കാത്തിരിപ്പ് ദുസ്സഹമാക്കി ടാറ്റ ഹാരിയര്‍; വിശദാംശങ്ങളെല്ലാം പുറത്ത്

കാത്തിരിപ്പ് ദുസ്സഹമാക്കി ടാറ്റ ഹാരിയര്‍; വിശദാംശങ്ങളെല്ലാം പുറത്ത്

ന്യൂഡെല്‍ഹി : 2019 കാണാനിരിക്കുന്ന ഏറ്റവും വലിയ ലോഞ്ചുകളിലൊന്നാണ് ടാറ്റ മോട്ടോഴ്‌സിന്റെ ഹാരിയര്‍ എസ്‌യുവി. ടാറ്റ ഹാരിയര്‍ അടുത്ത മാസം വിപണിയിലെത്തും. ഔദ്യോഗിക ലോഞ്ചിന് മുമ്പായി ടാറ്റ ഹാരിയറിന്റെ മിക്കവാറും എല്ലാ വിശദാംശങ്ങളും പുറത്തുവന്നുകഴിഞ്ഞു. വില സംബന്ധിച്ച വിവരങ്ങളാണ് ഇനി കയ്യില്‍ക്കിട്ടേണ്ട ഏറ്റവും വലിയ ഇന്‍ഫര്‍മേഷന്‍. ടാറ്റ ഹാരിയറിന്റെ മീഡിയ ഡ്രൈവ് ജോധ്പുരില്‍ നടന്നുവരികയാണ്.

ടാറ്റ മോട്ടോഴ്‌സിന്റെ ഏറ്റവും പുതിയതും ഏറ്റവും പ്രീമിയം മോഡലുമായ ഹാരിയര്‍ ഇംപാക്റ്റ് 2.0 ഡിസൈന്‍ ഭാഷയിലാണ് വരുന്നത്. റേഞ്ച് റോവര്‍ ഇവോക്ക്, ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട് എന്നീ മോഡലുകള്‍ ഉപയോഗിച്ചിരിക്കുന്ന ലാന്‍ഡ് റോവറിന്റെ ഡി8 പ്ലാറ്റ്‌ഫോമിലാണ് ടാറ്റ ഹാരിയര്‍ എസ്‌യുവി നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ ടാറ്റ മോട്ടോഴ്‌സിനായി ഒമേഗആര്‍ക് എന്ന് ഈ പ്ലാറ്റ്‌ഫോം റീബ്രാന്‍ഡ് ചെയ്തിരിക്കുന്നു. ഹാരിയറിന്റെ 7 സീറ്റ് വേര്‍ഷന്‍ ഉള്‍പ്പെടെ കൂടുതല്‍ എസ്‌യുവികള്‍ ഇതേ പ്ലാറ്റ്‌ഫോമില്‍ പിന്നീട് വിപണിയിലെത്തും.

ടാറ്റ ഹാരിയറിന്റെ അഴകളവുകള്‍ പരിശോധിച്ചാല്‍, 4598 എംഎം നീളവും 1894 എംഎം വീതിയും 1706 എംഎം ഉയരവും വരുന്നതാണ് എസ്‌യുവി. 2741 മില്ലി മീറ്ററാണ് വീല്‍ബേസ്. ഗ്രൗണ്ട് ക്ലിയറന്‍സ് 205 എംഎം. 16 ഇഞ്ച് സ്റ്റീല്‍ വീല്‍/ 17 ഇഞ്ച് 5 സ്‌പോക്ക് അലോയ് വീല്‍ നല്‍കിയിരിക്കുന്നു.

ഫോളോ-മീ-ഹോം ഫംഗ്ഷന്‍ സഹിതം പ്രൊജക്റ്റര്‍ ലെന്‍സ് ഹെഡ്‌ലാംപ്, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, ഫോഗ് ലാംപുകള്‍, എല്‍ഇഡി ടെയ്ല്‍ലാംപുകള്‍ എന്നിവ സവിശേഷതകളായിരിക്കും. ബ്ലാക്ക്& ബ്രൗണ്‍ തീമിലുള്ള കാബിനില്‍ വുഡ് ഇന്‍സെര്‍ട്ടുകള്‍ കാണും. താഴ്ന്ന വേരിയന്റുകളില്‍ പ്രീമിയം ബ്ലാക്ക് ഫാബ്രിക് അപ്‌ഹോള്‍സറ്ററിയും ടോപ് വേരിയന്റില്‍ ലെതര്‍ അപ്‌ഹോള്‍സ്റ്ററിയും നല്‍കിയിരിക്കുന്നു.

പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട് സ്റ്റോപ്പ്, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, മള്‍ട്ടി ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, കൂള്‍ഡ് ഗ്ലൗവ്‌ബോക്‌സ് എന്നിവയും ഫീച്ചര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ, മിറര്‍ ലിങ്ക് എന്നിവ സപ്പോര്‍ട്ട് ചെയ്യുന്നതാണ് 8.8 ഇഞ്ച് ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം. 9 സ്പീക്കറുകള്‍ അടങ്ങുന്നതാണ് ജെബിഎല്‍ ഓഡിയോ സിസ്റ്റം.

പ്രീ-ടെന്‍ഷനറുകള്‍ സഹിതം 3 പോയന്റ് സീറ്റ്‌ബെല്‍റ്റുകള്‍, മുന്‍ സീറ്റുകള്‍ക്കായി സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍, ടോപ് വേരിയന്റില്‍ ആറ് എയര്‍ബാഗുകള്‍, ഐസോഫിക്‌സ് സീറ്റുകള്‍, ഇബിഡി സഹിതം എബിഎസ്, കോര്‍ണര്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍ സഹിതം ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ഓഫ്-റോഡ് എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, റോളോവര്‍ മിറ്റിഗേഷന്‍, ബ്രേക്ക് അസിസ്റ്റ് തുടങ്ങിയവയാണ് സുരക്ഷാ ഫീച്ചറുകള്‍.

2.0 ലിറ്റര്‍, 4 സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ്, ക്രയോടെക് ഡീസല്‍ എന്‍ജിനാണ് ടാറ്റ ഹാരിയറിന് കരുത്തേകുന്നത്. ബിഎസ്-6 പാലിക്കുന്ന മോട്ടോര്‍ 138 ബിഎച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 1750 ആര്‍പിഎമ്മില്‍ പരമാവധി ടോര്‍ക്ക് ലഭിക്കും. തുടക്കത്തില്‍ 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സായിരിക്കും എന്‍ജിന്റെ കൂട്ട്.

2 വീല്‍ ഡ്രൈവിലാണ് ടാറ്റ ഹാരിയര്‍ വരുന്നത്. ഓള്‍ വീല്‍ ഡ്രൈവ് ഓപ്ഷന്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് എന്നിവ തല്‍ക്കാലം ലഭിക്കില്ല. സിറ്റി, ഇക്കോ, സ്‌പോര്‍ട് എന്നിവയാണ് ഡ്രൈവിംഗ് മോഡുകള്‍. മഹീന്ദ്ര എക്‌സ്‌യുവി 500, ജീപ്പ് കോംപസ്, ഹ്യുണ്ടായ് ക്രെറ്റ തുടങ്ങിയവയാണ് എതിരാളികള്‍.

Comments

comments

Categories: Auto
Tags: Tata Harrier