മൊത്തം ബിസിനസിന്റെ പകുതിയിലധികം പേയു നേടുന്നത് ഇന്ത്യയില്‍ നിന്ന്

മൊത്തം ബിസിനസിന്റെ പകുതിയിലധികം പേയു നേടുന്നത് ഇന്ത്യയില്‍ നിന്ന്

പേമെന്റ് ഇടപാടുകളുടെ മൂല്യം 14 ബില്യണ്‍ ഡോളറിന് മുകളില്‍ പോയിട്ടുണ്ട്. ഇതില്‍ പകുതിയും സംഭാവന ചെയ്തത് ഇന്ത്യന്‍ വിപണിയാണെന്നാണ് നാസ്‌പേഴ്‌സിന്റെ അര്‍ധവാര്‍ഷിക സാമ്പത്തിക കണക്കുകള്‍ സൂചിപ്പിക്കുന്നത്

ബെംഗളൂരു: ദക്ഷിണാഫ്രിക്കന്‍ മാധ്യമ ഭീമന്‍ നാസ്‌പേഴ്‌സ് പിന്തുണയ്ക്കുന്ന ഫിന്‍ടെക് കമ്പനിയായ പേയുവിന് ആകെ ബിസിനസിന്റെ പകുതിയിലധികവും നേടികൊടുക്കുന്നത് ഇന്ത്യന്‍ ബിസിനസ് വിഭാഗമായ പേയു ഇന്ത്യയാണെന്ന് കണക്കുകള്‍. നെതര്‍ലന്‍ഡ്‌സ് ആസ്ഥാനമായ പേയുവിന്റെ ഇടപാടുകളുടെ എണ്ണം 35 ശതമാനം വര്‍ധിച്ച് 400 ദശലക്ഷത്തിലധികമായിട്ടുണ്ട്.

പേമെന്റ് ഇടപാടുകളുടെ മൂല്യം 14 ബില്യണ്‍ ഡോളറിന് മുകളില്‍ പോയിട്ടുണ്ട്. ഇതില്‍ പകുതിയും സംഭാവന ചെയ്തത് ഇന്ത്യന്‍ വിപണിയാണെന്നാണ് നാസ്‌പേഴ്‌സിന്റെ അര്‍ധവാര്‍ഷിക സാമ്പത്തിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. പേമെന്റ് ബിസിനസില്‍ നിന്നുള്ള വരുമാനം 36 ശതമാനം വര്‍ധിച്ച് 171 ദശലക്ഷം ഡോളറായിട്ടുണ്ട്. ബിസിനസ് ഗവേഷണ സ്ഥാപനമായ സിറ്റിയുടെ റിപ്പോര്‍ട്ടനുസരിച്ച് 2.5 ബില്യണ്‍ ഡോളറാണ് പേയു ഇന്ത്യയുടെ മൂല്യം.

ഇന്ത്യയില്‍ സ്മാര്‍ട്ട്‌ഫോണുകളുടെ എണ്ണം വര്‍ധിച്ചതും ഇന്റര്‍നെറ്റ് ഉപയോഗം വ്യാപകമായതും ഇ-കൊമേഴ്‌സിന്റെ പ്രചാരവുമാണ് ഇതിനു കാരണമായി ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നത്. ഇന്ത്യയില്‍ ഓണ്‍ലൈന്‍ പേമെന്റ് രംഗം അതിവേഗത്തിലാണ് വളരുന്നത്. ഇതില്‍ ഇ-കൊമേഴ്‌സ് മേഖലയുടെ പങ്കാളിത്തം 12 ശതമാനമാണ്. ഇത് 21 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ പോലെ അതിവേഗത്തില്‍ ഡിജിറ്റല്‍വല്‍ക്കരണം നടക്കുന്ന വളര്‍ന്നു വരുന്ന വിപണികളില്‍ കമ്പനി കൂടുതല്‍ നിക്ഷേപം നടത്തുമെന്ന് സിറ്റി റിസര്‍ച്ച് റിപ്പോര്‍ട്ട് വിലയിരുത്തുന്നുണ്ട്.

ഇ-കൊമേഴ്‌സ് രംഗവുമായി ബന്ധപ്പെട്ട പേയുവിന്റെ പേമെന്റ് ഇടപാടുകളില്‍ വലിയ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നതെന്നും ഇടപാടുകളില്‍ 50 ശതമാനത്തോളമാണ് ഇ-കൊമേഴ്‌സിന്റെ പങ്കാളിത്തമെന്നും പേയു ഇന്ത്യ സിഇഒ അമരീഷ് റാവു പറഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ പേമെന്റ് ബിസിനസില്‍ അതിവേഗത്തിലുള്ള വളര്‍ച്ചയാണുണ്ടായത്.

ലേസിപേ വഴിയുള്ള വായ്പാ സേവന ബിസിനസും വര്‍ധിച്ചിട്ടുണ്ട്. ലേസിപേയുടെ വായ്പാ സേവനങ്ങള്‍ വഴി സമ്പൂര്‍ണമായ ഫിന്‍ടെക് കമ്പനിയാകാനും വരുമാന വളര്‍ച്ച നേടാനുമാണ് പേയു ശ്രമിക്കുന്നത്. ഇന്ത്യയില്‍ നിന്ന് 100 ദശലക്ഷം ഡോളര്‍ വരുമാനം നേടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ മൂന്നു ലക്ഷത്തിലധികം കച്ചവടക്കാര്‍ക്കാണ് പേയു പേമെന്റ് പ്ലാറ്റ്‌ഫോം സൗകര്യം നല്‍കുന്നത്. എയര്‍ലൈന്‍, ഇ-കൊമേഴ്‌സ് മേഖലകളാണ് ഇതില്‍ പ്രധാനപ്പെട്ടവ. കച്ചവടക്കാര്‍ക്ക് പ്രാധാന്യം നല്‍കുന്ന പേയു പോലുള്ള ഡിജിറ്റല്‍ പേമെന്റ് കമ്പനികള്‍ക്ക് വലിയ അവസരങ്ങളാണുള്ളത്. 2020 ആകുന്നതോടെ 500 ബില്യണ്‍ ഡോളറിന്റെ ഡിജിറ്റല്‍ പണമിടപാടുകള്‍ ഇന്ത്യയില്‍ നടക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

Comments

comments

Categories: Business & Economy, Slider
Tags: E Payu