രാജ്യത്തെ വാര്‍ത്താ താരം വീണ്ടും മോദി; രാഹുല്‍ തൊട്ടു പുറകില്‍

രാജ്യത്തെ വാര്‍ത്താ താരം വീണ്ടും മോദി; രാഹുല്‍ തൊട്ടു പുറകില്‍

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കല്‍ കൂടി രാജ്യത്തെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന വാര്‍ത്താ താരമായതായി യാഹൂ 2018 ഇയര്‍ റിവ്യു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മോദി പട്ടികയില്‍ ഒന്നാമതായി തുടരുകയാണ്. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി തൊട്ട് പുറകിലായുണ്ട്. 377-ാം വകുപ്പ് റദ്ദാക്കിക്കൊണ്ട് സ്വവര്‍ഗ രതി ക്രിമിനല്‍ കുറ്റമല്ലാതാക്കിയതിലൂടെയും മുത്തലാഖ്, ശബരിമല തുടങ്ങിയവുമായി ബന്ധപ്പെട്ട ചരിത്രപരമായ വിധികളിലൂടെയും മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര മൂന്നാം സ്ഥാനത്തെത്തിയതായി യാഹു വ്യക്തമാക്കി.

സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട വിജയ് മല്യയും നീരജ് മോദിയുമാണ് യഥാക്രമം നാലും അഞ്ചും സ്ഥാനത്തെത്തിയത്. മീടു കാംപെയ്‌നില്‍ കുടുങ്ങി രാജിവച്ച വിദേശ കാര്യ സഹമന്ത്രിയായിരുന്ന എം ജെ അക്ബര്‍ ഈ വര്‍ഷം വാര്‍ത്തകള്‍ സൃഷ്ടിച്ചവരുടെ പട്ടികയില്‍ ആറാം സ്ഥാനത്താണ്.

ആരാധകരെ ആവേശഭരിതരാക്കി അടുത്തിടെ വിവാഹം കഴിച്ച ദീപിക പദുകോണ്‍, രണ്‍വീര്‍ സിംഗ് താരദമ്പതികളാണ് കപ്പിള്‍ വാര്‍ത്താതാരങ്ങള്‍. പട്ടികയില്‍ ഇടം പിടിച്ച ഏറ്റവും ഇളയകുട്ടിയാണ് കരീന കപൂര്‍- സെയ്ഫ് അലിഖാന്‍ താരജോഡികളുടെ മകന്‍ തയ്മുര്‍ അലി ഖാന്‍. വലിയൊരു വിഭാഗം തന്നെ രണ്ടു വയസു തികയാത്ത ഈ കുഞ്ഞു താരത്തെ ഓണ്‍ലൈനില്‍ പിന്തുടരുന്നുണ്ട്.

ഒരു അഡാര്‍ ലൗ എന്ന സിനിമയിലൂടെ അതിവേഗം ആരാധകരെ സൃഷ്ടിക്കുകയും ട്രോളുകള്‍ വാരിക്കൂട്ടുകയും ചെയ്ത പുതുമുഖ താരം പ്രിയ പ്രകാശ് വാര്യരും ഈ വര്‍ഷത്തെ യാഹൂ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. സണ്ണിലിയോണിന് ശേഷം ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍ ഏറ്റവും കൂടുതല്‍ അന്വേഷിച്ച് വനിതാ സെലിബ്രറ്റിയാണ് പ്രിയാ പ്രകാശ് വാര്യര്‍.

നിരവധി വ്യാജ വാര്‍ത്തകളാണ് ഈ വര്‍ഷം ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. അസാദുദ്ദിന്‍ ഒവൈസിയുടെ പാദങ്ങളില്‍ മോദി സ്പര്‍ശിക്കുന്ന ചിത്രം (ഫോട്ടോഷോപ്പില്‍ കൃത്രിമമായി തയാറാക്കിയത്), മോദിയുടെ വ്യക്തിഗത മേക്കപ്പിന് പ്രതിമാസം 15 ലക്ഷം രൂപ എന്ന വ്യാജ അടിക്കുറിപ്പോടെ മെഴുക് പ്രതിമയ്ക്കായി മോദിയുടെ അളവെടുക്കുന്ന ചിത്രം, രാഹുല്‍ ഒരു സ്‌റ്റേജില്‍ സ്ത്രീയുടെ കൈപിടിച്ച് എന്ന അടിക്കുറിപ്പോടെ ജന്‍ ആന്തോളന്‍ റാലിയുടെ ഭാഗമായി രാഹുല്‍ ഗാന്ധി സ്ത്രീയുടെ കൈപിടിച്ച് നില്‍ക്കുന്ന ഫോട്ടോ എന്നിവയാണ് ഈ വര്‍ഷത്തില്‍ പ്രധാനമായി പ്രചരിപ്പിക്കപ്പെട്ട മൂന്ന് വ്യാജ ചിത്രങ്ങള്‍

ഓണ്‍ലൈന്‍ വഴി നിരവധി പുതിയ ആശയങ്ങള്‍ പ്രകടിപ്പിക്കുന്നതിനും പങ്കുവെക്കുന്നതിനും ഈ വര്‍ഷം സാക്ഷികളായി. മീടു ഇന്ത്യ ഹാഷ്ടാഗ് ഓണ്‍ലൈനില്‍ മുന്നേറ്റം നടത്തിയതും വാര്‍ത്തകളിലിടെ നേടിയെന്ന് യാഹൂ അഭിപ്രായപ്പെട്ടു. രാഷ്ടീയ രംഗത്ത് കര്‍ണാടക തെരഞ്ഞെടുപ്പ് ചര്‍ച്ചാ വിഷയമായപ്പോള്‍ സാമ്പത്തിക മേഖലയില്‍ ശ്രദ്ധേയമായത് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിനെ സംബന്ധിച്ച വാര്‍ത്തകളാണ്.

Comments

comments

Categories: Current Affairs