ഗ്യാസ് പൈപ്പ്‌ലെനുകള്‍ക്കായി 70,000 കോടി രൂപ ചെലവിടും

ഗ്യാസ് പൈപ്പ്‌ലെനുകള്‍ക്കായി 70,000 കോടി രൂപ ചെലവിടും

ബംഗ്ലാദേശിലേക്ക് പൈപ്പ്‌ലൈനുകള്‍ സ്ഥാപിച്ച് എല്‍എന്‍ജി കയറ്റുമതി നടത്തുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്

ന്യൂഡെല്‍ഹി: രാജ്യത്ത് ഗ്യാസ് പൈപ്പ് ലൈനുകള്‍ വ്യാപിപ്പിക്കുന്നതിന് ആദ്യ ഘട്ടത്തില്‍ 70,000 കോടി രൂപ ചെലവിടുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ബംഗ്ലാദേശ് വഴി മ്യാന്മറിലേക്ക് ഇന്ത്യയുടെ ഗ്യാസ് പൈപ്പ്‌ലൈന്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഗ്യാസ് അധിഷ്ഠിത സമ്പദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിന് പ്രകൃതി വാതക വിതരണം കാര്യക്ഷമമാകേണ്ടതുണ്ട്. ഇതിനായി കേന്ദ്രസര്‍ക്കാര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. 19-ാം നാഷണല്‍ കൊറോഷന്‍ കണ്‍ട്രോള്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രപെട്രോളിയം മന്ത്രി.

ധംറയില്‍ നിന്നും സിലിഗുരിയില്‍ നിന്നും ബംഗ്ലാദേശിലേക്ക് പൈപ്പ്‌ലൈനുകള്‍ സ്ഥാപിച്ച് എല്‍എന്‍ജി കയറ്റുമതി നടത്തുന്നതു സംബന്ധിച്ച ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. ഒഡീഷയില്‍ പ്രകൃതി വാതകം സംഭരിക്കുന്നതിനും സംസ്‌കരിക്കുന്നതിനും ചരക്കുനീക്കം നടത്തുന്നതിനും വലിയ രീതിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ടെന്നും പ്രധാന്‍ പറഞ്ഞു. ഒഡീഷയിലെ തുറമുഖ വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രം നടപളികള്‍ കൈക്കൊള്ളുന്നുണ്ടെന്നു പ്രധാന്‍ അറിയിച്ചു.

1700 കിലോമീറ്റര്‍ പൈപ്പ്‌ലൈന്‍ ശൃംഖല സ്ഥാപിക്കുന്നതിനായി ഒഡീഷയില്‍ ഏകദേശം 4500 കോടി രൂപ ചെലവിടും. ഭൂമി ഏറ്റെടുക്കലിനു ശേഷം ചാന്ദിഖോലില്‍ ഓയില്‍ റിസര്‍വ് പദ്ധതിയും ആരംഭിക്കും. പാരദീപ് റിഫൈനറിയില്‍ പോളിപ്രൊപ്പൈലിനിന്റെ വാണിജ്യ ഉല്‍പ്പാദനം ഈ മാസം ആരംഭിക്കുമെന്നും പെട്രോളിയം മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. പാരദീപ്, ഹാലാഡിയ, ബറൂണി, ബങ്കൈഗോണ്‍ എന്നിങ്ങനെ നാല് ശുദ്ധീകരണ ശാലകള്‍ ഇന്ത്യക്കുണ്ട്. 1212 കിലോമീറ്റര്‍ നീളമുള്ള പാരാദീപ്-ഹൈദരാബാദ് പൈപ്പ് ലൈനിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.

ഊര്‍ജ സംഭരണത്തിനായി മികച്ചതും ആധുനികവുമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് പുതിയ നിര്‍ദേശങ്ങല്‍ നല്‍കണമെന്ന് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത പ്രതിനിധികളോട് മന്ത്രി ആവശ്യപ്പെട്ടു. വ്യവസായ ശൃംഖലകള്‍, ശാസ്ത്രജ്ഞര്‍, എന്‍ജിനീയര്‍മാര്‍, വിദഗ്ധര്‍ തുടങ്ങിയവര്‍ക്കിടയിലെ ആശയവിനിമയത്തിന് ഒരു പ്ലാറ്റ്‌ഫോം ഒരുക്കുകയാണ് കോണ്‍ഫറന്‍സിന്റെ ലക്ഷ്യം. നാഷണല്‍ കൊറോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ കാരിക്കുടി, എസ്ഇആര്‍പിഎല്‍, ഇലക്ട്രോകെമിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസിഎല്‍) എന്നിവ സംയുക്തമായാണ് മൂന്നു ദിവസം നീളുന്ന സമ്മേളനം സംഘടിപ്പിക്കുന്നത്.

Comments

comments

Categories: Current Affairs
Tags: Gas pipeline, LNG