വളര്‍ച്ചാ നിഗമനം 7.2ലേക്ക് താഴ്ത്തി ഫിച്ച് റേറ്റിംഗ്‌സ്

വളര്‍ച്ചാ നിഗമനം 7.2ലേക്ക് താഴ്ത്തി ഫിച്ച് റേറ്റിംഗ്‌സ്

വളര്‍ച്ചാ പ്രതീക്ഷകള്‍ താഴ്ത്തി എസ്ബിഐ റിസര്‍ച്ച് റിപ്പോര്‍ട്ടും

ന്യൂഡെല്‍ഹി: നടപ്പുസാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജിഡിപി വളര്‍ച്ച സംബന്ധിച്ച മുന്‍ നിഗമനം ഫിച്ച് റേറ്റിംഗ്‌സ് തിരുത്തി. സെപ്റ്റംബറിലെ അനുമാനമായിരുന്ന 7.8ല്‍ നിന്ന് 7.2 ആയാണ് കുറവു വരുത്തിയിരിക്കുന്നത്. വായ്പ ലഭ്യത കുറഞ്ഞതും ഉയര്‍ന്ന സാമ്പത്തിക ചെലവുകളുമാണ് ജിഡിപി വളര്‍ച്ചയെ ബാധിക്കുന്ന പ്രധാന ഘടകങ്ങളായി റേറ്റിംഗ് ഏജന്‍സി ചൂണ്ടിക്കാണിക്കുന്നത്.
ഇന്നലെ പുറത്തിറക്കിയ ആഗോള സാമ്പത്തിക അനുമാന റിപ്പോര്‍ട്ട് അനുസരിച്ച് അടുത്ത രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച യഥാക്രമം 7 ശതമാനവും 7.1 ശതമാനവും ആയിരിക്കുമെന്നാണ് ഫിച്ച് റേറ്റിംഗ്‌സ് വിലയിരുത്തിയിട്ടുള്ളത്. നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യ 7.4 ശതമാനവും 2019-20 ല്‍ 7.5 ശതമാനവും വളര്‍ച്ച നേടുമെന്നാണ് ജൂണിലെ ഫിച്ചിന്റെ അനുമാനം. അടുത്ത രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ 7.3 ശതമാനം വളര്‍ച്ച നേടുമെന്നാണ് ആ ഘട്ടത്തില്‍ ഫിച്ച് വിലയിരുത്തിയത്.
അതേസമയം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 7 ശതമാനത്തില്‍ താഴെയായിരിക്കുമെന്നാണ് വിലയിരുത്തുന്നത്. 2018 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 8.2 ശതമാനമായിരുന്നു ജിഡിപി വളര്‍ച്ച. എന്നാല്‍ രണ്ടാം പാദത്തില്‍ വളര്‍ച്ച 7.1 ശതമാനമായി കുറഞ്ഞു.

വളര്‍ച്ചാ മാന്ദ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്ന എല്ലാ സാഹചര്യങ്ങളുമുണ്ടെന്നാണ് എസ്ബിഐ റിസര്‍ച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 2018 ഏപ്രില്‍-ഒക്ടോബര്‍ കാലയളവളില്‍ ഭക്ഷ്യേതര മേഖലയിലെ വായ്പ വളര്‍ച്ച 3.2 ലക്ഷം കോടി രൂപയും, ഭക്ഷ്യധാന്യ രംഗത്തെ വായ്പാ വളര്‍ച്ച് 29,500 കോടി രൂപയുമാണ്. സെപ്റ്റംബര്‍ മാസത്തെ അപേക്ഷിച്ച് ഒക്ടോബറില്‍ വളര്‍ച്ചാ നിരക്ക് ഗണ്യമായി കുറഞ്ഞു. ഇത് സാമ്പത്തിക മേഖലയ്ക്ക് ശുഭകരമായ സൂചനയല്ല നല്‍കുന്നതെന്നും എസ്ബിഐയുടെ ഗവേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മുഖ്യ വ്യവസായ മേഖലകളിലെ മൊത്ത മൂല്യ വര്‍ധന 8.6 ശതമാനത്തില്‍ നിന്ന് 6.6 ശതമാനമായി കുറയും. ഇത് സ്വകാര്യമേഖലയുടെ വളര്‍ച്ച കുറയുന്നതായി കാണിക്കുന്നു. ഇത് മൂന്നാം പാദത്തിലും തുടരുമെന്നാണ് കണക്കാക്കുന്നത്. കാര്‍ഷികേതര മേഖലയിലെ മൊത്തം മൂല്യ വര്‍ധനയിലെ 13.4 ശതമാനമാണ്. എന്നാല്‍ കാര്‍ഷിക മേഖലയില്‍ ഇത് 2.8 ശതമാനം.

Comments

comments

Categories: Business & Economy