ഇന്ത്യന്‍ കമ്പനികളെ നേരിട്ട് ലിസ്റ്റ് ചെയ്യുന്നതിന് അംഗീകാരം

ഇന്ത്യന്‍ കമ്പനികളെ നേരിട്ട് ലിസ്റ്റ് ചെയ്യുന്നതിന് അംഗീകാരം

ന്യൂഡെല്‍ഹി: വിദേശ ഓഹരി വിപണികളില്‍ ഇന്ത്യന്‍ കമ്പനികളെ നേരിട്ട് ലിസ്റ്റ് ചെയ്യുന്നതിന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ വിദഗ്ധ സമിതി അംഗീകാരം നല്‍കി. ആഗോള കമ്പനികളുടെ ഇന്ത്യയിലെ ലിസ്റ്റിംഗ് പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള നടപടികളും സമിതി നിര്‍ദേശിച്ചിട്ടുണ്ട്. വന്‍കിട ആഭ്യന്തര കമ്പനികളുടെയും പുതിയ തലമുറ കമ്പനികളുടെയും ഫണ്ടിംഗ് സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതാണ് സെബിയുടെ തീരുമാനം.

ഇന്ത്യ ആസ്ഥാനമായി ഇവിടത്തെ ചട്ടക്കൂട്ടുകള്‍ക്ക് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് നിലവില്‍ വിദേശ ഓഹരി വിപണികളില്‍ നേരിട്ട് ലിസ്റ്റ് ചെയ്യുന്നതിന് അവസരമുണ്ടായിരുന്നില്ല. അതുപോലെ ഇന്ത്യക്ക് പുറത്തുള്ള കമ്പനികള്‍ക്ക് നേരിട്ട് ഇന്ത്യന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ തങ്ങളുടെ ഓഹരികള്‍ ലിസ്റ്റ് ചെയ്യാനും സാധിക്കില്ല. ലോകമെമ്പാടുമുള്ള മൂലധന വിപണികളില്‍ സംഭവിക്കുന്ന പരിണാമങ്ങളും അന്താരാഷ്ട്രവത്ക്കരിണവും പരിഗണിച്ചാണ് ചട്ടക്കൂട് പരിഷ്‌കരിക്കുന്നതെന്ന് സെബിയുടെ സമിതി വ്യക്തമാക്കുന്നു.

നിലവില്‍ ഇന്ത്യയില്‍ ഒരു ഡസനിലധികം യൂണികോണ്‍ കമ്പനികളുണ്ട്. 100 മില്യണ്‍ ഡോളറിലധികം മൂല്യമുള്ള നൂറോളം കമ്പനികളും രാജ്യത്തുണ്ട്. വിദഗ്ധ സമിതിയുടെ പുതിയ ശുപാര്‍ശകള്‍ നടപ്പിലാവുകയാണെങ്കില്‍ ഈ കമ്പനികള്‍ക്ക് ഏറെ ഗുണകരമായിരിക്കും ഇത്.

ജൂണ്‍ മാസത്തില്‍ രൂപീകരിച്ച വിദഗ്ധ സമിതി നേരിട്ട് ലിസ്റ്റ് ചെയ്യപ്പെടുമ്പോഴുള്ള സാമ്പത്തികപരമായ ഗുണങ്ങളും, ആനുകൂല്യങ്ങളും പരിശോധിച്ചു. ഈ തീരുമാനം നടപ്പിലാക്കുന്നതിന് വിവിധ നിയന്ത്രണ ചട്ടക്കൂടുകളില്‍ നടത്തേണ്ട ക്രമീകരണങ്ങളും വിലയിരുത്തി. സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസ് എംഡി സിറില്‍ ഷ്‌റോഫ്, സെബി എക്‌സിക്യുട്ടിവ് ഡയറക്റ്റര്‍ സുജിത്ത് പ്രസാദ് എന്നിവര്‍ സമിതി അംഗങ്ങളായിരുന്നു.

ഇന്ത്യന്‍ കമ്പനികളുടെ മല്‍സരക്ഷമത വര്‍ധിക്കുന്നത്, ആഗോളതലത്തില്‍ ഇന്ത്യയുടെ ബ്രാന്‍ഡ്മൂല്യം വര്‍ധിക്കുന്നത്, മറ്റു രാജ്യങ്ങളുമായി മെച്ചപ്പെട്ട സാമ്പത്തിക ബന്ധം എന്നിവയാണ് ഈ തീരുമാനം കൊണ്ടുണ്ടാകുന്ന സാമ്പത്തികമായി നേട്ടങ്ങളെന്ന് സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. നിക്ഷേപ അടിത്തറ ശക്തിപ്പെടുത്തല്‍, മികച്ച മൂല്യ നിര്‍ണയം, ഇന്ത്യന്‍ കമ്പനികള്‍ക്ക് മൂലധനം ലഭിക്കാനുള്ള മറ്റൊരു മാര്‍ഗം എന്നിവയും ഈ തീരുമാനത്തിലൂടെ സാധ്യമാകുമെന്നാണ് വിലയിരുത്തല്‍.

ചില നിയന്ത്രണ നിര്‍ദേശങ്ങളും സമിതി ഇതുമായി ബന്ധപ്പെട്ട് മുന്നോട്ട് വെച്ചിട്ടുണ്ട്. ആഭ്യന്തര കമ്പനികള്‍ക്ക് ഇന്ത്യക്ക് പുറത്ത് നിശ്ചിത രാജ്യങ്ങളില്‍ മാത്രമേ നേരിട്ട് ലിസ്റ്റ് ചെയ്യാന്‍ അനുമതി നല്‍കാവൂ എന്നതാണ് പ്രധാന നിര്‍ദേശം. എന്തെങ്കിലും തരത്തിലുള്ള അന്വേഷണം ആവശ്യമായി വരുമ്പോള്‍ ഇന്ത്യന്‍ അതോറിറ്റികളുമായി സഹകരിക്കാനും വിവരങ്ങള്‍ കൈമാറാനും തയാറുള്ള രാജ്യങ്ങളിലായിരിക്കും ലിസ്റ്റിംഗ് അനുവദിക്കുക. കൂടാതെ, ഇന്ത്യന്‍ കമ്പനികളുടെ ലിസ്റ്റിംഗുമായി ബന്ധപ്പെട്ട നിക്ഷേപകര്‍, ബ്രോക്കര്‍മാര്‍ ,ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കേഴ്‌സ് എന്നിവര്‍ ബന്ധപ്പെട്ട അധികാര പരിധിയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതും മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുമാണെന്ന് സമിതി നല്‍കിയ റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.

Comments

comments

Categories: Business & Economy
Tags: Sebi

Related Articles