യുബര്‍ ഇന്ത്യയുടെ ബുക്കിംഗ് നിരക്ക് 1.64 ബില്യണ്‍ ഡോളറിലെത്തി

യുബര്‍ ഇന്ത്യയുടെ ബുക്കിംഗ് നിരക്ക് 1.64 ബില്യണ്‍ ഡോളറിലെത്തി

കമ്പനിയുടെ മൊത്തം ബിസിസിലേക്ക് 11 ശതമാനമാണ് ഇന്ത്യന്‍ ബിസിനസിന്റെ സംഭാവന

ന്യൂഡെല്‍ഹി: യുഎസ് കേന്ദ്രമാക്കിയ ആപ്പ് അധിഷ്ഠിത കാബ് സേവനദാതാക്കളായ യുബറിന്റെ ഇന്ത്യയിലെ ബുക്കിംഗ് നിരക്ക് മൂന്നാം പാദത്തില്‍ 1.64 ബില്യണ്‍ ഡോളറിലെത്തിയതായി സിഎന്‍ബിസി റിപ്പോര്‍ട്ട്. ചൈന, റഷ്യ ഉള്‍പ്പെടയുള്ള രാജ്യങ്ങളിലെ ബിസിനസ് വിറ്റശേഷം യുബറിന്റെ ഏഷ്യയിലെ ഒരേയൊരു പ്രധാന വിപണിയാണ് ഇന്ത്യ. കമ്പനിയുടെ മൊത്തം ബിസിസിലേക്ക് 11 ശതമാനമാണ് ഇന്ത്യന്‍ ബിസിനസിന്റെ സംഭാവന.

വേഗത കുറഞ്ഞ ഇന്റര്‍നെറ്റ് സേവനത്തിലും പ്രവര്‍ത്തിക്കുന്ന യുബര്‍ ആപ്പിന്റെ ചെറു പതിപ്പായ യുബര്‍ ലൈറ്റ് അവതരിപ്പിച്ചതിലൂടെ ഇന്ത്യയില്‍ നിന്ന് 1.5 ദശലക്ഷം പുതിയ ഉപഭോക്താക്കളെ കമ്പനിക്ക് നേടാനായെന്നും റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നുണ്ട്. യുബറിന്റെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സേവനമായ യുബര്‍ ഈറ്റ്‌സ് കഴിഞ്ഞ നാലു മാസത്തിനുള്ളില്‍ രാജ്യത്ത് ഏഴുമടങ്ങ് വളര്‍ച്ചയാണ് കൈവരിച്ചത്.

18 മാസത്തിനുള്ളില്‍ ഇന്ത്യന്‍ ഫുഡ് ഡെലിവറി വിപണിയുടെ 20 ശതമാനമാണ് യുബര്‍ ഈറ്റ്‌സ് നേടിയതെന്നും റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നുണ്ട്. ഈ വര്‍ഷം ഇന്ത്യന്‍ റൈഡ് ഷെയറിംഗ് വിപണിയില്‍ നേതൃസ്ഥാനം കരസ്ഥമാക്കികൊണ്ട് യുബര്‍ എക്കാലത്തെയും മികച്ച നിലയിലെത്തുമെന്ന് ഇന്ത്യന്‍ ബിസിനസ് തലവനായി ഇക്കഴിഞ്ഞ ജൂണില്‍ സ്ഥാനമേറ്റ പ്രദീപ് പരമേശ്വരന്‍ പറഞ്ഞു.

മൂന്നാം പാദത്തില്‍ എന്‍ജിനീയറിംഗ് ടീമിനെ ഇരട്ടിയാക്കിയതായും അടുത്ത വര്‍ഷം ബെംഗളൂരു, ഹൈദരാബാദ് കേന്ദ്രങ്ങളെ കേന്ദ്രീകരിച്ച് എന്‍ജിനീയറിംഗ് തൊഴില്‍ ശക്തി വീണ്ടും ഇരട്ടിയായി വര്‍ധിപ്പിക്കാനാണ് പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.

Comments

comments

Categories: FK News, Slider
Tags: Uber

Related Articles