ആവശ്യവും വിഭവങ്ങളും തമ്മിലുള്ള അന്തരം

ആവശ്യവും വിഭവങ്ങളും തമ്മിലുള്ള അന്തരം

ഊര്‍ജാവശ്യം വര്‍ധിക്കുന്ന ലോകത്ത് അതിനു ചെലവാക്കാന്‍ വെള്ളമുണ്ടോ

ആഗോള ഭീഷണി ജലക്ഷാമവും കാലാവസ്ഥാ വ്യതിയാനവുമാണെന്ന് ലോകനേതാക്കള്‍ മനസിലാക്കിയിട്ടുണ്ട്. കാലാവസ്ഥാവ്യതിയാനം ഒരു യാഥാര്‍ത്ഥ്യമാണെന്നും അത് ഏതെല്ലാം വിധത്തില്‍ നമ്മെ ബാധിക്കുമെന്നതിന്റെയും ലക്ഷണങ്ങള്‍ നാം കണ്ടു തുടങ്ങിയിട്ടുണ്ട്. ആഗോള തലത്തില്‍ സമുദ്രനിരപ്പ് ഉയരുന്നതും പലയിടങ്ങളിലും വെള്ളപ്പൊക്കമുണ്ടാകുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്.

ബ്രഹ്മപുത്ര നദിക്കരയില്‍ ജീവിക്കുന്ന ദശലക്ഷക്കണക്കിന് ആളുകള്‍ ഓരോ വര്‍ഷവും വെള്ളപ്പൊക്കത്തിന്റെ ദുരിതഫലങ്ങള്‍ അനുഭവിക്കുകയാണ്. മനുഷ്യരെ മാത്രമല്ല ഇത് ബാധിക്കുന്നത്, സസ്യങ്ങളുടെയും മൃഗങ്ങളുടെയും പ്രജനനത്തെ തടസ്സപ്പെടുത്തുകയും അങ്ങനെ ആവാസവ്യവസ്ഥിതിയെ തന്നെ തകര്‍ക്കുകയും ചെയ്യുന്നു. ഇവയ്‌ക്കെതിരേ സുപ്രധാന നടപടികളൊന്നും എടുക്കാന്‍ അവര്‍ തയാറായിട്ടില്ല. ചൈനയുടെ ജല പ്രതിസന്ധിയില്‍ നിന്ന് ഉണ്ടാകുന്ന ബിസിനസ്സ്, പാരിസ്ഥിതിക അപകടങ്ങളെക്കുറിച്ചു പഠനം നടത്തുന്ന ചൈന വാട്ടര്‍ റിസ്‌ക് (സിഡബ്ല്യുആര്‍) എന്ന സന്നദ്ധസംഘടന പുറത്തിറക്കിയ നോ വാട്ടര്‍, നോ ഗ്രോത്ത് എന്നറിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അമുദരിയ, ബ്രഹ്മപുത്ര, ഗംഗ, സിന്ധു, ഇരാവതി, മെകോങ്, സാല്‍വീന്‍, തരിം, യാങ്‌സി, മഞ്ഞനദി എന്നീ 10 നദികളുടെ വെള്ളം പങ്കിടുന്ന 16 രാജ്യങ്ങളാണ് ഹിന്ദുകുഷ് ഹിമാലയ (എച്ച്‌കെഎച്ച്) പ്രദേശത്തുള്ളത്. ഇതില്‍ ഏറ്റവും വലുതും സ്വാധീനശക്തിയുള്ളതും ചൈനയാണ്. അവര്‍ രാജ്യസുരക്ഷ, വിദേശനയം, പാരിസ്ഥിതിക-സാമ്പത്തിക പ്രത്യാഘാതങ്ങള്‍ എന്നിവയ്‌ക്കെല്ലാം നല്‍കുന്ന തുല്യപ്രാധാന്യം വെള്ളത്തിനും കൊടുക്കുന്നു.

പുകമലിനീകരണത്തിന്റെയും ഇതര പരിസ്ഥിതി ആഘാതങ്ങളുടെയും അനുഭവം ചൈനയെ ക്ലേശിപ്പിക്കുന്നു. ഇതേത്തുടര്‍ന്ന് കാറ്റാടി, സൗരോര്‍ജ പദ്ധതികളില്‍ നിന്ന് കൂടുതല്‍ വൈദ്യുതി കൊയ്യാനുള്ള ശ്രമങ്ങളും നടത്തി. രാജ്യം അനുവദിക്കുന്ന സഹായനിധികളും ഊര്‍ജസ്ഥാപനങ്ങളും ഈ ശ്രമങ്ങളെ വലിയ രീതിയില്‍ പിന്തുണയ്ക്കുന്നുണ്ട്. ഏതായാലും അമേരിക്കയോടു കിടനില്‍ക്കുന്ന മാറ്റം ചൈനയുടെ ഊര്‍ജമേഖലയില്‍ സംഭവിക്കുന്നുവെന്നത് ശ്രദ്ധേയമാണ്.

എച്ച്‌കെഎച്ച് രാജ്യങ്ങളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. നദികളുടെ പ്രഭവ രാജ്യങ്ങളായ ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, ചൈന, മ്യാന്‍മര്‍, നേപ്പാള്‍, പാക്കിസ്ഥാന്‍ എന്നിവയെ ഒരു ഗ്രൂപ്പിലും ഇവ ഒഴുകിപ്പോകുന്നതിന്റെ മാത്രം അടിസ്ഥാനത്തില്‍ കംബോഡിയ, കിര്‍ഗിസ്ഥാന്‍, ലാവോസ്, താജിക്കിസ്ഥാന്‍, തായ്‌ലന്റ്, തുര്‍ക്ക്‌മെനിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍, വിയറ്റ്‌നാം എന്നീ രാജ്യങ്ങളെ അടുത്ത ഗ്രൂപ്പിലും ഉള്‍പ്പെടുത്തിയിരിക്കുന്നു.

സിഡബ്ല്യുആര്‍ റിപ്പോര്‍ട്ടനുസരിച്ച്, കയറ്റുമതിയെ ആശ്രയിക്കുന്ന നിലവിലെ സാമ്പത്തിക വളര്‍ച്ചാമാതൃക വികസിപ്പിക്കാന്‍ മതിയായ ജലം നദികളില്‍ ഇല്ല. 50,000 ഡോളര്‍ പ്രതിശീര്‍ഷ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം ലക്ഷ്യമിടുന്ന യുഎസ്, 1543 മില്യണ്‍ ഘനയടി കുടിവെള്ളമാണ് ഉപയോഗിക്കുന്നത്. ഇതാകട്ടെ, അവര്‍ക്ക് മൊത്തം പുനരുല്‍പ്പാദിപ്പിക്കാവുന്ന ജലത്തിന്റെ 16 ശതമാനം (പ്രതിശീര്‍ഷ ഉപഭോഗം 9,538 മില്യണ്‍ ഘനയടി) മാത്രമാണ്. മറുവശത്ത്, ഇന്ത്യയുടെ പ്രതിശീര്‍ഷ ജല ഉപഭോഗം 2,018 മില്യണ്‍ ഘനയടിയും ചൈനയുടേത് 1,458മില്യണ്‍ ഘനയടിയുമാണ്.

എച്ച്‌കെഎച്ച് മേഖലയുടെ ജലവിഭശേഷിയുടെ അപര്യാപ്തത വ്യക്തമാക്കുന്ന ചിത്രമാണിത്. കുടിവെള്ളത്തിന്റെ ആവശ്യവും വിതരണവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചു സമാനമായ ആശങ്കകള്‍ ജൂണില്‍ നീതി ആയോഗ് ഉയര്‍ത്തിയിരുന്നത് ഇതുമായി ചേര്‍ത്തു വായിക്കണം.

കാത്തിരിക്കുന്ന പ്രതിസന്ധി

ഹിന്ദുകുഷ് ഹിമാലയമേഖലയില്‍ മഞ്ഞുപാളികള്‍ ഉരുകി വെള്ളപ്പൊക്കം ഉണ്ടാകുന്നതു പോലെ, പത്ത് നദികളും വറ്റിവരളാനുള്ള ഭീഷണ സാധ്യതയും നിലനില്‍ക്കുന്നു. കാരണം ഇവിടെയുള്ള മഞ്ഞുപാളികള്‍ ലോകത്തിലെ ഏറ്റവും വേഗം ത്തില്‍ വലിയുന്നവയാണെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ആസന്നഭാവിയില്‍ കാലാവസ്ഥാവ്യതിയാനം നദികളില്‍ വരുത്താനിരിക്കുന്നത് അതിഭയങ്കരമായ പ്രത്യാഘാതങ്ങളാണ്. മഞ്ഞുപാളികള്‍ പൂര്‍ണ്ണമായും ഉരുകിത്തീരുന്ന പക്ഷം അവ വറ്റി വരളും. പിന്നെ മഴ പെയ്താല്‍ മാത്രമാകും ഇവയില്‍ നീരൊഴുക്കുണ്ടാകുക.

ഇതു കേവല പാരിസ്ഥിതിക പ്രതിസന്ധി മാത്രമല്ലെന്നും സാമ്പത്തികപ്രത്യാഘാതങ്ങളെപ്പറ്റിയും ജനങ്ങളെ ബോധവ്‌നാമാരാക്കേണ്ടതുണ്ടെന്ന് സിഡബ്ല്യുആര്‍ മേധാവി ദേബ്ര ടാന്‍ ചൂണ്ടിക്കാട്ടുന്നു. ജനകീയ ഇടപെടല്‍ ഇക്കാര്യത്തിലുണ്ടാകണം. തങ്ങളുടെ സംരംഭങ്ങളെ ഇത് ബാധിക്കുമെന്നറിയുമ്പോള്‍ കാലാവസ്ഥാവ്യതിയാനത്തിന് അര്‍ഹമായ പ്രാമുഖ്യം കൊടുക്കാന്‍ തയാറാകും. ഏഷ്യ വലിയ ജലക്ഷാമം അനുഭവിക്കുകയാണ്. ഇത് ഭക്ഷ്യ, ഊര്‍ജ സുരക്ഷയെ മാത്രമല്ല, സാമ്പത്തിക വികസനത്തെ തന്നെ ബാധിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

ജലവൈദ്യുത പദ്ധതികള്‍

ജലവൈദ്യുത പദ്ധതികളാണ് ഈ രാജ്യങ്ങളുടെ പ്രധാന ഊര്‍ജഉറവിടം. എന്നാല്‍ കാലാവസ്ഥാ വ്യതിയാനം, വര്‍ധിച്ചു വരുന്ന ജലക്ഷാമം, അതിവേഗത്തിലുള്ള നഗരവല്‍ക്കരണം തുടങ്ങിയവ ഈ രാജ്യങ്ങളുടെ ഊര്‍ജ്ജത്തിനായുള്ള സമ്മര്‍ദ്ദം കൂട്ടുന്നു. ഈ പ്രദേശത്തെ ഊര്‍ജ്ജോല്‍പാദനരംഗം ജലത്തെ അമിതമായി ആശ്രയിക്കുന്നു. ഉദാഹരണത്തിന്, 2018 മാര്‍ച്ചിലെ കേന്ദ്രവൈദ്യുതി അതോറിറ്റി റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയുടെ മൊത്തം ഊര്‍ജ്ജോല്‍പ്പാദനത്തിന്റെ 86%വും താപവൈദ്യുതിനിലയങ്ങളെ ആശ്രയിച്ചാണ്.

ഇന്ത്യയുടെ വൈദ്യുതിഉല്‍പാദനത്തിന്റെ 77% ശുദ്ധ ജലസ്രോതസ്സുകളെ ആശ്രയിക്കുന്ന താപവൈദ്യുതി നിലയങ്ങളില്‍ നിന്നാണെന്ന് അടുത്തിടെ പുറത്തുവന്ന ഒരു പഠനം സൂചിപ്പിക്കുന്നു. മൊത്തം ഉല്‍പാദനശേഷിയുടെ 38.9% മാകട്ടെ ജലവൈദ്യുതപദ്ധതികളില്‍ നിന്നുമാണു വരുന്നത്. 10 വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ താപവൈദ്യുതനിലങ്ങള്‍ നേരിടാന്‍ പോകുന്ന ജലദൗര്‍ലഭ്യം രൂക്ഷമായിരിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കാര്‍ഷികരംഗം, നഗരവല്‍ക്കരണം, മറ്റ് വ്യവസായ ആവശ്യങ്ങള്‍ എന്നവിയില്‍ നിന്ന് ജലോപയോഗത്തിനായി കടുത്ത മത്സരം നേരിടേണ്ടി വരും. 70 ശതമാനത്തിലധികം താപവൈദ്യുതനിലയങ്ങളെ ഇതു ബാധിക്കും.

സിഡബ്ല്യുആര്‍ റിപ്പോര്‍ട്ട് പ്രകാരം, ഏകദേശം 4.3 ട്രില്യണ്‍ ഡോളര്‍ വരുമാനം ഈ പത്ത് നദികളില്‍ നിന്നു സൃഷ്ടിക്കപ്പെടുന്നു. എച്ച്‌കെഎച്ച് രാജ്യങ്ങളുടെ മൊത്തം പ്രതിശീര്‍ഷ ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 16% വരുമിത്. സംരംഭകരും നിക്ഷേപകരും ആസ്തികളില്‍ ജലവൈദ്യുതിയെ ആശ്രയിക്കുന്നതു കൊണ്ടുള്ള അപകടസാധ്യതയെക്കുറിച്ച് മനസിലാക്കുന്നില്ല. 2016 ല്‍ ജലക്ഷാമം മൂലം 14 ടെറാവാട്ട് താപവൈദ്യുതിയുടെ നഷ്ടമാണ് ഇന്ത്യക്കുണ്ടായത്. 2015 ല്‍ രാജ്യം കൈവരിക്കേണ്ടിയിരുന്ന മൊത്തം വൈദ്യുതി ഉല്‍പാാദനത്തിന്റെ 20 ശതമാനം ഇതു വഴി ഇല്ലാതാകുകയും ചെയ്തു.

ജലം, വൈദ്യുതി, കാലാവസ്ഥ

ജലവൈദ്യുതിയെ അമിതമായി ആശ്രയിക്കുന്ന എച്ച്‌കെഎച്ച് മേഖലയില്‍ ഈ മൂന്നു ഘടകങ്ങളും തമ്മിലുള്ള പൂര്‍വ്വാപരബന്ധം പ്രധാനമാണ്. ജലക്ഷാമമാണ് ഇന്ത്യയില്‍ താപവൈദ്യുത നിലയങ്ങളുടെ പ്രവര്‍ത്തനം മുടക്കുന്ന ഒരു പ്രധാന കാരണം. ഇത് മൊത്തം ഊര്‍ജോല്‍പാദനത്തിന്റെ രണ്ടു ശതമാനത്തോളം കവരാന്‍ കാരണമാകുന്നു. 2013- 16 കാലത്തിനിടെ ഇന്ത്യയിലെ ഏറ്റവും വലിയ താപവൈദ്യുതി ഉല്‍പാദകരായ 14 കമ്പനികള്‍ ഒരു തവണയെങ്കിലും ജലക്ഷാമത്തെ തുടര്‍ന്നുള്ള പ്രവര്‍ത്തനതടസം നേരിട്ടിട്ടുണ്ട്. 1.4 ബില്യണ്‍ ഡോളര്‍ (9,873 കോടി രൂപ) നഷ്ടമാണ് ഇതിലൂടെ അവര്‍ക്കുണ്ടായത്.

ജലക്ഷാമത്തെ തുടര്‍ന്ന് 2016 ല്‍ ഒമ്പത് കമ്പനികള്‍ക്ക് 12 പ്ലാന്റുകള്‍ അടച്ചിടേണ്ടി വന്നു. ഇതിലൂടെ ഇവയ്ക്ക് 614 മില്ല്യണ്‍ ഡോളര്‍ (4,330 കോടി രൂപ) നഷ്ടം നേരിട്ടു. ആ വര്‍ഷം വൈദ്യുതി വില്‍പനയിലൂടെ നേടാമായിരുന്ന വരുമാനത്തിന്റെ 2.3% നഷ്ടമാകുകയും ചെയ്തു. ജലക്ഷാമം രൂക്ഷമാകുമ്പോള്‍ ഈ പ്രശ്‌നം തീവ്രമാകും. ഈ പ്രതിസന്ധി നേരിടുന്നതിന്, ഊര്‍ജ്ജ കാര്യക്ഷമത മെച്ചപ്പെടുത്തണെന്നും, പാരമ്പര്യേതര ഊര്‍ജോല്‍പ്പാദന പദ്ധതികളെ കൂടുതല്‍ ആശ്രയിക്കണമെന്നും സിഡബ്ല്യുആര്‍ റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.

2030 ആകുമ്പോള്‍ ഇന്ത്യയുടെ 86% വരുന്ന താപവൈദ്യുതോല്‍പ്പാദനം രണ്ടു ശതമാനവും ഉപഭോഗം 25%വും കല്‍ക്കരി ഊര്‍ജോല്‍പ്പാദനത്തില്‍ നിന്നുള്ള കാര്‍ബണ്‍ പുറംതള്ളല്‍ 43 ശതമാനവുമായി നിജപ്പെടുത്താനാണു പദ്ധതി. ഇതിനായി പാരമ്പര്യേതര ഊര്‍ജ്ജ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ 2015 ല്‍ പരിസ്ഥിതി മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിക്കണമെന്നതു മാത്രമാണ് ആവശ്യം. താപവൈദ്യുത പ്ലാന്റുകളുടെ ജല ഉപഭോഗത്തില്‍ വരുത്തേണ്ട മിതവ്യയവും ഒട്ടും ജലം പാഴാക്കാതെ പൂര്‍ണതോതിലുള്ള ഉപയോഗവുമടക്കമുള്ള ലക്ഷ്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

വൈദ്യുതി ഉല്‍പ്പാദനത്തിന് താപവൈദ്യുതനിലയങ്ങള്‍ എത്രമാത്രം വെള്ളം ഉപയോഗിക്കുന്നുവെന്നു വെളിപ്പെടുത്തണമെന്ന് നിര്‍ബന്ധമില്ലെങ്കിലും ഇക്കാര്യത്തില്‍ കമ്പനികള്‍ ഉത്തരവാദിത്തം പുലര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് വിവക്ഷിക്കുന്നു.

വേണ്ടത് പുതിയ നയങ്ങള്‍

പ്രകൃതിക്കൊപ്പം സമ്പദ്‌വ്യവസ്ഥയെയും വിമലീകരിക്കുന്ന പാരമ്പര്യേതര ഊര്‍ജസ്രോതസുകളുടെ ഉല്‍പ്പാദനം ശേഖരിച്ചുവെക്കേണ്ടതിന്റെ അവശ്യകത നാള്‍ക്കുനാള്‍ കൂടി വരുന്നു. പരിസ്ഥിതിയെ മുന്‍ നിര്‍ത്തിയുള്ള നയരൂപീകരണത്തിനു വേണ്ടി പുനര്‍വിചിന്തനമാകാമെന്ന് എച്ച്‌കെഎച്ച് പ്രദേശത്തെ ബാങ്കുകളോട് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. നിക്ഷേപകര്‍ കമ്പനികളുമായുള്ള ഇടപാടുകള്‍ക്കും ജലക്ഷാമം നേരിടുന്നതിനുള്ള തന്ത്രങ്ങള്‍ തിരിച്ചറിയുന്നതിനും കൂടുതല്‍ വിലമതിക്കണം. ആത്യന്തികമായി, കമ്പനികള്‍ ജനങ്ങള്‍ക്കും പരിസ്ഥിതിക്കും പ്രയോജനം ചെയ്യുന്ന വിധം സുസ്ഥിരതയും സാമൂഹികബോധവും പുലര്‍ത്തുന്നവയാകണം. ഇത് ഉറപ്പിക്കുന്നതില്‍ ബാങ്കുകള്‍ക്ക് ഒരു പ്രധാന പങ്കുണ്ട്.

ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ ഇതിനകം തന്നെ നിക്ഷേപകര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാന്‍ ഗൈഡ് ഫോര്‍ ഇന്‍വസ്റ്റര്‍ ആക്ഷന്‍ പുറത്തിറക്കിയിട്ടുണ്ട്. ഇതര സംഘടനകളും ഇത്തരം പ്രവര്‍ത്തനങ്ങള്‍ പെട്ടെന്ന് നടപ്പിലാക്കാനുള്ള നിയമങ്ങള്‍ ഉടന്‍ പുറത്തിറക്കും.

എന്നാല്‍ ബാങ്കര്‍മാര്‍ക്കും നിക്ഷേപകര്‍ക്കും സ്വയം പ്രവര്‍ത്തിക്കാന്‍ കഴിയില്ല. എച്ച്‌കെഎച്ച് മേഖലാ രാഷ്ട്രങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്ന് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. ഇവിടത്തെ ശാസ്ത്രജ്ഞര്‍, എന്‍ജിനീയര്‍മാര്‍, നയരൂപകര്‍ത്താക്കള്‍, സംരംഭകര്‍, ബാങ്കര്‍മാര്‍ തുടങ്ങി സമസ്തമേഖലയിലുമുള്ളവര്‍ അര്‍ഥവത്തായ, ഫലപ്രദമായി മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ സഹകരിക്കണമെന്നും നിര്‍ദേശിക്കുന്നു.

Comments

comments

Categories: FK Special, Slider
Tags: Resources