ജിഎസ്ടി റിട്ടേണ്‍: പുതിയ സംവിധാനം വൈകും

ജിഎസ്ടി റിട്ടേണ്‍: പുതിയ സംവിധാനം വൈകും

ഏപ്രില്‍ 1 മുതലാണ് പുതിയ മാതൃകയിലുള്ള ഫോമുകള്‍ അവതരിപ്പിക്കുക

ന്യൂഡെല്‍ഹി: ചരക്ക് സേവന നികുതിയുടെ പുതുക്കിയ റിട്ടേണ്‍ ഫയലിംഗ് സംവിധാനം പുതുവര്‍ഷത്തിന്റെ തുടക്കത്തിലും നടപ്പിലാക്കി തുടങ്ങില്ലെന്ന് വിലയിരുത്തല്‍. റിട്ടേണ്‍ ഫയലിംഗ് ലളിതമാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്ത ഉന്നതതല പാനല്‍ പുതിയ സംവിധാനം പ്രാവര്‍ത്തികമാക്കുന്നതിനുള്ള തീയതി പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ പുതിയ റിട്ടേണ്‍ ഫോമുകള്‍ അവതരിപ്പിച്ചാല്‍ മതിയെന്നാണ് തീരുമാനം. വരുമാനവും അകത്തേക്കും പുറത്തേക്കുമുള്ള വിതരണവുമായി ബന്ധപ്പെട്ട വിവരങ്ങളും ഉള്‍പ്പെടുന്ന പുതിയ ലളിതമായ റിട്ടേണ്‍ ഫോമുകള്‍ ഏപ്രില്‍ 1 മുതല്‍ മാത്രമായിരിക്കും അവതരിപ്പിക്കുകയെന്ന് റവന്യു സെക്രട്ടറി അജയ് ഭൂഷണ്‍ പാണ്ഡെ പറഞ്ഞു.

ഇന്‍വോയ്‌സുകള്‍ ഒത്തുനോക്കുന്നതിലൂടെ എളുപ്പത്തില്‍ നികുതി ചോര്‍ച്ച തടയുന്ന തരത്തില്‍ ഒരു സംവിധാനം നടപ്പിലാക്കാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നേരത്തേ പുതിയ റിട്ടേണ്‍ സംവിധാനം അവതരിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ സാങ്കേതിക സംവിധാനങ്ങളില്‍ അനുഭവപ്പെട്ട തടസങ്ങള്‍ കൂടി പരിഹരിച്ചായിരിക്കും ഇത് പൂര്‍ണമായി നടപ്പിലാക്കുക. പൂര്‍ണമായും കുറ്റമറ്റ രീതിയില്‍ പുതിയ സംവിധാനം നടപ്പിലാക്കുന്നതിന് ആവശ്യമായ എല്ലാ പരിശോധനകളും നടത്തിയെന്ന് ഉറപ്പാക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്.

പ്രവര്‍ത്തനത്തില്‍ നേരിട്ട തടസങ്ങളും സങ്കീര്‍ണതയും മൂലം നിരവധി നികുതി ദായകര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് മൂന്ന് റിട്ടേണ്‍ ഫോമുകള്‍ ഉള്‍പ്പെട്ട റിട്ടേണ്‍ സംവിധാനം പുതുക്കുന്നതിന് കഴിഞ്ഞ നവംബറില്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചത്. ഇതിനു ശേഷം ജിഎസ്ടി 3ബി റിട്ടേണുകള്‍ പുറത്തേക്കുള്ള വിതരണവുമായി ബന്ധപ്പെട്ട വിവരങ്ങളും മാത്രം ഒത്തുനോക്കിയാണ് ജിഎസ്ടി സ്ഥിരീകരണം നടത്തിയിരുന്നത്. കഴിഞ്ഞ മാസങ്ങളില്‍ ജിഎസ്ടിയില്‍ നിന്നുള്ള വരുമാനം ഇടിയാന്‍ ഇതു കാരണമായെന്നാണ് വിലയിരുത്തപ്പെടുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് കണക്കുകൂട്ടല്‍ പ്രകാരം പ്രതിമാസം 1.05 ലക്ഷം കോടി എന്ന കണക്കില്‍ 12.57 ലക്ഷം കോടി രൂപ ജിഎസ്ടി ശേഖരണം നടക്കണം. എന്നാല്‍ നടപ്പു സാമ്പത്തിക വര്‍ഷം നവംബര്‍ വരെയുള്ള കാലയളവിലെ പ്രതിമാസ ജിഎസ്ടി കളക്ഷന്‍ ശരാശരി 97,050 രൂപ മാത്രമാണ്.

Comments

comments

Categories: Business & Economy, Slider
Tags: GST, gst return