യമഹ വൈഇസഡ്എഫ്-ആര്‍3 തിരിച്ചുവിളിച്ചു

യമഹ വൈഇസഡ്എഫ്-ആര്‍3 തിരിച്ചുവിളിച്ചു

റേഡിയേറ്റര്‍ ഹോസ്, ടോര്‍ഷന്‍ സ്പ്രിംഗ് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍

ന്യൂഡെല്‍ഹി : യമഹ വൈഇസഡ്എഫ്-ആര്‍3 മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ തിരിച്ചുവിളിച്ചു. റേഡിയേറ്റര്‍ ഹോസ്, ടോര്‍ഷന്‍ സ്പ്രിംഗ് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെതുടര്‍ന്നാണ് തിരിച്ചുവിളി നടത്തിയിരിക്കുന്നത്. 2015 ജൂലൈ-2018 മെയ് കാലയളവില്‍ നിര്‍മ്മിച്ച മോട്ടോര്‍സൈക്കിളുകളാണ് തിരിച്ചുവിളിച്ച് പരിശോധിക്കുന്നത്. ഇക്കാലയളവില്‍ 1,874 യൂണിറ്റ് ആര്‍3 മോട്ടോര്‍സൈക്കിളുകളാണ് യമഹ നിര്‍മ്മിച്ചത്. അംഗീകൃത യമഹ സര്‍വീസ് സ്റ്റേഷനുകളില്‍ പാര്‍ട്‌സുകള്‍ സൗജന്യമായി മാറ്റിനല്‍കും. ഉടമകളെ ഇന്ത്യ യമഹ മോട്ടോര്‍ (ഐവൈഎം) നേരിട്ട് ബന്ധപ്പെടും.

മോട്ടോര്‍സൈക്കിളുകളിലെ റേഡിയേറ്റര്‍ കൂളന്റ് ചോരുന്നതിനും ടോര്‍ഷന്‍ സ്പ്രിംഗ് അയയുന്നതിനും കാരണമായേക്കാമെന്ന് ഇന്ത്യ യമഹ മോട്ടോര്‍ പ്രസ്താവിച്ചു. എന്നാല്‍ ഏത് ടോര്‍ഷന്‍ സ്പ്രിംഗാണ് പ്രശ്‌നബാധിതമെന്ന് കമ്പനി വ്യക്തമാക്കിയില്ല. ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ഓട്ടോ എക്‌സ്‌പോയിലാണ് പരിഷ്‌കരിച്ച 2018 യമഹ വൈഇസഡ്എഫ്-ആര്‍3 ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇതിനുശേഷം ആദ്യമായും ഇന്ത്യയില്‍ ഇതേവരെ മൂന്നാമത്തെ തവണയുമാണ് ആര്‍3 തിരിച്ചുവിളിക്കുന്നത്.

321 സിസി, ലിക്വിഡ് കൂള്‍ഡ്, പാരലല്‍ ട്വിന്‍ എന്‍ജിനാണ് പുതിയ യമഹ വൈഇസഡ്എഫ്-ആര്‍3 മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ബിഎസ്-4 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഈ മോട്ടോര്‍ 41.4 എച്ച്പി കരുത്തും 29.6 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കും സസ്‌പെന്‍ഷന്‍ ജോലികള്‍ നിര്‍വ്വഹിക്കും. ഡുവല്‍ ചാനല്‍ എബിഎസ്, മെറ്റ്‌സെലര്‍ സ്‌പോര്‍ടെക് എം5 ടയറുകള്‍ എന്നിവ സ്റ്റാന്‍ഡേഡായി നല്‍കുന്നു. 3.49 ലക്ഷം രൂപ മുതലാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

Comments

comments

Categories: Auto