പൊതു ആരോഗ്യ രംഗത്ത് മോദി കെയറിന്റെ പ്രഭാവം

പൊതു ആരോഗ്യ രംഗത്ത് മോദി കെയറിന്റെ പ്രഭാവം

സെപ്റ്റംബര്‍ 23ന് പ്രധാനമന്ത്രി നരേന്ദ്ര മോദി റാഞ്ചിയില്‍ ഉത്ഘാടനം ചെയ്ത സമഗ്ര ആഗോഗ്യ പരിരക്ഷാ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് മൂന്നു മാസം പിന്നിടുന്നതിന് മുന്‍പേ 3.72 ലക്ഷം ആളുകള്‍ക്ക് ചികിത്സാ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ സഹായകരമായിരിക്കുന്നു. രാജ്യത്തെ 10 കോടി ദരിദ്ര കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതി ലോകത്തിലെ ഏറ്റവും ബൃഹത്തായ ആരോഗ്യ പദ്ധതിയെന്ന റെക്കോഡ് സ്വന്തമാക്കാനുള്ള പുറപ്പാടിലാണ്. പണമില്ലാത്തു മൂലം ചികിത്സ മുടങ്ങുമെന്ന 50 കോടി പാവപ്പെട്ടവരുടെ ആശങ്കകളെ ഇല്ലാതാക്കാന്‍ സൃഷ്ടിച്ച പദ്ധതി ഏറെ കരുതലോടെ നടപ്പാക്കണമെന്ന് നിര്‍ദേശിക്കുകയാണ് ലേഖകന്‍. വികസിത സമ്പദ് വ്യവസ്ഥയും ലോക മേധാവിത്തവും ആഗ്രഹിച്ചുള്ള ഇന്ത്യയുടെ പ്രയാണത്തില്‍ നിര്‍ണായക പിന്തുണ നല്‍കാന്‍ ശേഷിയുള്ളതാണ് പദ്ധതിയെന്നും അദ്ദേഹം നീരീക്ഷിക്കുന്നു.

രോഗാതുരമാണ് ഇന്ത്യയുടെ പൊതു ആരോഗ്യ പരിരക്ഷാ മേഖല. സെപ്റ്റംബറില്‍ ഈ രോഗാവസ്ഥയെ അഭിസംബോധന ചെയ്യാനാണ് ‘ആയുഷ്മാന്‍ ഭാരത്’ എന്ന് പേരിട്ട സമഗ്ര ആരോഗ്യ സംരക്ഷണ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം തുടക്കം കുറിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യപരിരക്ഷാ പരിപാടി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ പദ്ധതി പ്രകാരം, നിലവില്‍ ചികിത്സാ ആനുകൂല്യങ്ങളൊന്നും ലഭ്യമല്ലാത്ത 500 ദശലക്ഷം ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ഇന്ത്യയുടെ പൊതു ആരോഗ്യപരിരക്ഷാ രംഗത്തെ കുഴക്കുന്ന പ്രശ്‌നത്തെ സൗഖ്യമാക്കാന്‍ ‘മോദി കെയര്‍’ എന്നും വിശേഷിപ്പിക്കപ്പെടുന്ന പദ്ധതിക്ക് സാധിക്കുമോ?

പറ്റുമായിരിക്കാം എന്നാണ് ഉത്തരം. ഇന്ത്യയുടെ ആരോഗ്യ പരിരക്ഷാ ആവശ്യകതകളുടെ ആധിക്യം, ഈ ആവശ്യങ്ങള്‍ അഭിസംബോധന ചെയ്യാനുള്ള ഫണ്ടുകളുടെ അപര്യാപ്തതയുമായി ബന്ധപ്പെട്ട ആശങ്കകള്‍, മോദി കെയറിന്റെ നടപ്പാക്കലുമായി ബന്ധപ്പെട്ട് സംജാതമായിരിക്കുന്ന അനിശ്ചിതത്വം എന്നിവ കാരണമാണ് ഈ ഉത്തരവും ഉറപ്പില്ലാത്തതാകുന്നത്.

ഇന്ത്യയിലെ ആരോഗ്യ പരിരക്ഷണ രംഗം ഇന്ന് രണ്ടു വിഭാഗങ്ങളുടെ കഥയാണ്. സമ്പന്നരും ഉന്നത മധ്യവര്‍ഗത്തില്‍ ഉള്‍പ്പെടുന്നവരുമാണ് ഇതില്‍ ഒന്നാമത്തെ വിഭാഗം. സ്വകാര്യ മേഖലയിലെ സേവനദാതാക്കളില്‍ നിന്നാണ് ഇവര്‍ പ്രാഥമികമായും തങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നത്. ഇവിടെ ആരോഗ്യ പരിരക്ഷ മികച്ച നിലവാരത്തിലുള്ളതും എളുപ്പത്തില്‍ പ്രാപ്യമാകുന്നതുമാണെങ്കിലും ചെലവേറിയതാണ്. പാവപ്പെട്ടവരും മധ്യവര്‍ഗത്തിലെ താഴെ തട്ടില്‍ ഉള്‍പ്പെടുന്നവരുമാണ് രണ്ടാമത്തെ വിഭാഗം. പൊതുമേഖലാ ആരോഗ്യ സേവനദാതാക്കളില്‍ നിന്നാണ് ഇവര്‍ക്ക് ആരോഗ്യ പരിരക്ഷാ സേവനങ്ങള്‍ പ്രധാനമായും ലഭിക്കുന്നത്. ഇവിടെയാകട്ടെ ആരോഗ്യ പരിരക്ഷ നിലവാരം കുറഞ്ഞതും പ്രാപ്യമാകാന്‍ ബുദ്ധിമുട്ടേറിയതുമാണ്. ചെലവഴിക്കുന്ന തുകയാവട്ടെ പരിമിതവുമാണ്.

2015 ല്‍ ജിഡിപിയുടെ ഏതാണ്ട് ഒരു ശതമാനമായിരുന്നു ആരോഗ്യ പരിരക്ഷാ രംഗത്തെ ഇന്ത്യയുടെ പൊതു ധനവിനിയോഗം. സാര്‍വത്രിക ആരോഗ്യ പരിരക്ഷാ കവറേജിന്റെ ചില മാതൃകകള്‍ നടപ്പാക്കിയിരിക്കുന്ന മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് അല്‍പ്പം അതൃപ്തികരമാണ്. ഉദാഹരണത്തിന്, സിംഗപ്പൂര്‍ തങ്ങളുടെ ജിഡിപിയുടെ 2.2 ശതമാനവും ദക്ഷിണ കൊറിയ 4.2 ശതമാനവും യുണൈറ്റഡ് സ്റ്റേറ്റ്‌സ് 8.5 ശതമാനവുമാണ് ആരോഗ്യ പരിരക്ഷയ്ക്കായി നീക്കി വെക്കുന്നത്.

ഇന്ത്യയുടെ ചുരുങ്ങിയ ധനവിനിയോഗം അതിന്റെ ആരോഗ്യ പരിരക്ഷാ രംഗത്തെ പ്രകടനത്തില്‍ പ്രതിഫലിക്കുന്നുണ്ട്. നിലവിലെ സംവിധാനത്തിന്റെ ചില ന്യൂനതകള്‍ ഇവയാണ്.

1. ആരോഗ്യ പരിരക്ഷാ ഇന്‍ഷുറന്‍സിന്‍മേലുള്ള പ്രതിശീര്‍ഷ ധനവിനിയോഗം ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കാണിവിടെ. 75 ശതമാനത്തിലധികം ഇന്ത്യക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ല.

2. ആരോഗ്യ പരിരക്ഷാ കവറേജിന്റെ പ്രാഥമിക ബാധ്യത സംസ്ഥാനങ്ങള്‍ വഹിക്കുന്നത് കാരണം, രാജ്യത്തു ടനീളം ഈ കവറേജിന്റെ സാധ്യതയിലും സ്വഭാവത്തിലും സുപ്രധാനമായ വ്യത്യാസങ്ങളുണ്ട്.

3. കവറേജിന്റെ നിലവാരത്തിലും വലുപ്പത്തിലും ഗ്രാമ-നഗര മേഖലകള്‍ തമ്മില്‍ വലിയ വ്യത്യാസം പ്രകടമാണ്.

4. ലോകത്തിന്റെ മറ്റു ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ ആവശ്യമായ ശരാശരി എണ്ണം ഡോക്റ്റര്‍മാരുണ്ട്. എന്നാല്‍ ഇന്ത്യന്‍ ജനസംഖ്യയുടെ മൂന്നില്‍ ഒരു ഭാഗത്തിന് മാത്രമേ അവരുടെ സേവനം ലഭിക്കുന്നുള്ളൂ.

5. മതിയായ ഇന്‍ഷുറന്‍സ് പരിരക്ഷയുടെയും പൊതുമേഖലാ ആരോഗ്യ പരിരക്ഷയുടെയും അഭാവം മൂലം ചികിത്സക്കാവശ്യമായ ചെലവിന്റെ 60 ശതമാനവും രാജ്യത്തെ പൗരന്‍മാര്‍ സ്വയം വഹിക്കേണ്ടി വരുന്നതിന് ഇടയാക്കുന്നു.

ഈ അവസ്ഥയെ അഭിസംബോധന ചെയ്യാനാണ് ആയുഷ്മാന്‍ ഭാരത് പരിപാടി രൂപീകരിച്ചത്. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് 6,950 ഡോളറിന്റെ (അഞ്ച് ലക്ഷം രൂപ) ചികിത്സാ ഇന്‍ഷുറന്‍സാണ് ഇത് ഉറപ്പു നല്‍കുന്നത്. ഇന്ത്യയിലുടനീളം പ്രഥമിക ആരോഗ്യ പരിചരണം ഉറപ്പാക്കാന്‍ 1,50,000 ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററുകള്‍ സ്ഥാപിക്കുന്നതിന് ആഹ്വാനം ചെയ്യുന്ന പദ്ധതി, മേഖലയിലെ ഇടപെടലിന്റെ ഭാഗമായി യോഗ പോലെയുള്ള സമഗ്രമായ ആരോഗ്യ പരിരക്ഷാ ആശയങ്ങള്‍ക്കും ഊന്നല്‍ നല്‍കുന്നു.

നിലവിലുള്ള സര്‍ക്കാര്‍ ആശുപത്രികള്‍ക്കുമപ്പുറം പൊതു ആരോഗ്യ ശൃംഖല വിപുലപ്പെടുമെന്നതാണ് പദ്ധതിയുടെ നേട്ടം. പരിരക്ഷയില്‍ വരുന്ന സേവനങ്ങള്‍ക്ക് നിശ്ചിത നിരക്ക് നിശ്ചയിച്ച് പൊതു-സ്വകാര്യ മേഖലകളില്‍ ചികിത്സ ഉറപ്പാക്കും. അംഗീകൃത സേവനദാതാക്കളാകാന്‍ നാളിതുവരെ 15,000 ആശുപത്രികളാണ് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. പുതിയ പദ്ധതിക്ക് തുടക്കമിടാനുള്ള ശക്തമായ ചട്ടക്കൂടാണിതെന്ന് തോന്നുന്നു. 2018-19ലും 2019-20ലും മോദികെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സിനായി 1.5 ബില്യണ്‍ ഡോളറാണ് സര്‍ക്കാര്‍ മാറ്റിവെച്ചിട്ടുള്ളത്. ഇതില്‍, 300 ദശലക്ഷം ഡോളറാണ് ആദ്യ വര്‍ഷത്തെ പദ്ധതിക്കായുള്ള നീക്കിയിരുപ്പ്. ഇത് വലിയൊരു തുകയാണെന്ന് തോന്നിപ്പിക്കും. എന്നാല്‍ 1.5 ബില്യണ്‍ ഡോളര്‍ 500 ദശലക്ഷം ആളുകളിലേക്കായി വിഭജിക്കുമ്പോള്‍ ഒരു വ്യക്തിക്ക് 3,000 രൂപയാണ് ലഭിക്കുക. അങ്ങനെ നോക്കിയാല്‍ ഇത് വളരെ ചെറിയ തുകയുമാണ്.

അജ്ഞാതമായ ചില ഘടകങ്ങള്‍ കൂടി പരിഗണിക്കുമ്പോള്‍ ആകെ നീക്കിയിരിപ്പും അപര്യാപ്തമായാണ് തോന്നുന്നത്. ആദ്യ വര്‍ഷത്തില്‍ പുതുതായി ഇന്‍ഷ്വര്‍ ചെയ്യപ്പെട്ട എത്ര ശതമാനം പേര്‍ തങ്ങള്‍ക്കവകാശപ്പെട്ട ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്തുമെന്ന് ഉറപ്പില്ല. പണക്കാരായ രോഗികളില്‍ നിന്ന് മുഴുവന്‍ ചികിത്സാ ഫീസും ഉടന്‍തന്നെ ലഭിക്കുന്ന സാഹചര്യത്തില്‍ പൊതുമേഖലയില്‍ നിന്നുള്ള രോഗികള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന നിരക്കില്‍ ഏത് പരിധി വരെ സ്വകാര്യ മേഖലയിലെ സേവനദാതാക്കള്‍ തങ്ങളുടെ സേവനങ്ങള്‍ നല്‍കും?

പദ്ധതിയുടെ നടപ്പാക്കലുമായി ബന്ധപ്പെട്ടുള്ളതാണ് മറ്റൊരു പ്രധാന പ്രശ്‌നം. പേപ്പറുകളില്‍ എഴുതിച്ചിട്ടപ്പെടുത്തിയതനുസരിച്ച് പുതിയ പദ്ധതി ഏറെ മികച്ചതാണ്. എന്നാല്‍ 1,50,000 ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററുകള്‍ സ്ഥാപിക്കുക എന്ന് പറയുന്നത്ര എളുപ്പമല്ല. വൈവിധ്യമാര്‍ന്ന ശേഷിയും മല്‍സരക്ഷമതയുമുള്ള ഇന്ത്യയിലെ 29 സംസ്ഥാനങ്ങളും ഏഴ് കേന്ദ്ര ഭരണ പ്രദേശങ്ങളുമായുള്ള സമഗ്രമായ സഹകരണവും ഏകോപനവും ഈ പദ്ധതി വിജയകരമായി നടപ്പാക്കാന്‍ അനിവാര്യമാണ്.

ചുരുക്കത്തില്‍ ഇന്ത്യയുടെ പുതിയ ആരോഗ്യപരിരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട ഒരു പ്രതികൂലമോ അശുഭാപ്തിവിശ്വാസം കലര്‍ന്നതോ ആയ കാഴ്ചപ്പാടല്ല ഇത്. ഇതൊരു യാഥാര്‍ത്ഥ്യമാണ്. ഇന്ത്യയുടെ ആരോഗ്യ പരിരക്ഷാ സംവിധാനത്തെ 21ാം നൂറ്റാണ്ടിലേക്കെത്തിക്കാനായി കൈക്കൊള്ളുന്ന പ്രാരംഭ നടപടിയും തുടക്കവുമാണ് മോദി കെയര്‍ പ്രതിനിധീകരിക്കുന്നത്. 2019ല്‍ നടക്കാനിരിക്കുന്ന ദേശീയ പൊതു തെരഞ്ഞെടുപ്പിന്റെ ഫലങ്ങളെ സ്വാധീനിക്കാന്‍ രൂപീകരിച്ച രാഷ്ട്രീയ അടവാണ് പുതിയ പദ്ധതിയെന്ന് ചിലര്‍ വിമര്‍ശിച്ചിരുന്നു. എന്തിന് ആവഷ്‌കരിച്ചു എന്ന ചോദ്യത്തിന് ഉപരി, നിലവിലെ അത്യന്തം വളഷായ പൊതു ആരോഗ്യ സംവിധാനം മൂലം വലയുന്ന രാജ്യത്തെ സംബന്ധിച്ച് ഈ പദ്ധതി അത്യാവശ്യമാണ്.

ആരോഗ്യ പരിരക്ഷയെന്ന പന്തിനെ കളിക്കളത്തില്‍ ചലിപ്പിക്കുന്നത് തുടരുകയെന്നതാണ് വെല്ലുവിളിയും അവസരവും. ഇനി വരാന്‍ പോകുന്ന പ്രധാനമന്ത്രി ആരായാലും ഇന്ത്യയുടെ ആരോഗ്യ പരിരക്ഷാ പദ്ധതി ലോകത്തിലെ ഏറ്റവും വലുതും ഏറ്റവും മികച്ചതും ആക്കുന്നതാവണം ലക്ഷ്യം. ഇന്ത്യയെ ഒരു വികസ്വര രാജ്യമെന്ന നിലയില്‍ നിന്നും വികസിത രാജ്യമായി മാറാന്‍ സഹായിക്കുന്ന പദ്ധതി കൂടിയാണ് ആയുഷ്മാന്‍ ഭാരതെന്നതില്‍ സംശയമില്ല. ഒരു പൂര്‍ണ ലോക മേധാവിയായി മാറാനും ഇതിലൂടെ ഇന്ത്യയ്ക്ക് അവസരമൊരുങ്ങും.

(വാഷിംഗ്ടണ്‍ ഡിസി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സംരംഭകനാണ് ലേഖകന്‍)

കടപ്പാട്: ഐഎഎന്‍എസ്

Comments

comments

Categories: FK Special, Slider