പ്രതിദിനം ശരാശരി മൂന്ന് ബാങ്കുകള്‍ വീതം കൊള്ളയടിക്കപ്പെട്ടു: ആര്‍ബിഐ റിപ്പോര്‍ട്ട്

പ്രതിദിനം ശരാശരി മൂന്ന് ബാങ്കുകള്‍ വീതം കൊള്ളയടിക്കപ്പെട്ടു: ആര്‍ബിഐ റിപ്പോര്‍ട്ട്

ഏറ്റവും കൂടിയ തുക നഷ്ടമായത് ബിഹാറിലെ ബാങ്കുകളില്‍ നിന്ന്

ന്യൂഡെല്‍ഹി: 2015 ഏപ്രില്‍ മുതല്‍ 2018 ജൂണ്‍ വരെയുള്ള കാലയളവില്‍ പ്രതിദിനം ശരാശരി മൂന്ന് ബാങ്കില്‍ വീതം കൊള്ളയടിക്കലുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ( ആര്‍ബിഐ) കണക്ക് വ്യക്തമാക്കുന്നു. ഇക്കാലയളവില്‍ വിവിധ ബാങ്കുകളില്‍ നിന്നായി 168.72 കോടി രൂപ കൊള്ളയടിക്കപ്പെട്ടതായാണ് ആര്‍ബിഐ ഡാറ്റ.

ഇക്കാലയളവില്‍ ബാങ്കുകള്‍ കുത്തിത്തുറന്നുള്ള മോഷണം, കൊള്ള, തട്ടിപ്പ് എന്നിവയുമായി ബന്ധപ്പെട്ട് 3,167 കേസുകളാണ് ബാങ്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ പത്ത് ശതമാനം ബിഹാറിലും 9 ശതമാനം വീതം മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, പശ്ചിമബെംഗാള്‍ എന്നീ സംസ്ഥാനങ്ങളിലുമായാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പഞ്ചാബില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഏഴ് ശതമാനം കേസുകളാണ്. രാജസ്ഥാനില്‍ ആറ് ശതമാനവും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 50 ശതമാനം കേസുകളും ഈ ആറ് സംസ്ഥാനങ്ങളില്‍ നിന്നുമാണ്. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, തമിഴ്‌നാട് എന്നിവടങ്ങളിലെ ബാങ്കുകളില്‍ നിന്നാണ് 87.21 കോടി രൂപ(നഷ്ടപ്പെട്ട തുകയുടെ 51 ശതമാനം) മോഷണം പോയത്.
തട്ടിപ്പ്, കവര്‍ച്ച, മോഷണം തുടങ്ങിയ 332 ഓളം സംഭവങ്ങളില്‍ 8.22 കോടി രൂപയാണ് ബിഹാറിലെ ബാങ്കുകളില്‍ നിന്നും നഷ്ടമായത്. ഉത്തര്‍പ്രദേശില്‍ 293 കേസുകള്‍( 13.87 കോടി) റിപ്പോര്‍ട്ട് ചെയ്തു. പശ്ചിമ ബംഗാളില്‍ 292 കേസുകളും, മഹാരാഷ്ട്രയില്‍ 277 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. യഥാക്രമം 6.43 കോടി രൂപ, 22.29 കോടി രൂപ എന്നിങ്ങനെയാണ് ഈ സംസ്ഥാനങ്ങളിലെ ബാങ്കുകളില്‍ നിന്നും നഷ്ടമായ തുക. ഏറ്റവും കൂടുതല്‍ തുക മോഷണം പോയതില്‍ മഹാരാഷ്ട്രയിലാണ് മുന്നില്‍. ആന്ധ്രപ്രദേശ്( 15.69 കോടി), കര്‍ണാടക( 15.27 കോടി) എന്നിങ്ങനെയാണ് തൊട്ടുപിന്നിലുള്ള സംസ്ഥാനങ്ങള്‍.

10.34 കോടി രൂപയുടെ മോഷണമാണ് തമിഴ്‌നാട്ടില്‍ 79 കേസുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മിസോറാമും പുതുച്ചേരിയുമൊഴികെയുള്ള മറ്റ് സംസ്ഥാനങ്ങളില്‍ നടന്ന മോഷണങ്ങളിലും പണം നഷ്ടപ്പെട്ടിട്ടുണ്ട്. കേരളം, മേഘാലയ, ഗോവ, തെലങ്കാന, നാഗാലാന്‍ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളൊഴികെ മറ്റ് സംസ്ഥാനങ്ങളിലെല്ലാം തന്നെ ഒരു കോടിക്കു മുകളില്‍ പണം കവര്‍ച്ച ചെയ്യപ്പെട്ടു. ഇതേ കാലയളവില്‍ എടിഎം, ഡെബിറ്റ് കാര്‍ഡുകളുമായി ബന്ധപ്പെട്ട് 111.71 കോടി രൂപയുടെ തട്ടിപ്പുകളും റിപ്പോര്‍ട്ട് ചെയ്തു.

Comments

comments

Categories: FK News
Tags: RBI