ഫോബ്‌സ് പട്ടിക: സല്‍മാന്‍ ഖാന്‍ മൂന്നാം തവണയും ഒന്നാം സ്ഥാനത്ത്

ഫോബ്‌സ് പട്ടിക: സല്‍മാന്‍ ഖാന്‍ മൂന്നാം തവണയും ഒന്നാം സ്ഥാനത്ത്

മലയാള സിനിമയില്‍ നിന്ന് മമ്മൂട്ടി പട്ടികയില്‍

മുംബൈ: ഫോബ്‌സ് ഇന്ത്യ തയാറാക്കിയ ഈ വര്‍ഷത്തെ സമ്പന്നരായ 100 ഇന്ത്യന്‍ സെലിബ്രിറ്റികളുടെ പട്ടികയില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ ഒന്നാം സ്ഥാനത്ത്. തുടര്‍ച്ചയായ മൂന്നാം തവണയാണ് സല്‍മാന്‍ പട്ടികയില്‍ ഒന്നാമതെത്തുന്നത്. ഷാരൂഖ് ഖാന്‍ പട്ടികയിലെ ആദ്യ പത്തില്‍ നിന്നും പുറത്തായി. 2017 ഒക്‌റ്റോബര്‍ ഒന്ന് മുതല്‍ 2018 സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവ് പരിഗണിച്ചാണ് ധനികരായ സെലിബ്രിറ്റികളുടെ പട്ടിക ഫോബ്‌സ് പുറത്തുവിട്ടത്. സിനിമ, വിനോദ പരിപാടികളുമായി ബന്ധപ്പെട്ടുള്ള വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് താരങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ടൈഗര്‍ സിന്ദാ ഹൈ, റേസ്- 3 എന്നീ സൂപ്പര്‍ഹിറ്റി ചിത്രങ്ങള്‍ക്ക് പുറമെ ടെലിവിഷന്‍ പരിപാടികളുടെ അവതാരകന്‍, വിവിധ ബ്രാന്‍ഡുകളുടെ അംബാസഡര്‍ എന്നിവയാണ് സല്‍മാന്‍ ഖാനെ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ സഹായിച്ചത്. ഇക്കാലയളവില്‍ 253.25 കോടി രൂപയാണ് സല്‍മാന്റെ വരുമാനം. പട്ടികയിലെ മുഴുവന്‍ സെലിബ്രിറ്റികളുടെ വരുമാനമായ 3,140.25 കോടി രൂപയുടെ 8.06 ശതമാനമാണിത്.

ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 228.09 കോടി രൂപയാണ് കോഹ്‌ലിയുടെ വരുമാനം. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 116.53 ശതമാനം വര്‍ധനയാണ് വരുമാനത്തില്‍ ഉണ്ടായത്. 185 കോടി രൂപ വരുമാനം നേടിയ അക്ഷയ് കുമാര്‍ മൂന്നാം സ്ഥാനത്ത് ഇടം നേടി. 2017 ല്‍ ഫോബ്‌സ് ഇന്ത്യയുടെ ധനികരായ സെലിബ്രിറ്റികളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് നിന്ന ഷാരൂഖ് ഖാന്‍ ആ വര്‍ഷം സിനിമകളൊന്നും ഇല്ലാത്തതിനാല്‍ ആദ്യ പത്തില്‍ നിന്നും പുറത്തായി. അദ്ദേഹത്തിന്റെ വരുമാനം 33 ശതമാനം കുറഞ്ഞ് 56 കോടി രൂപയിലെത്തി. പട്ടികയില്‍ 13-ാം സ്ഥാനത്താണ് ഷാരൂഖ് ഖാന്‍.

പട്ടികയില്‍ ആദ്യ അഞ്ചില്‍ സ്ഥാനം നേടുന്ന വനിതയായി ദീപിക പദുക്കോണ്‍ മാറി. നാലാം സ്ഥാനത്ത് നില്‍ക്കുന്ന ദീപിക പദുക്കോണിന്റെ വരുമാനം 112.8 കോടി രൂപയാണ്. പദ്മാവത് സിനിമയുടെ വിജയവും പരസ്യ ബ്രാന്‍ഡുകളുടെ അംബാസഡറുമായതിനു ശേഷമാണ് ദീപികയുടെ വരുമാനം വര്‍ധിച്ചത്. അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ വരുമാനം 101.77 കോടി രൂപയാണ്. അമീര്‍ഖാന്‍(97.50 കോടി രൂപ)), അമിതാഭ് ബച്ചന്‍(96.17 കോടി രൂപ), രണ്‍വീര്‍ സിംഗ് ( 84.7 കോടി രൂപ), സച്ചിന്‍ തെണ്ടുല്‍ക്കര്‍( 80.00 കോടി രൂപ), അജയ് ദേവ്ഗണ്‍(74.50 കോടി ) എന്നിവരാണ് പട്ടികയില്‍ ആദ്യ പത്തില്‍ ഇടം നേടിയ മറ്റ് താരങ്ങള്‍.

ദക്ഷിണേന്ത്യന്‍ സിനിമാ മേഖലയില്‍ നിന്നും 17 സെലിബ്രിറ്റികള്‍ പട്ടികയില്‍ സ്ഥാനം പിടിച്ചു. കഴിഞ്ഞ വര്‍ഷം പട്ടികയില്‍ ഈ മേഖലയില്‍ നിന്ന് 13 പേരായിരുന്നു ഉണ്ടായിരുന്നത്. പട്ടികയിലെ 14-ാം സ്ഥാനത്ത് രജനികാന്തുണ്ട്. 50 കോടിയാണ് താരത്തിന്റെ വരുമാനം. മലയാളികളായ മമ്മൂട്ടി, നയന്‍താര എന്നിവരും പട്ടികയിലുണ്ട്. പട്ടികയില്‍ ഇടം നേടിയ ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഏക വനിതയാണ് നയന്‍താര. മമ്മൂട്ടി 49-ാം സ്ഥാനത്താണ്, 18 കോടി ഈ വര്‍ഷം വിനോദ മേഖലയില്‍ നിന്ന് താരം സ്വന്തമാക്കി.

കഴിഞ്ഞ വര്‍ഷം 33 ബോളിവുഡ് സെലിബ്രിറ്റികള്‍ പട്ടികയിലുണ്ടായിരുന്ന സ്ഥാനത്ത് 33 പേരാണ് ഇത്തവണത്തെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. എങ്കിലും താരങ്ങളുടെ സംയേജിത വരുമാനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 12.89 ശതമാനം വര്‍ധിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഹാര്‍ദ്ദിക്വ പാണ്ഡ്യയാണ് ഏര്‌റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്( ശതമാനത്തില്‍). 28.46 കോടി രൂപ വരുമാനമുണ്ട്. ഹാര്‍ദ്ദിക്കിന്റെ വാര്‍ഷിക വരുമാനം ഒന്‍പത് ഇരട്ടിയാണ് വര്‍ധിച്ചിരിക്കുന്നത്.

Comments

comments

Categories: Business & Economy