ഗിയര്‍ പേഴ്‌സണലൈസ് ചെയ്തുതരാമെന്ന് റോയല്‍ എന്‍ഫീല്‍ഡ്

ഗിയര്‍ പേഴ്‌സണലൈസ് ചെയ്തുതരാമെന്ന് റോയല്‍ എന്‍ഫീല്‍ഡ്

കസ്റ്റമൈസ് ചെയ്ത ഹാഫ് ഫേസ് ഹെല്‍മറ്റുകള്‍ക്ക് 3200 രൂപയായിരിക്കും ഓണ്‍ലൈന്‍ സ്‌റ്റോറിലെ വില

ന്യൂഡെല്‍ഹി : ഹെല്‍മറ്റ് ഉള്‍പ്പെടെയുള്ള ഗിയറുകള്‍ പേഴ്‌സണലൈസ് ചെയ്യാന്‍ റോയല്‍ എന്‍ഫീല്‍ഡ് അവസരമൊരുക്കുന്നു. റൈഡര്‍ ചമയങ്ങള്‍ ഓണ്‍ലൈന്‍ മുഖേന വ്യക്തിപരമാക്കിത്തരാമെന്നാണ് റോയല്‍ എന്‍ഫീല്‍ഡ് അറിയിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡ് ഉടമകള്‍ക്ക് സ്വന്തം ‘വ്യക്തിത്വം’ പ്രകടിപ്പിക്കാന്‍ ഗിയര്‍ പേഴ്‌സണലൈസേഷന്‍ സ്‌കീം വഴി സാധിക്കും. റോയല്‍ എന്‍ഫീല്‍ഡിന്റെ ഓണ്‍ലൈന്‍ സ്‌റ്റോര്‍ സന്ദര്‍ശിച്ച് ഗിയര്‍ കസ്റ്റമൈസ് ചെയ്യാനും ഓര്‍ഡര്‍ ചെയ്യാനുമാണ് സൗകര്യമൊരുക്കുന്നത്.

തുടക്കമെന്ന നിലയില്‍ ഓരോരുത്തര്‍ക്കും ഹെല്‍മറ്റുകള്‍ വ്യക്തിപരമാക്കാം. തല്‍ക്കാലം റോയല്‍ എന്‍ഫീല്‍ഡിന്റെ ഹാഫ് ഫേസ് ഹെല്‍മറ്റുകള്‍ കസ്റ്റമൈസ് ചെയ്യാനും വാങ്ങാനുമാണ് സാധിക്കുക. ഹാഫ് ഫേസ് ഹെല്‍മറ്റ് മോഡലുകളുടെ നിറം, ഡീകാള്‍, വൈസര്‍, ഹെല്‍മറ്റിനകത്തെ ഫാബ്രിക്കിന്റെ നിറം എന്നിവ പേഴ്‌സണലൈസ് ചെയ്യാന്‍ സാധിക്കും. ഹെല്‍മറ്റില്‍ സ്വന്തം ടെക്‌സ്റ്റ് എഴുതിക്കാനുള്ള സൗകര്യവുമുണ്ട്. എന്നാല്‍ ടെക്സ്റ്റ് പതിനാല് അക്ഷരങ്ങളില്‍ അധികമാകാന്‍ പാടില്ല. ഹെല്‍മറ്റിന്റെ ഒരു വശത്താണ് നിങ്ങളുടേതായ ടെക്സ്റ്റ് പതിപ്പിച്ചുതരുന്നത്. ഇതിനായി റോയല്‍ എന്‍ഫീല്‍ഡ് വിവിധങ്ങളായ ഫോണ്ടുകള്‍ ഉപയോഗിക്കും.

കസ്റ്റമൈസ് ചെയ്ത ഹാഫ് ഫേസ് ഹെല്‍മറ്റുകള്‍ക്ക് 3200 രൂപയായിരിക്കും ഓണ്‍ലൈന്‍ സ്‌റ്റോറിലെ വില. കസ്റ്റമൈസ് ചെയ്യാനായി നിങ്ങള്‍ തെരഞ്ഞെടുത്ത ഓപ്ഷനുകള്‍ കൂടിയാലും കുറഞ്ഞാലും വിലയില്‍ മാറ്റം വരില്ല. മറ്റ് ചില ഗിയറുകള്‍ വ്യക്തിപരമാക്കുന്നതിന് കമ്പനി പിന്നീട് അവസരമൊരുക്കും.

Comments

comments

Categories: Auto