വായിക്കാം വിജയികളുടെ പ്രിയ പുസ്തകങ്ങള്‍

വായിക്കാം വിജയികളുടെ പ്രിയ പുസ്തകങ്ങള്‍

ആശയങ്ങള്‍ വാക്കുകളാക്കി അടുക്കിവെച്ച് ഭാഷയുടെ കരവിരുതില്‍ നെയ്‌തെടുത്ത അമൂല്യനിധിയാണ് പുസ്തകങ്ങള്‍. പുതുവര്‍ഷം ആഗതമാകുന്ന ഈ വേളയില്‍ പുസ്തകങ്ങളേക്കാള്‍ മികച്ച സമ്മാനം വേറെയൊന്നില്ല. ജീവിതവിജയത്തിനായി പുതിയ ആശയങ്ങള്‍ തിരയുന്ന ആളാണ് നിങ്ങളെങ്കില്‍ ഉന്നത നേതാക്കള്‍, ട്രന്‍ഡ്‌സെറ്റര്‍മാര്‍, മില്യണയര്‍, ബില്യണയര്‍ എന്നിവര്‍ നിര്‍ദ്ദേശിക്കുന്ന പുസ്തകങ്ങള്‍ ഒന്ന് വായിച്ചുനോക്കുക. അവരുടെ ജീവിതത്തെ മാറ്റിമറിച്ച ഒരാശയം ആ പുസ്തകങ്ങളില്‍ എവിടെയെങ്കിലും ഒളിച്ചുകിടപ്പുണ്ടാകും. ബില്‍ഗേറ്റ്‌സ്, ഒപ്ര വിന്‍ഫ്രെ, റീസ് വിതെര്‍സ്പൂണ്‍ തുടങ്ങി ലോകപ്രശസ്തരായ ചിലര്‍ നിങ്ങള്‍ക്കായി നിര്‍ദ്ദേശിക്കുന്ന ചില പുസ്തകങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. എനര്‍ജി ആന്‍ഡ് സിവിലൈസേഷന്‍, ദാറ്റ് ഈസ് വാട്ട് ഷി സെഡ്, സൂപ്പര്‍ മൈന്‍ഡ് തുടങ്ങി ലോകപ്രശസ്ത സംരഭകരും വ്യവസായികളും അഭിനേതാക്കളും നിര്‍ദ്ദേശിക്കുന്ന പത്ത് പുസ്തകങ്ങളാണ് ഇവ…

1. എനര്‍ജി ആന്‍ഡ് സിവിലൈസേഷന്‍
ബില്‍ ഗേറ്റ്‌സ് (നിര്‍ദേശിച്ചത്)

ശാസ്ത്ര, ചരിത്ര പശ്ചാത്തലത്തിലുള്ള എനര്‍ജി ആന്‍ഡ് സിവിലൈസേഷന്‍ എന്ന പുസ്തകം മൈക്രോസോഫ്റ്റ് സ്ഥാപകനും കഴിഞ്ഞ വര്‍ഷം വരെ ലോകത്തിലെ പണക്കാരുടെ പട്ടികയില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തുകയും ചെയ്ത ബില്‍ഗേറ്റ്‌സിന് പ്രിയപ്പെട്ട ഒന്നാണ്. ശാസ്ത്രജ്ഞനായ വതസ്ലാഫ് സ്മീല്‍ ആണ് ഈ പുസ്തകത്തിന്റെ രചയിതാവ്. ചരിത്രത്തെ രാജാക്കന്മാരുടെയും രാജ്ഞിമാരുടെയും കാലഘട്ടങ്ങളിലൂടെ മാത്രം അടയാളപ്പെടുത്തുന്ന പറഞ്ഞുതഴമ്പിച്ച പാതയിലൂടെയല്ല പ്രഫസര്‍ വതസ്ലാഫ് സ്മീല്‍ സഞ്ചരിക്കുന്നത്. ഗുഹാകാലഘട്ടത്തില്‍ നിന്നും ആധുനിക സാംസ്‌കാരിക സാമൂഹിക പുരോഗതിയുടെ കാലഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ മനുഷ്യന്‍ എങ്ങനെയാണ് ഊര്‍ജ്ജത്തെ കൈകാര്യം ചെയ്തത് എന്നതാണ് ഈ പുസ്തകം വായനക്കാരന് പറഞ്ഞുകൊടുക്കുന്നത്. കാര്‍ഷികയുഗത്തിന് മുമ്പ് അലഞ്ഞുനടന്നിരുന്ന ഒരു സമൂഹത്തിന്റെ കാലം തൊട്ട് ഫോസില്‍ ഇന്ധനത്തെ ആശ്രയിച്ച് കഴിയുന്ന ഇന്നത്തെ സംസ്‌കാരം വരെയുള്ള ഊര്‍ജത്തിന്റെ ഗതിവിശകലനമാണ് വതസ്ലാഫ് സ്മീല്‍ നടത്തിയിരിക്കുന്നത്.

കാര്‍ബണ്‍ നാച്ചുറല്‍ ലിക്വിഡ് ഫ്യൂവലില്‍ നിന്നും ഊര്‍ജ ഉത്പാദന, സംഭരണ, വിതരണ മേഖലകളില്‍ വരുംതലമുറ സാക്ഷ്യം വഹിക്കാന്‍ പോകുന്ന വന്‍ മാറ്റങ്ങളെ കുറിച്ചുള്ള ശുഭകരമായ വസ്തുതകള്‍ പുസ്തകം അനാവരണം ചെയ്യുന്നുവെന്ന് ബില്‍ഗേറ്റ്‌സ് പറയുന്നു. അടുത്ത സ്റ്റാര്‍വാര്‍ സിനിമകള്‍ക്കായി ആരാധകര്‍ കാത്തിരിക്കുന്ന ആവേശത്തോടെയാണ് വതസ്ലാഫ് സ്മീലിന്റെ പുസ്തകങ്ങള്‍ക്കായി താന്‍ കാത്തിരിക്കുന്നതെന്ന് ബില്‍ഗേറ്റ്‌സ് പറയുന്നു. ചരിത്രമെന്ന ബൃഹത് സംഹിതയെ ഉള്‍ക്കൊള്ളാനും അതിലെ എല്ലാ വിശദാംശങ്ങളെയും സൂക്ഷ്മത ചോരാതെ അവതരിപ്പിക്കാനുള്ള സ്മീലിന്റെ കഴിവിനെ ബില്‍ ഗേറ്റ്‌സ് പുകഴ്ത്തുന്നു.

2. ദ സണ്‍ ഡസ് ഷൈന്‍ ഹൗ ഐ ഫൗണ്ട് ലൈഫ് ആന്‍ഡ് ഫ്രീഡം ഓണ്‍ ഡെത്ത് റൊ
ഒപ്ര വിന്‍ഫ്രെ (നിര്‍ദേശിച്ചത്)

ദ സണ്‍ ഡസ് ഷൈന്‍ ഹൗ ഐ ഫൗണ്ട് ലൈഫ് ആന്‍ഡ് ഫ്രീഡം ഓണ്‍ ഡെത്ത് റൊ എന്ന പുസ്തകം അമേരിക്കന്‍ മീഡിയ എക്‌സിക്യുട്ടീവും നടിയും അവതാരകയും മനുഷ്യസ്‌നേഹിയുമായ ഒപ്ര വിന്‍ഫ്രെയ്ക്ക് ഏറെ പ്രചോദനം നല്‍കിയ പുസ്തകമാണ്. തെറ്റ് ചെയ്യാതെ 28 വര്‍ഷം ശിക്ഷ അനുഭവിച്ച് ഒടുവില്‍ സത്യം തെളിയിക്കപ്പെട്ട് ജയില്‍ മോചിതനായ അന്റണി റെ ഹിന്‍ഡണ്‍ എന്ന കറുത്ത വര്‍ഗ്ഗക്കാരന്റെ ഓര്‍മ്മക്കുറിപ്പാണ് ഈ പുസ്തകം. 29ാം വയസിലാണ് അലബാമയിലെ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആന്റണി വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നു. എങ്ങനെയാണ് താന്‍ തെറ്റുകാരനായി മുദ്ര കുത്തപ്പെട്ടതെന്നും 28 വര്‍ഷങ്ങള്‍ക്ക് ശേഷം എങ്ങനെ രക്ഷപ്പെട്ടുവെന്നുമുള്ള കഥയാണ് പുസ്തകത്തിലൂടെ ആന്റണി റേ ഹിന്‍ഡണ്‍ വായനക്കാരോട് പറയുന്നത്.
പുസ്തകത്തെ കുറിച്ച് ഒപ്ര വിന്‍ഡി

ഓര്‍മ്മക്കുറിപ്പുകള്‍ക്ക് അധികം ഇടം നല്‍കാത്ത തന്റെ പുസ്തകശേഖരത്തിലെ ഏറ്റവും പ്രിയപ്പെട്ട ഓര്‍മ്മക്കുറിപ്പാണ് ഈ ഹിന്‍ഡണ്‍റെ ഈ അനുഭവകഥയെന്ന് ഒപ്ര വിന്‍ഫ്രെ പറയുന്നു. ഒരു ഇതിഹാസ നോവല്‍ പോലെയാണ് തനിക്ക് ഈ പുസ്തകം അനുഭവപ്പെട്ടത്. 28 വര്‍ഷക്കാലം തെറ്റായി വിചാരണ ചെയ്യപ്പെട്ട് ജയിലില്‍ കഴിഞ്ഞത് നാം തന്നെയാണെന്ന തോന്നലാണ് പുസ്തകം വായനക്കാരനില്‍ ജനിപ്പിക്കുന്നത്. വളരെ പ്രഗത്ഭനായ കഥാകാരനാണ് ഹിന്‍ഡണെന്നും അവിശ്വസിനീയ, നാടകീയ മുഹൂര്‍ത്തങ്ങളിലൂടെയാണ് ഈ യഥാര്‍ത്ഥകഥയെ അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നതെന്നും വിന്‍ഫ്രെ പറയുന്നു.

3. ദാറ്റ് ഈസ് വാട്ട് ഷി സെഡ്
മാര്‍ക് ക്യുബന്‍ (നിര്‍ദേശിച്ചത്)

അമേരിക്കന്‍ ബിസിനസുകാരനും നിക്ഷേപകനുമായ മാര്‍ക് ക്യൂബന് ലിംഗനീതിയെ പറ്റി ഉള്‍ക്കാഴ്ച നല്‍കിയ പുസ്തകമാണ് ദാറ്റ് ഈസ് വാട്ട് ഷി സെഡ്: വാട്ട് മെന്‍ നീഡ് ടു നൊ(ആന്‍ഡ് വുമണ്‍ നീഡ് ടു ടെല്‍ ദെം) എബൗട്ട് വര്‍ക്കിംഗ് ടുഗെതര്‍. യുഎസ്എ ടുഡേയുടെ മുഖ്യ പത്രാധിപരായിരുന്ന ജൊയാന്‍ ലിപ്മാന്‍ എഴുതിയ ഈ പുസ്തകത്തില്‍ ജോലിസ്ഥലങ്ങളില്‍ നിലനില്‍ക്കുന്ന ലിംഗ അസമത്വങ്ങളെ കുറിച്ചും അവയ്ക്കുള്ള പ്രതിവിധികളെ കുറിച്ചും പറയുന്നു. വിവിധ കോര്‍പ്പറേറ്റ് ഇടങ്ങളില്‍ നിന്നുള്ള അനുഭവകഥകളും അടുത്തിടെ നടന്ന പഠനങ്ങളും സ്വന്തം അനുഭവത്തിലുള്ള കഥകളും ഉള്‍ക്കൊള്ളിച്ചിരിക്കുന്ന പുസ്തകം സ്ത്രീശാക്തീകരണത്തിലേക്കുള്ള വഴികാട്ടിയാണ്.

ജോലിസ്ഥലങ്ങളിലെ പ്രശ്‌നങ്ങളെ കുറിച്ചും ആശയവിനിമയ വെല്ലുവിളികളെ കുറിച്ചും ഏതൊരാള്‍ക്കും ഉള്‍ക്കാഴ്ച നല്‍കുന്ന പുസ്തകമാണിതെന്ന് ബിസിനസ് ലീഡറായ മാര്‍ക് ക്യൂബന്‍ പറയുന്നു. ഈ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരനിര്‍ദ്ദേശങ്ങളും പുസ്തകത്തിലുണ്ട്. എല്ലാവരെയും തുല്യമായി പരിഗണിക്കുക എന്നത് കൊണ്ട് എല്ലാവരെയും ഒരേപോലെ പരിഗണിക്കുക എന്ന് അര്‍ത്ഥമാക്കുന്നില്ല എന്നതാണ് ഈ പുസ്തകത്തില്‍ നിന്ന് താന്‍ പഠിച്ച ഏറ്റവും വലിയ കാര്യമെന്നും അദ്ദേഹം പറയുന്നു.

4. സൂപ്പര്‍ മൈന്‍ഡ്
റെ ഡലിയോ (നിര്‍ദേശിച്ചത്)

ധ്യാനത്തെ കുറിച്ച് പ്രതിപാദിക്കുന്ന സൂപ്പര്‍മൈന്‍ഡ് എന്ന ഈ പുസ്തകം ബ്രിഡ്ജ് വാട്ടര്‍ അസോസിയേറ്റ്‌സ് സ്ഥാപകനും ഹെഡ്ജ് ഫണ്ട് മാനേജറും ബില്യണയറുമായ റെയ്മണ്ട് ഡലിയോയുടെ പ്രിയപ്പെട്ട പുസ്തകമാണ്. ദക്ഷിണാഫ്രിക്കന്‍ എഴുത്തുകാരനും നാര്‍മാന്‍ മനശാസ്ത്ര ഗവേഷകനും ശാസ്ത്രജ്ഞനുമായ നോര്‍മാന്‍ ഇ റൊസെന്‍താലിന്റെ പുസ്തകമാണിത്. ദിവസേനയുള്ള അതീന്ദ്രിയ ധ്യാനത്തിലൂടെ ശാരീരിക, മാനസിക, ബൗദ്ധിക ശേഷികളെ ഔന്നത്യത്തിലെത്തിച്ചുകൊണ്ട് ഒരു വ്യക്തിക്ക് എങ്ങനെ അയാളുടെ കഴിവുകളുടെ പരമാവധിയില്‍ നിന്നുകൊണ്ട് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന് പുസ്തകത്തില്‍ വിശദീകരിക്കുന്നു.

ധ്യാനത്തില്‍ ആശ്വാസം കണ്ടെത്തിയ റെ ഡലിയോ എന്തുകൊണ്ടാണ് സൂപ്പര്‍മൈന്‍ഡെന്ന ഈ പുസ്തകം തന്റെ പ്രിയപ്പെട്ടതായതെന്ന് പറയുന്നതിങ്ങനെ. 1969 മുതല്‍ ദിവസവും ധ്യാനത്തിലേര്‍പ്പെടുന്ന റേ അതീന്ദ്രിയധ്യാനം യുദ്ധത്തിന്റെ നടുവില്‍ പെട്ട ഒളിപ്പോരാളിയുടെ അനുഭവമാണ് തനിക്ക് നല്‍കുന്നതെന്ന് പറയുന്നു. സമചിത്തതയും കേന്ദ്രീകൃതയും സമാധാനവും നല്‍കുന്ന ഒന്നാണ് ധ്യാനമെന്നതിനാല്‍ വികാരങ്ങള്‍ക്ക് അടിമപ്പെട്ടുപോകാതെ കാര്യങ്ങളില്‍ ഇടപെടാന്‍ അത് ധൈര്യം നല്‍കും. അതീന്ദ്രിയധ്യാനത്തെ കുറിച്ചുള്ള കൂടുതല്‍ അറിവ് നല്‍കുന്ന പുസ്തകമാണ് സൂപ്പര്‍മൈന്‍ഡ്.

5. നെക്സ്റ്റ് ഇയര്‍ ഇന്‍ ഹവാന
റീസ് വിതെര്‍സ്പൂണ്‍ (നിര്‍ദേശിച്ചത്)

പുസ്തകം എഴുത്തുകാരന്‍ ചാനല്‍ ക്ലീറ്റണ്‍
നിര്‍ദ്ദേശകന്‍ റീസ് വിതെര്‍സ്പൂണ്‍

അമേരിക്കന്‍ നടിയും നിര്‍മ്മാതാവും സംരഭകയുമായ ലോറ ജീന്‍ റീസ് വിതെര്‍സ്പൂണിന് ഏറെ ഇഷ്ടപ്പെട്ട പുസ്തകമാണ് നെക്സ്റ്റ് ഇയര്‍ ഇന്‍ ഹവാന. അമേരിക്കന്‍ എഴുത്തുകാരിയായ ചാനല്‍ ക്ലീറ്റണിന്റെ ഈ പുസ്തകത്തില്‍ ക്യൂബന്‍ അമേരിക്കന്‍ വനിതയായ മരിസോളിന്റെ കഥ പറയുന്നു. ഒരു ചരിത്രപ്രണയ കഥയായ നെക്സ്റ്റ് ഇയര്‍ ഇന്‍ ഹവാനയില്‍ മിയാമിയില്‍ നിന്നും മുത്തശ്ശിയുടെ മാതൃരാജ്യമായ ക്യൂബയിലേക്ക് പോകുന്ന മരിസോള്‍ ആറ് ദശകമായി മൂടിവെക്കപ്പെട്ട ഒരു രഹസ്യം മനസിലാക്കുന്നു.

ഒരു സ്ത്രീയുടെ കഥ പറയുന്നു എന്നതിനാലും നല്ലൊരു പ്രണയകഥയാണ് എന്നതിനാലുമാണ് ഈ പുസ്തകം തന്റെ പ്രിയപ്പെട്ടതായി മാറുന്നതെന്ന് റീസ് പറയുന്നു. ഒളിഞ്ഞുകിടക്കുന്ന കുടുംബ രഹസ്യങ്ങളും അഭിനിവേശങ്ങളും ധൈര്യവും ത്യാഗവുമൊക്കെയാണ് ഈ കഥ. എല്ലാത്തിനുമുപരിയായി പ്രണയമാണ് ഈ പുസ്തകത്തിന്റെ ഇതിവൃത്തം.

6. ന്യൂ പവര്‍
റിച്ചാര്‍ഡ് ബ്രാന്‍സണ്‍ (നിര്‍ദേശിച്ചത്)

വിര്‍ജിന്‍ ഗ്രൂപ്പ് സ്ഥാപകനും വ്യവസായിയും എഴുത്തുകാരനും മനുഷ്യസ്‌നേഹിയും ബില്യണയറുമായ സര്‍ റിച്ചാര്‍ഡ് ചാള്‍സ് നിക്കോളാസ് ബ്രാന്‍സണിന് വളരെ ഇഷ്ടപ്പെട്ട പുസ്തകമാണ് ന്യൂ പവര്‍. ഇന്റെര്‍നെറ്റ് യുഗമായ 21ാം നൂറ്റാണ്ടിനെ പാകപ്പെടുത്തുന്ന ശക്തികളെ കുറിച്ചും രാഷ്ട്രീയ, സാമൂഹിക, ബിസിനസ് രംഗങ്ങളില്‍ അവയുണ്ടാക്കുന്ന സ്വാധീനത്തെ കുറിച്ചും പറയുന്ന പുസ്തകമാണ് പര്‍പ്പസ് സംഘടന സ്ഥാപകനും സിഇഒയുമായ ജെറെമി ഹീമാന്‍സും ഹെന്റി ടിംസും ഒരുമിച്ച് എഴുതിയ ന്യൂ പവര്‍.

ലോകം എങ്ങനെ മാറുന്നു എന്നറിയാന്‍ ശ്രമിക്കുന്നവര്‍ക്ക് താന്‍ ഈ പുസ്തകം നിര്‍ദ്ദേശിക്കുകയാണെന്ന് ബ്രാന്‍സണ്‍ പറയുന്നു. യഥാര്‍ത്ഥത്തില്‍ നമുക്ക് ചുറ്റും നടക്കുന്നത് എന്താണെന്നും അതിലൂടെ എങ്ങനെ നമ്മുടെ വഴി തെരഞ്ഞെടുക്കാമെന്നുമുള്ള സൂചനകളും പുസ്തകം നല്‍കുന്നു.

7. മില്‍ക്ക് ആന്‍ഡ് ഹണി
എമ്മ വാട്‌സണ്‍ (നിര്‍ദേശിച്ചത്)

ഇന്ത്യന്‍ വംശജയായ കവയത്രിയും എഴുത്തുകാരിയും അവതാരകയുമായ രൂപി കൗര്‍ സ്വയം പ്രസിദ്ധീകരിച്ച മില്‍ക്ക് ആന്‍ഡ് ഹണി എന്ന പുസ്തകം ഇംഗ്ലീഷ് നടിയും മോഡലും സാമൂഹ്യ പ്രവര്‍ത്തകയുമായ എമ്മ വാട്‌സണ് ഏറെ ഇഷ്ടമുള്ള പുസ്തകമാണ്. ഈ പുസ്തകത്തിന്റെ മില്യണ്‍ കണക്കിന് കോപ്പികളാണ് ലോകത്താകമാനം വിറ്റഴിക്കപ്പെട്ടത്. പദ്യവും ഗദ്യവും കൂടിക്കലര്‍ന്ന ഈ സമാഹാരം അതിജീവനം, കലാപം, പീഡനം, പ്രണയം, നഷ്ടം എന്നീ വികാരങ്ങള്‍ വിഷയമാക്കിയിരിക്കുന്നു.

വിഷയങ്ങളില്‍ എഴുത്തുകാരി പ്രകടമാക്കുന്ന തന്റേടം പുസ്തകത്തിന് ഫെമിനിസ്റ്റ് ഛായ നല്‍കുന്നുവെന്ന് എമ്മ പറയുന്നു. സാധാരണയായി കവിതകള്‍ വായിക്കാന്‍ ആഴ്ചകളെടുക്കുന്ന തനിക്ക് അര്‍ത്ഥശങ്ക നല്‍കാത്ത പദപ്രയോഗത്തിലൂടെ രൂപി സുഖമുള്ള വായനാനുഭവം നല്‍കി. പുസ്തകത്തിലൂടെ രൂപി പ്രകടമാക്കുന്ന നേതൃത്വവും അവതരണവും ഉദാരവും അതേസമയം ധീരവുമാണ്. സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കുന്ന രീതിയില്‍ ഒരു കലാസൃഷ്ടി രചിച്ചു എന്നതില്‍ താന്‍ രൂപിയോട് എന്നും കടപ്പെട്ടിരിക്കുന്നുവെന്നും ഈ വിഷയത്തില്‍ ഒരു ചുവട് കൂടി മുന്നോട്ട് വെക്കാന്‍ പുസ്തകം തന്നെ സഹായിച്ചുവെന്നും പുതിയൊരു ഭാഷ്യം തന്നെ പുസ്തകത്തിലൂടെ ലഭിച്ചുവെന്നും എമ്മ പറയുന്നു.

8. ഷി വുഡ് ബി കിങ്
സാറ ജെസിക്ക പാര്‍ക്കര്‍ (നിര്‍ദേശിച്ചത്)

ഫിക്ഷന്‍ പ്രേമികള്‍ക്കായി പ്രശസ്ത അമേരിക്കന്‍ നടിയും നിര്‍മ്മാതാവും ഡിസൈനറുമായ സാറ ജെസിക്ക പാര്‍ക്കര്‍ നിര്‍ദ്ദേശിക്കുന്ന പുസ്തകമാണ് ഷി വുഡ് ബി കിങ്. സാക്ഷരത കുറഞ്ഞ രാഷ്ട്രങ്ങളിലെ കുട്ടികള്‍ക്കിടയില്‍ വായനാനിലവാരം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന വണ്‍ മൂര്‍ ബുക്കിന്റെ സ്ഥാപകയായ വെയ്തു മൂര്‍ രചിച്ച പുസ്തകമാണിത്. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയയുടെ ആദ്യകാലം ചരിത്രത്തിലൂടെയും മാജിക്കല്‍ റിയലിസത്തിലൂടെയും പുനരവതിരിപ്പിക്കുന്ന പുസ്തകമാണ് ഷി വുഡ് ബി എ കിങ്. ഈ കഥയിലെ മൂന്ന് പ്രധാന കഥാപാത്രങ്ങള്‍ക്ക് പ്രത്യേക കഴിവുകളും ശക്തികളും കല്‍പ്പിക്കപ്പെടുന്നു. രാജ്യത്തെ ഗോത്രവിഭാഗവും ആഫ്രിക്കന്‍ അമേരിക്കന്‍ ജനവിഭാഗവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇവര്‍ ഈ കഴിവുകള്‍ പ്രയോജനപ്പെടുത്തുന്നു.

സാധാരണമായ ഭൗതിക മനുഷ്യാനുഭവങ്ങള്‍ക്കപ്പുറത്തുള്ള മാറ്റത്തിന് വിധേയമാകുന്ന മനുഷ്യത്വത്തെ വളരെ ഭംഗിയായി പുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നുവെന്ന് സാറ പറയുന്നു. സംഘര്‍ഷം നിറഞ്ഞ ഈ ലോകത്ത് നിന്നും മറ്റൊരു ലോകത്തേക്ക് പുസ്തകം തന്നെ കൂട്ടിക്കൊണ്ട് പോയെന്നും അവിടെ നിന്നും തിരിച്ചുവരാന്‍ ആഗ്രഹിക്കാത്ത വിധത്തിലുള്ള അനുഭവമാണ് പുസ്തകം നല്‍കുന്നതെന്നും സാറ പറയുന്നു.

9. അറ്റ്‌ലസ് ഷ്രഗ്ഡ്
എയിന്‍ റാന്‍ഡ്
കെവിന്‍ ഒലെയറി (നിര്‍ദേശിച്ചത്)

റഷ്യന്‍ അമേരിക്കന്‍ എഴുത്തുകാരനും തത്വചിന്തകനുമായ എയിന്‍ റാന്‍ഡ് രചിച്ച അറ്റ്‌ലസ് ഷ്രഗ്ഡ് ആണ് കനേഡിയന്‍ വ്യവസായിയും ടിവി വ്യക്തിത്വവുമായ കെവിന്‍ ഒലെയറി നിര്‍ദ്ദേശിക്കുന്ന പുസ്തകം.സ്വകാര്യ ബിസിനസുകള്‍ ഗവണ്‍മെന്റിന്റെ പിടിയിലമരുന്ന അരാജകത്വം നിറഞ്ഞ അമേരിക്കയുടെ പശ്ചാത്തലത്തിലുള്ള കഥയാണ് പുസ്തകം പറയുന്നത്. കഥയിലെ നായകന്മാരും വില്ലന്മാരും ബിസിനസുകാരാണ്. മുതലാളിത്ത വ്യവസ്ഥിതിയുടെ അടിസ്ഥാനതത്വങ്ങള്‍ നല്ലതോ ചീത്തതോ എന്ന ചോദ്യമാണ് പുസ്തകം ഉയര്‍ത്തുന്നത്.

തന്റെ വിജയങ്ങളെ ഏറെ സ്വാധീനിച്ച പുസ്തകമാണ് ഇതെന്ന് സംരഭകനായ കെവിന്‍ പറയുന്നു. മുതലാളിത്ത വ്യവസ്ഥിതിലെ ചില കാഴ്ചപ്പാടുകള്‍ വിശ്വസിക്കണോ വേണ്ടയോ എന്ന അവബോധമാണ് പുസ്തകം തരുന്നത്. തന്റെ കാഴ്ചപ്പാടില്‍ മുതലാളിത്തം വെളിച്ചവും സോഷ്യലിസം ഇരുട്ടുമാണെന്നും കെവിന്‍ പറയുന്നു.

Processed with VSCO with a6 preset

10. ദ പവര്‍ ഓഫ് നൗ
ഹുഡ കാറ്റന്‍ (നിര്‍ദേശിച്ചത്)

അധ്യാത്മിക ഗുരുവും പ്രഭാഷകനുമായ എക്ഹാര്‍ത്ത് ടോള്‍ രചിച്ച ദ പവര്‍ ഓഫ് നൗ ആണ് അമേരിക്കന്‍ മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റും ബ്യൂട്ടി ബ്ലോഗറും സംരഭകയുമായ ഹുഡ കാറ്റന്റെ പ്രിയ പുസ്തകം. ജീവിതലക്ഷ്യം നേടിയെടുക്കുന്നതിനായുള്ള ഉയര്‍ത്തെഴുന്നേല്‍പ്പിനെ കുറിച്ച് പറയുന്ന പുസ്തകമാണിത്. ദീര്‍ഘനാളുകളായി മികച്ചരീതിയില്‍ വിറ്റഴിക്കപ്പെടുന്ന പുസ്തമാണ് ദ പവര്‍ ഓഫ് നൗ. മില്യണ്‍ കണക്കിന് ആളുകള്‍ക്ക് ജീവിതത്തില്‍ സമാധാനവും പൂര്‍ണതയും നേടാന്‍ ഈ പുസ്തകം സഹായകമായിട്ടുണ്ട്.

ഹുഡയെ വളരെ സ്വാധീനിച്ച പുസ്തകങ്ങളിലൊന്നാണിത്. എങ്ങനെ ഒരിടത്ത് സന്നിഹിതനാകാം എന്നു മാത്രമല്ല ചിലപ്പോഴൊക്കെ നിശബ്ദമായിരിക്കുന്നതിലെ സാധ്യതയും പുസ്തകം വരച്ചുകാട്ടുന്നു. പലപ്പോഴും പരിസരങ്ങളെ കുറിച്ച് ബോധമില്ലാത്ത വിധം നാം ഓരോ ജോലികളില്‍ മുഴുകിയിരിക്കുകയായിരിക്കും, പക്ഷേ അപ്പോഴും നമ്മുടെ ഉള്ളിലും നമ്മുക്ക് ചുറ്റും മനോഹരങ്ങളായി ചിലത് ഉണ്ടായിരിക്കും. എല്ലാത്തിനെയും അവ ആയിരിക്കുന്ന ആ അവസ്ഥയില്‍ തന്നെ കാണാനും അതേസമയം മനസിനെ നിശബ്ദമാക്കി വെക്കാനുമുള്ള അറിവ് നല്‍കിയത് ഈ പുസ്തകമാണെന്ന് കാറ്റന്‍ പറയുന്നു.

Comments

comments

Categories: Trending
Tags: Books