ഉല്‍പ്പാദന-സേവന മേഖലകളില്‍ മികച്ച വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട്

ഉല്‍പ്പാദന-സേവന മേഖലകളില്‍ മികച്ച വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട്

സംയോജിത പിഎംഐ ഒക്‌റ്റോബറിലെ 53 ല്‍ നിന്നും നവംബറില്‍ 54.5 ലേക്ക് ഉയര്‍ന്നു; തൊഴില്‍ വളര്‍ച്ച ദശാബ്ദത്തിലെ മികച്ച സ്ഥിതിയില്‍

ന്യൂഡെല്‍ഹി: ഇന്ത്യയുടെ സേവന മേഖല നവംബറില്‍ മികച്ച പുരോഗതി നേടിയെന്ന് ഐഎച്ച്എസ് മാര്‍ക്കറ്റിന്റെ പ്രതിമാസ സര്‍വേ റിപ്പോര്‍ട്ട്. ആഭ്യന്തര ആവശ്യകതയിലുണ്ടായ കാര്യമായ മുന്നേറ്റമാണ് കഴിഞ്ഞ മാസം സേവന മേഖലയിലെ വളര്‍ച്ചയില്‍ പ്രതിഫലിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സേവനമേഖലയിലെ ബിസിനസിനെ സൂചിപ്പിക്കുന്ന പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡക്‌സ് (പിഎംഐ) ഇതോടെ നാലു മാസത്തെ ഉയര്‍ന്ന നിരക്കിലെത്തിയിട്ടുണ്ട്. നിക്കെയ് ഇന്ത്യ സര്‍വീസസ് ബിസിനസ് ആക്റ്റിവിറ്റി സൂചിക ഒക്‌റ്റോബറിലെ 52.2 എന്ന നിലവാരത്തില്‍ നിന്നും നവംബറില്‍ 53.7 പോയന്റിലേക്കാണ് ഉയര്‍ന്നിട്ടുള്ളത്. ജൂലൈ മുതലുള്ള കാലയളവിലെ ഏറ്റവും ശക്തമായ വളര്‍ച്ചയാണിതെന്നും സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കി. സേവന മേഖലാ പിഎംഐ 50നു മുകളിലാണെങ്കില്‍ മേഖലയില്‍ വളര്‍ച്ചയുണ്ടെന്നാണ് കണക്കാക്കുന്നത്.

ഇന്ത്യയുടെ ഉല്‍പ്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങളിലും കഴിഞ്ഞ മാസം പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ട്. ഉല്‍പ്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങളെ സൂചിപ്പിക്കുന്ന പിഎംഐ ഒക്‌റ്റോബറിലെ 53.1 ല്‍ നിന്നും നവംബറില്‍ 54 എന്ന നിലവാരത്തിലേക്ക് ഉയര്‍ന്നു. സേവന-ഉല്‍പ്പാദന മേഖലകളിലെ സംയോജിത പിഎംഐ സൂചിക ഒക്‌റ്റോബറിലെ 53.0ല്‍ നിന്നും നവംബറില്‍ 54.5 ലേക്ക് ഉയര്‍ന്നു. 2016 ഒക്‌റ്റോബര്‍ മുതലുള്ള കാലയളവില്‍ സ്വകാര്യ മേഖലയിലെ പ്രവര്‍ത്തനങ്ങളിലുണ്ടായ ഏറ്റവും വേഗത്തിലുള്ള വളര്‍ച്ചയാണിത്.

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ വളര്‍ച്ചയുടെ പാതയിലേക്ക് തിരിച്ചുകയറുന്ന കാഴ്ചയാണ് നവംബറില്‍ നിരീക്ഷിക്കാനായതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ആഭ്യന്തര ആവശ്യകത വര്‍ധിച്ചതിനൊപ്പം സേവന-ഉല്‍പ്പാദന മേഖലകളിലെ ബിസിനസ് പ്രവര്‍ത്തനങ്ങളിലും ശക്തമായ വളര്‍ച്ച രേഖപ്പെടുത്താനായി. സേവന മേഖലയിലെ തൊഴിലവസരങ്ങളിലും ഇക്കാലയളവില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. തുടര്‍ച്ചയായ പതിനഞ്ചാമത്തെ മാസമാണ് മേഖലയിലെ തൊഴിലവസരങ്ങളില്‍ വര്‍ധനയുണ്ടാകുന്നത്. ഈ വര്‍ഷം ഇതുവരെയുള്ള കണക്കെടുത്താല്‍, ഒരു ദശാബ്ദത്തിനിടെ തൊഴില്‍ സൃഷ്ടിയില്‍ ഏറ്റവും മികച്ച വളര്‍ച്ച അനുഭവപ്പെട്ട വര്‍ഷം 2018 ആണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

പുതിയ ബിസിനസ് ഓര്‍ഡറുകള്‍ വര്‍ധിച്ചതാണ് സേവന മേഖലയിലെ വളര്‍ച്ചയ്ക്ക് കാരണമെന്ന് ഐഎച്ച്എസ് മാര്‍ക്കിറ്റില്‍ നിന്നുള്ള മുഖ്യ സാമ്പത്തികവിദഗ്ധ പോളിയാന ഡേ ലിമ പറഞ്ഞു. ഇത് തൊഴില്‍ വളര്‍ച്ചയില്‍ പ്രതിഫലിച്ചതായും സ്വകാര്യ മേഖലയിലെ പുരോഗതി നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തിലെ സാമ്പത്തിക വളര്‍ച്ചയ്ക്ക് കരുത്ത് പകരുമെന്നും ഡേ ലിമ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy
Tags: Services PMI