ഫോക്‌സ്‌വാഗണ് മതിയായി; കമ്പസ്ചന്‍ എന്‍ജിനുകള്‍ നിര്‍ത്തുന്നു

ഫോക്‌സ്‌വാഗണ് മതിയായി; കമ്പസ്ചന്‍ എന്‍ജിനുകള്‍ നിര്‍ത്തുന്നു

അവസാന തലമുറ കമ്പസ്ചന്‍ എന്‍ജിനുകള്‍ 2026 ല്‍ പുറത്തിറക്കുമെന്ന് ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കള്‍

വോള്‍ഫ്‌സ്ബര്‍ഗ് : ആന്തരിക ദഹന എന്‍ജിന്‍ നല്‍കിയുള്ള അവസാന തലമുറ വാഹനങ്ങള്‍ 2026 ല്‍ വികസിപ്പിക്കുമെന്ന് ഫോക്‌സ്‌വാഗണ്‍. ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളുടെ സ്ട്രാറ്റജി ചീഫ് മൈക്കല്‍ ജോസ്റ്റാണ് സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഫോക്‌സ്‌വാഗന്റെ ആസ്ഥാനമായ ജര്‍മ്മനിയിലെ വോള്‍ഫ്‌സ്ബര്‍ഗില്‍ ഓട്ടോമോട്ടീവ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജര്‍മ്മനിയിലെ പ്രമുഖ ബിസിനസ് ദിനപ്പത്രമായ ഹാന്‍ഡില്‍സ്ബ്ലാറ്റാണ് സമ്മേളനം സംഘടിപ്പിച്ചത്.

കമ്പസ്ചന്‍ എന്‍ജിന്‍ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് അവസാന ഉല്‍പ്പന്നം 2026 ല്‍ പുറത്തിറക്കുമെന്ന് മൈക്കല്‍ ജോസ്റ്റ് വ്യക്തമാക്കി. ആഗോള താപനത്തിന് തടയിടുന്നതിനാണ് ഇപ്പോള്‍ നടപടികള്‍ സ്വീകരിക്കുന്നത്. പാരിസ് കാലാവസ്ഥ ഉടമ്പടിയുടെ ലക്ഷ്യങ്ങള്‍ക്കൊപ്പം ചേര്‍ന്നുനില്‍ക്കുകയാണ് ഫോക്‌സ്‌വാഗണ്‍. ഇതിനായി ഉല്‍പ്പാദനവേളയിലും കാര്‍ബണ്‍ ഡൈഓക്‌സൈഡ് ബഹിര്‍ഗമനം കുറയ്ക്കുമെന്ന് മൈക്കല്‍ ജോസ്റ്റ് പറഞ്ഞു.

പകരം ഇലക്ട്രിക് കാറുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഫോക്‌സ്‌വാഗണ്‍ വക്താവ് സ്ഥിരീകരിച്ചു. മാത്രമല്ല, പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ കാറുകള്‍ അവയുടെ ആയുഷ്‌ക്കാലം മുഴുവന്‍ പാരിസ്ഥിതിക മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നത് തുടരും.

2015 ല്‍ ‘ഡീസല്‍ഗേറ്റ്’ തട്ടിപ്പ് പിടിക്കപ്പെട്ടതിനെതുടര്‍ന്നാണ് ബാറ്ററി വാഹനങ്ങളിലേക്ക് ഫോക്‌സ്‌വാഗണ്‍ തിരിഞ്ഞത്. മലിനീകരണ നിയന്ത്രണ പരിശോധനകളില്‍ പിടിക്കപ്പെടാതിരിക്കാന്‍ ഡീസല്‍ എന്‍ജിന്‍ കാറുകളില്‍ പ്രത്യേക സോഫ്റ്റ്‌വെയര്‍ സ്ഥാപിക്കുകയാണ് ഫോക്‌സ്‌വാഗണ്‍ ചെയ്തത്. തട്ടിപ്പ് കണ്ടെത്തിയതോടെ 27 ബില്യണ്‍ യൂറോയാണ് പിഴയായും മറ്റും ഫോക്‌സ്‌വാഗണ്‍ ചെലവഴിച്ചത്.

Comments

comments

Categories: Auto
Tags: Volkswagen