എണ്ണ ഉല്‍പ്പാദനം നിയന്ത്രിക്കാന്‍ ഒപെക്, ട്രംപിന് തലവേദന

എണ്ണ ഉല്‍പ്പാദനം നിയന്ത്രിക്കാന്‍ ഒപെക്, ട്രംപിന് തലവേദന
  • ഉല്‍പ്പാദനത്തില്‍ എത്രമാത്രം കുറവ് വരുത്തുമെന്ന കാര്യത്തില്‍ വ്യക്തതയില്ല
  • റഷ്യയുടെയും സൗദിയുടെയും തീരുമാനങ്ങള്‍ക്കനുസരിച്ചായിരിക്കും വിപണിയുടെ സ്ഥിരത
  • ട്രംപിന്റെ നിര്‍ദേശങ്ങള്‍ മാനിക്കാതെയുള്ള തീരുമാനം

വിയന്ന: എണ്ണ വിപണിയില്‍ വീണ്ടും വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കുന്ന തീരുമാനവുമായി റഷ്യയും സൗദിയും. എണ്ണ വിലയിലുണ്ടാകുന്ന ചാഞ്ചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ ഉല്‍പ്പാദനം വെട്ടിച്ചുരുക്കാന്‍ ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയില്‍ ചേര്‍ന്ന യോഗത്തില്‍ എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക് തീരുമാനിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാക്കുകള്‍ക്ക് വില കല്‍പ്പിക്കാതെയാണ് ഒപെക് യോഗത്തിന്റെ തീരുമാനം വന്നിരിക്കുന്നത്. ഉല്‍പ്പാദനം കൂട്ടി എണ്ണ വില കുറയ്ക്കണമെന്നതാണ് ട്രംപിന്റെ ആവശ്യം. എന്നാല്‍ ഉല്‍പ്പാദനം നിയന്ത്രിക്കുന്നതിന്റെ പശ്ചാത്തലം വ്യാപിരകളെ ബോധിപ്പിക്കാന്‍ ഒപെക്കിന് സാധിക്കുമോയെന്ന കാര്യത്തില്‍ വിപണി വിദഗ്ധര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. വിപണിയിലേക്ക് കൂടുതല്‍ എണ്ണ എത്തുന്നത് തടയുകയെന്ന ഉദ്ദേശ്യത്തിലാണ് തങ്ങളുടെ നടപടിയെന്നാണ് ഒപെക് പറയുന്നത്.

ഒപെക്കിലെ പ്രധാനിയായ സൗദിയും ഒപെക് ഇതര എണ്ണ ഉല്‍പ്പാദനരാജ്യങ്ങളിലെ പ്രധാനിയായ റഷ്യയുമാണ് വിപണിയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. അതേസമയം ഉല്‍പ്പാദനത്തില്‍ എത്രമാത്രം കുറവ് വരുത്തുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത കൈവന്നിട്ടില്ല.

ദിനംപ്രതി ഒരു മില്ല്യണ്‍ ബാരല്‍ എണ്ണ കുറയ്ക്കാനാണ് ഒപെക് പദ്ധതിയിടുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. ആഗോള എണ്ണ ഉല്‍പ്പാദനത്തിന്റെ ഒരു ശതമാനം വരുമിത്. പേരു വെളിപ്പെടുത്താനാകാത്ത ഒരു ഒപെക് പ്രതിനിധി പറഞ്ഞത് എണ്ണ ഉല്‍പ്പാദനത്തില്‍ ചെറിയ തോതിലുള്ള കുറവ് മാത്രം മിതയെന്നാണ്. ഒപെക് തീരുമാനത്തോട് എണ്ണ വിപണി നെഗറ്റീവായാണ് പ്രതികരിച്ചത്. വാര്‍ത്ത പുറത്തുവന്ന ഉടന്‍ തന്നെ ലണ്ടനില്‍ എണ്ണ വില ബാരലിന് 61.56 ഡോളറായി കുറഞ്ഞു.

വിയന്നയിലെ യോഗം നടന്നുകൊണ്ടിരിക്കുമ്പോള്‍ ട്രംപ് ട്വീറ്റ് ചെയ്തതും ശ്രദ്ധേയമായി. ഉയര്‍ന്ന എണ്ണ വില ലോകം ആഗ്രഹിക്കുന്നില്ലെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റിന്റെ ട്വീറ്റ്. ഒപെക്കിലെ ഏറ്റവും അധികം എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമെന്ന നിലയില്‍ സൗദി അറേബ്യ തന്നെയായിരിക്കും നിയന്ത്രണത്തില്‍ കൂടുതല്‍ കാര്‍ക്കശ്യം പുലര്‍ത്തുക. അന്തിമ കരാറിന് രൂപം കൊടുക്കുന്നതിന് മുമ്പ് മറ്റ് രാജ്യങ്ങള്‍ എണ്ണ ഉല്‍പ്പാദനത്തില്‍ നിയന്ത്രണം വരുത്തുമെന്ന ഉറപ്പ് സൗദി വാങ്ങാനാണ് സാധ്യത.

2014ലെ എണ്ണ വില ഇടിവിന് ശേഷം ഉല്‍പ്പാദനം വെട്ടിച്ചുരുക്കാനുള്ള കരാര്‍ ഒപെക്കും റഷ്യയും പ്രാവര്‍ത്തികമാക്കിയതോടെയാണ് എണ്ണ വിപണി സ്ഥരതയിലേക്ക് തിരിച്ചെത്തിയത്. എന്നാല്‍ ഈ ഒക്‌റ്റോബറിന് ശേഷം എണ്ണ വിലയില്‍ ബാരലിന് ഏകദേശം 20 ഡോളറിന്റെ ഇടിവ് വന്നിരുന്നു. ഇതിനെത്തുടര്‍ന്നാണ് ട്രംപിന്റെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ചും എണ്ണ ഉല്‍പ്പാദന നയിന്ത്രണ കരാര്‍ വീണ്ടും നടപ്പാക്കാന്‍ ഒപെക്കും സഖ്യകക്ഷികളും ശ്രമിക്കുന്നത്.

എണ്ണ ഉല്‍പ്പാദനത്തിലെ വര്‍ധനവും ആവശ്യകതയിലെ കുറവും ആഗോള സാമ്പത്തിക വളര്‍ച്ചയിലെ പ്രതിസന്ധികളും കാരണം എണ്ണ വിലയില്‍ വീണ്ടും ഇടിവ് പ്രകടമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് ഒപെക്കിന്റെ തീരുമാനമെന്നത് ശ്രദ്ധേയമാണ്.

എണ്ണ വിപണി തകര്‍ന്നടിഞ്ഞതിനെ തുടര്‍ന്ന് 2017 ജനുവരിയിലാണ് ഒപെക്കും റഷ്യ ഉള്‍പ്പടെയുള്ള എണ്ണ ഉല്‍പ്പാദകരാജ്യങ്ങളുടെ ഒരു സംഘവും ചേര്‍ന്ന് ഉല്‍പ്പാദനം വെട്ടിച്ചുരുക്കുന്ന കരാര്‍ പ്രാവര്‍ത്തികമാക്കിയത്. ബാരലിന് 100 ഡോളര്‍ എന്ന തലത്തില്‍ നിന്നും 30 ഡോളര്‍ എന്ന തലത്തിലേക്ക് എണ്ണ വില കൂപ്പുകുത്തിയതിനെ തുടര്‍ന്നായിരുന്നു അത്. ഉല്‍പ്പാദനയിന്ത്രണ കരാര്‍ വിജയകരമായി നടപ്പാക്കാന്‍ ഒപെക്കിന് സാധിച്ചതോടെ എണ്ണ വില ഉയരാന്‍ തുടങ്ങി. വിപണി സന്തുലിതാവസ്ഥ കൈവരിക്കുന്ന അവസ്ഥയിലുമെത്തി. ഇതിനെ തുടര്‍ന്നാണ് ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഉല്‍പ്പാദനം പതിയെ കൂട്ടിത്തുടങ്ങാന്‍ ഒപെക് തീരുമാനമെടുത്തത്. സൗദി അറേബ്യയുടെയും റഷ്യയുടെയും സ്വാധീനത്തിന്റെ പുറത്തായിരുന്നു ഇത്.

അതിനുശേഷം ലോകത്തെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദകരായ യുഎസ്, റഷ്യ, സൗദി അറേബ്യ എന്നിവര്‍ ഉല്‍പ്പാദനത്തില്‍ പുതിയ റെക്കോഡുകള്‍ സൃഷ്ടിച്ചു. സൗദി അറേബ്യയുടെ ഊര്‍ജ്ജമന്ത്രി ഖാലിദ് അല്‍ ഫാലിഹിനും ഈ കരാര്‍ വിജയമാക്കുന്നതില്‍ നിര്‍ണായക പങ്കുണ്ടായിരുന്നു. അതേസമയം യുഎസും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധവും പലിശനിരക്കുകളിലെ വര്‍ധനയും വളരുന്ന വിപണികളിലെ കറന്‍സികളുടെ മൂല്യശോഷണവുമെല്ലാം കൂടി ആഗോള സാമ്പത്തിക വളര്‍ച്ചയില്‍ അനിശ്ചിതത്വമുണ്ടാക്കി. സ്വാഭാവികമായും എണ്ണ ആവശ്യകതയിലും ഇടിവുണ്ടായി. ഇതിനെ തുടര്‍ന്നാണ് വീണ്ടും ഉല്‍പ്പാദനിയന്ത്രണം എന്ന നിലപാടിലേക്ക് ഒപെക് എത്തുന്നത്.

റഷ്യയുടെ സംഭാവന

ഒപെക് പ്ലസ് എന്നറിയപ്പെടുന്ന ഗ്രൂപ്പിലെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദക രാജ്യമാണ് റഷ്യ. എന്നാല്‍ പുതിയ കരാര്‍ പ്രാവര്‍ത്തികമാകുന്നതോടെ റഷ്യ ഉല്‍പ്പാദനത്തില്‍ എത്രമാത്രം നിയന്ത്രണം വരുത്തുമെന്ന കാര്യം ഇതുവരെ വ്യക്തമല്ല. കരാറിന്റെ വിജയം അതിനെ കൂടി ആശ്രയിച്ചിരിക്കും.

അനൗദ്യോഗിക വിവരങ്ങള്‍ അനുസരിച്ച് പ്രതിദിനം 300,000 ബാരല്‍ എണ്ണയുടെ കുറവ് റഷ്യ ഉല്‍പ്പാദനത്തില്‍ വരുത്തണമെന്നാണ് സൗദി അറേബ്യ ആഗ്രഹിക്കുന്നത്. എന്നാല്‍ റഷ്യയുടെ നിലപാട് 150,000 ബാരല്‍ കുറവ് വരുത്തിയാല്‍ മതിയെന്നാണ്. ഈ അഭിപ്രായ വ്യത്യാസങ്ങള്‍ കരാറിന് അത്ര ഭീഷണിയായി വരാന്‍ സാധ്യതയില്ലെങ്കിലും പരിഹാരം ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. പ്രത്യേകിച്ചും ആദ്യത്തെ ഉല്‍പ്പാദന നിയന്ത്രണ കരാര്‍ മികച്ച വിജയമാകുന്നതില്‍ റഷ്യ വലിയ പങ്കുവഹിച്ച സ്ഥിതിക്ക്.

റഷ്യന്‍ സര്‍ക്കാര്‍ എന്ത് തീരുമാനമെടുത്താലും അതിന് അനുസരിച്ച് എണ്ണ ഉല്‍പ്പാദനത്തില്‍ കുറവ് വരുത്തുമെന്നാണ് റഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ ഉല്‍പ്പാദകരായ ലുക്ഓയ്ല്‍ പിജെഎസ്‌സി വ്യക്തമാക്കിയത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഉല്‍പ്പാദനനിയന്ത്രണം ആവശ്യമില്ലെന്നും കമ്പനി സിഇഒ വഗിറ്റ് അലെക്‌പെറോവ് പറഞ്ഞു.

ഞാന്‍ ചിന്തിക്കുന്നത് ഇപ്പോള്‍ ഇങ്ങനെ ഒരു തീരുമാനം അനാവസ്യമാണെന്നാണ്. ബ്ലൂംബര്‍ഗിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ബാരലിന് 60 ഡോളര്‍ എന്ന നിരക്കാണ് ഉല്‍പ്പാദകര്‍ക്കും ഉപഭോക്താക്കള്‍ക്കും നല്ലത്. ജനുവരി വരെ ആ നിലയില്‍ പോകുന്നതാണ് ഉചിതം. എണ്ണ ഉല്‍പ്പാദനം നിയന്ത്രിക്കാന്‍ റഷ്യ ഔദ്യോഗികമായി തീരുമാനമെടുത്താല്‍ അത് പൂര്‍ണമായി നടപ്പിലാക്കുന്നതിന് മൂന്നോ നാലോ മാസം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സമാനമായ അഭിപ്രായം അടുത്തിട റഷ്യയുടെ ഊര്‍ജ്ജ മന്ത്രി അലക്‌സാണ്ടര്‍ നൊവാക്കും പങ്കുവച്ചിരുന്നു. 2019ല്‍ വിപണിയില്‍ ആവശ്യത്തിലധികം എണ്ണയെത്തുമെന്ന വാദം തനിക്ക് പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

ഇറാന്‍ മാറ്റി നിര്‍ത്തപ്പെടും

നിലവില്‍ ഇറാന് മേല്‍ അമേരിക്കയുടെ ഉപരോധം പ്രാവര്‍ത്തികമായിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ഉല്‍പ്പാദനത്തിലെ നിയന്ത്രണത്തിന് ഇറാനെ ഒപെക് നിര്‍ബന്ധിച്ചേക്കില്ല. ലിബിയയ്ക്കും നൈജീരിയയ്ക്കും 2016ലെ ഒപെക് കരാറില്‍ നിന്ന് ഇളവ് നല്‍കിയിരുന്നു. ആ രാജ്യത്തെ ആഭ്യന്തര പ്രശ്‌നങ്ങളായിരുന്നു കാരണം. എന്നാല്‍ ഇത്തവണ ഇരുരാജ്യങ്ങളും എണ്ണ ഉല്‍പ്പാദന നിയന്ത്രണ കരാറിന് കീഴില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്.

Comments

comments

Categories: Arabia

Related Articles