വായ്പാ തുക തിരിച്ചടക്കാമെന്ന് ബാങ്കുകളോട് വിജയ് മല്യ

വായ്പാ തുക തിരിച്ചടക്കാമെന്ന് ബാങ്കുകളോട് വിജയ് മല്യ

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതിയുടെ ഇടനിലക്കാരനായ ക്രിസ്റ്റിയന്‍ മിഷേലിനെ ഇന്ത്യയിലെത്തിച്ചതോടെ മല്യയും ആശങ്കയിലെന്ന് സൂചന

ന്യൂഡെല്‍ഹി: വിവിധ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത ശേഷം വിദേശത്തേക്ക് കടന്ന മദ്യ വ്യവസായി വിജയ് മല്യക്ക് മാനസാന്തരം. വായ്പയായി എടുത്ത മുഴുവന്‍ തുകയും തിരിച്ചടക്കാമെന്നും ദയവു ചെയ്ത് അത് സ്വീകരിക്കണമെന്നുമാണ് പുതിയ വാദ്ഗാനം. സാമൂഹ്യ മാധ്യമമായ ട്വിറ്ററിലൂടെയാണ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട മുന്‍ രാജ്യസഭാംഗം കൂടിയായ വ്യവസായി പ്രതികരിച്ചിരിക്കുന്നത്. നഷ്ടത്തിലായതിനെ തുടര്‍ന്ന് നിലത്തിറക്കിയ കിംഗ്ഫിഷന്‍ വിമാനക്കമ്പനിക്ക് വേണ്ടി വിവിധ ബാങ്കുകളില്‍ നിന്ന് 5,500 കോടി രൂപയാണ് മല്യ വായ്പയെടുത്തിരുന്നത്. പലിശയും കൂട്ടു പലിശയുമായി നിലവില്‍ 9,000 കോടി രൂപയോളമാണ് ബാങ്കുകള്‍ക്ക് നല്‍കേണ്ടത്. അന്വേഷണ നടപടികള്‍ അറസ്റ്റിലേക്ക് നീങ്ങുമെന്ന ഘട്ടമായപ്പോള്‍ 2016 മാര്‍ച്ച് രണ്ടിന് മല്യ ബ്രിട്ടനിലേക്ക് കടക്കുകയായിരുന്നു.

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടിലെ വിവാദ ഇടനിലക്കാരനായ ക്രിസ്റ്റിയന്‍ മിഷേലിനെ ചോദ്യം ചെയ്യലിനായി ഇന്ത്യയിലേക്ക് തിരികെയെത്തിച്ച് മണിക്കൂറുകള്‍ക്കകമാണ് മല്യയുടെ വക ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. യുഎഇയില്‍ നിന്ന് ഇന്ത്യയിലെത്തിച്ച മിഷേലിനെ സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്ത് വരികയാണ്. അധികം താമസിയാതെ തന്നെയും ഇന്ത്യയിലേക്ക് എത്തിക്കാന്‍ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് സാധിക്കുമെന്ന് തിരിച്ചറിഞ്ഞാണ് മല്യയുടെ പ്രതികരണമെന്നാണ് സൂചന. മല്യയെയും പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും വായ്പാ തട്ടിപ്പ് നടത്തി ലണ്ടനിലേക്ക് മുങ്ങിയ നീരവ് മോദിയെയും മാതുലന്‍ മെഹുല്‍ ചോക്‌സിയെയും വൈകാതെ ഇന്ത്യയിലെത്തിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മല്യയെ ഇന്ത്യക്ക് കൈമാറുന്നതിനുള്ള ഹര്‍ജിയില്‍ ബ്രിട്ടീഷ് കോടതി ഡിസംബര്‍ 10 ന് വിധി പറയാനിരിക്കുകയാണ്.

രാജ്യത്തിന് താന്‍ ചെയ്ത സംഭാവനകളെടുത്തു പറഞ്ഞാണ് മല്യയുടെ ട്വീറ്റ്. ‘മൂന്ന് പതിറ്റാണ്ടുകളായി ഇന്ത്യയിലെ ഏറ്റവും വലിയ മദ്യ വ്യവസായം നടത്തുന്ന ഞങ്ങള്‍ ആയിരക്കണക്കിന് കോടി രൂപ സര്‍ക്കാരുകള്‍ക്ക് നല്‍കിയിട്ടുണ്ട്. കിംഗ്ഫിഷര്‍ വിമാനക്കമ്പനിയും ധാരാളം നികുതി പണം നല്‍കിയിട്ടുണ്ട്. വിമാനക്കമ്പനി പോയെന്നത് ദുഖകരമാണെങ്കിലും ബാങ്കുകള്‍ക്ക് കുടിശിക തുക അടക്കാന്‍ ഞാന്‍ തയാറാണ്,’ മല്യ പ്രതികരിച്ചു. രാഷ്ട്രീയക്കാരും മാധ്യമങ്ങളും തന്നെ വായ്പാ തട്ടിപ്പുകാരനായി ചിത്രീകരിക്കുകയാണെന്നും മല്യ ആരോപിക്കുന്നു.

Comments

comments

Categories: Current Affairs
Tags: Vijay Mallya