2019 ല്‍ ജിഡിപി വളര്‍ച്ച 7.4% തന്നെയെന്ന് ആര്‍ബിഐ; റിപ്പോ നിരക്ക് 6.50% ല്‍ തുടരും

2019 ല്‍ ജിഡിപി വളര്‍ച്ച 7.4% തന്നെയെന്ന് ആര്‍ബിഐ; റിപ്പോ നിരക്ക് 6.50% ല്‍ തുടരും

മുംബൈ: 2018-19 സാമ്പത്തിക വര്‍ഷത്തില്‍ പ്രവചിച്ച മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി) വളര്‍ച്ചാ നിരക്കായ 7.4 ശതമാനത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ട സാഹചര്യമില്ലെന്ന് റിസര്‍വ് ബാങ്ക്. സാമ്പത്തിക വളര്‍ച്ച ട്രാക്കില്‍ തന്നെയാണെന്നും കേന്ദ്ര ബാങ്ക് വ്യക്തമാക്കി. സാമ്പത്തിക വര്‍ത്തിലെ ആദ്യ അര്‍ധ പാദത്തില്‍ (ഏപ്രില്‍-സെപ്റ്റംബര്‍) പ്രവചനങ്ങള്‍ക്കനുസരിച്ചു തന്നെയാണ് സമ്പദ് വ്യവസ്ഥ മുന്നേറിയതെന്നും ഇന്നലെ പ്രഖ്യാപിച്ച ധന നയത്തില്‍ ബാങ്ക് വ്യക്തമാക്കി. ആഭ്യന്തര സമ്പദ് ഘടനയെ കൂടുതല്‍ ശാക്തീകരിക്കണമെന്നും സ്വകാര്യ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കാന്‍ സാമ്പത്തിക അച്ചടക്കം പാലിക്കണമെന്നും ബാങ്ക് ചൂണ്ടിക്കാട്ടുന്നു. 2019-20 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ അര്‍ധ വര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച 7.5 ശതമാനത്തിലേക്ക് ഉയരുമെന്നും ബാങ്ക് ചൂണ്ടിക്കാട്ടുന്നു.

പ്രതീക്ഷിച്ചതു പോലെ, അടിസ്ഥാന പലിശ നിരക്കുകള്‍ വീണ്ടും അതേപടി നിലനിര്‍ത്തിയാണ് ആര്‍ഹബിഐ ധനനയം പ്രഖ്യാപിച്ചത്. ഹ്രസ്വകാല വായ്പാ നിരക്കായ റിപ്പോ നിരക്ക് 6.50 ശതമാനത്തില്‍ തന്നെ നിലനിര്‍ത്താനാണ് ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ നേതൃത്വത്തിലുള്ള ധനനയ അവലോകന സമിതി (എംപിസി) തീരുമാനിച്ചത്. റിവേഴ്‌സ് റിപ്പോ 6.25 ശതമാനത്തില്‍ തന്നെ തുടരും. നടപ്പു സാമ്പത്തികവര്‍ഷത്തെ അഞ്ചാമത്തെ ദ്വൈമാസ ധനനയ അവലോകന യോഗമാണ് ഇന്നലെ ചേര്‍ന്നത്.

എസ്എല്‍ആര്‍ (സ്റ്റാറ്റിയുട്ടറി ലിക്വിഡിറ്റി റേഷ്യോ) അനുപാതം കാല്‍ ശതമാനം കുറച്ച് 19.25 ശതമാനമാക്കിയിട്ടുണ്ട്. പ്രതീക്ഷിച്ചതുപോലെ തന്നെ സിആര്‍ആറിലും (കാഷ് റിസര്‍വ് റേഷ്യോ) ആര്‍ബിഐ മാറ്റം വരുത്തിയിട്ടില്ല. അസംസ്‌കൃത എണ്ണ വില താഴുന്നതും വിദേശ വിനിമയ വിപണിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഡോളറിനെതിരെ രൂപ കരുത്താര്‍ജിച്ചതും അനുകൂല ഘടകമായാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കരുതുന്നത്. വ്യാപാര യുദ്ധം ശക്തി പ്രാപിക്കുന്നതും ആഗോള സാമ്പത്തിക മാന്ദ്യവും ആഗോള ആവശ്യകത ഇടിയുന്നതും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് ചെറിയ ആഘാതമേല്‍പ്പിക്കുമെങ്കിലും എണ്ണ വിലയിടിവ് തുടരുകയാണെങ്കില്‍ അത് സമ്പദ്‌വ്യവസ്ഥയക്ക് ആശ്വാസമാകുമെന്നും വിലയിരുത്തുന്നു.

രാജ്യത്ത് പണപ്പെരുപ്പം അപകടകരമായ തലത്തിലല്ലെന്നും ആര്‍ബിഐ ചൂണ്ടിക്കാട്ടി. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയിലെ പണപ്പെരുപ്പ അനുമാനവും ആര്‍ബിഐ വെട്ടിക്കുറച്ചിട്ടുണ്ട്. നേരത്തെ 3.9-4.5 ശതമാനം വരെ പണപ്പെരുപ്പം പ്രതീക്ഷിച്ച സ്ഥാനത്ത് നിലവില്‍ 2.7-3.2 ശതമാനം പണപ്പെരുപ്പം മാത്രമാണ് കേന്ദ്ര ബാങ്ക് പ്രതീക്ഷിക്കുന്നത്. എണ്ണ വില ഇടിയുന്നതാണ് പണപ്പെരുപ്പം കുറയാനുള്ള കാരണമെന്ന് ഊര്‍ജിത് പട്ടേല്‍ മാധ്യമങ്ങളോട് പറഞ്ഞു.

Comments

comments

Categories: Current Affairs
Tags: RBI

Related Articles