ടു വേണം ഇപ്പോള്‍ ഹുവാവെയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ വാന്‍സു മെങിന്റെ അറസ്റ്റിനെ കണക്കാക്കാന്‍. ഹുവാവെയെ സംബന്ധിച്ച് ഈ അറസ്റ്റ് ദുരന്തമായിരിക്കുമെന്നാണു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. യുഎസ് ഉപരോധമേര്‍പ്പെടുത്തിയ ഒരു രാജ്യമാണ് ഇറാന്‍. അത്തരമൊരു രാജ്യത്തിലേക്കു ഹുവാവെ ടെലികോം ഉപകരണങ്ങള്‍ വില്‍പ്പന നടത്തിയതാണ് അമേരിക്കയെ ചൊടിപ്പിച്ചത്. ഇതാണ് വാന്‍സു മെങിന്റെ അറസ്റ്റിലേക്ക് നയിച്ച ഘടകം. ഇക്കാര്യം വരും ദിവസങ്ങളില്‍ തെളിഞ്ഞു കഴിഞ്ഞാല്‍ ഹുവാവെയെ ലോകത്തിലെ പ്രമുഖ വിപണിയില്‍നിന്നും നിരോധിക്കാനുള്ള ശ്രമങ്ങളായിരിക്കും അമേരിക്ക നടത്തുകയെന്നും റിപ്പോര്‍ട്ടുണ്ട്.

ഹുവാവെയെ സംശയ നിഴലിലാക്കിയ ഘടകം

1987-ലാണ് റെന്‍ സെങ്ഫായ് ഹുവാവെ എന്ന കമ്പനി ആരംഭിച്ചത്. ചൈനയുടെ ലിബറേഷന്‍ ആര്‍മിയില്‍നിന്നും വിരമിച്ചതിനു ശേഷമാണ് റെന്‍ സെങ്ഫായ് ഹുവാവെ രൂപീകരിച്ചത്. ചൈനീസ് സേനയില്‍ ഐടി വിഭാഗത്തിലായിരുന്നു അദ്ദേഹം സേവമനുഷ്ഠിച്ചിരുന്നത്. ഈയൊരു ഘടകമാണു ഹുവാവെയ്ക്കു പില്‍ക്കാലത്തു ചാരനെന്ന പേര് ചാര്‍ത്തി കൊടുക്കാനിട വരുത്തിയത്. ഇപ്പോള്‍ അറസ്റ്റിലായ ഹുവാവെയുടെ സിഎഫ്ഒയും, ഡപ്യൂട്ടി ചെയര്‍വിമണുമായ വാന്‍സു മെങ്, സ്ഥാപകനും 74-കാരനുമായ റെന്‍ സെങ്ഫായുടെ മകളാണ്. 40-കളുടെ മധ്യത്തില്‍ പ്രായമുള്ള വാന്‍സു, ഹുവാവെയുടെ ഭാവിയിലെ സിഇഒയായിരിക്കുമെന്നു കരുതപ്പെടുന്ന വ്യക്തി കൂടിയാണ്.

Comments

comments

Categories: FK Special, Slider
Tags: huawei